May 12, 2025

മിഴികളിൽ നീമാത്രം : ഭാഗം 52

രചന : അഗ്നിമിത്ര

ജിത്തുവും ഭദ്രയുമായുള്ള വഴക്ക് ഒരാഴ്ചയോളം പിന്നിട്ടു. ഭദ്ര പലപ്പോഴായി അവനോട് മിണ്ടാൻ ചെന്നപ്പോഴൊക്കെ ജിത്തു ഒഴിഞ്ഞു മാറി… എന്നാൽ പോലും അവനും അത് വിഷമം ഉണ്ടാക്കിയിരുന്നു. ശ്രീയും ആനിയും കാലത്തെ കുളിക്കുന്നതിന്റെ പേരിൽ അടിയുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്…ശ്രീയ്ക്ക് കുളിയ്ക്കാൻ മടിയാണ്. അവസാനം ആനി കടുപ്പിച് പറയുമ്പോൾ അവൾ ജിത്തുവിനെ ദയനീയമായി നോക്കും. എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് അവൻ കൈമലർത്തി കാണിക്കും…

കുളി കഴിഞ്ഞാൽ അടുത്ത ബഹളം ഉള്ളി ലേഹ്യം കഴിയ്ക്കാനും ചുക്കും ചക്കരയും പൂക്കുലയും മറ്റും കഴിക്കാനാണ്… എത്ര വാശി പിടിച്ചാലും അവൾ കഴിയ്ക്കാതെ ആനി പോകില്ല.ഇതെല്ലാം ഒരാഴ്ച കൊണ്ട് ശ്രീയ്ക്ക് മടുത്തു എന്നതാണ് വാസ്തവം. ഈ മേളമൊക്കെ കഴിഞ്ഞ് വയറിൽ മുണ്ട് കെട്ടാൻ വരുമ്പോൾ ശ്രീ പിന്നെയും ബഹളം തുടങ്ങും. കുഞ്ഞു പിള്ളേരെക്കാളും കഷ്ടമാണ് ശ്രീയുടെ പല രീതികളും.ഇതെല്ലാം കണ്ട് മയി കളിയാക്കുമ്പോൾ നിന്നെ കെട്ടിച്ചു വിട്ട് കഴിഞ്ഞിട്ട് എനിയ്ക്കും അവസരം വരുമടി എന്നവൾ തിരിച്ചടിയ്ക്കും. അതോടെ മയി പഠിയ്ക്കാനുണ്ടെന്ന് പറഞ്ഞു അവിടുന്ന് വലിയും.

പലപ്പോഴും അമിതമായ ദേഷ്യവും സന്തോഷവും സങ്കടവുമെല്ലാം ശ്രീയെ വല്ലാതെ അലട്ടിയിരുന്നു. മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നോർത്തവൾ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടും. അപ്പോഴൊക്കെ അവളുടെ മനസ്സറിയുന്ന പോലെ ജിത്തു ചേർത്ത് നിർത്തും. പ്രസവം കഴിഞ്ഞ മിക്ക സ്ത്രീകളിലും ഇതുപോലെയാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കും…ശ്രീയുടെയും കുഞ്ഞിന്റെയും തുണികൾ കഴുകിയിടുന്നത് ജിത്തുവാണ്. എല്ലാത്തിലും മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കാൻ അവന് താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് അവൾ കിടക്കുന്ന ബെഡ്ഷീറ്റ് ഉൾപ്പടെ ജിത്തു കഴുകിയിടും. ഒരു ഭർത്താവിനെക്കാൾ ഉപരി അവൻ പലപ്പോഴും നല്ലൊരു അച്ചനും സഹോദരനും ഒക്കെയായി മാറി.

ശബരിയും വിൻസനുമൊക്കെ വിളിക്കുമ്പോൾ ശ്രീയ്ക്ക് എന്നും പരാതിയാണ്. പരാതി മുഴുവൻ കുളിക്കുന്നതിനെ പറ്റിയും കട്ടിലിൽ നിന്ന് എണീപ്പിക്കാത്തതിനെ പറ്റിയും മരുന്നുകളെയും ആഹാര രീതികളെയും സംബന്ധിച്ചാണ്. അവരതൊക്കെ ചെറു ചിരിയോടെ ആസ്വദിയ്ക്കും. അവളെ സമാധാനിപ്പിയ്ക്കും. ജിതി ഇടയ്ക്കൊക്കെ മാത്രവേ വിളിയ്ക്കാറുള്ളു. വിളിച്ചാലും ശ്രീയോട് മിണ്ടിയിട്ട് അതിവേഗം ഫോൺ വെയ്ക്കും. വീട്ടിലേയ്ക്ക് അവൻ വരാറില്ല…ഒരു ദിവസം ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ ആരോടോ സംസാരിക്കുവാണ് ജിത്തു. ഇന്നെങ്കിലും അവനോട് മിണ്ടണം എന്ന് ഭദ്രയ്ക്ക് വാശി തോന്നി. ഫോൺ വിളിച്ചു കഴിയും വരെ വാതിലിൽ നിന്നിട്ട് അവൾ അവന്റെ അടുത്തേയ്ക്ക് ചെന്നു..

“ജിത്തേട്ടാ”ജിത്തേട്ടാ… എത്ര നാളായെന്നറിയോ എന്നോടൊന്ന് മിണ്ടിയിട്ട്… എന്റെ സ്വന്തം ഏട്ടനേക്കാളും കൂടുതൽ ഞാൻ സ്നേഹിയ്ക്കുന്ന കൂടെപ്പിറപ്പ് ജിത്തേട്ടനാ… ഒന്ന് മിണ്ട് ജിത്തേട്ടാ… ഒരു മാസം കഴിഞ്ഞു ഈ കൈകൊണ്ട് എനിക്കൊരിച്ചിരി ആഹാരം വാരി തന്നിട്ട്. ശ്രീയ്ക്കും മയിയ്ക്കും അമ്മൂട്ടനും വാരി കൊടുക്കുമ്പോൾ ഞാൻ അടുത്തുണ്ടെ പോലും എനിയ്ക്ക് വാരി തരില്ല. എന്നെ ചേർത്ത് നിർത്തില്ല… ഒന്ന് മിണ്ട് ജിത്തേട്ടാ…”എനിയ്ക്ക് കരച്ചിൽ വരുവാ… ഇത്രയും ദിവസം ഞാനിതൊക്കെ അടക്കി പിടിച്ചു. ഇനിയും ജിത്തേട്ടൻ മിണ്ടിയില്ലെങ്കിൽ ഞാൻ ചത്തു കളയും. ഉറപ്പാ… ഒന്ന് മിണ്ടാവോ… കാല് പിടിയ്ക്കാം…”

ഭദ്ര അവന്റെ കാലിലേയ്ക്ക് കരഞ്ഞുകൊണ്ട് വീഴാൻ പോയതും അവൻ അവളുടെ കൈയ്ക്ക് വലിച്ചു നെഞ്ചിലേയ്ക്ക് ചേർത്തിരുന്നു… ഭദ്ര പൊട്ടികരഞ്ഞുകൊണ്ട് അവന്റെ ഷർട്ടിൽ ഇറുക്കെ പിടിച്ചു… ഒത്തിരി കരഞ്ഞവൾ മാപ്പ് ചോദിയ്ക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…ഒരു വാതിലിനു അപ്പുറം നിന്നിതെല്ലാം കണ്ട ആനിയുടെയും സതിയുടെയും കണ്ണുകൾ നിറഞ്ഞു തൂകി…”ഇനി ഇങ്ങനെ ചാകാൻ നോക്കുവോ…””ഇല്ല….””എന്നെ ദേഷ്യം പിടിപ്പിക്കുവോ…””ഇല്ല…””ഇല്ലാത്ത കാര്യം ചിന്തിച്ചു കൂട്ടുവോ…””ഇല്ല…””അമ്മൂട്ടനെ മുറിയിൽ അടച്ചിടുവോ…””ഇല്ല…””നീ മുറിയിൽ അടച്ചിരിക്കുവോ…””ദേ എനിയ്ക്ക് ദേഷ്യം വന്നണ്ട് …”

ഭദ്ര ചിണുങ്ങി… ജിത്തു ചിരിച്ചുകൊണ്ടവളെ ചേർത്തു പിടിച്ചു… അല്പനേരത്തിനു ശേഷം അകത്തേയ്ക്ക് കയറാൻ പോയ ജിത്തുവിനെ അവൾ തോണ്ടി വിളിച്ചു…”എന്നാ…””വാരി തരുമോ…”
ജിത്തു കണ്ണുമിഴിച്ചവളെ നോക്കി.”പ്ലീച്….””ഒരു കൊച്ചുണ്ട്. അതിലും കഷ്ടവാ നിന്റെ കാര്യം. വാ ഇങ്ങോട്ട്…”ജിത്തു അവളുടെ തോളത്തു കൈയിട്ട് അടുക്കളയിലേയ്ക്ക് നടന്നു. തിരിഞ്ഞ് തല ചെരിച് വാതിലിന് മറവിൽ നിന്ന ആനിയെയും സതിയെയും കണ്ണിറുക്കി കാണിച് അടുക്കളയിൽ ചെന്ന് ചോറെടുത്തു.അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നവൾ കാലുകൾ ആട്ടി അവന്റെ കൈകൾക്ക് നേരെ വാ തുറന്നു…

“ഭദ്രേ…””എന്നാ ഏട്ടായി…”ഞാൻ ഒരു കാര്യം പറയട്ടെ…””മ്മ്…””ജിതിൻ രണ്ടാഴ്ച കഴിഞ്ഞു വരും…””അതിനെന്താ…””ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം. അവന് നിന്നെയും കുഞ്ഞിനേയും ഒത്തിരി ഇഷ്ടമാ. എന്ന് വെച് ഒരു ഭർത്താവിന്റെ അധികാരം കാണിക്കാൻ ഒന്നും അവൻ വരില്ല. അമ്മൂട്ടിയ്ക്ക് വേണ്ടിയാണ് എല്ലാം…
അവന് അവളെ അത്രയ്ക്ക് ജീവനാണ്. അവന്റെ ഇപ്പോഴത്തെ കോലവും രീതിയുമെല്ലാം ആകെ മാറിയിരിക്കുവാണ്. അതിന് കാരണം അമ്മൂട്ടിയെ കൊഞ്ചിയ്ക്കാൻ പറ്റാത്തതാണ്… നാളെ ഒരച്ഛന്റെ സ്നേഹം അവൾ കൊതിയ്ക്കുന്ന സമയം വരും. അന്നും ജിതി അവളെ ചേർത്ത് പിടിച്ചിട്ടുണ്ടാകും. ആ സമയം അവൾ നിന്നോട് ചോദിക്കും എന്നെ ഇത്രയും സ്നേഹിക്കുന്ന അച്ചൻ ഉണ്ടായിട്ടും ആ സ്നേഹം അനുഭവിപ്പിക്കാൻ അമ്മയെന്തിനാ തടസം നിന്നതെന്ന് …”

“ഞാനിപ്പോ എന്ത് വേണമെന്നാ ഏട്ടായി പറയുന്നേ… ജിതിയേട്ടനെ വിവാഹം ചെയ്യണോ. എനിയ്ക്കൊരിക്കലും അതിന് സാധിക്കില്ല. എന്റെ കൂടെ ഇല്ലന്നെ ഉള്ളു. ഇന്നും പ്രദീപേട്ടന്റെ ഓർമ്മകൾ എന്റൊപ്പം ഉണ്ട്. ആ മനുഷ്യനെ മറന്ന് ഭദ്രയ്ക്ക് ജീവിക്കാൻ ആകില്ല…””അതൊക്കെ എനിയ്ക്കും അറിയാം. നീ നന്നായി ആലോചിക്ക്. അമ്മൂട്ടിയെ ഇത്രയും സ്നേഹിക്കുന്ന ആളുകൾക്ക് ഇടയിൽ അവരുടെ സ്നേഹം അനുഭവിപ്പിച് വളർത്തണോ അതോ ഒറ്റയ്ക്ക് വളർത്തണോ എന്ന്… ജിതി വരുമ്പോ നിങ്ങൾ ഒന്ന് സംസാരിക്ക്… ഈ ഏട്ടന് വേണ്ടി… എന്നിട്ട് നിങ്ങൾ ആലോചിച് ഒരു തീരുമാനം എടുക്ക് കേട്ടോ… ആ തീരുമാനം എന്തായാലും ഞങ്ങൾ എല്ലാവരും അംഗീകരിക്കും. ”

“ഏട്ടായി…””മ്മ്… നീ ഇപ്പൊ ഒന്നും പറയണ്ട. നിനക്ക് പറയാനുള്ളതൊക്കെ ഞാൻ കേട്ടോളാം. ഇപ്പോഴല്ല. അവനുമായി സംസാരിച്ചതിനു ശേഷം. നീയും ജിതിയും എനിയ്ക്ക് കൂടെപ്പിറപ്പുകളാണ്. അതുകൊണ്ടാണ് ഞാനിത്രയ്ക്ക് വാശി പിടിയ്ക്കുന്നെ. തന്റെ പെങ്ങളും മോളും സന്തോഷത്തോടെ ജീവിക്കണം എന്ന ഏട്ടന്റെ സ്വാർത്ഥത. അത്രേയുള്ളു…”ചോറ് വാരികൊടുത്തുകൊണ്ട് ജിത്തു പറയുന്നതിന് ഭദ്ര മനസ്സില്ലാ മനസ്സോടെ സമ്മതം നൽകി…ഉച്ചവരെ കീരിയും പാമ്പുമായി നടന്നവർ അടയും ചക്കരയും ആയപ്പോൾ ശ്രീയും മയിയും കണ്ണ് മിഴിച്ചു…

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു…
വേത് കുളി അൻപത് ദിവസം ആയപ്പോഴാണ് നിർത്തിയത്. അപ്പോഴും അവളെ ബെഡിൽ നിന്ന് എണീപ്പിയ്ക്കാൻ അവരാരും തയ്യാറായില്ല.ഇന്ന് കുഞ്ഞുങ്ങളുടെ പേരിടീലാണ്…ആനിയും വിൻസനും ജിതിനും ജിത്തുവിന്റെ കൂടെ വർക് ചെയ്യുന്നവരെയും അവരുടെ ഫാമിലിയെയും ജെനിയെയും ഫാമിലിയെയും അതോടൊപ്പം ശ്രീയുടെ ഫ്രണ്ട്സ് ശിവയും ആനും ഉൾക്കൊള്ളുന്നതായിരുന്നു ആ ചടങ്ങ്…വില്ലയിൽ വെച്ച് തന്നെ അതിഗംഭീരമായി ചടങ്ങുകൾ ആരംഭിച്ചപ്പോഴും കടപ്പള്ളിയിലെയോ ഇടവനാട്ടെയോ ഒരൊറ്റ മനുഷ്യരെയും ചടങ്ങിന് വിളിച്ചില്ല.

ഗോൾഡൻ കര സെറ്റും മുണ്ടും കരിനീല ബ്ലൗസും ആയിരുന്നു ശ്രീയുടെ വേഷം. കഴുത്തിലെ താലിയും ടെമ്പിൾ ഡിസൈൻ നേക്ലയ്സും അവളെ സുന്ദരി ആക്കിയിരുന്നു. ജിത്തു ബ്ലൂ കളറിലെ ഷർട്ടും കസവ് മുണ്ടുമാണ് ഉടുത്തിരുന്നത്. വീട്ടിൽ ഉള്ളവർ എല്ലാം ബ്ലൂ കളറിൽ മുങ്ങി നിൽക്കുവാണ്…ഇത്രയും ദിവസം കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തതിന്റെ പ്രതിഷേധം മുഴുവൻ മയി പല രീതിയിൽ ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇട്ടു തീർത്തു..ഇൻസ്റ്റയിലും വാട്സാപ്പിലും എഫ് ബിയിലും അവൾ ഒത്തിരി ഫോട്ടോ ഇട്ടു. എല്ലാം സ്വന്തം വീട്ടുകാരെ കാണിയ്ക്കാൻ ആണെന്ന് മാത്രം. ജിത്തു വഴക്കിട്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിയ്ക്കാതെ ഓരോന്ന് കാട്ടി കൂട്ടി..നിറയെ ആളുകൾ കൂടി നിന്നിടത്ത് ജിത്തുവും ശ്രീയും ഇരുന്നു…ആദ്യം മൂത്ത കുഞ്ഞിനെ ശ്രീയുടെ മടിയിലേയ്ക്ക് വെച്ച്കൊടുത്തുഒരു കാത് വെറ്റില കൊണ്ട് പൊത്തിപിടിച് ജിത്തു മൂന്നു തവണ പേര് ചൊല്ലി…

“അദ്രിത ദേവ്ജിത്ത് “പിന്നെ രണ്ടാമത്തെ കുഞ്ഞിനെ മടിയിൽ ഇരുത്തി പേര് ചൊല്ലി വിളിച്ചു…അലങ്കൃത ദേവ്ജിത്ത്”❤️പേര് എല്ലാവരും കേൾക്കേ ഉറക്കെ വിളിച്ചു. ശേഷം സമ്മാനങ്ങൾ നല്കാനായി രണ്ടു പേരെയും ജിത്തുവും ശ്രീയും മടിയിൽ ഇരുത്തി…
ആനിയും വിൻസനും സ്വർണത്തിന്റെ അരഞ്ഞാണം അണിയിച്ചപ്പോൾ ജിതി കാൽത്തള ആണ് അണിയിച്ചത്. ഭദ്ര വള അണിയിച്ചു. ജെനിയും ആൽബിയും കുഞ്ഞുങ്ങൾക്ക് കമ്മൽ ആണ് വാങ്ങിയത്. കാതുകുത്തുമ്പോൾ ഇട്ടാൽ മതിയെന്ന് പറഞ്ഞത് ശ്രീയുടെ കൈയിൽ നൽകി…
എല്ലാവരും ഒത്തിരി സമ്മാനങ്ങൾ നൽകിയപ്പോൾ മയി മാത്രം മാറി നിന്നു. അവസാനം കൈയിൽ ഇരുന്നിരുന്ന ഒരു മാല ഒരു കുഞ്ഞിനും കഴുത്തിൽ കിടന്നിരുന്ന മാല ഊരി മറ്റേ കുഞ്ഞിനും അവൾ അണിയിച്ചു. ശ്രീ നിറകണ്ണുകളോടെ അവളെ നോക്കിയപ്പോൾ ഇതൊക്കെ അപ്പച്ചി ചെയ്യേണ്ടതാ എന്ന് പറഞ്ഞ് ശ്രീയുടെ മൂക്കിന് വലിച്ചു പിടിച്ചു…

ഉച്ചയ്ക്ക് രണ്ടു കൂട്ടം പായസത്തോടെ സദ്യയോടെ ഊണ് വിളമ്പിയപ്പോൾ എല്ലാത്തിനും ഓടി നടന്നത് ജിതിൻ ആയിരുന്നു. ഭദ്രയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അവനെ തേടി പോയി. അവന്റെ കണ്ണുകളിൽ നിറഞ്ഞ വിഷാദ ഭാവം ഭദ്രയെയും സങ്കടത്തിൽ ആഴ്ത്തിയിരുന്നു.ചോറുണ്ണാൻ നേരം ശ്രീയെ കാണാതെ മുറിയിലേയ്ക്ക് ജിത്തു ചെന്നപ്പോൾ അവൾ കുഞ്ഞുങ്ങൾക്ക് പാല് നൽകുവാണ്…കൂടെ ജെനി ഉണ്ടായിരുന്നെങ്കിലും ജിത്തുവിനെ കണ്ടപ്പോൾ അവർക്ക് പ്രൈവസി നൽകി അവൾ പുറത്തേയ്ക്ക് ഇറങ്ങി…
വഴക്കാണോ…””നല്ല വഴക്കാണ്. രണ്ടു പേരും മത്സരിച് കരച്ചിൽ ആയിരുന്നു. ഇത്രയും ആളും ബഹളവുമെല്ലാം ആദ്യമല്ലേ… അതാകും…”

മടിയിൽ ഇരുന്ന കുഞ്ഞിനെ തോളത്തു കിടത്തി മുതുകിൽ തട്ടി ശ്രീ പറഞ്ഞപ്പോൾ ജിത്തു ഉറങ്ങിക്കിടന്ന കുഞ്ഞിനെ നോക്കി…രണ്ടാമത്തെ കുഞ്ഞിനേയും ഉറക്കി തൊട്ടിലിലേയ്ക്ക് കിടത്തുമ്പോൾ ജിത്തുവിന്റെ കുസൃതി നിറഞ്ഞ നോട്ടം അവളെതേടിഎത്തിയിരുന്നു…ഞൊടിയിടയിൽ അവന്റെ കൈയ്ക്ക് ഉള്ളിലേയ്ക്ക് അവളെ വലിച്ചിട്ട് അവളുടെ കവിളിൽ രണ്ട് കൈയും ചേർത്തുപിടിച് ജിത്തു ശ്രീയെ നോക്കി.ജിത്തേട്ടാ…””ശൂ…”ജിത്തു അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി….”നിധി…”
മ്മ്…”അവൾക്ക് നാണം തോന്നിയില്ല. തല താഴ്ന്നില്ല. പകരം പ്രിയപ്പെട്ടവന്റെ മുഖം കൺ നിറയെ കാണുകയായിരുന്നു അവളപ്പോൾ…

“Thank you for giving this precious moments”
ജിത്തു അവളുടെ കണ്ണുകളിൽ നോക്കി പ്രണയാർദ്രമായി പറഞ്ഞതും അവൾ അവന്റെ നീളൻ മുടിയിഴകളിലേയ്ക്ക് കൈ കടത്തി അവന്റെ തല താഴ്ത്തി ആ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു.Thank you Dhathettaa… ഒരു മകളിൽ നിന്ന് ഭാര്യയാക്കിയതിലും ഭാര്യയിൽ നിന്ന് അമ്മയാക്കിയതിനും…. എന്നെ ഇങ്ങനെ സ്നേഹിക്കുന്നതിനും…. ഒരേ സമയം അച്ചനും മകനും… കാമുകനും… ഭർത്താവും… സഹോദരനുമായി എന്നെ ചേർത്തു നിർത്തുന്നതിനും… Thanks for everything ”

ഒരിക്കൽ കൂടി അവളുടെ അധരങ്ങളുടെ ചൂട് അവന്റെ നെറ്റിയിൽ പതിഞ്ഞു. അവൻ അവളെ നിറഞ്ഞ പുഞ്ചിരിയോടെ ചേർത്തുപിടിച്ചു. ആ സ്നേഹചൂടിൽ ഒതുങ്ങി ശ്രീ കണ്ണുകൾ അടച്ചുനിന്നു…

(തുടരും…)

ഒത്തിരി സ്നേഹത്തോടെ അഗ്നിമിത്ര

Leave a Reply