രചന :അഗ്നിമിത്ര
പിറ്റേന്ന് തിരുവോണം ആയിരുന്നെങ്കിൽ പോലും ശ്രീയ്ക്ക് ഒരു സന്തോഷവും തോന്നിയില്ല. രേണു വഴക്ക് പറഞ്ഞപ്പോഴാണ് അവൾ കുളിയ്ക്കാനായി പോയതുതന്നെ…കുളിച്ച് മാമ്പഴമഞ്ഞയും പിങ്കും കോമ്പിനേഷനിലുള്ള ധാവണിയുടുത്തു. അതിന്റെ ഒരു ഫോട്ടോ ശ്രീ അലോക് ആവശ്യപ്പെട്ടത് അനുസരിച് അയച്ചുകൊടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോഴേയ്ക്കും അവളുടെ ഫോണിലേയ്ക്ക് അവന്റെ കോൾ എത്തി.”ഹലോ അല്ലു…”
“മ്മ്.. എന്തെടുക്കുവാ നീ…””ഞാനോ ഞാനേ ഇടവനാട്ടേയ്ക്ക് പോകാൻ പോകുവാ… ഇന്ന് ഓണം ആയിട്ട് ഒരു വിഷ് പോലും തന്നില്ലല്ലോ…
അല്ലൂസേ ഹാപ്പി ഓണം.””ഹാപ്പി ഓണമൊക്കെ അവിടെ നിൽക്കട്ടെ. നീ ബ്ലൗസെന്താ ഇങ്ങനെ തയ്‌പ്പിച്ചേക്കുന്നെ…നിന്നോട് പറഞ്ഞിട്ടില്ലേ ബോട് നെക്ക് മോഡൽ വേണം ബ്ലൗസ് തയ്ക്കാനെന്ന്…””ഇത് പേരമ്മ തയ്‌പ്പിച്ചോണ്ട് വന്നതാ അല്ലു.””ആര് തയ്‌പ്പിച്ചാലും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇങ്ങനെ ഇടരുതെന്ന്. ഹാഫ് കൈ ബ്ലൗസ്. കഴുത്താണെങ്കിൽ ഇറങ്ങി കിടപ്പുണ്ട്. ഇങ്ങനെ വേഷം കേട്ട് കാണിക്കാൻ ആണെങ്കിൽ ആ ഷാൾ നീ എന്തിനാ ഇട്ടേക്കുന്നത്.”
അലോകിന്റെ ഓരോ വാക്കുകളും അവളുടെ മനസ്സിൽ ആഴ്ന്നിറങ്ങി. കണ്ണുകളൊക്കെ കലങ്ങി …”അല്ല നീ ഈ കോപ്പും ഇട്ടുകൊണ്ടാണോ കുടുംബത്തേയ്ക്ക് പോകുന്നത്.”അലോക് വീണ്ടും അവളുടെ നേരെ ആക്രോശിച്ചു.”അതേ അല്ലു. ഇതിട്ടോണ്ട് പോകാന്നാ അമ്മപറഞ്ഞത്.””ഇതിട്ടോണ്ട് പോകാനാണെങ്കിൽ നീ പോകണ്ട. നിന്റെ ശരീരം അതെനിക്ക് അവകാശപ്പെട്ടതാ. അത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. പറഞ്ഞേക്കാം…””അല്ലു… പ്ലീസ്…””നീ ആ ഡ്രസ്സ് മാറ്റി ഇട്ടോണ്ട് പോകാമെങ്കിൽ പോയാ മതി. ഇല്ലെ വീട്ടിലിരിയ്ക്ക്. എങ്ങനാ…””മാ.. മാറ്റി… ഇട്ടോളാം അല്ലു….”ശ്രീയുടെ സ്വരം ഇടറി.”മ്മ്… നീ കരയുവാണോ…””അ… അല്ല…”വാക്കുകൾ വിക്കി വിക്കി ശ്രീ പറഞ്ഞു.
“മ്മ്…. പിന്നെ സാരിയും മെഡിയും ഒന്നും വലിച്ചു കേറ്റണ്ട. ചുരിദാർ ഇട്ടോണ്ട് പോയേച്ചാ മതി. അതും രണ്ടു സൈഡ് ഷാൾ ഇട്ടോണം. ലെഗ്ഗിൻസോ ജീൻസോ ഇട്ടോണ്ട് പോകരുത്. പറഞ്ഞേക്കാം…””മ്മ്… ഇട്ടോളാം…””നീ അവിടെ ചെന്നിട്ടും ഷാൾ മാറ്റാൻ നിൽക്കണ്ട. ആൺപിള്ളേരൊക്കെ ഉള്ളതാ…””അതെന്റെ ഏട്ടന്മാരും വല്യച്ഛനും കൊച്ചച്ചനുമൊക്കെ അല്ലേ…”ശ്രീയുടെ നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ തോന്നി. കണ്ണീരൊഴുക്കി കൊണ്ട് അവൾ ചോദിച്ചു.
“ആരാന്ന് പറഞ്ഞിട്ടും കാര്യമൊന്നും ഇല്ല. ഞാൻ പറഞ്ഞതുപോലെ പോകാമെങ്കിൽ പോയാ മതി. പിന്നെ ഇപ്പൊ വന്നവരുടെ മുമ്പിൽ അഴിഞ്ഞാടാൻ ആണ് പോകുന്നതെങ്കിൽ പിന്നെ എന്നെ വിളിച്ചേക്കല്ലും. നിനക്ക് തോന്നിയത് പോലെയാകാം… തോന്നിയ പോലെ നടക്കാം “”മ്മ്… ഷാൾ മാറ്റില്ല… പോരേ…”
“അത് മാത്രം പോരാ. ആരുമായും നിന്നു ഫോട്ടോയോ ഒന്നും എടുക്കല്ലും. എടുത്തന്നെങ്ങാനും ഞാനറിഞ്ഞാ… അറിയാല്ലോ…””മ്മ്…””പിന്നെ ആരുമായും തൊട്ടുരുമ്മി സംസാരിയ്ക്കാനോ മിണ്ടാനോ പോകണ്ട. വാരികൊടുക്കാനും വാരിത്തരുന്നത് കഴിയ്ക്കാനും നിൽക്കണ്ട. കേട്ടല്ലോ…””അല്ലു സ്റ്റോപ്പ് ഇറ്റ്. കുറെ നേരമായി കേൾക്കുന്നു. അത് പാടില്ല. ഇത് പാടില്ല… അങ്ങനെ വേണം ഇങ്ങനെ വേണം …മടുത്തു എനിക്ക്…””ഓ… പുതിയ ആലോചന വന്നപ്പോ ഒഴിവാക്കുവാ അല്ലേ… കൊള്ളാടി നിന്നെ. ഇത്രയ്ക്കൊക്കെ ഉള്ളല്ലേ… നിനക്കിപ്പോ എന്നെ വേണ്ടല്ലേ…””അല്ലു നീ നീയിതെന്തുവാ പറയുന്നേ…””പിന്നെ നീയല്ലേ പറഞ്ഞത് മടുത്തെന്ന് …””ഇല്ല അല്ലു… ഞാ… ഞാ.. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ… സോറി…””നീയിപ്പോ ചെയ്തത് ശരിയാണോ…”
“എന്ത് ചെയ്തതാ അല്ലു “”എന്റെ നേരെ ഉച്ച എടുത്തത് ശരിയാണോന്ന് …””അതിനെന്താ. എനിക്ക് ദേഷ്യം വന്നപ്പോ പറഞ്ഞുപോയതല്ലേ…”
“ശരിയാണോ അല്ലേ…””എന്ത് തെറ്റാ അല്ലു ഞാൻ പറഞ്ഞതിൽ ഉള്ളെ…””ഞാൻ നിന്റെയാരാ…”
“ഭ… ഭർത്താവ്…””എന്താടി അതിനൊരു ഉറപ്പില്ലല്ലോ…””ഉറപ്പുണ്ട്.””എങ്കിൽ പറ ആരാണെന്ന്. ഉറപ്പിച്ചൊന്നു പറഞ്ഞേ. ഞാൻ കേൾക്കട്ടെ…””ഭർത്താവ്…””പിന്നെ…””ഞാൻ സ്നേഹിക്കുന്ന പുരുഷൻ…””പിന്നെ…””എന്റെ എല്ലാം എല്ലാം…””മ്മ്…. അപ്പോ മോള് പറഞ്ഞേ… എന്നോട് ഉച്ചയുയർത്തി സംസാരിച്ചത് ശരിയാണോ…””അതിനെന്താ…””ഭർത്താവിന്റെ നേരെശബ്ദമുയർത്തുന്നെശരിയാണോ…””അതിനെന്താ അല്ലു കുഴപ്പം…””ശരിയാണോടി വാ തുറന്നു പറയടി…”
“അ… അല്ല….”ഫോണിൽ കൂടി അല്ലു അലറിയതും ശ്രീ അറിയാതെ പറഞ്ഞുപോയി
“എന്ത് അല്ലെന്ന് …””ശബ്ദമുയർത്തിയത് തെറ്റാണെന്ന്…””മ്മ്… അങ്ങനെ വ്യക്തമായിട്ട് പറയണം കേട്ടോ…””മ്മ്… നീ എന്തിനാ കരയുന്നെ…ശ്രീയുടെ വിങ്ങലടക്കി പിടിച്ചുള്ള ശബ്ദം കേട്ട് അലോക് ചോദിച്ചു.”കരഞ്ഞില്ല…””ആദ്യം ഈ കള്ളം പറച്ചിൽ നിർത്തടി… വായെടുത്താ കള്ളമേ ഉള്ളൂ…””ഞാനെന്ത് ചെയ്‌തിട്ടാ അല്ലു…”
ശ്രീ കരഞ്ഞുകൊണ്ട് ചോദിച്ചു…”നീ ഒന്നും ചെയ്തില്ല… എന്ത് പറഞ്ഞാലും ഇരുന്ന് മോങ്ങിക്കോണം… ഒന്ന് നിർത്തുന്നുണ്ടോ… കേട്ട് കേട്ട് മടുത്തു ഈ കള്ള കരച്ചിൽ…”അല്ലു ദേഷ്യത്തോടെ പറഞ്ഞതും ശ്രീയുടെ ഏങ്ങലടി ഒന്നുകൂടെ ഉയർന്നു…”നിർത്തടി…”
ഫോണിൽ കൂടെ കാതു തുളയ്ക്കുന്ന പോലെ അല്ലുവിന്റെ ശബ്ദം എത്തിയതും ശ്രീയുടെ ശരീരം ഒന്നാകെ വിറകൊണ്ടു…
അവൾ വാ പൊത്തിപിടിച്ച് കരച്ചിലടക്കാൻ നോക്കി…”ശ്രീ… അപ്പോ പറഞ്ഞതുകേട്ടല്ലോ… നല്ല കുട്ടിയായി പോയിട്ട് വാ…
ഞാൻ പറഞ്ഞതൊക്കെ ഓർക്കണം കേട്ടോ… കേട്ടോ….”ആദ്യം ചോദിച്ചതിനു മറുപടി കിട്ടാതായപ്പോൾ അല്ലു ഒന്നുകൂടെ ചോദിച്ചു…
“മ്മ്… കേട്ടു… ചെയ്തോളാം…””നല്ല കുഞ്ഞായിട്ട് പോയിട്ട് വാ കേട്ടോ… സമയം കിട്ടുമ്പോ മെസ്സേജ് അയക്കണം പറ്റുവാണെങ്കിൽ വിളിയ്ക്കണം. പിന്നെ പോകുന്നെന്ന് മുമ്പ് ഒരു ഫോട്ടോ തന്നേക്കണം കേട്ടോ. ഒരു കാര്യം കൂടി…
ഷാൾ ചുരിദാറിന്റെ കഴുത്തിന് മുകളിൽ വരത്തക്ക രീതിയിൽ ഇട്ടിട്ട് വേണം പിൻ ചെയ്യാൻ കേട്ടോ…അപ്പോ പോയിട്ട് വാ…””മ്മ്.. വെക്കുവാ അല്ലു.”
“മ്മ്.ശരി വാവേ… പോയിട്ട് വായോ… ഉമ്മ്മ്മാ… ഹാപ്പി ഓണം ബൈ…”മറുവശത്തു നിന്ന് ഫോൺ കട്ടായതും അവളുടെ കൈയിൽ നിന്നും ഫോൺ ഊർന്നു കട്ടിലിലേയ്ക്ക് വീണു. ശ്രീ പൊട്ടികരഞ്ഞു കൊണ്ട് കട്ടിലിലേയ്ക്ക് തളർന്നിരുന്നു. നെഞ്ചു പൊട്ടി അവൾ കരഞ്ഞു.പ്രേമിക്കാൻ ഒരിക്കൽ പോലും താല്പര്യമില്ലായിരുന്നു. എന്നിട്ടും അലോക് എന്ന പുരുഷനിൽ അവളെപ്പോഴോ അടിമപ്പെട്ട് പോയിരുന്നു.അവന്റെ സ്വഭാവം… മനോഭാവം…. നിലപാടുകൾ ഇവയെല്ലാമാകാം അവളെ അവനിലേയ്ക്ക് അടുപ്പിച്ചത്.പക്ഷേ പുറമെ നിന്ന് കാണുന്നത് പോലെയാകില്ല പലപ്പോഴും പലരുടെയും സ്വഭാവം… അത്രമേൽ അടുത്തറിയുമ്പോൾ മാത്രമാകും അവരെന്താണെന്നും എങ്ങനെയാണെന്നും നാം അറിയുക.
അതുപോലെയാണ് ശ്രീയുടെ കാര്യവും. അല്ലുവിനെ അടുത്തറിഞ്ഞപ്പോഴാണ് അവൾക്ക് മനസ്സിലായത് അവനൊരു മായാജാലക്കാരൻ ആണെന്ന്.
മുള്ളുകമ്പി കൊണ്ട് ശരീരമാകെ വലിഞ്ഞു മുറുക്കുന്നപോലെ അവന്റെ പ്രണയം അവളിൽ പിടിമുറുക്കിയിരിക്കുകയാണ്…അവ ശരീരത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അവയിൽ നിന്നു ചോര പൊടിയുന്നുണ്ട്…
കരഞ്ഞ് ശ്വാസം പോലും എടുക്കാൻ ആവാതെ അവളിരുന്നു…
മുറിയിൽ കയറിയിട്ടും ഏറെ നേരമായി ശ്രീയെ കാണാതെ മുറിയിലേയ്ക്ക് വന്ന രേണുക തളർന്നുറങ്ങുന്നവളെ കണ്ട് അന്തം വിട്ടു.”ശ്രീ.. മോളെ… എണീറ്റേ… എന്തു കിടപ്പാ… “രേണു തട്ടിവിളിച്ചതും അവൾ കണ്ണുചിമ്മി തുറന്നു.
“എന്തേലും വയ്യാഴികയുണ്ടോ… എന്തുപറ്റി പതിവില്ലാത്തൊരു കിടപ്പും ഉറക്കവും…”രേണുക അവളുടെ തലയിൽ തഴുകി ചോദിച്ചതും ശ്രീയുടെ കണ്ണു നിറഞ്ഞു.ഇത്രയേറെ സ്നേഹിക്കുന്ന വാത്സല്യത്തോടെ ചേർത്തു പിടിയ്ക്കുന്ന വിശ്വസിയ്ക്കുന്ന അച്ഛനെയും അമ്മയെയും ചേട്ടനെയും ഇന്നലെ കണ്ടൊരാൾക്ക് വേണ്ടി വഞ്ചിയ്ക്കുവാണെന്നോർത്ത് അവളുടെ മനസ്സ് നീറി.
അവന് വേണ്ടി വീണ്ടും വീണ്ടും അവരോട് കള്ളം പറയുന്നതിൽ അവൾക്ക് കുറ്റബോധം തോന്നി…
“ശ്രീ… എന്താടാ… എന്തിനാ ഇങ്ങനെ നോക്കുന്നേ… മ്മ്.. കല്യാണത്തിന്റെ കാര്യം ഓർത്തിട്ടാന്നോ… നല്ല ബന്ധവാ മോളെ… വിജിത്ത് നിന്നെ നന്നായി നോക്കുമെന്ന് അമ്മയ്ക്കും അച്ഛനുമൊക്കെ ഉറപ്പുള്ള കൊണ്ടല്ലേ എന്റെ മോളിത്ര ചെറുപ്പമാണെങ്കിലും ഇതങ്ങ് ഉറപ്പിയ്ക്കാമെന്ന് ഓർത്തത്.അതിനിങ്ങനെ കരയണോ…”
ശ്രീ നിഷേധാർത്ഥത്തിൽ തലയാട്ടി ആ അമ്മച്ചൂടിലേയ്ക്ക് ചേക്കേറി…ശ്രീയെ വിളിയ്ക്കാൻ മുറിയിലേയ്ക്ക് പോയ രേണുവിനെ കാണാത്തതുകൊണ്ട് ഹരി അവരെ അന്വേഷിച്ചു അങ്ങോട്ടേക്ക് ചെന്നു.”ആഹാ… സമയമെത്രയായിന്നാ വിചാരിക്കുന്നെ… റെഡി ആയിട്ട് വാ. സമയം ഒൻപത് കഴിഞ്ഞു.”
ഹരി പറഞ്ഞതും ശ്രീ രേണുവിൽ നിന്നടർന്നു മാറി. ധാവണി മാറ്റി ചുരിദാരിട്ട് അവൾ ഒരുങ്ങി…ഇടവനാട്ട് എത്തിയപ്പോഴേയ്ക്കും സമയം പത്തര കഴിഞ്ഞിരുന്നു.”അച്ഛമ്മേടെ കുഞ്ഞിങ്ങു വന്നോ… എത്ര നേരമായി കാത്തിരിയ്ക്കുവാണെന്ന് അറിയാമോ… എന്താ താമസിച്ചേ…”ശരദാമ്മ വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടി ചോദിച്ചു.”ഉറങ്ങിപ്പോയി അച്ഛമ്മേ…””വയസ് എത്രയായിന്നാ വിചാരം. ഓണമായിട്ട് മോളെന്നാ ചുരിദാറിട്ടെ… ധാവണിയും സെറ്റുമൊന്നും ഇല്ലായിരുന്നോ…””അവൾ ധാവണി ഉടുത്തതാ… പിന്നെ ഇടയ്ക്ക് വട്ട് കേറുമല്ലോ. പെട്ടെന്ന് ചുരിദാറും എടുത്തിട്ടോണ്ട് വന്നു.”
രേണുവാണ് അതിന് മറുപടി നൽകിയത്…
“ദാ അകത്ത് അച്ഛമ്മേടെ പുതിയ സെറ്റൊക്കെ ഇരുപ്പുണ്ട്. ചെന്ന് ഇഷ്ടമുള്ള ഒരെണ്ണം എടുത്തുടുക്ക്…”
ശ്രീയ്ക്ക് ഉടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അല്ലുവിനെ പേടിച്ച് അവൾ ഉടുത്തില്ല. സാധരണ വീട്ടിലെത്തിയാൽ കലപില കൂട്ടി നടക്കുന്നവൾ ഇന്ന് നിശബ്ദമായിരുന്നു.മുറ്റത്ത് ഊഞ്ഞാലാടാൻ വഴക്കടിക്കുന്നവൾ എത്ര നിർബന്ധിച്ചിട്ടും ആടാൻ ചെന്നില്ല.എല്ലാവരുമായി ഇടി പിടിച്ചു പിണങ്ങുന്നവൾ എല്ലാവരിൽ നിന്നും അകലം പാലിച്ചു. അടുക്കളയിൽ കൊഞ്ചികൊണ്ട് എല്ലാവർക്കുമിടയിൽ കുസൃതി കാട്ടി നടന്നവൾ ഇന്നങ്ങോട്ടേക്ക് കയറിയില്ല…അതിനൊക്കെ അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അല്ലുവിനെ പേടിച്ച് അവൾ സ്വയം മാറാൻ ശ്രമിച്ചു….
എല്ലാവരിൽ നിന്നും അകലാൻ തുടങ്ങി.
അതിനൊന്നും അവളെ കൊണ്ട് സാധിയ്ക്കുന്ന ഒന്നല്ലെങ്കിലും അല്ലുവിനെ പേടിച്ചവൾ അറിയാതെ തന്നെ മാറിതുടങ്ങി… ഒന്ന് ശ്വാസം എടുക്കാൻ പോലും അവൾക്ക് പേടി തോന്നി…ഇനി എന്തിനായിരിക്കും അല്ലു വഴക്കുണ്ടാക്കുക എന്നോർത്ത് അവൾ ആ വീടിന്റെ ഒരു മൂലയിലേയ്ക്ക് ഒതുങ്ങി.
ശ്രീയുടെ വാടിയ മുഖം എല്ലാവരിലും സങ്കടം ഉണ്ടാക്കി. കല്യാണ ആലോചന വന്നതുകൊണ്ടായിരിക്കും ഇങ്ങനെ ചടഞ്ഞിരിയ്ക്കുന്നതെന്ന് ഓർത്ത് അവരോരോരുത്തരും മാറി മാറി സംസാരിച്ചു. അവർക്കെല്ലാം ഒന്നോ രണ്ടോ വാക്കിൽ മറുപടി നൽകി അവൾ സംസാരം അവസാനിപ്പിച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചപ്പോൾ മുതിർന്നവരുടെ കൈയിൽ നിന്നും ആഹാരം കഴിയ്ക്കാൻ ഇടി നടക്കുവായിരുന്നു. പ്രായ വ്യത്യസ്മില്ലാതെ ഓടി നടന്ന് അവളുടെ കൂടെപ്പിറപ്പുകൾ ആഹാരം കഴിയ്ക്കാൻ മത്സരിച്ചപ്പോൾ എന്നും വാശിയോടെ എല്ലാത്തിനും മുമ്പിൽ നിന്നവൾ, അച്ഛമ്മയുടെയും വല്യച്ഛന്റെയുമൊക്കെ കൈയിൽ നിന്ന് ആദ്യ ഉരുള വാങ്ങുന്നവൾ അതിനൊന്നും വയ്യാത്ത പോലെ അവൾക്കായി വിളമ്പിയ ചോറിൽ കൈയിട്ട് ഇളക്കികൊണ്ടിരുന്നു.എല്ലാവരും അവളെ ഊട്ടാനായി കൈ നീട്ടിയെങ്കിലും അവളത് കാണാത്ത പോലെ ചങ്കുപൊട്ടുന്ന വേദനയിൽ കുനിഞ്ഞിരുന്നു.
പുറമെ മിണ്ടാപൂച്ചയാണെങ്കിലും വീടിനകത്തെ കിലുക്കാംപെട്ടിയാണവൾ…
ഒരു കുറുമ്പുകാരി പെണ്ണ്….
അങ്ങനുള്ളവളുടെ ഈ മാറ്റം അവരിൽ ഓരോരുത്തരിലും നോവ് സമ്മാനിച്ചു.
ശ്രീയും വേദനിയ്ക്കുവായിരുന്നു…
താനൊരാൾ കാരണം മറ്റുള്ളവർ വിഷമിക്കുന്നത് ഓർത്ത്…തന്റെ ജീവനായവരുടെ സ്നേഹം അടുത്തറിയാൻ കൊതിയ്ക്കുമ്പോഴും പ്രാണനായവൻ ഏർപ്പെടുത്തിയ വിലക്കിൽ പേടിച്ചു വിറച്ചവൾ കരഞ്ഞുകൊണ്ടിരുന്നു…
ഒന്നിനുമാകാതെ നിസ്സഹായതയോടെ …വൈകിട്ട് കുളിയ്ക്കാനായി മുറിയിൽ കയറിയപ്പോഴാണ് ശ്രീ പിന്നെയും ഫോണെടുക്കുന്നത്.നെറ്റ് ഓണാക്കിയപ്പോഴേ കണ്ടു വാട്സ്ആപ്പിൽ അല്ലുവിന്റെ ഒത്തിരി മെസ്സേജുകൾ… അവളത് ഓപ്പണാക്കി…
“ഡി…അവിടെത്തിയോ…””അവിടെ ചെന്നാ എത്തിയെന്ന് പറഞ്ഞ് ഒരു മെസ്സേജ് ഇട്ടൂടെ..”
“അവരെയൊക്കെ കണ്ടപ്പോ എന്നെ മറന്നല്ലേ…”
“അല്ലേലും എനിയ്ക്കറിയാം ഇങ്ങനെയൊക്കെ സംഭവിക്കുന്ന്.””എനിക്കല്ലേലും രണ്ടാം സ്ഥാനമല്ലേ…നിനക്ക് അവരൊക്കെയല്ലേ important “”ഫോട്ടോ എടുത്തോ “”എത്ര ഫോട്ടോ എടുത്തു…””എടുത്തെങ്കിൽ എനിക്ക് തരണം ”
“ഷാൾ രണ്ടു സൈഡല്ലേ… എപ്പോഴും ഷാളിട്ടേ നടക്കാവൂ കേട്ടോ…””എനിക്കറിയാം നിനക്കെന്നോട് ദേഷ്യം ആയിരിക്കുമെന്ന് ….”
“നിന്റെ നല്ലതിന് വേണ്ടിയാ വാവേ പറയുന്നേ… ഞാൻ പറയുന്നതൊക്കെ കേൾക്കണേ…”
“ഞാൻ ഒറ്റമോനല്ലേ… ഞാൻ പറയുന്നതൊക്കെ കേൾക്കാൻ നീയല്ലേ എനിയ്ക്കുള്ളു…””ഡി… നീ എപ്പോഴാ വീട്ടിലേയ്ക്ക് പോകുന്നേ…””ഇന്ന് പോകുവോ…””ഇന്ന് വേണമെങ്കിൽ അവിടെ നിന്നോ കേട്ടോ. നാളെ വീട്ടിലേയ്ക്ക് പോന്നം കേട്ടോ…”
“അത് നമ്മുടെ വീടല്ലല്ലോ.. .നീ പ്രായം ആയൊരു പെൺകൊച്ചല്ലേ… അതുകൊണ്ടാ ഈ പറയുന്നേ…””ആരോടും അധികം അടുപ്പത്തിനൊന്നും പോകണ്ട. അവരുടെ സ്നേഹമൊക്കെ വെറുതെ ആടാ… ഞാനും അച്ഛനും അമ്മയും സ്നേഹിക്കുന്നപോലെ നിന്നെ ആരും സ്നേഹിയ്ക്കില്ല.””അവരൊക്കെ പുറമെ നിന്നോട് സ്നേഹം കാണിച്ചാലും നീ അവരുടെ അടുത്തുന്ന് മാറുമ്പോ നിന്നെ പറ്റി മോശം പറയും”
“ഇപ്പൊ തോന്നും ഞാൻ പറയുന്നതൊക്കെ restrictions ആണെന്നൊക്കെ…””അതൊക്കെ ഈ പ്രായത്തിന്റെയാ…കുറച്ചു കൂടി വലുതാകുമ്പോ മോൾക് മനസിലാകും ഞാൻ നിന്റെ നല്ലതിനാ ഇങ്ങനെയൊക്കെ പറയുന്നെന്ന് .കേട്ടോ…””നാളെ തന്നെ വീട്ടിലോട്ട് പോന്നേ…”
ശ്രീയ്ക്ക് ഇതെല്ലാം കൂടി കണ്ടിട്ട് ദേഷ്യവും സങ്കടവും ഒന്നിച്ച് വന്നു…ഒരു വയറ്റിൽ പിറന്നില്ലന്നെ ഉള്ളൂ. കൂടെ പിറപ്പുകളാണ്. അച്ഛന്റെയും അമ്മയുടെയും സ്ഥാനമുള്ളവരാണ് ബാക്കിയുള്ളവർ. അങ്ങനെ ഉള്ളവരെ പറ്റിയാണ് ഇങ്ങനെയൊക്കെ…
അവൾ നാളെ തന്നെ വീട്ടിലേയ്ക്ക് തിരിയ്ക്കുമെന്നും അല്ലു പറഞ്ഞ പോലെയാ നടക്കുന്നെന്നും മാത്രം മെസ്സേജ് ഇട്ടിട്ട് നെറ്റ് ഓഫാക്കി കുളിയ്ക്കാൻ കയറി.
ഷവർ തുറന്നിട്ട് അവൾ അതിന്റെ കീഴിൽ ഇരുന്നു… മരവിച്ച മനസ്സുമായി… അലറിയലറി കരഞ്ഞവൾ…ആർക്കുവേണ്ടി ഇങ്ങനെയൊക്കെ സഹിയ്ക്കുന്നതെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു…കുളികഴിഞ്ഞിറങ്ങിയപ്പോഴും അവളുടെ സ്വഭാവത്തിന് വ്യത്യാസം ഒന്നും ഇല്ലായിരുന്നു.കൂട്ടുകുടുംബം ഇഷ്ടമുള്ളവൾ….
കുടുംബത്തിന്റെ ഷെയർ നൽകി പലരും പലവഴിയ്ക്ക് ആകാൻ പോയപ്പോൾ പോലും വാശിപിടിച് കരഞ്ഞവൾ …
എല്ലാവരും ഒന്നിച്ചുവേണമെന്ന് ഏറ്റവും ആഗ്രഹിച്ചവൾ ഇന്ന് വാശിപിടിച്ച് വീട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ബാഗുമായി ഹാളിലേയ്ക്ക് വന്നപ്പോൾ എല്ലാവരും ഞെട്ടി.
എത്രയൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വിസമ്മതിച്ചു. അവസാനം അവളുടെ വാശിയ്ക്ക് മുമ്പിൽ രേണുവും ഹരിയും മനസ്സില്ലാ മനസ്സോടെ വീട്ടിലേയ്ക്ക് പോകാനിറങ്ങി. അപ്പോഴും ശ്രീ ഉള്ളിൽ കരയുവായിരുന്നു. പ്രിയപ്പെട്ടവരെയെല്ലാം പ്രാണനായവന് വേണ്ടി വെറുപ്പിക്കേണ്ടി വരുന്ന അവസ്ഥ ഓർത്ത്…അവരോടൊത്ത് ദിവസങ്ങളോളം തല്ലുപിടിച്ചും കുറുമ്പുകാട്ടിയും വാശിപിടിച്ചും നടക്കാനും ഒരു പാത്രത്തിൽ നിന്നു ആഹാരം കഴിയ്ക്കാനുമൊക്കെ ഉള്ളം തുള്ളി തുളുമ്പുമ്പോഴും ആ പെണ്ണ് അവയെല്ലാം നഷ്ട സ്വപ്നമാക്കി മനസ്സിൽ തന്നെ കുഴിച്ചുമൂടി…
(തുടരും…)
ഒത്തിരി സ്നേഹത്തോടെ
എല്ലാവരും ചിന്തിയ്ക്കുന്നുണ്ടാകും ഇതുപോലെയും പ്രണയം ഉണ്ടാകുമോ എന്ന്. നമ്മൾ വായിക്കുന്ന അല്ലെങ്കിൽ നമുക്കറിയുന്ന പ്രണയം ഒന്നല്ലെങ്കിൽ പൈങ്കിളി ആണ്. അല്ലെങ്കിൽ സ്നേഹവും ശാസനയും ഒരുപോലുള്ള കെയറിങ് ഉള്ള പ്രണയമാണ്.ഇവിടെ അലോകിന്റെയും ശ്രീനിധിയുടെയും ബന്ധത്തെ പ്രണയമെന്ന് വിളിയ്ക്കാൻ സാധിക്കുവോ എന്ന് എനിക്കും അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം ഇതുപോലുള്ള റിലേഷൻസ് നമ്മുടെ സമൂഹത്തിൽ ഉണ്ട്.സ്ത്രീ എന്നും പുരുഷന് കീഴിൽ ജീവിക്കേണ്ടവളാണെന്ന് ചിന്തിയ്ക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്.അതു പോലൊരു കഥാപാത്രമാണ് നമ്മുടെ അലോക്.ശ്രീയാകട്ടെ പ്രണയത്തിൽ അടിമപ്പെട്ടു പോയൊരു പാവം പെണ്ണാണ്..
ഒരുവനോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട്അന്ധയാകപ്പെട്ടപെണ്ണാണവൾ.അവനില്ലാത്തൊരു നിമിഷം പോലുമവൾക്ക് മരണ തുല്യമായിരിക്കാം.അതല്ലേ ഇത്രയും വേദനകൾ അവൻ സമ്മാനിയ്ക്കുമ്പോഴും ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത്…എന്നെങ്കിലും ഒരിയ്ക്കൽ അലോകിന്റെ ഈ ഒരു മനോഭാവവും ചിന്താ ഗതിയും മാറുമായിരിക്കാം…
അതല്ലെങ്കിൽ അലോകില്ലാതെ തനിക്ക് ജീവിയ്ക്കാൻ ആകുമെന്ന് അവൾക് ബോധ്യമാകുന്ന നിമിഷം അവൾ ചിലപ്പോൾ അലോകിൽ നിന്ന് മോചിതയാക്കപ്പെട്ടേക്കാം…നമുക്ക് കാത്തിരിയ്ക്കാം…അലോകിന്റെ അല്ലെങ്കിൽ ശ്രീനിധിയുടെ മാറ്റത്തിനായി…😊😊രണ്ട് വരിയെങ്കിലും review ഇടണേ പ്ലീസ് …🙏🙏🙏🙏
എന്നാ പിന്നെ ഞാനങ്ങോട്ട്…🏃♀️🏃♀️🏃♀️🏃♀️