November 11, 2024

തൊട്ടാവാടി : ഭാഗം 35

രചന – ഭാഗ്യലക്ഷ്മി

“ഇഷാനി പ്രെഗ്നെറ്റ് ആണ്…”
പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞതും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു..

റയാൻഷും രവീന്ദ്രനും ഒരു ചിരിയോടെ പരസ്പരം നോക്കി…

“എനിക്ക് ആദ്യമേ തോന്നിയിരുന്നു… ഹോ… ഇനീം എൻ്റെ ആദി മോന് കൂട്ടായിട്ട് ഒരാൾ വരാൻ പോവാണല്ലോ..
അപ്പോൾ ഇനീം ഏട്ടത്തി നമ്മുടെ വീട്ടിൽ നിന്നും പോവില്ലായിരിക്കും അല്ലേ..?”
റയാൻഷ് ഇഷാനിയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു…

ആദർശിന് ഇതുവരെ ഉണ്ടാവാത്ത തരം സന്തോഷം തോന്നി.. ഓടിപ്പോയി ഇഷാനിയെ വാരിപ്പുണരാൻ അവൻ്റെ മനം വെമ്പി… പക്ഷേ അവൻ നിശ്ചലനായി വാതിലോരത്ത് തന്നെ നിന്നു…

റയാൻഷ് അത് മനസ്സിലാക്കിയെന്നോണം
ഇഷാനിയുടെ അടുത്ത് നിന്നും എഴുന്നേറ്റു… അവൻ മിഴികൾ കൊണ്ട് കാണിച്ചതും രവീന്ദ്രനും പതിയെ പുറത്തേക്കിറങ്ങി….

ഹോസ്പിറ്റലിലെ ആ ബെഡിൽ നീണ്ട് നിവർന്ന് കിടക്കുമ്പോൾ ഇഷാനിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു…

എത്രമാത്രം താൻ കേൾക്കാൻ കൊതിച്ച വാർത്തയായിരുന്നു ഇത്… പക്ഷേ… പക്ഷേ ഇപ്പോൾ തനിക്കൊരു സന്തോഷവും തോന്നുന്നില്ല.. എല്ലാം അറിയുന്നതിന് മുൻപായിരുന്നു ഈ വാർത്ത തന്നെ തേടി എത്തിയിരുന്നതെങ്കിൽ ലോകത്തിലെ ഏറ്റവും സന്തോഷവതി താനാകുമായിരുന്നു… എന്നാൽ ഇപ്പോൾ തനിക്കൊന്ന് ഉള്ളു തുറന്ന് സന്തോഷിക്കാൻ പോലും ആവുന്നില്ലല്ലോ…. അത്രമേൽ ആഗ്രഹിച്ചത് തന്നെ തേടി വന്നപ്പോൾ ആ വാർത്ത തനിക്ക് ദുഖം മാത്രമാണല്ലോ സമ്മാനിച്ചത്… അവൾ നോവോടെ ഓർത്തു…

എന്നാൽ ആദർശിന് ഇതിൽ പരം സന്തോഷം വേറെ ഇല്ലായിരുന്നു… തൻ്റെ പൈതൽ പിറവി കൊണ്ട ആ ഉദരത്തിൽ ഒന്ന് ചുംബിക്കുവാനും ഇഷാനിയെ നെഞ്ചോട് ചേർക്കാനും അവൻ അതിയായി ആശിച്ചു…

അവൻ അകത്തേക്ക് കയറി ഇഷാനിയുടെ അരികിലേക്ക് നടന്നു…

ഇഷാനി സങ്കടത്തോടെ മറ്റെങ്ങോ മിഴികൾ പായിച്ച് കിടക്കുകയായിരുന്നു.. ഒരു കൈ ഉദരത്തിന് മേൽ വെച്ചിട്ടുമുണ്ട്…

“ഇഷാനീ….” ആദർശ് ഒരു പുഞ്ചിരിയോടെ അവളെ വിളിച്ചു…

ഇഷാനി മനപൂർവ്വം തന്നെ അവനെ അവഗണിച്ചു കൊണ്ട് വേദനയോടെ മിഴികൾ ഇറുക്കിയടച്ചു….

അവൻ അവളുടെ കരങ്ങൾക്ക് മേലെ കരം ചേർത്തതും ഇഷാനി ദേഷ്യത്തോടെ അവൻ്റെ കരങ്ങളെ തട്ടിയെറിഞ്ഞു…

“തൊട്ട് പോവരുത് താനെന്നെ…!!”

അവൾ ക്രോധത്തോടെ പറഞ്ഞതും അവൻ സ്തംഭിച്ചു പോയി…

“ഞാൻ പറഞ്ഞ് കഴിഞ്ഞു ആദർശ്… ഞാനും താനും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്…!! അതിന് ഒരു മാറ്റവും ഉണ്ടാകില്ല….you may go now….!!”

അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞതും ആദർശിൻ്റെ ഉള്ളത്തെ അത് ആഴത്തിൽ വേദനിപ്പിച്ചു…

“ഇ… ഇഷാനീ… ഞാൻ….” അവൻ ഇടറുന്ന സ്വരത്തിൽ വിളിച്ചു…

“എന്താ ഇതും തൻ്റെ കുഞ്ഞല്ലെന്ന് പറയാനായിട്ട് കയറി വന്നതാണോ…? അല്ല അതല്ലേ ശീലം…” അവൾ പുച്ഛത്തിൽ പറഞ്ഞു…

“ഇഷാനീ… നീ… നീ എന്തൊക്കെയാ ഈ പറയുന്നത്…?” ആദർശ് ഇടർച്ചയോടെ ചോദിച്ചു….

“I say get out…!!”
ഇഷാനി ദേഷ്യത്തിൽ പറഞ്ഞതും പിന്നൊന്നും ഉരിയാടാതെ ഉള്ളുരുകുന്ന വേദനയോടെ അവൻ പുറത്തേക്കിറങ്ങി…

പുറത്ത് രവീന്ദ്രനും റയാൻഷും നിൽക്കുന്നുണ്ടായിരുന്നു…

“ഞാൻ… ഞാൻ വീട്ടിലേക്ക് പോവാ… ഇഷാനിയെ നോക്കിക്കോണേ… അവളുടെ mood എന്തോ ശരിയല്ലെന്ന് തോന്നുന്നു…”
ഈറനണിഞ്ഞ മിഴികളെ ഇരുവരിൽ നിന്നും സമർത്ഥമായി ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ആദർശ് പറഞ്ഞു…

കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അവൻ ധൃതിയിൽ നടന്നകലുന്നത് റയാൻഷും രവീന്ദ്രനും നിസ്സംഗതയോടെ നോക്കി നിന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പുറത്തെ നിലാവിനെ നോക്കി ഇഷാനി പടിയിൽ ഇരിക്കുകയാണ്… തൊട്ടടുത്തായി ധാനിയും നിവികയും റയാൻഷും ഉണ്ട്….

“ആദിക്കുട്ടാ മോന് കളിക്കാൻ ഒരു വാവ വരുവാണല്ലോ…”
റയാൻഷ് കുഞ്ഞിനോട് പറഞ്ഞതും
ഇഷാനി ചിരിയോടെ നോക്കി…

“വാവ…” ആദി മോൻ കൊഞ്ചലോടെ പറഞ്ഞു…

“ആഹ് വാവ ദേ വല്ല്യമ്മേടെ വയറ്റിൽ ഉണ്ടല്ലോ…”

“വല്ലിമ്മേ… വാവ…” ആദി മോൻ പറഞ്ഞതും ഇഷാനി വാത്സല്യത്തോടെ കുഞ്ഞിനെ വാങ്ങി…

“വാവ എൻ്റെ ആദി മോനെ കാണാൻ വേഗം വരൂട്ടോ…” ഇഷാനി ചിരിയോടെ പറഞ്ഞു…

“ആഹ് പിന്നെ ഏട്ടത്തീ വല്ലോം കഴിക്കാൻ വേണമെങ്കിൽ മടിക്കാതെ പറയണേ കേട്ടോ…” റയാൻഷ് പറഞ്ഞു…

“എന്ത് വേണമെങ്കിലും ഞാനും ധാനി ഏട്ടത്തിയും കൂടെ ഉണ്ടാക്കും…”
നിവിക ചിരിയോടെ പറഞ്ഞു…

“എന്തോന്ന് നീ ഉണ്ടാക്കുമെന്നോ നിവീ…?
പണ്ട് ഇവള് ഉണ്ടാക്കിയ ചായ കുടിച്ചിട്ട് അച്ഛൻ രണ്ട് ദിവസം വയറ് വേദനയായി കിടപ്പിലായത് ഞാൻ മറന്നിട്ടില്ല… പിന്നെ ഇവളൊട്ട് അടുക്കളയിൽ കയറിയിട്ടും ഇല്ല… ആരും കയറ്റിയിട്ടും ഇല്ല..” റയാൻഷ് ചിരിയോടെ പറഞ്ഞതും നിവിക അവനിട്ട് ഒരു കുത്ത് കൊടുത്തു…

“ഞാനിപ്പോൾ ധാനി ഏട്ടത്തീടെ കൂടെ അടുക്കളയിൽ കയറാറുണ്ടല്ലോ… അല്ലേ ഏട്ടത്തീ..?” നിവിക വല്ല്യ കാര്യം പോലെ പറഞ്ഞതും എല്ലാവരും ചിരിച്ചു..

എങ്ങു നിന്നോ വന്നു കൊണ്ടിരുന്ന ഇളം കാറ്റ് ഏവരേയും കുളിരണിയിച്ചു…

“നല്ല തണുപ്പാണല്ലോ…” റയാൻഷ് പറഞ്ഞു..

“അതെ… തണുപ്പ് മാത്രമല്ല…സമയം ഒരുപാടായില്ലേ… എനിക്ക് ഉറക്കം വരുന്നു..” നിവിക പറഞ്ഞതും എല്ലാവരും എഴുന്നേറ്റു…

🥀🥀🥀🥀🥀🥀🥀🥀🥀🥀

ഇഷാനി മുറിയിൽ ചെന്നപ്പോൾ ആദർശ് അവിടെ ഉണ്ടായിരുന്നില്ല…. അവളൊട്ട് അവനെ അന്വേഷിച്ചതും ഇല്ല…

ഇഷാനി ഒരു ബെഡ് ഷീറ്റ് എടുത്ത് തറയിൽ വിരിക്കുന്നതാണ് അങ്ങോട്ടേക്ക് വന്ന ആദർശ് കാണുന്നത്…

അവൻ ഒന്നും മനസ്സിലാവാതെ നോക്കി…

“ഇഷാനീ… ഇതെന്താ..??” ആദർശ് ചോദിച്ചതും ഇഷാനി ഒന്നും മിണ്ടാതെ തറയിലേക്ക് കിടന്ന് മിഴികൾ അടച്ചു…

“ഇഷാനീ… ഞാൻ ചോദിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ..??”

“തന്നോട് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല ആദർശ്…”
മുഖം തിരിച്ചു കൊണ്ടവൾ ശാന്തമായി പറഞ്ഞതും അവൻ്റെ ഉള്ളം വിങ്ങി…

“നീ… നീ വന്ന് ബെഡിൽ കിടക്ക്…”

“തൻ്റെ കൂടെ കിടക്കാൻ എനിക്ക് താത്പര്യമില്ല…”

“ഇഷാനീ എന്നോടുള്ള ദേഷ്യത്തിന് നീ തറയിൽ കിടക്കണ്ട… അതും ഈ സമയത്ത് ഒട്ടും വേണ്ട..”

“ഏത് സമയത്ത്…?” ഇഷാനി മുഷിച്ചിലോടെ ചോദിച്ചു…

“അല്ല ഇഷാനീ… നമ്മുടെ കുഞ്ഞ്…”

“നമ്മുടെ കുഞ്ഞോ..? താൻ അങ്ങനെയൊക്കെ പറയാറായോ..? സ്വന്തം കുഞ്ഞെന്നൊക്കെ പറയുന്നത് തനിക്ക് ആക്ഷേപം അല്ലേ…?”
ഇഷാനി പരിഹാസത്തിൽ ചോദിച്ചു..

ആ ചോദ്യം അവൻ്റെ മനസ്സിൽ ആഴത്തിൽ തറച്ചു.. അവൻ അല്പ നേരം ഒന്നും മിണ്ടിയില്ല…

“നീ ബെഡിൽ കിടന്നോളൂ… എൻ്റെ കൂടെ കിടക്കാൻ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തറയിൽ കിടന്നോളാം..”

ആദർശ് പറഞ്ഞതും ഇഷാനി എഴുന്നേറ്റ് ബെഡിലേക്ക് കിടന്നു… അവളെ നോക്കിക്കൊണ്ടവൻ വേദനയോടെ തറയിലേക്ക് കിടന്ന് മിഴികൾ അടച്ചു…

സമയം കടന്ന് പോയി… രാവിൻ്റെ അന്ത്യയാമത്തിലെപ്പോഴോ ഇഷാനി നിദ്ര പൂണ്ടപ്പോഴും ആദർശിന് ഒരു പോള കണ്ണടയ്ക്കാൻ ആയില്ല…

ചെയ്ത തെറ്റുകൾ ഓരോന്നും അവൻ്റെ മനസ്സിനെ വേട്ടയാടി… ആ ഓർമ്മകൾ അവൻ്റെ ഉറക്കം കെടുത്തി..

വിവാഹ കഴിഞ്ഞ ദിവസം ധാനി പാലുമായി മുറിയിലേക്ക് വന്നതും താൻ നിഷ്കരുണം അവളെ ആട്ടിപ്പായിച്ചതും വാക്കുകൾ കൊണ്ട് അവഹേളിച്ചതും ഒക്കെ അവൻ്റെ മനസ്സിലേക്ക് ഓടിയെത്തി… ഇന്ന് പ്രതീക്ഷയോടെ ഹോസ്പിറ്റലിൽ ഇഷാനിയെ കാണാൻ കയറിയതും അവൾ തന്നോട് പുറത്തേക്ക് പോകാൻ പറഞ്ഞതും അവൻ ഓർത്തു… രണ്ടിനും ഒരേ വേദന…!! കാലം തന്ന തിരിച്ചടി…

എത്രയോ രാവുകളിൽ ധാനിയെ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ താൻ അവളെ തറയിൽ കിടത്തിയിരിക്കുന്നു… ഇന്ന് അതേ സ്ഥാനത്ത് താൻ…!! ആരേയും കുറ്റം പറയാൻ ആവില്ല.. എല്ലാം തൻ്റെ പ്രവർത്തിയുടെ പരിണിത ഫലങ്ങൾ മാത്രം… എല്ലാം താൻ അർഹിക്കുന്നത് തന്നെ…അവൻ്റെ മനസാക്ഷി ഉറക്കെ വിളിച്ചു പറഞ്ഞു…

അവൻ പതിയെ ശിരസ്സുയർത്തി നോക്കി… ഇഷാനി നല്ല ഉറക്കമാണ്… അവൻ എഴുന്നേറ്റ് അവളുടെ നെറ്റിയിൽ സ്നേഹത്തോടെ തലോടി… തൻ്റെ ജീവാണു ഏറ്റു വാങ്ങിയ അവളുടെ ഉദരത്തെ ഒന്ന് ചുംബിക്കുവാനായി അവൻ്റെ ഹൃദയം തുടിച്ചു.. അവളെ ഉണർത്താതെ തന്നെ അവളുടെ ഉദരത്തിന് മറയായി കിടന്ന ചുരിദാർ അവൻ പതിയെ വകഞ്ഞ് മാറ്റി… വാത്സല്യത്തോടെ അവിടേക്ക് ചുണ്ടുകൾ ചേർത്തു… ഇഷാനി ഒന്ന് ഞെരുങ്ങിയതും അവൻ വെപ്രാളത്തോടെ അകന്ന് മാറി… തൻ്റെ ഗതികേടിനെ പഴിച്ചു കൊണ്ടവൻ ധൃതിയിൽ തറയിലേക്ക് കിടന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പുതിയൊരു പുലരിയെ കൂടി എല്ലാവരും വരവേറ്റു… കിളികളുടെ കളകളാരവങ്ങൾ ആ പ്രഭാത്തിൽ ഏവരുടെയും കാതുകൾക്ക് കുളിർമയേകി..

ഇഷാനി മുറിയിൽ നിന്ന് മുടി ചീകുകയാണ്… ആദർശ് ഏറെ നേരം അവളെ തന്നെ നോക്കി നിന്നു…

“ഇഷാനീ നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോയാലോ..?”
ആദർശിൻ്റെ ചോദ്യം അവൾ കേട്ട ഭാവം പോലും നടിച്ചില്ല…

“ഇഷാനീ… നീയെന്താ ഒന്നും പറയാത്തെ..? നിനക്ക് എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ…?? അതോ ഇനീം വല്ല ക്ഷീണവും ഉണ്ടോ…?” അവൻ പരിഭ്രമത്തിൽ ചോദിച്ചു…

“എന്താ തൻ്റെ പ്രശ്നം..? താനെന്തിനാ എൻ്റെ കാര്യത്തിൽ ഇങ്ങനെ ഉത്കണ്ഠപ്പെടുന്നത്..?”
അവളുടെ താത്പര്യമില്ലായ്മ ആ ചോദ്യത്തിൽ പ്രകടമായിരുന്നു…

“പിന്നെ ഉത്കണ്ഠപ്പെടണ്ടേ..? നീ pregnant അല്ലേ…?”

“ധാനി pregnant ആയതും തൻ്റെ കുഞ്ഞിനെ തന്നെയായിരുന്നല്ലോ… അപ്പോൾ അവൾക്ക് കൊടുക്കാതിരുന്ന ഒരു പരിഗണനയും താൻ എനിക്കും തരേണ്ട ആവശ്യമില്ല… മനസ്സിലായോ..? പിന്നെ തന്നോട് സംസാരിക്കാൻ താത്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞ് കഴിഞ്ഞതാണ്… ദയവ് ചെയ്ത് എന്നെ ഓരോന്ന് പറഞ്ഞ് ശല്ല്യം ചെയ്യാൻ വരരുത്…”
ഇഷാനി അതും പറഞ്ഞ് ധൃതിയിൽ താഴേക്ക് നടന്നു…

ആദർശ് അറിയുകയായിരുന്നു അവഗണനയുടെ വേദന എന്തെന്ന്…!! ഇഷാനിയുടെ അകൽച്ച അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… എങ്കിലും അവളോട് സംസാരിക്കാതിരിക്കാനോ അവളുടെ കാര്യത്തിൽ ഇടപെടാതിരിക്കാനോ അവനായില്ല…

Breakfast കഴിക്കാൻ ഇരുന്നതും ആദർശ് പ്രണയത്തോടെ ഇഷാനിയെ തന്നെ നോക്കിയിരുന്നു… എന്നാൽ സർവ്വരോടും വാചാലയായ അവൾ അവനെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാഞ്ഞത് അവനിൽ വേദനയുളവാക്കി…

പലപ്പോഴായി ധാനി തന്നെ ഇതേ പോലെ നോക്കി നിന്നതും താൻ അവളെ മനപൂർവ്വം അവഗണിച്ചതും അവൻ്റെ മനസ്സിലേക്ക് അലയടച്ചു… പിന്നീടൊന്നും കഴിക്കാൻ ആവാതെ അവൻ വർദ്ധിച്ച ഹൃദയമിടിപ്പോടെ നടന്നകന്നു…

ഇനിയും ഇഷാനിയുടെ അവഗണന സഹിക്കാൻ ആവാത്തതിനാൽ അവൻ പതിവിലും നേരത്തെ ഓഫീസിലേക്ക് പുറപ്പെട്ടു…

🥀🥀🥀🥀🥀🥀🥀🥀🥀🥀

അന്നത്തെ ദിവസം ആദർശിന് ഒന്നിലും ശ്രദ്ധിക്കാൻ ആയില്ല… മിഴികൾ ഇഷാനിയെ കാണാൻ വെമ്പുകയായിരുന്നു… ഒരു വിധത്തിൽ അവൻ സമയം തള്ളി നീക്കി… ആദർശ് അതിയായ ആവേശത്തോടെ വീട്ടിലേക്ക് വന്നു… അവൻ മിഴികൾ കൊണ്ട് ചുറ്റിനും ഇഷാനിയെ പരതി… ഒപ്പം അവൾ വീണ്ടും അവഗണിച്ചാൽ എന്താവും എന്ന ഉത്കണ്ഠ അവൻ്റെ മനസ്സിൽ വേദനയുളവാക്കി…

അടുക്കള ഭാഗത്ത് നിന്നും ഒരു ചിരി കേട്ടതും അവൻ അങ്ങോട്ടേക്ക് നടന്നു…

ധാനി എന്തോ പാചകം ചെയ്യുന്നുണ്ട്… അവളുടെ തൊട്ട് പിന്നിലായി ആദി മോനേയും എടുത്തു കൊണ്ട് റയാൻഷും നിൽക്കുന്നു..

അച്ഛാ… അച്ഛാ എന്ന് വിളിച്ചു കൊണ്ട് ആദി മോൻ എന്തൊക്കെയോ റയാൻഷിനോട് പറയുന്നു… മൂവരും എത്ര സന്തോഷത്തിലാണ്..ധാനിയുടെ മനസ്സിലെ സന്തോഷം അവളുടെ മുഖത്ത് നിന്നും ആദർശിന് വായിച്ചെടുക്കാമായിരുന്നു… റയാൻഷിൻ്റെ കൂടെ അല്ലാതെ ഒരിക്കൽപ്പോലും അവളെ ഇത്രമാത്രം സന്തോഷവതിയായി താൻ കണ്ടിട്ടില്ലെന്ന് ആദർശ് ഓർത്തു….

ധാനിയുടെ സാമീപ്യത്തിൽ റയാനും എത്ര
സന്തുഷ്ടൻ ആണ്… അവന് ധാനിയിൽ ഒരു കുറവും കാണാൻ സാധിക്കുന്നില്ല…
ശരിയാണ്… ഇപ്പോൾ തനിക്കും അവളിൽ കുറവുകളൊന്നും ദർശിക്കാൻ സാധിക്കുന്നില്ല… ശരിക്കും എന്തിനാ താൻ അവളെ വേണ്ടെന്ന് വെച്ചത്…? എന്തായിരുന്നു അവളിലെ കുഴപ്പം..?
ആദർശ് സ്വയം ചോദിച്ചു…

ഒപ്പം തൻ്റെ മകൻ….!! അവനെയും താൻ നഷ്ടപ്പെടുത്തി… സഹിക്കാനാവുന്നില്ല.. തൻ്റെ കുഞ്ഞ് തൻ്റെ അനിയനെ അച്ഛാ എന്ന് വിളിക്കുന്നു… അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് റയാൻ്റെ സ്ഥാനത്ത് താൻ അവരുടെ ഒപ്പം കണ്ടേനേം… ഇങ്ങനെ ഓരോ നിമിഷവും ഉരുകേണ്ടി വരില്ലായിരുന്നു തനിക്ക്…
അവൻ വേദനയോടെ ഓർത്തു… നഷ്ടപ്പെടുത്തിയതോർത്ത് ഇനീം ഇങ്ങനെ വേദനിച്ചിട്ട് എന്ത് കാര്യം..?

അവൻ പതിയെ മുറിയിലേക്ക് നടന്നു…

എന്നെ ഇനിയും അവഗണിച്ചാൽ ഞാൻ മരിച്ചു പോവും ഇഷാനീ… എല്ലാത്തിനും മാപ്പ്… ആരോട് വേണമെങ്കിലും ക്ഷമ ചോദിക്കാം ഞാൻ… എനിക്ക് വയ്യ ഇങ്ങനെ നീറി നീറി ജീവിക്കാൻ…!! നീയും എന്നെ ഇങ്ങനെ ശിക്ഷിക്കാതെ…!!
ബാൽക്കണിയിൽ നിൽക്കുന്ന ഇഷാനിയെ നോക്കി ആദർശ് ശബ്ദമില്ലാതെ പറഞ്ഞു…

ആദർശിൻ്റെ സാമീപ്യം അറിഞ്ഞതും ഇഷാനിയുടെ മുഖത്തെ നിസ്സംഗത കോപത്തിന് വഴി മാറി… പിൻ തിരിഞ്ഞ് നോക്കാതെ അവൾ നിശ്ചലയായി നിന്നു..

“ഇ… ഇഷാനീ ഞാൻ നിനക്ക് വേണ്ടി എന്തൊക്കെയാ വാങ്ങിയതെന്ന് അറിയാമോ…? ഒന്ന് തിരിഞ്ഞ് നോക്ക്…”
ആദർശ് അവളെ സ്നേഹത്തോടെ വിളിച്ചു…

“താൻ ഇനിയും എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസ്സ് മാറില്ല ആദർശ്…. ആ പ്രതീക്ഷയിൽ എന്നോട് സംസാരിക്കാനും വരണ്ട…”

“ഇഷാനീ… ഞാൻ എന്താ വേണ്ടെ..? നീ പറയുന്ന എന്തും ചെയ്യാം..”
അവൻ നിസ്സഹായതയോടെ പറഞ്ഞു..

“താൻ ഒന്നും ചെയ്യണ്ട..!! എനിക്ക് കുറച്ച് സ്വസ്ഥത തരുമോ…? അത് മാത്രം മതി…
പിന്നെ എൻ്റെ ഒരു കാര്യത്തിലും ഇടപെടാൻ വരരുത്… നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചു…”
ശബ്ദം കനപ്പിച്ച് അത്ര മാത്രം പറഞ്ഞവൾ നടന്നകന്നു…

ആദർശ് അതീവ ദുഖത്തോടെ ഭിത്തിയിൽ ചാരി നിന്നു.. പ്രതീക്ഷയോടെ തന്നെ നോക്കിയിരുന്ന ധാനിയുടെ മുഖം അവൻ്റെ മനസ്സിൽ തെളിഞ്ഞു.. അവളുടെ ഉള്ളിൽ അന്നുണ്ടായ നിരാശയും സങ്കടും എത്ര മാത്രമാകുമെന്നവൻ ഊഹിച്ചു… തന്നോട് ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തെ താൻ അത്രയ്ക്ക് വേദനിപ്പിച്ചിരിക്കുന്നു…
അതിൻ്റെ തിരിച്ചടികളാണ് ഇപ്പോഴത്തെ തൻ്റെ അവസ്ഥ…. ഇഷാനിയുടെ അവഗണനയും അതിൻ്റെ ഒപ്പം ആദി മോൻ്റെ മുഖവും എല്ലാം ഓർക്കെ ആദർശിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ദിനങ്ങൾ കടന്ന് പോയി… ആദർശ് എന്നൊരു വ്യക്തി വീട്ടിൽ ഉണ്ടെന്ന് പോലും ഇഷാനി മൈൻ്റ് ചെയ്തില്ല…

എത്രയൊക്കെ വേണ്ടെന്ന് വെച്ചിട്ടും താൻ പോലും അറിയാതെ ഇഷാനിയുടെ കാര്യങ്ങളിൽ താൻ ശ്രദ്ധ ചെലുത്തുന്നത് ആദർശ് അറിഞ്ഞു… ഒരു പക്ഷേ ധാനിക്ക് സംഭവിച്ചതും ഇതു തന്നെ ആവാം… താൻ ആട്ടിപ്പായിച്ചപ്പോഴും തന്നോടുള്ള സ്നേഹത്താൽ അവൾ പോലുമറിയാതെ അവളുടെ കരുതൽ തന്നെ തേടി വന്നതാകാം… അവൾ തൻ്റെ സ്നേഹത്തിനായി എത്ര മാത്രം കൊതിച്ചിരിക്കാം… തൻ്റെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ച സമയത്ത് എത്ര മാത്രമവൾ തൻ്റെ സാമീപ്യത്തിനായ് ആശിച്ചിരിക്കാം…
ഓരോന്നോർക്കെ അവൻ ദിനംപ്രതി വേദനിച്ചു കൊണ്ടിരുന്നു…

പിന്നീടുള്ള ദിനങ്ങളിൽ പതിവിലും നേരത്തെ അവൻ ഓഫീസിൽ പോയി… വീട്ടിൽ തിരികെ എത്തുന്നത് രാവേറെ വൈകിയും… അവൻ ആരോടും സംസാരിക്കാറില്ല… എല്ലാവരിൽ നിന്നും അവൻ അകലുകയായിരുന്നു…

ആദർശിലെ ഈ മാറ്റം റയാൻഷിന് നല്ലവണ്ണം മനസ്സിലാകുന്നുണ്ടായിരുന്നു.. ഒപ്പം ഇഷാനിയുടെ അവഗണനയും….

പത്മിനി അന്നാണ് പതിയെ നടന്ന് മുറിക്ക് പുറത്തേക്ക് വന്നത്… ആദർശിൻ്റെ ഉള്ളിലെ വിഷമം അവർക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ മനസ്സിലായിരുന്നു… ഒപ്പം തൻ്റെ മകൻ്റെ ഈ അവസ്ഥക്ക് താനാണല്ലോ കാരണം എന്ന ചിന്ത അവരെ കൂടുതൽ തളർത്തി..

പത്മിനി പതിയെ റയാൻഷിൻ്റെ മുറിയിലേക്ക് നടന്നു…ധാനി കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.. ഏന്തി വലിഞ്ഞ് നടന്നു വരുന്ന പത്മിനിയെ കണ്ടതും ധാനി വെപ്രാളത്തോടെ എഴുന്നേറ്റു…

“മോളവിടെ ഇരിക്ക്….”
പത്മിനി പറഞ്ഞത് കേട്ടതും ധാനി ഞെട്ടലോടെ നോക്കി…

പത്മിനി അവൾക്കരികിൽ ഇരുന്ന് കുഞ്ഞിനെ വാങ്ങി വാത്സല്യത്തോടെ ചുംബിച്ചു…

“എൻ്റെ ആദിയുടെ മോൻ…!!” കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കൊണ്ടവർ പറഞ്ഞു..

“ധാനീ… മോളെ… ആദിയെ നീ ശപിക്കരുത്… അവൻ മനപൂർവ്വം നിന്നെ വേദനിപ്പിക്കണമെന്നോ നിൻ്റെ ജീവിതം തകർക്കണമെന്നോ ഒന്നും കരുതിയിട്ടില്ല… അവന് ഇഷ്ടമല്ലാഞ്ഞിട്ടും ഞാനാ നിന്നെ വിവാഹം കഴിക്കാൻ അവനെ നിർബന്ധിച്ചത്… അതും എങ്ങനെയെങ്കിലും നിന്നെ ഒഴിവാക്കാം എന്നവന് ഞാൻ വാക്ക് കൊടുത്തത് കൊണ്ട് മാത്രം… അവന് നീയുമായുള്ള വിവാഹത്തിന് സമ്മതമാണെന്ന് നിൻ്റടുത്ത് വന്ന് കള്ളം പറഞ്ഞതും ഞാനാണ്… നീ ഗർഭിണി ആയ സമയത്ത് ഞാൻ അവനെ കുറ്റപ്പെടുത്തിയത് കൊണ്ടാ അവൻ അവൻ്റെ കുഞ്ഞല്ലെന്ന് പറഞ്ഞത്… നിന്നോട് ക്ഷമ ചോദിക്കാൻ അർഹത ഉണ്ടോന്ന് അറിയില്ല… പക്ഷേ മോളെ ഇനിയും വയ്യ… ഇങ്ങനെ ഓരോന്നും നെഞ്ചിലേറ്റി നടക്കാൻ…”
പത്മിനി ഇടർച്ചയോടെ പറഞ്ഞു…

ധാനി വേദനയോടെ അവരെ നോക്കി പുഞ്ചിരിച്ചു…

“സ്വന്തം മക്കൾക്ക് ഈ അവസ്ഥ വന്നപ്പോൾ മാഡത്തിന് എൻ്റെ വേദന മനസ്സിലായി അല്ലേ…? എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് എന്നോട് എന്തും ആവാമായിരുന്നല്ലേ..?” അവൾ ശാന്തമായി ചോദിച്ചു…

“ധാനീ… ഞാൻ…”

“എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല… മാഡത്തിനെ ഞാൻ അന്നും എൻ്റെ അമ്മയുടെ സ്ഥാനത്താ കണ്ടിരുന്നത് ഇപ്പോഴും അങ്ങനെ തന്നെ… ഞാൻ മാഡത്തിൻ്റെ മകനെ ശപിക്കുവോന്നുള്ള പേടി കൊണ്ട് മാത്രമല്ലേ ഇപ്പോൾ എന്നോടിത് വന്ന് പറഞ്ഞത്..? സ്വന്തം മക്കളുടെ കാര്യത്തിൽ എല്ലാവരും സ്വാർത്ഥരായിരിക്കും അല്ലേ…?”

“അല്ല… അത് മാത്രമല്ല… ഞാൻ ആത്മാർത്ഥമായി പറഞ്ഞത് തന്നെയാണ് മോളെ… ആദി അവൻ്റെ കുഞ്ഞല്ല എന്ന് പറഞ്ഞപ്പോൾ ഞാനത് വിശ്വസിച്ചു പോയി.. അതാ ഞാൻ നിന്നോട് അന്നങ്ങനെയൊക്കെ… എന്നോട് ക്ഷമിക്കില്ലേ കുട്ടീ നീ…”

“ഞാൻ പറഞ്ഞില്ലേ ആരോടും എനിക്കൊരു ദേഷ്യവും ഇല്ല… കഴിഞ്ഞതൊക്കെ ഞാൻ മറന്നു… അല്ല മാഡത്തിൻ്റെ ഇളയ മകൻ്റെ സ്നേഹം എന്നെ അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചു… ഇപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ജീവിതത്തിൽ ഞാനും എൻ്റെ മകനും സന്തുഷ്ടരാണ്… മറ്റൊന്നിനെപ്പറ്റിയും ഞാൻ ഇപ്പോൾ ചിന്തിക്കുന്നു കൂടിയില്ല…”

തൻ്റെ മുൻപിൽ ഇരുന്ന് ശാന്തമായി സംസാരിക്കുന്നവളെ പത്മിനി ഉറ്റ് നോക്കി… കൂടുതൽ ഒന്നും പറയാൻ ആവാതെ മനസ്സാൽ ഒരിക്കൽക്കൂടി മാപ്പപേക്ഷിച്ചു കൊണ്ടവർ വ്യഥയോടെ എഴുന്നേറ്റു…

പോകും വഴി അങ്ങോട്ടേക്ക് ധൃതിയിൽ നടന്ന് വരുന്ന റയാൻഷിനെ കണ്ടതും അവരുടെ പാദങ്ങൾ നിശ്ചലമായി…

പത്മിനി ഒരു പുഞ്ചിരിയോടെ അവൻ്റെ ശിരസ്സിൽ തലോടി… ഇതെന്തെന്ന മട്ടിൽ റയാൻഷ് അന്തിച്ച് നിന്നു…

“നന്നായി വരും നീ…” പൂർണ്ണ മനസ്സാലെ അവനെ അനുഗ്രഹിച്ചു കൊണ്ടവർ നടന്നു…

ശെ! ഇത്ര പെട്ടെന്ന് അമ്മ നടക്കാറൊക്കെ ആയോ..? ഞാൻ ഒരു രണ്ട് മാസം കൂടി കിടക്കയിൽ പ്രതീക്ഷിച്ചു…
നിരാശയോടെ അതും ഓർത്തവൻ മുറിയിലേക്ക് കയറി…

(തുടരും)

Leave a Reply