June 25, 2024

സ്വന്തം : ഭാഗം 12

രചന – ദിപ്സു

ജോസേട്ടൻ ‘… സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് വായിക്കുംതോറും അവൾക്ക് തല കറങ്ങുന്നപോലെ തോന്നി… ടെൻഷൻ കാരണം കാൾ കട്ടാക്കാൻ മറന്നതുകൊണ്ട് മറുതലയ്ക്കൽ കാളെടുത്തു… ജോസേട്ടന്റെ ശബ്ദം കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഇന്ദു പതറാൻ തുടങ്ങി.. അവളുടെ തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്തേയ്ക്ക് വരുന്നില്ല…ജോസേട്ടൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞിട്ടും ഇന്ദുവിന് തിരിച്ചൊന്നും മിണ്ടാൻ കഴിയുന്നില്ല…

‘ ഇന്ദുക്കൊച്ചേ… എന്നതാ കൊച്ചേ ഒന്നും മിണ്ടാത്തെ.. കൊച്ചേ… ഹലോ… നീ കേൾക്കുന്നുണ്ടോ?.. ഇന്ദുവിന്റെ അനക്കമൊന്നും കേൾക്കാഞ്ഞതുകൊണ്ട് ജോസേട്ടൻ കാൾ കട്ടാക്കി..
കാൾ കട്ടായിട്ടും ഫോണിലേക്ക്തന്നെ നോക്കിയിരുന്ന ഇന്ദുവിനെ അവൻ തട്ടി വിളിച്ചു… ഫോണിൽ നിന്ന് മുഖമുയർത്തിയപ്പോൾ അവളുടെ ഇരു കവിളിൽ കൂടിയും കണ്ണുനീർ അരിച്ചിറങ്ങുന്നുണ്ടായിരുന്നു..
“എടോ… ഈ ജോസേട്ടനാരാ.. നിങ്ങളുടെ ബന്ധുവാണോ.. എടോ കരയാതെ … ആൾക്കാർ ശ്രദ്ധിക്കുമേ…”

“ഇയാൾക്ക് നമ്പർ തെറ്റിയതാകും.. ജോസേട്ടൻ അങ്ങനെ ചെയ്യില്ല.. അതിനൊന്നും കഴിയുന്ന ആളല്ല അദ്ദേഹം.. ഇയാളെടുത്ത നമ്പർ മാറിയതാകും…”
എനിക്ക് നമ്പറൊന്നും മാറിയിട്ടില്ല… ഭായിയെ കൊട്ടേഷൻ ഏല്പിച്ചത് ഈ നമ്പറിൽ നിന്നാണ്.. അതെനിക്കുറപ്പാ.. ജോസേട്ടൻ ആരാണെന്ന് ഇയാൾ പറഞ്ഞില്ല? ”
” ജോസേട്ടൻ മാത്തപ്പന്റെ ഫാമിലി ഫ്രണ്ടാണ്..തന്നെയുമല്ല മാത്തപ്പന്റെ ജേഷ്ഠന്റെ മോൻ ടോണിച്ചയൻ വിവാഹം കഴിച്ചിരിക്കുന്നത് ജോസേട്ടന്റെ അനിയന്റെ മോളായ നിമ്മി ചേച്ചിയെയാണ്.
അവൾ പറയുന്നത് ഇന്ദ്രൻ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരുന്നു.
“ജോസേട്ടൻ എന്നെ ഭയങ്കര ഇഷ്ടമാണ്.. മാത്തപ്പനെന്നെ കാണുന്നപോലെയാണ് ജോസേട്ടനും കണ്ടിരുന്നത്… ആ ജോസേട്ടൻ എന്നെ…? ഞാൻ കാരണം എന്റെ മാത്തപ്പനെ ഇല്ലാതാക്കാൻ നോക്കുമോ..? എനിക്ക് വിശ്വസിക്കാൻ കഴിയില്ല …”

“എടോ താൻ കരുതുന്നപോലെയാവില്ല കാര്യങ്ങൾ? മനുഷ്യരുടെ മനസ്സ്… അതെപ്പോഴാ മാറുന്നതെന്ന് പറയാനാവില്ല…”
” ഞങ്ങളെ ഇല്ലാതാക്കിയിട്ട് ജോസേട്ടനെന്ത് കിട്ടാനാ? എനിക്കൊന്നും മനസ്സിലാകുന്നില്ല ”
ജോസേട്ടൻ ചിലപ്പോൾ അയാൾക്ക് വേണ്ടിയാകില്ല.. വേറെ ആർക്കെങ്കിലും വേണ്ടിയാകും… താൻ വിഷമിക്കണ്ട.. നമുക്ക് കണ്ടുപിടിക്കാം…
ഇന്ദ്രനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകളൊന്നും അവളെ സമാധാനിപ്പിച്ചില്ല. അവർ രണ്ടാളും കൂടി കോഫി ഷോപ്പിൽ നിന്നിറങ്ങി പാർക്കിലൂടെ വെളിയിലേക്ക് നടന്നു…ഇരുട്ടായി തുടങ്ങിയിരുന്നു.. പാർക്കിൽ നിന്നും ആളുകളൊക്കെ ഒഴിഞ്ഞു പോയിരുന്നു..വെളിയിലെത്തും വരെ രണ്ടാളും തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല.

“എടോ ഞാൻ തന്റെ കൂടെ വീട് വരെ വരണോ ”
വേണ്ടെന്ന് തലയാട്ടിയെങ്കിലും അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരിക്കുന്നുവെന്ന് മുഖത്ത് നിന്ന് മനസ്സിലാകുമായിരുന്നു.
യാത്ര പറയാതെ നടന്നു തുടങ്ങിയവളെ ഇന്ദ്രൻ പിറകിൽ നിന്ന് വിളിച്ചു.. ഇന്ദ്രന്റെ പിൻവിളി കേട്ടവൾ തിരിഞ്ഞു നിന്നു..
“എടോ ഒറ്റയ്ക്കാണെന്ന ചിന്ത വേണ്ടാ.. ഞാനുണ്ട് കൂടെ…” അവന്റെ വാക്കുകൾ കേട്ടവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് നടന്നു നീങ്ങി..യാത്രയിലുടനീളം അവളുടെ ചിന്ത മുഴുവൻ ജോസേട്ടനെ കുറിച്ചായിരുന്നു.. ജോസേട്ടനിതുവരെ തന്നോട് പെരുമാറിയിട്ടുള്ളതോരൊന്നും അവളുടെ ചിന്തയിലൂടെ കടന്നുപോയി. മാത്തപ്പൻ കാണിക്കുന്ന വാത്സല്യം തന്നെയാണ് ജോസേട്ടനും കാണിക്കാറുള്ളത്.. എന്നെ ഇല്ലാതാക്കിയാൽ ജോസേട്ടനെന്ത് നേട്ടം? സ്വത്തിന് വേണ്ടി മാത്തപ്പനെ ഇല്ലാതാക്കിയാലും അതൊന്നും ജോസേട്ടന് കിട്ടില്ലല്ലോ… ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മനസ്സിൽ പേറി ഇന്ദു ഇല്ലിക്കലെത്തി.
ഇന്ദു ചെന്നപ്പോളേക്കും ഡേയ്സിയും ചാന്ദിനിയും തിരിച്ചെത്തിയിരുന്നു.

.രണ്ടാളും കൂടി തറവാട്ടിൽ നിന്ന് കൊണ്ടുവന്ന താറാവിനെ റോസ്റ്റാക്കുന്ന തിരക്കിലായിരുന്നു..
” മാത്തപ്പനെവിടെ? ” അടുക്കള വാതിലിൽ ചെന്ന് നിന്നുകൊണ്ട് ചോദിച്ചിട്ട് അവൾ മുറിയിലേക്ക് പോയി.
” ഇന്ന് കൊച്ചിനിതെന്ത് പറ്റി? സാധാരണ നമ്മൾ പോയിട്ട് വരുമ്പോൾ വിശേഷം ചോദിച്ചറിയാതെ സമാധാനമില്ലാത്ത പെണ്ണാണ്.വീട്ടിൽ നിന്നെന്ത് സ്പെഷ്യൽ കൊണ്ടുവന്നെന്ന് ചോദിക്കാനും വന്നില്ല.. “ഡെയ്‌സി ചാന്ദിനിയോട് പറഞ്ഞു..
“ശരിയാ ചേച്ചി പെണ്ണിനെന്ത് പറ്റിയെന്ന് ഞാനും ഓർക്കുവായിരുന്നു…
ഇന്ദു നേരെ ചെന്നത് മാത്തപ്പന്റെ മുറിയിലേക്കാണ്.. മാത്തപ്പൻ കട്ടിലിൽ പുസ്തക വായനയിൽ മുഴുകികിടക്കുകയാണ് അവിടേക്ക് ചെന്ന് അവൾ മാത്തപ്പന്റെ കാലിന്റെ ഓരം ചേർന്നിരുന്നു.. മാത്തപ്പൻ പുസ്തകത്തിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി…

“എന്ത് പറ്റി ഇന്ദൂട്ടിയെ മുഖത്തൊരു വാട്ടം? അമ്മയാണോ അതോ നിന്റെ ഡേയ്സമ്മച്ചിയാണോ വഴക്കിട്ടത്?”
മാത്തപ്പാ…എന്ന് വിളിച്ചുകൊണ്ട് ഇന്ദു അയാളുടെ കൈയ്യിൽ മുറുകെപ്പിടിച്ച് കരയാൻ തുടങ്ങി… ഇന്ദുവിന്റെ പ്രവൃത്തികണ്ട് മാത്തപ്പൻ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു.. എന്താ മോളേ… നിനക്കെന്ത് പറ്റി?
അയാളവളുടെ മുടിയിൽ അരുമയായി തലോടി. എന്തുണ്ടെങ്കിലും മാത്തപ്പനോട് പറ മോളേ.

” മാത്തപ്പാ ഇന്നലെയിവിടെ രാത്രി വന്ന ഇന്ദ്രൻ വിളിച്ചിട്ടാണ് ഞാൻ പുറത്തോട്ട് പോയത്… കൊട്ടേഷൻ ഏർപ്പാടാക്കിയ ആളിനെക്കുറിച്ച് വിവരം കിട്ടിയെന്ന് അയാൾ പറഞ്ഞതനുസരിച്ചാണ് ഞാൻ പോയത് ”
” എന്നിട്ട്? അയാളെന്ത് പറഞ്ഞു? ”
“അയാളുടെ ഭായിയെ വിളിച്ച് കൊട്ടേഷൻ നൽകിയ നമ്പർ അയാളുടെ ഭായ് അറിയാതെ മൊബൈലിൽ നിന്നെടുത്തു.. ആ നമ്പർ ഞാൻ ഡയൽ ചെയ്തു നോക്കിയപ്പോൾ…” മുഴുമിപ്പിക്കാനാകാതെ ഇന്ദു മാത്തപ്പന്റെ തോളിലേക്ക് ചാരി കരയാൻ തുടങ്ങി…
” എന്നിട്ട്… മോള് കരയാതെ ബാക്കി പറ… പറ മോളേ.. ”

ആ നമ്പർ നമ്മുടെ ജോസേട്ടന്റെ ആരുന്നു മാത്തപ്പാ… അവൾ വീണ്ടും കരയാൻ തുടങ്ങി..
” ജോസോ..? മോളെന്തൊക്കെയാ പറയുന്നത്? അവനു തെറ്റ് പറ്റിയതാകും.. അല്ലാതെ ജോസെന്തിനാ നമ്മളെ..?ജോസങ്ങനെയൊന്നും ചെയ്യില്ല.. ”
” അയാൾക്ക് തെറ്റ് പറ്റിയതാകുമെന്ന് ഞാനുമയാളോട് പറഞ്ഞതാണ്..പക്ഷേ അയാളുറപ്പിച്ച് പറഞ്ഞത് ആ നമ്പറിൽ നിന്ന് തന്നെയാണ് കൊട്ടേഷൻ കൊടുത്തതെന്നാണ്… ”
“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല മോളേ.. എന്നെ ഇല്ലാതാക്കാൻ തക്ക എന്ത് വൈരാഗ്യമാണ് ജോസിന്… പണമിടപാട് പോലും ഞങ്ങൾ തമ്മിലില്ല.. നമുക്കയാളോട് തന്നെ ചോദിച്ചാലോ മോളേ..”

” വേണ്ട മാത്തപ്പാ നമുക്ക് നേരിട്ടിപ്പോൾ ചോദിക്കണ്ട..എന്താണ് സത്യമെന്ന് നമുക്ക് കണ്ടുപിടിക്കാൻ നോക്കാം… “ആത്മാർത്ഥ സുഹൃത്ത് കൂടെ നിന്ന് ചതിക്കുകയാണോ എന്നോർത്തപ്പോൾ
മാത്യുവിന് നെഞ്ച് പൊട്ടുന്ന വേദന തോന്നി. അയാൾ നെഞ്ചിലമർത്തി പിടിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.. ഇന്ദു അതുകണ്ട് നിലവിളിച്ചു… അവളുടെ നിലവിളി കേട്ട് ഡേയ്സിയും ചാന്ദിനീയും ഓടിച്ചെന്നപ്പോൾ വേദന കൊണ്ട് പിടയുന്ന മാത്തപ്പന്റെ നെഞ്ചിൽ തടവുന്ന ഇന്ദുവിനെയാണ് കണ്ടത്… ഇന്ദു അദ്ദേഹത്തിന്റെ നാഡി പിടിച്ചു നോക്കി. അമ്മേ ഡേവിഡേട്ടനോട് പെട്ടെന്നിങ്ങോട്ട് വരാൻ പറ.. നമുക്ക് മാത്തപ്പനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം… ഡേവിഡും ഇന്ദുവും കൂടി മാത്തപ്പനെ താങ്ങി വണ്ടിയിൽ കയറ്റി.. ചാന്ദിനിയൊഴികെ ബാക്കി എല്ലാവരും മാത്തപ്പന്റെയൊപ്പം ഹോസ്പിറ്റലിലേക്ക് പോയി..

തുടരും..

Leave a Reply