June 14, 2025

ശ്യാമ : ഭാഗം 06

രചന – ശ്രീ

ശ്യാമയുടെ കല്യാണമോ” ഞെട്ടലോടെ അഭി ചോദിച്ചു. എന്തുകൊണ്ടോ അതവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൾക്ക് ഋഷിയുമായുള്ള ബന്ധം അറിയാമായിരുന്നിട്ടു കൂടിയും.

“ഉം, നിനക്കറിയുമായിരിക്കും.. നിങ്ങളുടെ കൂടെയൊക്കെ പഠിച്ച പയ്യനാ. ഋഷി.. വില്ലേജ് ഓഫീസിൽ ജോലിയുള്ള ആളാ, പിന്നെ കഥകളൊക്കെ എഴുതും പോലും. അവര് തമ്മിൽ സ്‌കൂളിൽ പഠിക്കുമ്പോഴേ പരിചയമായിരുന്നത്രെ. ജോലിയൊക്കെയായപ്പോൾ ആ പയ്യൻ വീട്ടുകാരുമായി വന്നു ആലോചിച്ചു. ദിവാകരനും എതിർപ്പൊന്നുമില്ല. ശ്യാമയുടെ സന്തോഷമായിരുന്നു അവനു വലുത്. വീട്ടുകാരൊക്കെയായി ആലോചിച്ചു. എല്ലാം ഏകദേശം ഉറച്ചതായിരുന്നു. അപ്പോഴാ ആ അപകടം.” എന്നിട്ടെന്തിനാ വിവാഹം മുടങ്ങിയതെന്നു അഭിക്ക് മനസ്സിലായില്ല. ശ്യാമയുടെ വിവാഹം കഴിഞ്ഞില്ല എന്നുറപ്പാണ്.

“എന്നിട്ട്” അറിയാനുള്ള ആകാംക്ഷയോടെ അവൻ ചോദിച്ചു.

“എന്നിട്ടെന്താ, ആ പയ്യൻ തനി നിറം കാണിച്ചു. അച്ഛനും സഹോദരനും പോയതോടെ തളർന്നു വീണ അമ്മയുടെ ഭാരം കൂടി ഏറ്റെടുക്കാൻ അവനാകില്ല എന്നു പറഞ്ഞു. അമ്മയെ മറന്നു ഒരു ജീവിതം വേണ്ടെന്നു ശ്യാമയും പറഞ്ഞതോടെ ആ ബന്ധം അവിടെ തീർന്നു. ഞങ്ങൾ പോയി ആ പയ്യനോട് സംസാരിക്കാം എന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. സ്‌കൂൾ കാലം മുതൽ അടുത്തറിയുന്നയാൾ അങ്ങനൊക്കെ പറഞ്ഞപ്പോൾ അവൾക്കും നൊന്തിരിക്കാം.. മൂന്നാലു മാസം കഴിഞ്ഞപ്പോൾ ആ പയ്യൻ വേറൊരു പെണ്ണിനെ വിവാഹം കഴിച്ചു. അവളുടെ തീരുമാനം ആയിരുന്നു ശരി എന്ന് പിന്നീട് ഞങ്ങൾക്കും തോന്നി. അവനു അവളെപ്പോലെ ഒരു പെണ്ണിനെ വിധിച്ചിട്ടില്ല. ” ഋഷിയുടെ വിവാഹം കഴിഞ്ഞത് താനും അറിഞ്ഞിരുന്നു, അവന്റെ ഏതോ ആരാധികയുമായി. ഋഷിയെ നന്നായി അറിയുന്ന കൊണ്ടു അതിൽ അദ്‌ഭുതമൊന്നും തോന്നിയില്ല. അന്നും പക്ഷെ ശ്യാമയുടെ അവസ്ഥ ആലോചിച്ചില്ല. ശ്യാമയെ അവൻ അർഹിക്കുന്നില്ല എന്നു എനിക്ക് അറിയാവുന്ന കാര്യം ആണ്.

“ജോലിയൊക്കെയായിട്ടും അവൾ എന്താ ലൈബ്രറി വിടാത്തത്?” അവളിങ്ങനെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറാൻ കാരണം അത് കൂടിയാണ്. സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ അവൾക്ക്.

“ഞാൻ പറഞ്ഞില്ലെടാ അതു അരവിന്ദന്റെ പണിയാണ്. ഗ്രഡേഷന്റെ കാര്യങ്ങളും കണക്കുകളും ഒക്കെ അവൾ ശരിയാക്കും. അരവിന്ദന് ഒന്നിലും തലയിടണ്ട. അതുകൊണ്ടു മറ്റാരെയും അതൊന്നും ഏൽപ്പിക്കാൻ അവന്നു താല്പര്യം ഇല്ല. ശാന്തയുടെ കാര്യങ്ങൾ നോക്കാൻ വിമല സഹായത്തിനു ഉള്ളത് കൊണ്ട് ആ പാവം എല്ലായിടത്തും ഓടിയെത്തുന്നു” അച്ഛന് അവളോട് സഹതാപവും സ്നേഹവും ഉണ്ടെന്നു തോന്നി.

ശ്യാമയെക്കുറിച്ചു അച്ഛൻ പറഞ്ഞ കഥകൾ കേട്ടിരുന്നു. അറിയും തോറും ആ രൂപം ഉള്ളിൽ വളരുകയാണ്. എല്ലായിടത്തും അവൾ തന്നെ തോല്പിക്കുന്നു. പണ്ട്…. സ്‌കൂളിൽ വാശിയായിരുന്നെങ്കിൽ… ഇന്ന്…. അവളോടൊപ്പം എവിടെയും എത്താൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാണ്. താൻ മാത്രം എന്നും അവളോട് മത്സരിക്കുകയും, തന്നോട് മത്സരിക്കാതെ അവൾ ജയിക്കുകയും ചെയ്യുന്നു.

രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. പെട്ടെന്ന് ഡൽഹിയിലെ തിരക്കുകൾ ഒഴിവാക്കി മടങ്ങി വരണം. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഓട്ടമല്ല ജീവിതം എന്നു മനസ്സിലായിരിക്കുന്നു. നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കണം. എന്തോ നേടാനുള്ള ഓട്ടമായിരുന്നു. നേടാനുള്ളത് ഈ ഗ്രാമത്തിൽ പാടവരമ്പത്തെ ഈ വീട്ടിൽ ആണുള്ളത് എന്നു തിരിച്ചറിയാതെ. കസ്തൂരി തേടിയലഞ്ഞ മാനിനെ ഓർമ്മ വന്നു. തിരിച്ചു വന്നു അച്ഛന്റെയും അമ്മയുടെയും മനസ്സു കീഴടക്കി ജീവിക്കണം.

പെട്ടെന്ന് ശക്തമായി ഒരിടി വെട്ടി. അഭി ഞെട്ടി ചുറ്റും നോക്കി. കൈയിലിരുന്ന ചായ തണുത്തു പോയിരിക്കുന്നു. മഴയിപ്പോഴും തകർത്തു പെയ്യുകയാണ്, തോരാൻ മടിച്ച്. ആരോടാണാവോ മഴയ്ക്ക് വാശി. കഴിഞ്ഞ രണ്ടു വർഷവും വെള്ളപ്പൊക്കം ആയിരുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷം വെള്ളം, വയലും കവിഞ്ഞു തൊടിയിലേക്ക് കയറി എന്നു ഇടയ്ക്കു വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞിരുന്നു അതു നടീൽ കഴിഞ്ഞ ഉടനെ ആയിരുന്നു. അതു പോരാതെയാണ് കൊയ്ത്തു അടുത്തപ്പോൾ ഈ മഴ. പ്രകൃതിക്ക് ദേഷ്യം അഷ്ടിക്ക് വകയില്ലാത്ത കർഷകരോടാണോ?? അല്ലെങ്കിലും ദുർബലരെ ആദ്യം തകർക്കുക എന്നതാണല്ലോ പ്രകൃതി നിയമം, കാരണം അവൻ സകല ശക്തിയും ഉപയോഗിച്ചു ചെറുത്തു നിൽക്കും.

അമ്മ ഇത്തിരി അരി വറുത്തു ഒരു പ്ലേറ്റിൽ എടുത്തു അതിലിത്തിരി തേങ്ങാ ചിരവിയിട്ടു പഞ്ചസാരയും ചേർത്തു കൊണ്ടു വന്നു. വൈകുന്നേരത്തെ പലഹാരമാണ്. അഭി അദ്‌ഭുതത്തോടെ അമ്മയെ നോക്കി. അമ്മയ്ക്ക് ഇതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ?? മഴയത്ത് അരി വറുത്തതും കാട്ടൻ ചായയും തനിക്കേറെ പ്രിയപ്പെട്ടതാണ്. ഇന്നതൊക്കെ ഓർമ്മകൾ മാത്രമാണ്. അവന്റെ നോട്ടം കണ്ടു ‘അമ്മ ഒന്നു നിറഞ്ഞു ചിരിച്ചു. തണുത്തു പോയ ചായ ഗ്ലാസ് അഭി അമ്മയെ ഏല്പിച്ചു.

“നീയിതു കുടിച്ചില്ലേ? തണുത്തു പോയല്ലോ. ഞാൻ കട്ടൻ എടുക്കാം.. പാല് തീർന്നു” എന്നു പറഞ്ഞു ‘അമ്മ അകത്തേക്ക് നടന്നു. അഭി അരി വറുത്തത് ഒരു പിടി വാരി വായിലേക്കിട്ടു മഴയത്തേക്ക് നോക്കി.

“നാളത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പൊ ഇനി നാളെ മുതൽ മഴയുണ്ടാകില്ല” കട്ടനും കൊണ്ട് വന്ന ‘അമ്മ പറഞ്ഞു. അഭി ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി.

“മഴ കാരണം അവധി പ്രഖ്യാപിക്കും പിറ്റേന്ന് ഒരു മഴക്കാറു പോലും ആകാശത്തു കാണില്ല” ‘അമ്മ പറയുന്ന കേട്ട് ഞാൻ ചിരിച്ചു.

രാത്രിയിലും മഴ തോർന്നില്ല. പുറത്തിറങ്ങാൻ മടിച്ചു അഭി വീട്ടിൽ തന്നെയിരുന്നു. മഴയുടെ കുളിരിൽ രാത്രി മൂടിപ്പുതച്ചുറങ്ങി. രാവിലെ തൊടിയിൽ നിന്നും കുയിൽ നാദം കേട്ടാണ് കണ്ണു തുറന്നത്. നേരം പുലർന്നിരിക്കുന്നു. അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള റെക്കോർഡ് ഒഴുകി വരുന്നുണ്ട്. പല തരം കിളികളുടെയും പാട്ടു കേട്ടു, എല്ലാവരും പ്രഭാതത്തിലെ തിരക്കുകളിൽ ആണെന്നു തോന്നുന്നു. വൈകുന്നേരം കൂടണയുന്നതിനു മുൻപ് ഏതൊക്കെ ദേശങ്ങൾ താണ്ടി വരുന്നു അവർ. അതും ആ കുഞ്ഞു വയറു നിറയാൻ വേണ്ടി. അതിലിടയ്ക്ക് അപസ്വരം പോലെ ഒരു കാക്ക കരഞ്ഞപ്പോൾ അലോസരമായി തോന്നി. കൂട്ടിന് ആരും വരാത്തതിനാലോ, അല്ലെങ്കിൽ വിളിച്ചയാൾ വന്നതിനാലോ അതു പെട്ടെന്ന് കരച്ചിൽ നിർത്തി. വീണ്ടും കുയിലിന്റെ സ്വരം ഉയർന്നു കേട്ടു..

കുറച്ചുനേരം കുയിലിന്റെ പാട്ടിനു കാതോർത്തപ്പോൾ ഒരു മറുപാട്ടു പാടാൻ അഭിക്കു തോന്നി. കൂ…… അവന്റെ കൂവലിന് മറുപടി വന്നപ്പോൾ ആവേശം കയറി അവൻ വീണ്ടും കൂവി… കൂ…
മൂന്നാമത്തെ കൂവൽ പൂർത്തിയാക്കുന്നതിന് മുൻപ് വാതിൽക്കൽ അദ്‌ഭുതത്താൽ വിടർന്ന അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടു അഭി ചമ്മലോടെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. ആകെ നാണക്കേടായി. പോത്തു പോലെ വളർന്നിട്ടെന്താ…. പുതപ്പിനുള്ളിൽ അവൻ തലയ്ക്കിട്ടൊരു കിഴുക്കു കൊടുത്തു. അവന്റെ ചമ്മിയ ഭാവവും പുതപ്പിനുള്ളിലേക്കുള്ള വലിയലും കണ്ടു അച്ഛനും അമ്മയും ചുണ്ടിലൂറിയ പുഞ്ചിരിയോടെ പുറത്തേക്ക് നടന്നു. മകനിലെ മാറ്റം അവർക്ക് സന്തോഷം നൽകിയെന്ന് തോന്നുന്നു.

അങ്ങനെ കിടന്നു ചെറിയൊരു മയക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും നന്നായി പ്രകാശം പരന്നിരുന്നു. ഒന്നു ഫ്രെഷായി അഭി താഴേക്കു ചെന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം പ്രാണ പ്രിയനേ കണ്ട പ്രകൃതി ഇരു കയ്യും നീട്ടി അവനെ സ്വീകരിക്കാൻ ഒരുങ്ങി നിന്നു. മുറ്റത്തെ അരികിലുള്ള ചെക്കി ഇളം വെയിലേറ്റ് വെട്ടിത്തിളങ്ങി. ഓറഞ്ചു നിറമുള്ള പൂക്കളിൽ തേൻ നുകരാൻ എവിടുന്നൊക്കെയോ മൂന്നാലു പൂമ്പാറ്റകൾ പാറി വന്നു.

അച്ഛൻ പാടവരമ്പിലൂടെ നടക്കുന്നത് അഭി കണ്ടു. ഇത്തവണ നെല്ലൊന്നും കിട്ടാൻ വഴിയില്ല. താൻ വരുമ്പോൾ എല്ലാം വെള്ളത്തിൽ മുങ്ങി നിൽക്കുന്നത് കണ്ടതാണ്. നടീലും, കള പറിയും, വളമിടീലും, പണിക്കാരുടെ കൂലിയും എല്ലാം കഴിഞ്ഞു ബാക്കിയാകുന്നത് ഇത്തിരി പുല്ലു മാത്രമാണെന്ന് പലപ്പോഴും അച്ഛൻ പറയാറുണ്ട്. പക്ഷെ അന്ന് അതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. അല്ലെങ്കിൽ അവരുടെ പ്രാരാബ്‌ധക്കെട്ടുകൾ എന്നു തള്ളിക്കളയുകയായിരുന്നു പതിവ്

“നിനക്ക് ചായ എടുക്കട്ടെ?” അമ്മയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുയർത്തി. അപ്പോൾ മാത്രമാണ് ഒന്നും കഴിക്കാതെയാണ് ഇത്രയും നേരം നിന്നത് എന്നു ഓർമ്മ വന്നത്.

“ആ വരാം. അച്ഛൻ കഴിച്ചോ?” വയലിലേക്ക് നോക്കിയാണ് ചോദിച്ചത്. ചോദ്യം കേട്ട് ‘അമ്മ അമ്പരന്നെന്നു തോന്നി. ഞാനൊരിക്കലും ചോദിക്കാത്ത ഒരു ചോദ്യമാണ് അത്.

“ഇല്ല, വന്നിട്ട് കഴിക്കാം എന്നു പറഞ്ഞു. എങ്ങനെയെങ്കിലും അതു കൊയ്യാൻ പറ്റുമോ എന്ന് നോക്കാൻ പോയതാ” ഇതുവരെ കാണാത്ത അഭിയെ അറിയാൻ ശ്രമിക്കുകയായിരുന്നു സാവിത്രി. അവധിക്ക് നാട്ടിൽ വന്നാൽ സ്വന്തം മുറിയിൽ ഫോണിലോ, ലാപ്പിലോ ആയിരിക്കും അവൻ. ആകെയുള്ള ആശ്വാസം ഇടയ്ക്കുള്ള അവന്റെ കൊഞ്ചൽ മാത്രമാണ്. എന്നവനാണ് ഇപ്പോൾ….

“എന്താ സാവിത്രിക്കുട്ടീ സ്‌പെഷ്യൽ?” അമ്മയുടെ തോളിൽ കൈയിട്ടു അകത്തേക്ക് നടന്നു കൊണ്ടു അഭി ചോദിച്ചു.

“ഇടിയപ്പവും, കടലക്കറിയും” ഉണക്ക ദോശ പ്രതീക്ഷിച്ചു നിന്ന അഭി ഞെട്ടി. മഹാദ്‌ഭുതം തന്നെ.

‘അമ്മ മേശമേൽ എടുത്തു വെച്ച ഇടിയപ്പം കടലക്കറിയിൽ മുക്കി അവൻ സ്വാദോടെ കഴിക്കുന്നത് സാവിത്രി നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. കഴിക്കുന്നതിലിടയ്ക്കു മുഖം ഉയർത്തിയപ്പോഴാണ് തന്നെത്തന്നെ നോക്കി നിൽക്കുന്ന ആ മുഖം അഭി കണ്ടത്. പെട്ടെന്നുണ്ടായ പ്രേരണയിൽ അവൻ ഒരു കഷണം കടലക്കറിയിൽ മുക്കി അമ്മയ്ക്ക് നേരെ നീട്ടി. അതു കണ്ടു സാവിത്രി അമ്പരന്നു. ഇത്രയും വർഷത്തിലിടയ്ക്കു ആദ്യത്തെ അനുഭവമാണ്.

അടുത്തേക്ക് വരാൻ മടിച്ചു നിന്ന അമ്മയെ അഭി മുഖം കൊണ്ടു അടുത്തേക്ക് വിളിച്ചു. ഉള്ളിൽ നിറയുന്ന സന്തോഷത്തോടെ അവനരികിൽ ചെന്നു സാവിത്രി വായ തുറന്നു. അമ്മയുടെ വായിലേക്ക് ശ്രദ്ധാപൂർവം അവനാ കഷണം വെച്ചു കൊടുത്തു. അമ്മയുടെയും മകന്റെയും കണ്ണുകൾ ഒരേ സമയം നിറഞ്ഞു. അമ്മയുടെ കണ്ണിൽ നിന്നും രണ്ടു നീർമുത്തുകൾ അടർന്നു താഴേക്കു വീണു. പുറമെ കാണിക്കാൻ മടിച്ചെങ്കിലും തന്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നിറയുന്നത് അഭി അറിഞ്ഞു, അതിന്റെ ഊർജം ശരീരം മുഴുവൻ വ്യാപിക്കുന്നതും. എന്തോ… ശ്യാമയുടെ മുഖം അവന്റെ മനസ്സിൽ ഓടിയെത്തി. ഇപ്പോൾ ഇടക്കിടെ ക്ഷണിക്കാത്ത അതിഥിയായി അവൾ കടന്നു വരുന്നതെന്തേ എന്നു അഭി തന്നോട് തന്നെ ചോദിച്ചു. ഒരുത്തരം അവനു നൽകാൻ അവന്റെ മനസ്സു മടി കാണിച്ചു.

ഞാൻ ചായ കുടിച്ചു എഴുന്നേറ്റപ്പോഴേക്കും അച്ഛൻ വയലിൽ നിന്നും കയറി വന്നു. മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ കൈയും കാലും കഴുകിയാണ് വരവ്.

“എങ്ങനെയുണ്ടഛാ, വല്ലതും കിട്ടുമോ?” എന്റെ അന്വേഷണം കേട്ടു അവര് രണ്ടും വാ പൊളിച്ചു. ഇവരിതെന്താ ആൾക്കാരെ നോർമൽ ആയി പെരുമാറാനും വിടില്ലേ?? ഞാൻ എന്ത് ചെയ്താലും ചോദിച്ചാലും ഇവർക്കിപ്പോ ഇതേ ഭാവമാണ്. ഇങ്ങനെ പോയാൽ ഇവർക്കിനി ഞെട്ടാൻ ഒരു ബാല്യം കൂടി വേണ്ടി വരും.. അഭി മാറി മക്കളെ….അഭിയെ മാറ്റി… അവൾ… ശ്യാമ…. ഓർത്തപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഉറഞ്ഞു കൂടി.

“ഓ, അതിനി ഒന്നിനും കൊള്ളുല്ല, പുല്ലു പോലും എടുക്കാൻ പറ്റില്ല. നാളെ കൃഷ്ണനോട് വരാൻ പറഞ്ഞിട്ടുണ്ട്” ആദ്യത്തെ അമ്പരപ്പ് മാറ്റി അച്ഛൻ പറഞ്ഞു. കൃഷ്ണേട്ടന് സ്വന്തമായി ട്രാക്ടർ ഉണ്ട്. പുള്ളിയാണ് മിക്കവാറും ഉഴുതിടുന്നത്.

“അപ്പൊ ആ നെല്ലെന്ത് ചെയ്യും?”

“എന്തുചെയ്യാൻ? നെല്ലും പുല്ലും എല്ലാം വളമാകട്ടെ, അടിച്ചു കലക്കാൻ പറയാം. ഇല്ലെങ്കിൽ ഇത്തവണ നടീൽ വൈകും. പാടശേഖരക്കാരെ കാത്തിരുന്നാൽ ശരിയാകില്ല കഴിഞ്ഞ തവണ അവരെ കാത്തു നിന്നിട്ടാ ഇത്തവണ ഒന്നും കിട്ടാഞ്ഞത്” നിരാശയോടെ അച്ഛൻ പറഞ്ഞു.

“നടാൻ ആളെക്കിട്ടുമോ?” അറിയാനുള്ള ആഗ്രഹം കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.

“അതൊക്കെ ഇപ്പൊ തമിഴന്മാരാണ്. മുരുകേശന്റെ നമ്പർ ഉണ്ട്. അവനെ വിളിച്ചാൽ രാവിലെ എട്ടു മണിയാകുമ്പോഴേക്കും പണിക്കാർ എത്തും. എല്ലാരും വന്നു ഒറ്റ ദിവസം കൊണ്ട് പണി തീർത്തു പോകും” അച്ഛൻ നിസ്സാരമായി പറഞ്ഞു. അതിനും മറു നാട്ടുകാർ ആയി.

“അപ്പൊ അവർക്ക് കൂലിയും ഭക്ഷണവും ഒക്കെ?” ഞാനെന്റെ സംശയം ചോദിച്ചു.

“കൂലി അവർ നടാനുള്ള സ്ഥലം നോക്കിയാണ് തീരുമാനിക്കുന്നത്. ഭക്ഷണം… ഉച്ചയാകുമ്പോ നമ്മുടേത് തീർന്നാൽ അതു ആലോചിക്കേണ്ട. ഒരു ദിവസം ഉണ്ടെങ്കിൽ ഭക്ഷണം കൊടുക്കണം. അവർക്ക് പിന്നെ ചായ ഒന്നും വേണ്ട, കിണറിന്നെടുത്ത പച്ച വെള്ളം മാത്രം മതി.” അതു ശരിയാണ്. അവർക്ക് നമ്മളെപ്പോലെ ചായ ശീലം ഇല്ല എന്നു ഞാൻ ഓർത്തു. തിളപ്പിച്ചാറിയ വെള്ളം പോലും വേണ്ട.

“അപ്പൊ അവര് കുറേപ്പേർ ഉണ്ടാകുമോ?” ഉച്ച വരെ എടുത്തു പണി തീർക്കണമെങ്കിൽ കുറഞ്ഞ ആൾക്കാർ പോരല്ലോ.

“ഉം, അവര് പത്തു പതിനഞ്ചു പേര് ഉണ്ടാകും. ചോദിക്കുന്ന പൈസയാ… എന്നാലും സാരമില്ല, ഒറ്റ ദിവസം കൊണ്ട് പണി തീരും. ആളെക്കൂട്ടി നാലും അഞ്ചും ദിവസം മൂന്നു നാലു പേർ വീതം ചെയ്യുന്ന ജോലിയാണ്.” നമ്മുടെ നാട്ടുകാർക്ക് എന്താണ് പറ്റിയതെന്നു അഭി സ്വയം ചോദിച്ചു. തനിക്കെന്താണ് പറ്റിയത്?? അതു തന്നെ അവർക്കും പറ്റിക്കാണും. അച്ഛൻ ചായ കുടിക്കാൻ പോയപ്പോൾ അഭി തൊടിയിലേക്കിറങ്ങി.

ഓരോ ചെടിക്കാലിലും അച്ഛൻ കുരുമുളക് വള്ളി പടർത്തിയിട്ടുണ്ട്. മഴയത്ത് ഒക്കെയും തഴച്ചു വളർന്നിരിക്കുന്നു. ഇന്നലെ കാമുകന്റെ പ്രണയത്തിൽ നനഞ്ഞു കുളിച്ചു നാണം മൂത്തു തല കുമ്പിട്ടിരുന്നവർ ഒക്കെ ഇന്ന് മാന്യന്മാരായി തല ഉയർത്തി നിൽപ്പുണ്ട്. തൊടിയിലെ പേരറിയാത്ത മരങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. മഴക്കാലം ആയതിനാലാവാം ഏതൊക്കെയോ കുഞ്ഞു കുഞ്ഞു ചെടികൾ മണ്ണിനെ പുതപ്പിച്ചു വളർന്നു കിടക്കുന്നുണ്ടായിരുന്നു. എപ്പോഴും അമ്മയുടെ മാറോടു ചേർന്നു കിടന്നു അവർ എന്താവും പറയുന്നത്?? ചിലപ്പോൾ ആകാശത്തു കാണുന്ന കാഴ്ചകൾ ആവാം… മാറി മാറി വരുന്ന മേഘശകലങ്ങളെക്കുറിച്ചാവാം..

ഓരോന്നാലോചിച്ചു നടക്കുമ്പോൾ ഞാൻ എനിക്ക് തന്നെ അദ്‌ഭുതമായി മാറുകയായിരുന്നു. കുറച്ചു നേരം നടന്നു മടുത്തപ്പോൾ ഞാൻ വീട്ടിലേക്ക് ചെന്നു. മുറിയിൽ ചെന്നു ഫോൺ എടുത്തു ഫേസ്ബുക് തുറന്നു നോക്കി. അതിൽ അയോദ്ധ്യ, ശബരിമല…. കത്തിപ്പടരുന്നു… കാണാൻ വയ്യ… പൂട്ടിവെച്ചു. ലാപ്പെടുത്തു ഒരു ഫിലിം കാണാൻ തീരുമാനിച്ചു.

ഫിലിം എന്ന ഫോൾഡർ തുറന്നപ്പോൾ നിറയെ സിനിമകൾ. ഇംഗ്ലീഷ്, ഹിന്ദി, കൊറിയ അങ്ങനെ മിക്ക ഭാഷയിലും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ വെങ്കിടേഷിനെ ഓർത്തു… വെങ്കി എന്ന പാലക്കാട്ടുകാരൻ അയ്യർ. പീഡിയാട്രിഷൻ. അവനാണ് എല്ലാ സിനിമയും ഡൌൺലോഡ് ചെയ്തു തരുന്നത്. ഭാഷ മാറിയാൽ അവൻ സബ് ടൈറ്റിൽ അടക്കം എടുത്തു തരും.

വെങ്കി ഡോക്ടർ ആകേണ്ട ആൾ ആയിരുന്നില്ല. അവനു സിനിമയാണ് കമ്പം.. ഇടയ്ക്കു ചില ഡോക്കുമെന്ററികൾ ഒക്കെ ചെയ്യും. വിശാലമായ ലോകത്തെ ഒരു ചെറിയ ഫ്രേമിൽ ഒതുക്കാൻ ആഗ്രഹിക്കുന്നവർ. വിശാലമായ ആകാശത്തു ഒരു പക്ഷിയായി പാറി നടക്കാൻ കഴിഞ്ഞെങ്കിൽ എന്നു അവൻ എപ്പോഴും പറയും. പാസ്സ്പോർട്ടും വിസയും ഫോർമാലിറ്റിസും ഇല്ലാതെ ലോകത്തെവിടെയും പറക്കാൻ…

സിനിമയ്ക്ക് തപ്പി അവസാനം കൈയിൽ തടഞ്ഞത് നയന്റി സിക്സ് ആണ്. മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്. അന്ന് ബോറടിച്ചു പാതിയിൽ നിർത്തുകയാണുണ്ടായത്. ഒരു പതിഞ്ഞ സിനിമ… ബഹളങ്ങളില്ലാതെ… ഇന്നെന്തോ അതു കാണാം എന്നു തോന്നി. കണ്ടു കൊണ്ടിരുന്നപ്പോൾ എന്തോ വല്ലാത്ത താല്പര്യം തോന്നി. മുൻപ് കണ്ടപ്പോൾ ഇല്ലാതിരുന്ന ഒരു ഫീലിങ്ങോടെ അതു കണ്ടു. ഉള്ളിൽ എന്തൊക്കെയോ കിടന്നു വിങ്ങുന്ന പോലെ. സുഖമുള്ള ഒരു നൊമ്പരം. എന്തുകൊണ്ടോ ജാനകി ശ്യാമയെ ഓർമ്മിപ്പിച്ചു.

സിനിമ കഴിഞ്ഞിട്ടും അതിന്റെ ഹാങ്ങോവർ വിട്ടു മാറിയില്ല. കുറെ നേരം പഴയ സ്‌കൂൾ ആയിരുന്നു മനസ്സിൽ. സ്‌കൂളിന്റെ മുറ്റത്തു ഒത്ത നടുവിലായി ഒരു വലിയ നെല്ലി മരം ഉണ്ട്. ഉച്ചനേരം ആയാൽ മിക്കവാറും കുട്ടികൾ അതിനു കീഴിൽ ആയിരിക്കും. താഴെ വീഴുന്ന നെല്ലിക്ക പെറുക്കാൻ ബെല്ലടി കേൾക്കേണ്ട താമസം കുട്ടികൾ ക്ലാസ്സ് മുറിക്കു പുറത്തേക്കോടും.മരത്തിൽ കയറാൻ അനുവാദം ഇല്ല. എന്നാലും ചില വിരുതന്മാർ ആരും കാണാതെ വലിഞ്ഞു കയറും. മറ്റു ചിലർ സ്‌കൂളിന് പിറകിലെ കാട്ടിൽ ചെന്നു വലിയ കമ്പ് പൊട്ടിച്ചു വന്നു നെല്ലിക്ക പറിക്കും.

ക്ലാസ്സിന്റെ വരാന്തയിൽ നിന്നോ, അല്ലെങ്കിൽ ക്ളാസ്സിനുള്ളിലെ ജനലഴി പിടിച്ചോ അതൊക്കെ നോക്കിക്കാണുന്ന തന്നെ ഓർത്തപ്പോൾ അഭിക്ക് പുച്ഛം തോന്നി. അന്ന് ആ നെല്ലിമരച്ചുവട്ടിൽ ഒന്നിച്ചു കൂടിയ കുട്ടികളോടായിരുന്നു പുച്ഛം. പക്ഷെ അവർക്കിന്നു ഓർക്കാൻ അതിന്റെ കീഴിൽ നല്ല ഓർമ്മകൾ ഉണ്ട്. തനിക്കോ?? ശ്യാമയുടെയും ഋഷിയുടെയും സ്ഥിരം കേന്ദ്രമായിരുന്നു ആ നെല്ലിമരം. അന്നൊക്കെ അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അവൾക്ക് നെല്ലിക്ക പറിച്ചു കൊടുക്കാൻ മരത്തിൽ കയറിയ ഋഷിയെ ഒരിക്കൽ താൻ ജയദേവൻ മാഷിന് കാട്ടിക്കൊടുത്തിട്ടുണ്ട്. അന്ന് അവനു കിട്ടിയ അടിയിൽ സന്തോഷിച്ചിട്ടുണ്ട്. അത്രയ്ക്ക് പകയായിരുന്നു അവനോടും അവളോടും…

വൈകുന്നേരം ചായയും കുടിച്ചു കഴിഞ്ഞു ഒന്നു വായനശാലയിൽ പോകാൻ തീരുമാനിച്ചു അഭി വസ്ത്രം മാറി. ബ്ളാക് കളർ ടീ ഷർട്ടും, കാവി മുണ്ടും ഉടുത്തു അവൻ കണ്ണാടിയിൽ ഭംഗി നോക്കി. സ്വയം തൃപ്തി വരുത്തി അമ്മയെ അന്വേഷിച്ചു ചെന്നു. എന്തിനാണ് ഭംഗി നോക്കുന്നത്?? അതറിയില്ല, പക്ഷെ വേഷം മാറിയപ്പോൾ ഭംഗി നോക്കണം എന്നു തോന്നി. അതിലെന്താ തെറ്റ്… സാധാരണയായി എല്ലാവരും ചെയ്യുന്നതല്ലേ…

‘അമ്മ പിന്നാമ്പുറത്തു വിറകു പെറുക്കി വയ്ക്കുകയായിരുന്നു.

“അമ്മേ, ഞാനൊന്നു വായനശാലയിൽ പോയിട്ട് വരാം.” അഭി പറഞ്ഞതു കേട്ടു സാവിത്രി ചെയ്യുന്ന ജോലി നിർത്തി കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ട പോലെ അവനെ നോക്കി. താൻ ഒരാളെ കൊല്ലാൻ പോകുന്നു എന്നൊന്നുമല്ലല്ലോ പറഞ്ഞത്. വായനശാലയിൽ പോകുന്നു എന്നല്ലേ, അതിനു ഇത്രയും വലിയ എക്‌സ്പ്രഷൻ വേണോ? അമ്മയുടെ ആ നോട്ടത്തിൽ അവനു സംശയമായി, തന്റെ മനസ്സ് ‘അമ്മ വായിച്ചോ??

“എവിടേക്കാ” കേട്ടത് ഒന്നുകൂടി ഉറപ്പിക്കാനായി സാവിത്രി അവനോട് ചോദിച്ചു.

“വായനശാലയിൽ” നിഷ്കളങ്കമായ മുഖത്തോടെ അവൻ മറുപടി പറഞ്ഞു.

“നീയിപ്പോ ആരെക്കാണാനാ അവിടെപ്പോകുന്നത്?” ചിരിച്ചു കൊണ്ടാണ് അമ്മയത് ചോദിച്ചത്. ഞാനെന്തോ വല്ലാതായി. ‘അമ്മക്ക് ഉറപ്പായും മനസ്സിലായിട്ടുണ്ട്.

“ആരെക്കാണാനും ഒന്നുമല്ല. ഒന്നു രണ്ടു ബുക് എടുക്കണം. ഇവിടെ ഏതായാലും കുറച്ചു ദിവസം വെറുതേയിരിക്കണ്ടേ.” എന്റെ മാനസ്സിലുള്ളത് ഞാൻ പറഞ്ഞു. നിങ്ങളും എന്നെ തെറ്റിദ്ധരിച്ചു കാണും അല്ലേ, ഞാൻ ശ്യാമയെ കാണാൻ ആണ് അവിടെ പോകുന്നത് എന്നു.

“ഓ, അതിനാണോ? അതിനിപ്പഴേ പോകണ്ട. അവള് വരാൻ അഞ്ചര കഴിയും” ശ്യാമയുടെ സമയം അമ്മയ്ക്ക് നല്ല നിശ്ചയമാണല്ലോ എന്നു മനസ്സിൽ ഓർത്തു.

“ഉം, എനിക്ക് ഒന്നുരണ്ടാളെ കൂടി കാണാൻ ഉണ്ട്. എന്നിട്ടേ പോകൂ” സത്യമായിട്ടും എനിക്ക് ഒരാളെ കാണാൻ ഉണ്ട്. നിവേദിനെ. അവൻ മെഡിക്കൽ റെപ് ആണ്. ടൗണിലെ ആശുപത്രികളുമായി നല്ല കണക്ഷനിൽ ആണെന്നാണ് പറഞ്ഞത്. അവൻ വഴി ഏതെങ്കിലും ഒരു നല്ല ഹോസ്പിറ്റലിൽ കയറാൻ നോക്കണം. അതാണ് ദുരുദ്ദേശം.

“പോകുന്നതൊക്കെ കൊള്ളാം. അധികം ഇരുട്ടുന്നതിനു മുൻപ് തിരിച്ചു വരണം. മഴ പെയ്തത് കൊണ്ടു ഇഴ ജന്തുക്കൾ ഒക്കെയുണ്ടാകും” ഇറങ്ങാൻ തുടങ്ങുമ്പോൾ ‘അമ്മ ഓർമ്മിപ്പിച്ചു. അമ്മയോട് സമ്മതിച്ചു വേഗം നിവേദിന്റെ വീട് ലക്ഷ്യമാക്കി നടന്നു.

(തുടരും)

Leave a Reply