രചന – നവാസ് ആമണ്ടൂർ
#സാഹിറ.
എല്ലാവരും പറയുന്നുണ്ട് സാഹിറയെ ഞാൻ ചതിച്ചതാണെന്ന്.പെണ്ണ് കെട്ടി ഒരു കുട്ടിയെ കൊടുത്തു ഗൾഫിൽ പോയി തിരിച്ചു വരാതെ അവളെ ഉപേക്ഷിച്ചു വേറെ എവിടെയോ സുഖമായി ജീവിക്കുന്നുണ്ട് ഞാനെന്ന ചതിയൻ. തിരുത്താൻ ഞാൻ ശ്രമിക്കുന്നില്ല. ഞാൻ ചതിയനാണ്.
സാഹിറയുടെ കഥ എന്റെ കഥയാണ്. അവളുടെ കഥ എഴുതിയ പടച്ചവൻ അവളുടെ ജീവിതത്തിൽ എനിക്ക് വേണ്ടി മാറ്റി വെച്ച വേഷം സുറുമയിട്ട കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികളെ ഒഴുക്കി.കൈയും കണ്ണും എത്താത്ത ദൂരത്തിൽ ഇന്നവൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഓടിയെത്താൻ ഖൽബിൽ കൊതിയുണ്ടായിട്ടും അവളുടെ കവിളിലൂടെ ഒഴുകി ഒലിക്കുന്ന കണ്ണീർ തുള്ളികളെ തുടച്ചു മാറ്റാൻ ആഗ്രഹിച്ചിട്ടും സാഹിറയുടെ അരികിൽ എത്താൻ കഴിയാത്തവനായല്ലോ പടച്ചോനെ ഞാൻ.
അനാഥലയതിന്റെ നാല് ചുവരുകളിൽ നിന്നും സ്വാതന്ത്രം മോഹിച്ചു ഗൾഫിലേക്കു പറന്ന എന്റെ ഉള്ളിൽ പണമുണ്ടാക്കാനുള്ള മോഹമായിരുന്നില്ല. കൈവിട്ടുപോയ സന്തോഷങ്ങൾ ഓരോന്നായി വിലക്ക് വാങ്ങണം. ഉമ്മാ എന്ന് വിളിക്കാൻ ഒരു ഉമ്മ വേണം. വാപ്പ വേണം. അനിയത്തിയും അനിയനും വേണം. വാപ്പയും ഉമ്മയും എന്നൊ ഉപേക്ഷിച്ച ചോര കുഞ്ഞ് വളർന്നു വലുതായപ്പോൾ കണ്ട കിനാക്കളിൽ അധികവും ഇതൊക്ക തന്നെയായിരുന്നു. ഒരിക്കലും നടക്കാത്ത പാഴ് മോഹങ്ങളായിട്ടും കാത്തിരുന്ന എനിക്ക് റബ്ബ് സാഹിറയെ എന്റെ എല്ലാ കിനാക്കളുടെയും വഴിയാക്കി കഥ എഴുതി വെച്ചത് കൊണ്ടായിരിക്കും ഏതോ ഒരക്കം മാറിയ വിളിയിൽ അവൾ ഫോൺ എടുത്ത് എന്നോട് ഞാൻ ചൊല്ലിയ സലാം മടക്കിയത്.
സംഗീതം പോലെ പൊഴിയുന്ന വാക്കുകളെ പ്രണയിച്ച ഞാൻ പിന്നെയും പിന്നെയും അവളുടെ ശബ്‌ദം കേൾക്കാൻ വിളിച്ചുകൊണ്ടേയിരുന്നു. പലവട്ടം എതിർത്തിട്ടും ഞാൻ വിളിച്ചു. ആദ്യമൊന്നും ഒന്നും സംസാരിക്കാതിരുന്ന അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിനും ഒരു അർത്ഥമുണ്ടായ പോലെ തോന്നി. അവളോട് എല്ലാം പറഞ്ഞു. എന്റെ സ്വപ്‌നങ്ങളുടെ കേൾവിക്കാരായായി എന്നെ സമാധാനിപ്പിച്ചു.
പറഞ്ഞു പറഞ്ഞു കേട്ടു കേട്ടു അവൾ എന്നെ പ്രണയിച്ചതിൽ കൂടുതൽ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ച മനസ്സുമായി നാട്ടിൽ എത്തിയ എനിക്ക് അനാഥൻ എന്ന മേൽവിലാസത്തിൽ സാഹിറയെ കിട്ടില്ലെന്ന് കെട്ടിച്ചു തരില്ലെന്നു കേട്ട നിമിഷത്തിൽ കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ എന്നിൽ വീണ്ടും പടച്ചവന്റെ അനുഗ്രഹം പോലെ സഹീറ പൊരുതി നേടി തന്നു എനിക്ക് അവളെ. അവളിലൂടെ ഒരു ഉമ്മയെ വാപ്പയെ കുഞ്ഞി അനിയത്തിയെ അനിയനെ… സ്‌നേഹം കൊണ്ട് വിരുന്നൊരുക്കാൻ എനിക്കും ഒരു കുടുംബം.
ലീവ് കഴിഞ്ഞ് തിരിച്ചു പോരും നേരത്ത് വിരഹ വേദന നെഞ്ചിൽ പുകഞ്ഞു ഒഴുകിയ കണ്ണീർ സാഹിറ തുടച്ചു.
“ഇനി എന്തിനാ കരയുന്നത് ആഗ്രഹിച്ചപോലെയെല്ലാം നടന്നില്ലേ. ഇപ്പൊ എന്റെ ഇക്കാ ആരും ഇല്ലാത്ത ഒരാളല്ല. ഇതൊന്നും കൂടാതെ ഇക്കയുടെ മാത്രമായി ഒരാളും വരും… ”
“സാഹിറ തത്കാലമാണെങ്കിലും ഈ സ്വർഗ്ഗത്തിൽ പോകാൻ മനസ്സ് വിസ്സമ്മതിക്കുന്നു. നീ ഇപ്പൊ എന്റെ ജീവനാണ്. ഞാൻ വരും നിനക്കും നമ്മുടെ മോൻക്കും വേണ്ടി. നീ ദുആ ചെയ്യണം. ”
അവൾ എന്റെ കൈ എടുത്ത് അവളുടെ വയറിൽ വെച്ചു. സാഹിറയെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തു തിരിഞ്ഞു നോക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവർക്ക് വേണ്ടി.. സാഹിറാക്കും ഞങ്ങളുടെ പൈതലിനും വേണ്ടി വീണ്ടും എത്താൻ പടച്ചവൻ തുണയാവണെമെന്ന ഒരു പ്രാർത്ഥന മാത്രം നാവിൽ.
കഥ എഴുതിയ നാഥൻ ഞാൻ ആഗ്രഹിച്ചപോലെയല്ല ഈ കഥ എഴുതി വെച്ചത്. അവൻ എഴുതിയ കഥയിൽ ഇനി ഒരിക്കലും ഞങ്ങൾ കാണില്ലെന്നായിരിക്കും. അതുകൊണ്ടല്ലേ മരണ ശിക്ഷ കാത്ത് അനാഥലായതിന്റെ നാല് ചുവരുകൾ പോലെ ഈ സെല്ലിന്റെ ഉള്ളിൽ ഞാൻ വീണ്ടും അനാഥനെ പോലെ.
കൈ വീശി യാത്ര പറഞ്ഞ എന്റെ സാഹിറ അവളുടെ വയറ്റിലെ എന്റെ പൊന്നുമോൻ.. എന്റെ ഉമ്മ ഉപ്പ.. അനിയത്തി അനിയൻ..അവരൊക്കെ വർഷങ്ങളായി കാണും എനിക്ക് വേണ്ടി കാത്തിരിക്കുന്നത്. കാത്തിരിക്കട്ടെ. അറിയണ്ട ഒരിക്കലും ഞാൻ വധിക്കപ്പെടുന്നത്. കാണണ്ട എന്റെ മയ്യിത്ത്.. അവർ വരുമെന്ന് കരുതി കാത്തിരിക്കട്ടെ.. കാത്തിരുന്നു കാത്തിരുന്നു മറക്കും
ഞാൻ കാരണം മരിച്ച ആ ചെറുപ്പക്കാരനും ഉണ്ടാവില്ലേ.. എന്നെ കാത്തിരിക്കുന്ന പോലെ ഒരു കുടുംബം. അറിയാതെയാണങ്കിലും ഞാൻ ഒരാളെ കൊന്നു. അറിയാതെ സംഭവിച്ച തെറ്റിന് ജീവൻ തന്നെ കൊടുക്കേണ്ടി വരും. സാഹിറ യും മോനും ഒന്നും അറിയണ്ട. ആരും ഒന്നും അറിയണ്ടെന്ന് പറഞ്ഞതും ഞാൻ തന്നെയാണ്.
സാഹിറയുടെ കഥയിൽ എന്നെ ചേർത്തത് എന്തിനാണ് റബ്ബേ. ഞാൻ എന്റെ കുറേ മോഹങ്ങളുമായി അനാഥനായി ജീവിച്ചു മരിച്ച ആരുമില്ലാത്ത ഒരാളായി വേറെ ഒരു കഥ മതിയായിരുന്നു എനിക്ക്. പക്ഷെ വറ്റാത്ത കണ്ണീർ സമ്മാനിച്ച കഥാപാത്രമായി സാഹിറയുടെ കഥയിൽ ഞാൻ.
സാഹിറ ഞാൻ നിന്നെ പറ്റിച്ചു കടന്ന് കളഞ്ഞെന്നുള്ള കഥ നാട്ടിൽ പറയാൻ പറഞ്ഞതും ഞാനാണ്. നീ അത് വിശ്വസിക്കില്ലെന്നു അറിയാം. ജീവൻ പോകും മുൻപേ കണ്ണടയും മുൻപേ ഒന്ന് കേൾക്കാൻ കൊതിക്കുന്നുണ്ട് നിന്റെ ശബ്ദം.. വേണ്ടാ… കേൾക്കണ്ട… ഞാൻ വിളിക്കില്ല.. ഞാൻ നിന്നെ ചതിച്ചു… വേറെ എവിടെയോ ജീവിക്കുന്നുണ്ട്.. അങ്ങിനെ മതി. പടച്ചവൻ എഴുതിയ കഥയിൽ ഞാനായിട്ട് എഴുതി ചേർത്ത ചതിയുടെ കഥ മതി… നീ എന്നെ മറക്കാൻ.