March 23, 2025

മിഴികളിൽ നീമാത്രം :ഭാഗം 40

രചന : അഗ്നിമിത്ര

ശബരിയും ജിതിനുമൊക്കെ വരുമെന്ന കാര്യം ശ്രീയോട് പറഞ്ഞിട്ടില്ല… അതും അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്നു വിചാരിച്ചു ആരും പറയാതിരുന്നതാണ്.ഏകദേശം രാത്രി പതിനൊന്നരയോടെയാണ് ജിതിനൊക്കെ വില്ലയിൽ എത്തുന്നത്. അപ്പോഴേയ്ക്കും എല്ലാവരും കിടന്നിരുന്നു…പുറത്ത് ബെല്ലടിക്കുന്നത് കേട്ട് ജിത്തു എണീറ്റതും ശ്രീ ഒന്നുകൂടെ അവനെ ഇറുക്കി പിടിച്ചു…”എങ്ങോട്ട് പോകുവാ ഈ രാത്രിയിൽ… “അവളതും ചോദിച് ഒന്നുകൂടെ കുറുകി അവന്റെ മേത്തേയ്ക്ക് ചേർന്നു കിടന്നു…

“ആരോ വന്നടാ. ഞാൻ പോയി നോക്കിയിട്ട് വരട്ടെ. ഇല്ലെങ്കിൽ ആ പൊട്ടിക്കാളി രാത്രിയാണെന്നൊന്നും ഓർക്കാതെ പോയി കതക് തുറക്കും…””ഭദ്രേചി കേൾക്കണ്ടാട്ടോ…. നാളെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്…”നാളെ ജീവനോടെ ഞാൻ കാണുമെങ്കിൽ നീ പറഞ്ഞോ. അവൾ തന്നതിലും ഹൈ ഡോസ് ഞാനിപ്പോ മിക്കവാറും വാങ്ങും… മാറടാ…. പോയി വാതിൽ തുറക്കട്ടെ…”ജിത്തു അവളോട് പറഞ്ഞിട്ട് റൂമിൽ നിന്നിറങ്ങി… ആനിയും അതേ സമയമാണ് പുറത്തേയ്ക്ക് വന്നത്. അവൻ അവരെ നോക്കി ദയനീയമായി ചിരിച്ചു. സ്വയം വരുത്തി വെച്ചതല്ലേ അനുഭവിച്ചോ എന്ന രീതിയിൽ ആനിയും ചിരിച്ചു കാണിച്ചു…

പിന്നെയും നിർത്താതെ ബെല്ലടിക്കുന്ന കേട്ടപ്പോൾ ജിത്തു പോയി ഡോർ തുറന്നു…”ഏട്ടായി….”
കതകു തുറന്നതേ മയി അവനെ ഇറുക്കി കെട്ടിപിടിച്ചു..”മോളേ…”അവനവളെ ചേർത്തു പിടിച്ചു…”എന്നെ വേണ്ടായിരുന്നല്ലോ… അവിടുന്ന് പോന്നിട്ടിപ്പോ നാളെത്രയായി. വിളിക്കുന്നയല്ലാതെ ഒന്നു വന്നത് പോലുമില്ലല്ലോ… ഞാൻ പിണക്കവാ… ദുഷ്ടൻ…””ഇച്ചിരി തിരക്കായിരുന്നു മോളേ… ക്ഷമിയ്ക്ക്. പിന്നെ ഏട്ടന്റെ അവസ്ഥയൊക്കെ മോൾക്കും അറിയാവുന്നതല്ലേ…”

“എന്റെ പിള്ളേരെ നിങ്ങൾ അകത്തേയ്ക്ക് കയറുന്നുണ്ടോ… പാതിരാത്രി കേറി വന്നിട്ട് കിടന്ന് പ്രസംഗവാ… കേറുന്നില്ലേ ഞാൻ പോയി കിടക്കും. ഉറക്കം വന്നിട്ട് വയ്യ…”ആനി ഇടയ്ക്ക് കയറി പറഞ്ഞതും ജിത്തു ചിരിച്ചു. അപ്പോഴാണ് കാറിൽ നിന്ന് ബാഗൊക്കെ എടുക്കുന്ന ജിതിനെയും ശബരിയെയും അവൻ കാണുന്നത് തന്നെ. ജെനി കാറിലിരുന്ന് അപാര ഉറക്കമാണ്…അവൻ ഇരുവരെയും കെട്ടിപിടിച്ചു. ശബരിയുടെ കൈയിൽ നിന്ന് ബാഗ് വാങ്ങിയിട്ട് അവൻ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു… അപ്പോഴേയ്ക്കും മയി അകത്തേയ്ക്ക് ചെന്നിരുന്നു… നേരെ ചെന്നു കയറിയത് ജിത്തുവിന്റെ മുറിയിലും…

അവിടെ കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന ശ്രീയെ കണ്ട് മയി ഞെട്ടി. സ്വപ്നമാണോ യഥാർഥ്യമാണോ എന്നറിയാൻവയ്യാത്തഅവസ്ഥ…”ഏ…ഏട്ടത്തി…”
മയിയുടെ ശബ്‍ദം കേട്ട് ശ്രീ കണ്ണൊന്ന് ചിമ്മി… അവൾ പിന്നെയും വിളിച്ചത് കേട്ട ശ്രീ പതിയെ കണ്ണു തുറന്നു. മുമ്പിൽ മയിയെ കണ്ടതും അവൾക്ക് വല്ലാത്ത പരവേശം തോന്നി. ഒരു നിമിഷം താൻ കടപ്പള്ളിയിൽ ആണൊ എന്നുപോലും അവൾ ചിന്തിച്ചു…അപ്പോഴേയ്ക്കും മയി അവളെ ഇറുക്കെ കെട്ടിപിടിച്ചു…”എത്ര നാളായി ഏട്ടത്തി ഒന്ന് കണ്ടിട്ട്…. വാ… വാവയ്ക്ക് സുഖമാണോ… ഏട്ടന്റെ അടുത്ത് എങ്ങനെത്തി… ”

ശ്രീ ചിരിച്ചിട്ട് കട്ടിലിൽ കൈകുത്തി എണീറ്റു.”എന്റെ മോൾക്ക് സുഖമാണോ…””ഏട്ടത്തിയ്ക്ക് എല്ലാം അറിയാല്ലോ…”മയി വിളറിയ മുഖത്തോടെ പറഞ്ഞതും ശ്രീയുടെ മുഖവും വല്ലാതായി…”പോട്ടെ… ഇനി എങ്ങോട്ടും പോകണ്ട. ഇവിടെ നിന്നോ… ഏട്ടത്തി നോക്കിക്കോളാം…””അല്ലേലും ഞാൻ പോകില്ല… തല്ലി കൊന്നാലും പോകുന്ന പ്രശ്നമില്ല…. അപ്പച്ചിടെ മുത്തിന് സുഖമാണോ…”മയി അവളുടെ വയറിൽ പിടിച്ചത് ചോദിക്കുമ്പോൾ മയിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…”എന്തിനാടാ കരയുന്നേ…. മ്മഹ്… എനിയ്ക്കിപ്പോ ഒരു കുഴപ്പവുമില്ല. നിന്റെ ഏട്ടൻ എന്നെ അത്രയ്ക്ക് കെയർ ചെയ്യുന്നുണ്ട്. ഇപ്പൊ നീയും വന്നില്ലേ… പിന്നെ അപ്പച്ചീന്ന് വിളിയ്ക്കാൻ ഒരാളല്ലാട്ടോ രണ്ടു പേർ വന്നുണ്ട്…”

ശ്രീ അവളുടെ കണ്ണൊക്കെ തുടച്ചു കൊടുത്തു കൊണ്ട് പറയുമ്പോൾ മയിയുടെ കണ്ണുകൾ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും വിടർന്നു…അവൾ അധികാരത്തോടെ ശ്രീയുടെ ടീഷർട്ട് പൊക്കി വയറിന്റെ രണ്ടു സൈഡിലും ചുംബിച്ചു… ആ സ്പർശനം അറിഞ്ഞതുപോലെ വയറിൽ അനക്കം ഉണ്ടായി….”അമ്മേടെ പൊന്നുമണികൾ അപ്പച്ചിയോട് ഇത്രവേഗം കൂട്ടായോ…””അല്ലേലും അപ്പച്ചീടെ മക്കളാ…”
“അല്ലെങ്കിലും ഈ ജന്മം ഞാനും ജിത്തേട്ടനും എന്റെ ഈ മോളോടാ കടപ്പെട്ടിരിക്കുന്നെ. മോളില്ലായിരുന്നെങ്കിൽ…”

“തുടങ്ങിയല്ലോ സെന്റി… എന്റെ ഏട്ടത്തികൊച് ഇങ്ങനെ കരഞ്ഞിട്ട് കാര്യമൊന്നുമില്ല. സ്ട്രോങ്ങ് ആവണം….അപ്പച്ചീടെ മക്കളേ… നിങ്ങടെ അമ്മ ഭയങ്കര ഇമോഷനലാ… നിങ്ങൾ അങ്ങനാവാൻ ഈ അപ്പച്ചി സമ്മതിക്കില്ലാട്ടോ… വേഗം വായോ… എന്നിട്ട് വേണം നിങ്ങളുടെ അച്ഛനെയും അമ്മയെയും നമുക്ക് ഇങ്ങനെ വട്ടം ചുറ്റിയ്ക്കാൻ… പിന്നെ നമുക്ക് കുറച് പ്രതികാരം എല്ലാം ചെയ്യാനുണ്ട്…നിങ്ങളൊക്കെ വലുതായിട്ട് വേണം അപ്പച്ചിയ്ക്ക് കടപ്പള്ളിയിലോട്ട് ഒന്ന് പോകാൻ…”
“ഉള്ള കുരുത്തക്കേടൊക്കെ ഇപ്പോഴേ പറഞ്ഞു കൊടുത്തോ… അല്ല ഈ രാത്രിയിൽ നീ എങ്ങനെ ഇവിടെത്തി… ആരുകൊണ്ട് വന്നു…”

“അയ്യോ… അതൊന്നും പറയാൻ പറ്റില്ല… കാണിച്ചു തരാം… ബാ…”മയി അവളുടെ കൈയ്ക്ക് പിടിച്ചു വലിച്ചു. ശ്രീ മുഖമൊക്കെ കഴുകി ഉറക്കമൊക്കെ മാറ്റി പതിയെ പതിയെ നടന്ന് ഹാളിലേയ്ക്ക് എത്തി. അതേസമയം തന്നെ മയിയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി…ശബരിയെ കണ്ട് ശ്രീയുടെ കാലുകൾ നിശ്ചലമായി. അച്ഛനെയും അമ്മയെയും പോലെ അവനും തന്നോട് വെറുപ്പായിരിക്കുമോ എന്നവൾ ചിന്തിച്ചു.നിറമിഴികളോടെ അവൾ അവനെ നോക്കി.അതേസമയത്ത് അവളെ കണ്ട ശബരിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
കാണാതെ പോയ പെങ്ങൾ…മകളെ പോലെ കൈവെള്ളയിൽ കൊണ്ടുനടന്നവൾ…
തന്റെ കൈപിടിച്ചു ലോകം കണ്ടവൾ…
വീടിനും കോളേജിനും അപ്പുറത്തേയ്ക്ക് ലോകം എന്തെന്നറിയാത്തവൾ…ആരുടെയൊക്കെയോ ചതിക്കുഴിയിൽ വീണുപോയവൾ…
അവളാണ് മുമ്പിൽ നിൽക്കുന്നത്…
നാളുകളായി നെഞ്ചിൽ ആളി കത്തിയ തീ ആ നിമിഷത്തിൽ അണഞ്ഞെന്ന് അവന് തോന്നി…

അവൻ അവളെയൊന്നാകെ നോക്കി…ആദ്യം ശ്രദ്ധിയ്ക്കുക ആ വയറാണ്…വയറിൽ ഒരു ബോളെടുത്തു വെച്ചതു പോലെയുണ്ട്… പണ്ട് ടിവിയിൽ പരസ്യം വരുമ്പോൾ ഉടുപ്പിനിടയിൽ തലയണ വെച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാണിയ്ക്കുന്ന ആ കുഞ്ഞ് ശ്രീയെ അവനോർത്തെടുത്തു…ആ ഓർമയ്ക്ക് പോലും വല്ലാത്തൊരു സുഖമുണ്ട്…ആ കുഞ്ഞനുജത്തിയിൽ നിന്ന്…മകളിൽ നിന്ന്…ഭാര്യയിൽ നിന്ന്…
അമ്മയിലേയ്ക്ക് അവൾ മാറിയിരിക്കുന്നു…
ഇത്ര വേഗത്തിൽ കാലം കടന്നുപോകുമോ…
അവന് അത്ഭുതം തോന്നി.

തനിയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണ് കൂട്ടിനൊരു വാവ വരുന്നുണ്ടെന്ന് അറിയുന്നത്… അമ്മയുടെ വയറു വീർത്തു തുടങ്ങിയപ്പോൾ കൗതുകമായി മാറി..പിന്നീട് ഓരോ ദിവസവും അമ്മേ ഇന്ന് വാവ വരുമോ എന്ന് ചോദിച്ചു പുറകെ നടന്നിട്ടുണ്ട്…
ഒരു ദിവസം അമ്മയ്ക്ക് വേദന കൊണ്ട് വയ്യാതാകുമ്പോൾ കൂടെ താനും ഉറക്കെ കരഞ്ഞിട്ടുണ്ട്… അവസാനം നല്ല മഴയുള്ള തുലാമാസത്തിൽ അച്ഛന്റെ കൈയിൽ കിടന്നു മിഴിച്ചു നോക്കുന്ന ഒരു പാവക്കുട്ടി ആയിട്ടാണ് താനവളെ ആദ്യമായി കാണുന്നത്.

വിടർന്ന കണ്ണുകളും തലയിൽ അവിടിവിടെയായുള്ള നീളൻ ചെമ്പൻ മുടിയും ഉള്ള കുഞ്ഞി സുന്ദരി…
അവളുടെ കവിളിൽ ആദ്യമായി തൊട്ടപ്പോൾ ചിണുങ്ങി കരഞ്ഞത്…അവൾക്ക് അമ്മ പാലൂട്ടുമ്പോൾ എനിയ്ക്കും വേണമെന്ന് വാശിപിടിച്ചത്…ആദ്യമായി അവളെ മോളേ എന്നു വിളിച്ചത്…അച്ഛൻ പറഞ്ഞിട്ട് ആദ്യമായി ആ കുഞ്ഞുവായിൽ മധുരം ഇറ്റിച്ചത്…പിന്നെ ആദ്യമായി പേടിയോടെ ഈ കൈയിൽ എടുത്തത്…കൈപിടിച് നടത്തിയത്…
പിന്നെ ആ കൈയിൽ മുറുക്കെ പിടിച് നടത്തിയത്…തന്റെ മാത്രം സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്നത്…
ആ കുഞ്ഞി കൈകൾ പിടിച് സ്കൂളിൽ കൊണ്ടേ ആക്കിയത്…പനി വരുമ്പോൾ പകരുമെന്ന് പറഞ്ഞ് അച്ഛൻ വഴക്കിടുമ്പോൾ അവളെ ഇറുക്കെ പുണർന്ന് അവളോടൊപ്പം നേരം വെളുപ്പിച്ചത്…
അവളെ കളിയാക്കിയപ്പോൾ കല്ലെടുത്തെറിഞ്ഞ് നെറ്റി പൊട്ടിയതും അതിന് അമ്മ അവളെ തല്ലിയപ്പോൾ ചേർത്തു നിർത്തിയത്…
അവളുടെ കുഞ്ഞ് കുഞ്ഞ് കുസൃതികൾ…
വാശികൾ…കുറുമ്പുകൾ…ദേഷ്യപ്പെടലുകൾ….അങ്ങനങ്ങനെ ഒരായിരം ഓർമകൾ അവന്റെ മനസ്സിലൂടെ കടന്നുപോയി…അവസാനം അവളെ സുമംഗലി ആയി കണ്ടതും പിന്നീട് അവളനുഭവിച്ച നരകയാതനകൾ ജിത്തുവിൽ നിന്നറിഞ്ഞതും വരെ അവൻ ഓർത്തെടുത്തു…

ഇരിക്കുന്നിടത്ത് നിന്ന് എണീയ്ക്കാൻ പോലും ആവാതെ അവൻ അവളെ തന്നെ നോക്കിയിരുന്നു…ഇതെന്നാടാ ആങ്ങളയും പെങ്ങളും കൂടി കണ്ണും കണ്ണും നോക്കി ഇരിയ്ക്കുവാണോ… “ജിത്തു ചോദിച്ചപ്പോഴാണ് ആ ഓർമകളുടെ കുത്തൊഴുക്കിൽ നിന്നവൻ തിരികെ എത്തിയത്. ശബരി ശ്രീയെ വീണ്ടും നോക്കി… അവൻ കൈകൾ വിടർത്തിയതും അവൾ വേഗം നടന്നാ കൈക്കുള്ളിലേയ്ക്ക് ചേർന്നു… പൊട്ടികരഞ്ഞുകൊണ്ടവൾ അവന്റെ ഷർട്ടിൽ ഇറുക്കെ പിടിച്ചു…”ശ്രീ നീ കരയാതിരുന്നേ… വയ്യാതാകുമെ…”ജിത്തു ശാസിച്ചു… എവിടെ കേൾക്കാൻ… അവൾ ഒന്നും കേൾക്കുന്നില്ല…

“ശ്രീ… മോളേ… ഏട്ടന്റെ കുഞ്ഞെന്തിനാ കരയുന്നേ… ഏട്ടനറിയാം മോളൊന്നും ചെയ്തിട്ടില്ലന്ന്… ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഏട്ടന് അറിയാടി എന്റെ പെങ്ങൾ അങ്ങനെയൊന്നും ചെയ്യില്ലന്ന് … കരയാതെ… നിന്റെ ഡോക്ടർ പറഞ്ഞ കേട്ടില്ലേ കരയരുതെന്ന് …ശ്രീ എന്നിട്ടും കരയുവാണ്…”ഡാ പന്നി… അവൾക്കെങ്ങാനും വയ്യാതായാ പൊന്നുമോനെ നിന്റെ ശവമടക്ക് ഇന്ന് ഞാൻ നടത്തും…”ജിത്തു ശബരിയെ നോക്കി കലിപ്പിച്ചു…”ഡി… ശ്രീ കരയാതെ ഇരുന്നേ… ഈ പെണ്ണിന് ഒരു മാറ്റവും ഇല്ലല്ലോ…”ശബരി അവളെ നേരെ നിർത്തി കണ്ണൊക്കെ തുടച്ചു കൊടുത്തു…

“ഒത്തിരി അനുഭവിച്ചെന്ന് അറിയാടി… പോട്ടെ… ഇനി എന്റെ മോൾക്ക് ഒന്നും വരില്ല… ഞങ്ങളൊക്കെ ഇവിടില്ലേ… വാവയ്ക്ക് സുഖം ആണോടി…””ഒരാൾ അല്ല… രണ്ടു പേരുണ്ട് ശബരിയേട്ടാ… “മയി പറഞ്ഞപ്പോൾ ശബരി അത്ഭുതത്തോടെ അവളെ നോക്കി…
പിന്നീട് അവളുടെ നെറുകയിൽ ചുംബിച്ചു. സ്നേഹത്തോടെ വാത്സല്യത്തോടെ…അതേ സ്നേഹത്തോടെ അവൻ ജിത്തുവിനെയും ചേർത്തു നിർത്തി…”താങ്ക്സ് ഡാ…”ശബരി അവനോട് പറഞ്ഞപ്പോൾ ജിത്തു അവനെ തലയുയർത്തി നോക്കി…എന്റെ പെങ്ങളെ ഏതവസ്ഥയിലും കൈ വിടാതെ ചേർത്തു നിർത്തുന്നില്ലേ… അതിന്…”

“ഇവളെന്റെ ഭാര്യയാണെടാ… എന്റെ മക്കളുടെ അമ്മ… അവളെന്നും എന്റെ ജീവശ്വാസം ആണ്. പിന്നെ ഈ ഫോർമാലിറ്റിസ് നമുക്കിടയിൽ വേണോ… അങ്ങനാണോടാ നമ്മുടെ ബന്ധം…”
ജിത്തു അവന്റെ തോളിൽ തട്ടി ചോദിച്ചതും എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.
കുളികഴിഞ്ഞു വന്ന ജെനിയും ജിതിനും ശ്രീയെ കണ്ടപ്പോൾ അവരുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒരാങ്ങളയുടെ അധികാരത്തിൽ അവകാശത്തിൽ ജിതിനവളെ ചേർത്തു നിർത്തി. ജെനിയും അതുപോലെ ആയിരുന്നു…കെട്ടിപ്പിടുത്തവും ബഹളവും എല്ലാം കഴിഞ്ഞപ്പോഴാണ് മുറിയുടെ വാതിലിൽ നിൽക്കുന്ന ഭദ്രയെയും സതിയെയും ജിതിനും ശബരിയും ജെനിയും ശ്രദ്ധിക്കുന്നത്. അവർ ആരാണെന്നുള്ള ചോദ്യം അവരിൽ ഉയർന്നപ്പോൾ വിൻസൻ കഴിഞ്ഞ കാര്യങ്ങളൊക്കെ അവർക്കും വിശദീകരിച്ചു കൊടുത്തു.

ശേഷം ജിത്തു ഭദ്രയെ ചേർത്തു നിർത്തി അവളോട് അവർ ഓരോരുത്തരും ആരാണെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു… ശ്രീയിൽ നിന്ന് ഒത്തിരി തവണ കേട്ട പേരുകൾ ആയതുകൊണ്ട് അവർ ഓരോരുത്തരും ഈ കുടുംബത്തെ സംബന്ധിച് എത്രത്തോളം വേണ്ടപ്പെട്ടവരാണെന്ന് സതിയ്ക്കും ഭദ്രയ്ക്കുംമനസ്സിലായിരുന്നു.അതുകൊണ്ട് തന്നെ പതിയെ അവർക്കിടയിൽ നിന്ന് അകത്തേയ്ക്ക് പിന്മാറാൻ സതിയും ഭദ്രയും നോക്കിയപ്പോൾ അതു മനസ്സിലാക്കിയ പോൽ ആനിയും വിൻസനും അവരെ പിടിച്ച പിടിയാലേ കൂടെയിരുത്തി.

ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും യാതൊരു വേർതിരുവുമില്ലാതെ എല്ലാവരും പരസ്പരം സംസാരിച്ച് തുടങ്ങിയപ്പോൾ ഇടയ്ക്കെപ്പോഴോ ഭദ്രയും അവരിൽ ഒരാളായി സംസാരിയ്ക്കാൻ തുടങ്ങിയിരുന്നു. ജെനിയുടെയും ശ്രീയുടെയും ശബരിയുടെയും ജിതിന്റെയും ജിത്തുവിന്റെയുമെല്ലാം കുട്ടിക്കാലവും സ്കൂൾ ലൈഫും കോളേജ് ലൈഫും അതോടൊപ്പം ആനിയുടെയും വിൻസന്റെയും വിവാഹവും എല്ലാം അവിടെ സംസാര വിഷയങ്ങളായി കടന്നുവന്നു…ഭദ്ര തന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ പലപ്പോഴും വിങ്ങിപൊട്ടി… പ്രിയപ്പെട്ടവന്റെ വിടവ്‌ അത്രയ്ക്ക് അവളെയും വേദനിപ്പിച്ചിക്കുന്നുണ്ടായിരുന്നു…അവസാനം കടപ്പള്ളിയിൽ ശ്രീ അനുഭവിച്ച യാതനകൾ അണുവിട വിടാതെ മയി വിശദീകരിയ്ക്കുമ്പോൾ എല്ലാവരും ഒരുപോലെ കണ്ണുനീർ ഒഴുക്കി.

കടപ്പള്ളിയിലെ ഓരോരുത്തരുടെയും സ്വഭാവം ആ നിമിഷങ്ങളിൽ അവർ ഓരോരുത്തർക്കും മനസ്സിലായിരുന്നു.അതുകൊണ്ട് തന്നെ ഇനി മയിയെ കടപ്പള്ളിയിലേയ്ക്ക് വിടരുതെന്ന് വിൻസൻ ജിത്തുവിനെ ഒരു താക്കീതോടെ ഓർമിപ്പിച്ചു.
അവന്റെ മനസ്സിലും അതു തന്നെയായിരുന്നു.
ഇതുവരെ അറിയാത്ത അനുഭവിച്ചിട്ടില്ലാത്ത സന്തോഷങ്ങളാണ് മയി കഴിഞ്ഞു പോയ നിമിഷങ്ങളിൽ അനുഭവിച്ചത്. ആ സന്തോഷവും അതോടൊപ്പം അവർ ഓരോരുത്തരുടെയും സ്നേഹവും വാത്സല്യവും സംരക്ഷണവും ജീവിതകാലം മുഴുവൻ വേണമെന്ന് അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു… അതുകൊണ്ട് മയിയ്ക്കും ആ തീരുമാനം സമ്മതമായിരുന്നു.

സന്തോഷവും സ്നേഹവും കൊണ്ട് ആ രാത്രിയിൽ അവർക്ക് ആർക്കും ഉറക്കം ഇല്ലായിരുന്നു. പുലരുവോളം കളിയും ചിരിയും കുഞ്ഞ് കുഞ്ഞ് കുറുമ്പുകളും കുസൃതിയും അടിയും ബഹളവുമായി ആ രാത്രി അവർ ആഘോഷമാക്കി…
പ്രായഭേദം ഇല്ലാതെ ആനിയും സതിയും വിൻസനുമെല്ലാം അതിൽ ഒപ്പം കൂടി…
ആദ്യമായി ആ വീടിന്റെ അകത്തളങ്ങളിൽ പൊട്ടിച്ചിരികൾ പ്രതിധ്വനിച്ചു…എല്ലാവരുടെയും മനസ്സിൽ കഴിഞ്ഞ കുറെ നാളുകളായി നിറഞ്ഞു നിന്ന സങ്കടത്തിന്റെയും അന്ധകാരത്തിന്റെയും അവസാന കണികയും ഇല്ലാതെയാക്കിയാണ് അന്ന് ആ രാവ്‌ പോയി മറഞ്ഞത്…

(തുടരും…)

ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര 🔥
കഥ വലിച്ചു നീട്ടുവല്ലാട്ടോ…
ജിത്തുവും മയിയും ശബരിയും ശ്രീയും ഭദ്രയും ആനിയുമെല്ലാം എത്രത്തോളം പരസ്പരം മനസ്സിലാക്കുന്നവർ ആണെന്നും അവർ ഓരോരുത്തരും തമ്മിലുള്ള പരസ്പര സ്നേഹവും വിശ്വാസവും അവർക്കിടയിലുള്ള കെട്ടുറപ്പും എല്ലാം കാണിയ്ക്കാൻ ഒരു പാർട്ട് വേണമെന്ന് തോന്നി…
അതാണ് ഈ പാർട്ട് ഇങ്ങനെ എഴുതിയിരിക്കുന്നത്…😊😊

Leave a Reply