രചന : സായാഹ്ന.
അച്ഛാ ഇത്തവണത്തെ അക്കാഡമി അവാർഡ് വിന്നർ …ദേവികാ ശിവറാം…!!! ” അനിരുദ്ധൻ ഞെട്ടിത്തരിച്ചു പോയി.!ചേടത്തിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അതു ശ്രദ്ധിക്കാതെ അക്കു പറഞ്ഞു കൊണ്ടിരുന്നു – ആദ്യം വരില്ലെന്നാ പറഞ്ഞത്…! അവർക്ക് ഇങ്ങനത്തെ പരിപാടികളൊന്നും ഇഷ്ടമല്ലാത്രെ. അവസാനം ഞങ്ങടെ പ്രിൻസിപ്പലിൻ്റെ ഫ്രണ്ടായ ഏതോ പൊളിറ്റീഷ്യൻ വഴി, കൾച്ചറൽ മിനിസ്റ്ററേക്കൊണ്ട് വിളിച്ചു പറയിച്ചു. എന്നിട്ടും എന്തൊക്കെയോ കണ്ടീഷൻസ് ഒക്കെ വെച്ചാ വരുന്നതെന്നാ മമ്മ പറഞ്ഞത്…!! ” അവനറിയാതെ തന്നെ നാവിൽ നിന്ന് മമ്മ..!! ” എന്നു വീണപ്പോൾ, അനിരുദ്ധൻ ഞെട്ടി മകനെ നോക്കി. അക്കു അബദ്ധം പിണഞ്ഞ മട്ടിൽ രണ്ടു കണ്ണുകളും ഇറുക്കിയടച്ച് ഒരു മിനിട്ട് നിന്നു.
പിന്നെ പതിയെ ഒരു കണ്ണു തുറന്ന് അച്ഛൻ്റെ മുഖഭാവം നോക്കി. മറ്റേ കണ്ണും തുറന്നു.. അത്, അച്ഛാ… പിന്നെ ,ആദിയാ പറഞ്ഞത് അങ്ങനെ വിളിച്ചു ശീലിക്കാൻ..! അവൻ തന്നെ മിസ്സിനോടും പറഞ്ഞു.അതിനെന്താ വിളിച്ചോളാൻ ” മിസ്സും പറഞ്ഞപ്പോ.. കുറച്ചു ദിവസായിട്ട് ഞാനങ്ങനെയാ വിളിക്കാറ്. ക്ലാസ്സിൽ വെച്ചല്ല… ഞങ്ങളു മാത്രമുള്ളപ്പോൾ …!! ” തെറ്റു ചെയ്ത പോലെയുള്ള അവൻ്റെ നിൽപ്പ്…! അനിരുദ്ധൻ്റെ കണ്ണുകളിൽ നനവൂറി.. അയാളൊന്നും മിണ്ടാതെ എണീറ്റ് മുറിയിലേക്കു പോയി. ഒരു ഷൗട്ടിങ്ങോ, അടിയോ പ്രതീക്ഷിച്ചു നിന്ന അക്കു, അച്ഛൻ്റെ കണ്ണിലെ നീർത്തിളക്കം കണ്ട് വല്ലാതെയായി… ” ട്രീസാ മമ്മീ..? ” അച്ഛന്… അച്ഛന് സങ്കടായോ.?”
അവൻ്റെ തോളിൽക്കിടന്ന ബാഗ് ഊരിയെടുത്തു കൊണ്ട് അവർ ചോദിച്ചു.”പിന്നെ.. സങ്കടാവില്ലേ.? അക്കൂനെ പഠിപ്പിക്കുന്ന ടീച്ചറിനെ ‘അമ്മാ’ന്നു വിളിച്ചാൽ..?” അവൻ്റെ മുഖത്തും സങ്കടം നിറഞ്ഞതു കണ്ട് ചേടത്തി പറഞ്ഞു –
ഇനി മോനും കൂടെക്കരയാതെ, പോയി വേഷം മാറി, മേലുകഴുകി ഓടി വാ . ട്രീസാ മമ്മി, നിനക്കിഷ്ടമുള്ള ഒരു സാധനം ഉണ്ടാക്കിയിട്ടുണ്ട് ..!”
അവൻ തലയാട്ടി.. പിന്നെ അവൻ്റെ മുറിയിലേക്കു പോയി.അനിരുദ്ധൻ വീട്ടിലുള്ളപ്പോൾ അക്കു അച്ഛൻ്റെയൊപ്പമാണ് കിടപ്പ്. അല്ലാത്തപ്പോൾ താഴെ അവനായി ഒരുക്കിയ മുറിയിലും. അവിടെയാകുമ്പോ, ചേടത്തിയ്ക്ക് എപ്പോഴും ശ്രദ്ധിക്കാനും പറ്റും…
………………..*…………………..*……………….
അനിരുദ്ധന് തൻ്റെ മുറിയിൽ ഇരിപ്പു റച്ചില്ല.. അക്കു, അവൻ്റെ കൂട്ടുകാരൻ്റെ അമ്മയെ, സ്വന്തം അമ്മയാക്കാൻ ആഗ്രഹിക്കുന്നു…!! താനൊരു കപട സദാചാര വാദിയാണെന്ന്, അയാൾക്കു തോന്നി.. പ്രിയ, സ്വാർത്ഥതയോടെ കുഞ്ഞിനെ സ്വന്തമാക്കിയപ്പോൾ, നീതി കിട്ടാതെ പോയ ദേവികയ്ക്ക്, തണലായി..അത് അവളെ സ്വയംപര്യാപ്തയാക്കാൻ മാത്രമായിരുന്നോ ? അല്ല…. !!! അങ്ങനെയായിരുന്നെങ്കിൽ അവളോട്, തൻ്റെ കുഞ്ഞിൻ്റെ അമ്മ എന്ന അമിതസ്വാതന്ത്ര്യം കാണിക്കുമായിരു ന്നില്ല..!തൻ്റെ മനസ്സിലും അവൾക്ക്, ഒരു സ്പെഷൽ കൺസിഡറേഷൻ ഉണ്ടായിരുന്നു.. !! അല്ലെങ്കിൽ ശബരിനാഥ് അവളെ വിവാഹം ചെയ്യാൻ താൽപര്യമറിയിച്ചപ്പോൾ എന്തിനായിരുന്നു താൻ അസ്വസ്ഥനായത്..?
ആ വിവാഹത്തിനു താൽപര്യമില്ലാ എന്ന് ദേവികയുടെ നാവിൽ നിന്നു തന്നെ കേട്ട ശേഷമല്ലേ സമാധാനമായത്..?.എന്നിട്ടോ, മമ്മി പറഞ്ഞതു കേട്ട്, അവളെ അനാഥയായി വിട്ട്, നീലഗിരിയിലേക്ക് പോയി.. അവിടെയും പരീക്ഷണങ്ങൾ മാത്രം…!
പ്രിയയുടെ ഓർമ്മകളിൽ ജീവിക്കാൻ ശ്രമിച്ചപ്പോൾ, ദേവികയെ ഇനിയൊരിക്കലും തിരിച്ചു വരാനാവാത്ത വണ്ണം വേദനിപ്പിച്ചു വിട്ടു. പക്ഷേ, അവളെ ഓർത്ത് പശ്ചാത്തപിക്കാത്ത ഒരു ദിനം പോലും പിന്നെയുണ്ടായില്ല…!!ഒരു മനുഷ്യൻ എന്ന നിലയിൽ താനൊന്നുമല്ലാതായിരിക്കുന്നു, അച്ഛനെന്ന നിലയിൽ തോറ്റു പോയിരിക്കുന്നു , അക്കു മറ്റൊരു സ്ത്രീയെ ‘മമ്മ , എന്നു വിളിച്ചപ്പോൾ…!!
അയാൾ കണ്ണുകളടച്ച് വെറുതെ കിടന്നു.. ദേവിക അക്കുവിനെ തിരിച്ചറിയില്ലേ..?കുഞ്ഞിൻ്റെ പേര് അവൾക്കറിയില്ല.അതാണ് ഒരാശ്വാസം..അവളെ ഒറ്റയ്ക്ക് വിട്ട് നീലഗിരിയിലേക്കു പോകുമ്പോൾ, പ്രിയ
കുഞ്ഞിനു വേണ്ടി നല്ല പേരുകൾ സെലക്ട് ചെയ്തു നടക്കുകയായിരുന്നു..!!
……………….*…………………..*………………..
അക്കുവിന്ചായയും,പലഹാരവുംവിളമ്പിക്കൊടുത്തിട്ട്, ചേടത്തി അടുത്തകസേരയിലിരുന്നു.. അക്കൂ..
ട്രീസാ മമ്മി പറയണത് ശ്രദ്ധിച്ചു കേൾക്കണം. എൻ്റെ കുട്ടി നല്ല ബുദ്ധിമാനല്ലേ…?നിനക്കു മനസ്സിലാവും. ആദി നല്ല കുട്ടി തന്നെയാ.ഇവിടെ വന്ന് ഞാൻ കണ്ടിട്ടുള്ളതല്ലേ.? പക്ഷേ, ആ ടീച്ചർ…!! ഒരാളെ പ്രേമിച്ച് കല്യാണം കഴിക്കണത് തെറ്റല്ല. മോൻ്റെ അച്ഛനും, അമ്മേം സ്നേഹിച്ചു കല്യാണം കഴിച്ചതല്ലേ…? ടീച്ചറുടെ ഭർത്താവ് ഒരു ചതിയനായിരുന്നു. അയാൾക്ക് പല സ്ഥലത്തും ,ഭാര്യമാരുണ്ടായിരുന്നു.അതു കൊണ്ടല്ലേ ടീച്ചർ അയാളെ വേണ്ടാന്നു വെച്ചത്..?
അതൊന്നും ടീച്ചറിൻ്റെ തെറ്റുമല്ല.. പക്ഷേ ടീച്ചർ നിന്നോടു കാണിക്കുന്ന അടുപ്പത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. ഇവിടത്തെ കോടിക്കണക്കിനായ സ്വത്ത് കണ്ടിട്ടല്ലേ അക്കൂനോട് അടുക്കാൻ വരുന്നതെന്ന്..അതു കൊണ്ട് നമുക്ക് കുറച്ചു സമയം കൂടി കാത്തിരിക്കാം. സ്വത്ത് കണ്ടിട്ടല്ല, അക്കൂനോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ, ട്രീസാ മമ്മി നിൻ്റെ കൂടെ നിൽക്കും.. എന്താ റെഡിയാണോ…?ഏതാനും നിമിഷങ്ങൾ ചിന്തിച്ചിരുന്നിട്ട് അവൻ ചിരിച്ചു കൊണ്ട് തള്ളവിരൽ ഉയർത്തി. “ഡൺ…!!”പിന്നെ ഇപ്പോ ഞാൻ പറഞ്ഞത് നിൻ്റെ ആദിയോ ,ടീച്ചറോ അറിയരുത്. മനസ്സിയോ?” “ok ട്രീസാ മമ്മീ … “അവൻ സന്തോഷത്തോടെ കഴിച്ചെണീറ്റു.പിന്നെ അച്ഛനോട് ചെന്ന് സോറി പറഞ്ഞു.
……………….*…………………….*………………
ആനുവൽ ഡേയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു, തുടർന്നുള്ള ദിവസങ്ങളിൽ, അക്കുവിന് …എന്നാൽ അനിരുദ്ധന്, താനൊരു പുകയുന്ന അഗ്നിപർവ്വതത്തിനടുത്തേക്ക് നടന്നടുക്കുകയാണെന്നാണ്തോന്നിയത്.ഉറക്കമില്ലാതെ ഒരു രാത്രിയിൽ ബാൽക്കണിയിലിറങ്ങി സിഗരറ്റും പുകച്ചു നിൽക്കുമ്പോൾ അക്കു ഉണർന്നു വന്ന് അയാളെ വിളിച്ചു”അച്ഛാ.. ആ സിഗരറ്റ് കളഞ്ഞേ..അവൻ പറഞ്ഞു. മോനെന്താ ഉറങ്ങീല്ലായിരുന്നോ.?” “ഉറക്കത്തിനിടക്ക് അച്ഛനെ കെട്ടിപ്പിടിക്കാൻ തിരിഞ്ഞപ്പോ കാണാനില്ല … !!”
അവൻ ചിരിച്ചു. ബാൽക്കണിയുടെ വാതിലടച്ച്, തിരികെ ബെഡ്ഡിൽ വന്നിരിക്കുമ്പോൾ അക്കു അച്ഛനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മവെച്ചു കൊണ്ടു പറഞ്ഞു –
“സോറി.. അച്ഛാ.. ഞാനിനി മിസ്സിനെ മമ്മാ എന്നു വിളിക്കില്ല.ഒരുവാശീമുണ്ടാക്കില്ല.പ്രോമിസ്.അതുകൊണ്ടല്ലേ എൻ്റെയച്ഛൻ കൊറേ ദിവസായി ഇങ്ങനെ വിഷമിക്കണേ..?”അനിരുദ്ധൻ മകനെ ചേർത്തു പിടിച്ചുമ്മ വെച്ചു.പിന്നെ അവനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
…………………*…………………
ആനുവൽ ഡേയ്ക്ക്, അക്കു നേരത്തേ പോയി. അനിരുദ്ധൻ ചെന്നപ്പോൾ മുൻ നിരയിൽ സീറ്റിനു വേണ്ടി തിരഞ്ഞില്ല. വേദിയിൽ നിന്ന് പെട്ടെന്ന് ശ്രദ്ധ കിട്ടാത്ത ഒരിടത്തായി ഇരിപ്പിടം കണ്ടെത്തി ഇരുന്നു.
മെയിൻ എൻട്രൻസിൽ നിന്നും, വാദ്യമേളങ്ങളും, ആരവങ്ങളും കേട്ടു .ഹൃദയം ക്രമാതീതമായി മിടിക്കുന്നു…!!ഏഴു വർഷങ്ങൾ ..!! യൂണിഫോം ധരിച്ച ഒരു പെൺകുട്ടി നൽകിയ പൂച്ചെണ്ടും കയ്യിൽ പിടിച്ച്, ഇളം മഞ്ഞ നിറത്തിലുള്ള ,ഒരു കോട്ടൺ സാരി ഞൊറിഞ്ഞുടുത്ത്, ആത്മവിശ്വാസത്തിൻ്റെ തെളിഞ്ഞ പുഞ്ചിരിയോടെ ദേവിക വേദിയിലേക്കു കയറി…!
സദസ്സിനെ അഭിവാദ്യം ചെയ്ത്, അവൾക്കായി കാണിച്ചു കൊടുത്ത ഇരിപ്പിടത്തിൽ ഇരുന്നു.മുഖ്യാതിഥി എഴുത്തുകാരിയായതു കൊണ്ടുതന്നെ, അനൗൺസ്മെൻ്റ് ഉൾപ്പെടെ മലയാളത്തിലായിരുന്നു.പ്രിൻസിപ്പൽ സ്വാഗതമാശംസിച്ചു.. തുടർന്ന് വിളക്കു തെളിയാക്കാനും, ഉദ്ഘാടന പ്രസംഗത്തിനുമായി ദേവികയെ ക്ഷണിച്ചു.. എല്ലാവരേയും അഭിസംബോധന ചെയ്തു കൊണ്ട് ദേവിക പറഞ്ഞു “ഞാനൊരു നല്ല പ്രസംഗകയല്ല… അതു കൊണ്ടു തന്നെ ഈ കുഞ്ഞുങ്ങളുടെ പരിപാടിക്ക് ആശംസ നേരുക എന്നതല്ലാതെ എനിക്ക് ഒന്നും തന്നെ പറയാനുമില്ല. പിന്നെ കുട്ടികൾക്ക് ആർക്കെങ്കിലും എന്നോട് ചോദ്യങ്ങൾ ചോദിക്കാം. അറിയാവുന്നതാണെങ്കിൽ ഞാൻ മറുപടി തരും..!”
അവൾ സദസ്സിനെ നോക്കി. പലരും, പലതും ചോദിച്ചു.വീട്,വീട്ടുകാർ,എഴുത്ത്..അങ്ങനെയങ്ങനെ…!എല്ലാവർക്കും നന്ദി പറഞ്ഞ്, പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച്, പിൻ വാങ്ങിയ ദേവികയെ ആങ്കർ ഒന്നുകൂടി ക്ഷണിച്ചു.”ഈ സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഗ്നിദേവിൻ്റെ “ഒറ്റച്ചിറകുള്ള പക്ഷി, ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തുന്നതിനായി ദേവികാ മാഡത്തിനെ ഒരിക്കൽക്കൂടി ക്ഷണിക്കുന്നു …!” വേദിയിലേക്കു കയറി വന്ന അഗ്നിദേവിനെ കണ്ട് ദേവികയുടെ മുഖത്ത് ചെറിയ അമ്പരപ്പുണ്ടായി. എവിടെയോ കണ്ടു മറന്ന മുഖം..!
ആ വിടർന്ന പുഞ്ചിരി ഏറ്റം പ്രിയമുള്ളൊരാളെ ഓർമ്മിപ്പിക്കുന്നു..!! “മാം… ഈ പുസ്തകം നമ്മുടെ പ്രിൻസിപ്പലിനു നല്കി പ്രകാശനം നടത്തുക….!” എന്ന നിർദ്ദേശം അവളെ ഓർമ്മയിൽ നിന്നുണർത്തി.. പ്രകാശനം കഴിഞ്ഞപ്പോൾ , അക്കു കാലു തൊട്ടു വന്ദിച്ചു. പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ ഏതോ ഉൾപ്രേരണയാൽ ദേവിക അവനെ ആശ്ലേഷിച്ചു, , നെറ്റിയിൽ ഉമ്മ വെച്ചു….!! ശിരസ്സിൽ കൈ വെച്ച് എല്ലാ നന്മകളും ഉണ്ടാവട്ടെ…!!”എന്ന് ആശംസിച്ചു..!”മാം. ഒന്നു ചോദിച്ചോട്ടെ?” അവൻ തിരക്കി. അവൾ പുഞ്ചിരിയോടെ തലയാട്ടി. രണ്ടു പേർക്കും ടീച്ചർ മൈക്ക് കൊണ്ടു വന്നു കൊടുത്തു.. “ആദ്യ നോവലിൻ്റെ പേര്, ‘വെയിൽക്കാലങ്ങളിലൂടെ ‘എന്നല്ലേ.? എന്താ ആ പേരിടാൻ കാരണം..?”
ദേവിക തെല്ല് അമ്പരപ്പോടെ അവനെ നോക്കി. ഈ പ്രായത്തിലുള്ള കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത ചോദ്യം.! ”അത്..എൻ്റെ ഇന്നുവരെയുള്ള ജീവിതം അനുഭവങ്ങളുടെപൊള്ളുന്നവെയിലിലൂടെയായിരുന്നു.അതു കൊണ്ടാണ്…!!”നേർത്ത ചിരിയോടെ അവൻ്റെ കവിളിൽ തട്ടി ദേവിക പറഞ്ഞു. വ്യക്തമായി മനസ്സിലായില്ലെങ്കിലും, അവൻ തലയാട്ടി.
നന്ദി പറഞ്ഞ് അക്കു വേദിയിൽ നിന്നിറങ്ങി വരുന്നത് കണ്ണീരിൻ്റെ നേർത്ത പാടയിലൂടെ അനിരുദ്ധൻ നോക്കിയിരുന്നു…!!!
…….(തുടരും)…………
ഇനി വഴിയേ, അമ്മയും, മകനും പരസ്പരം മനസ്സിലാക്കട്ടെ.. അല്ലേ.? പക്ഷേ അനിരുദ്ധൻ…? ഹരിത….? ഇതെല്ലാം തടസ്സങ്ങളാവുമോ…? കാത്തിരുന്നു കാണാം കേട്ടോ.അപ്പോ ഇനി നിറയെ ലൈക്കും, കമൻറും പോന്നോട്ടേ…