രചന : അഗ്നിമിത്ര
കലണ്ടറിൽ 6 ആഴ്ചകൾ കൂടി മുന്നോട്ട് പോയി….ശ്രീയും ജിത്തൂവുമെല്ലാം ഇപ്പോൾ തൃശൂരിലാണ്. ജിത്തു ലീവ് ആയതുകൊണ്ട് അവൻ മുഴുവൻ സമയവും വീട്ടിലുണ്ട്. ഭദ്രയോട് ജോലിയ്ക്ക് പോകേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ശ്രീയ്ക്ക് എപ്പോഴും ഓരോരോ അസ്വസ്ഥതകളാണ്. അമ്മൂട്ടി എപ്പോഴും മയിയോടൊപ്പമാണ് നടക്കുന്നത്. അവളുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നതും മയിയാണ്…
അതിനിടയ്ക്ക് ജിത്തു തൃശൂരിൽ തന്നെ സ്ഥലം വാങ്ങി വീട് പണിയാൻ കോൺട്രാക്ട് ഏൽപ്പിച്ചു. വില്ലയിൽ പൊതുവെ സൗകര്യങ്ങൾ കുറവാണ്. അതുകൊണ്ട് ഇരുനില വീട് പണിയാനാണ് അവൻ തീരുമാനിച്ചത്. വീടിന്റെ പ്ലാനും ഇന്റീരിയറും മറ്റു സൗകര്യങ്ങളും എല്ലാം തീരുമാനിച്ചത് ഭദ്രയും മയിയും ശ്രീയും കൂടെയാണ്.വിൻസൻ ജിത്തുവിന് പൈസ നൽകിയെങ്കിലും അവനത് സ്നേഹപൂർവം നിരസിച്ചു. ആവശ്യം ഉണ്ടെങ്കിൽ വാങ്ങിക്കോളാമെന്ന് പറഞ്ഞവൻ ആ പൈസ അദ്ദേഹത്തിന് തന്നെ തിരികെ നൽകി.
മയിയ്ക്ക് ജിത്തുവിനെ പോലെ തന്നെ ഒരു ഡോക്ടർ ആകാനാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി ടൈറ്റ് ആയി നിൽക്കുന്നതിനാൽ അവളാ ആഗ്രഹം മനഃപൂർവം വേണ്ടെന്നു വെച്ചു. അത് മനസ്സിലാക്കിയ പോലെ ശ്രീ ജിത്തുവിനോട് പറഞ്ഞ് അവളെ എൻട്രൻസ് ക്ലാസ്സിന് കൊണ്ടുപോയി ചേർത്തു. അവൾക്ക് പഠിക്കാൻ വേണ്ട ടെക്സ്റ്റും മറ്റുകാര്യങ്ങളും വാങ്ങി നൽകിയത് ഭദ്രയാണ്. ഒരു ചേച്ചിയുടെ അധികാരത്തോടെ… അതുകൊണ്ട് തന്നെ ആരും അവളുടെ ആ അവകാശം നിഷേധിക്കാൻ നിന്നില്ല…ശബരി രണ്ടാഴ്ചയ്ക്ക് മുമ്പ് കുവൈറ്റിലേയ്ക്ക് തിരിച്ചു പോയി…
ശ്രീയ്ക്ക് ഇതിപ്പോൾ ഒൻപതാം മാസമാണ്. രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റാകാനുള്ള കാര്യങ്ങളെല്ലാം തയ്യാറാക്കി വെച്ചിരിയ്ക്കുവാണ്. ഇരട്ടക്കുട്ടികൾ ആയത് കൊണ്ട് ശ്രീയ്ക്ക് നടക്കാനും ഇരിയ്ക്കാനുമൊക്കെവളരെപ്രയാസമാണ്…ആനിയും വിൻസനും കൂടി ഇന്ന് അവളുടെ ഒൻപതാം മാസത്തിലെ ചടങ്ങിന് വരുന്നുണ്ട്. അവരോടൊപ്പം ജെനിയും ആൽബർട്ടും ജിതിനും ഉണ്ട്…ഉച്ചയോട് അടുത്തപ്പോഴാണ് അവർ എത്തുന്നത്. ജിതിനെ കണ്ടതും അമ്മു അവന്റെ അടുത്തേയ്ക്ക് ഓടിയെത്തി…
“ഇതി…”(ജിതി…)അവൾ അവന് നേരെ കൈനീട്ടി….ജിതി അവളെ പൊക്കിയെടുത്ത് വട്ടം കറക്കി. അവൾ കുടുകുടാ ചിരിച്ചു കൊണ്ട് ജിതിന്റെ മുഖത്തേയ്ക്ക് നോക്കി… എന്നിട്ട് അവന്റെ താടിയിൽ പിടിച്ചു വലിച്ചു….”ഡി… ഡി… കാന്താരി… എന്റെ താടി…””കയടി…”
(കരടി..)അമ്മൂട്ടി ജിതിന്റെ കവിളിന് തല്ലികൊണ്ട് വിളിച്ചു…”കരടിയോ… ആരാടി ഇത് പറഞ്ഞു തന്നത്…””മമ്മ…”ജിതിൻ കണ്ണുരുട്ടിയപ്പോൾ അമ്മൂട്ടി കൊഞ്ചലോടെ ശ്രീയെ കൈചൂണ്ടി മറുപടി പറഞ്ഞു… അതുകേട്ടപ്പോഴേ ശ്രീ മുകളിലേയ്ക്ക് നോക്കി…
“ഉള്ള കുരുത്തക്കേട് മുഴുവൻ എന്റെ കൊച്ചിനെ പഠിപ്പിക്കുന്നത് നീയാ അല്ലേ… “ജിതിൻ അമ്മൂട്ടിയുമായി അവളുടെ അടുത്തേയ്ക്ക് ചെന്നു ചെവിയിൽ പിടിച്ചു…”ഏട്ടായി… വേദനിക്കുന്നു… ആഹ്ഹ്ഹ്…”ശ്രീ അവന്റെ കൈയ്ക്ക് പിടിച്ചതും ജിതിൻഅവളെചേർത്തുപിടിച്ചു…”സുഖമാണോടി…””പിന്നെ നല്ല സുഖമാ… കൈയും കാലുമൊക്കെ വേദനയാ ഏട്ടായി… വല്ലാത്ത ശ്വാസം മുട്ടലും കാല് കടച്ചിലും എല്ലാം ആണ്… ഉറക്കം പോലുമില്ല…”
ശ്രീ പരാതി പറഞ്ഞു. ജിതിൻ അവളെ ചേർത്തു പിടിച് അകത്തേയ്ക്ക് നടന്നു.
“വാവകൾക്ക് സുഖമാണോടി…””മ്മ്… രണ്ടുപേരും കൂടി ഇതിനകത്ത് കിടന്ന് വല്ല ഡിജെ പാർട്ടിയും നടത്തുന്നുണ്ടോന്ന് സംശയമുണ്ട്…”ശ്രീ ചിരിയോടെ സെറ്റിയിലേക്ക് ഇരുന്നു. തൊട്ടുപുറകെ ജിത്തുവും ഭദ്രയും ആനിയുമെല്ലാം അകത്തേയ്ക്ക് കയറി…
വിൻസനും ആൽബർട്ടും കൂടി എടുത്തു വെച്ച പലഹാരങ്ങളിൽ നിന്നു ശ്രീ ജിലേബി കൈയിലെടുത്തു. അപ്പോഴേ ജിത്തുവത് തട്ടിയെടുത്തു…”ജിത്തേട്ടാ…”ഒരു എക്സ്ക്യൂസും ഇല്ല മോളേ… അല്ലെങ്കിലേ നിനക്ക് ഷുഗർ കൂടുതലാ. ഡെലിവറിക്ക് ഒരാഴ്ചയെ ഉള്ളൂ. അതുകൊണ്ട് സ്വീറ്റ്സ് ഒന്നും കഴിക്കണ്ട കേട്ടല്ലോ…”
“പോടാ…”ഔ…”ശ്രീ ചുണ്ടുകോട്ടി എണീറ്റതും വയറിന് താങ്ങി അവൾ സെറ്റിയിലേക്ക് തന്നെ ഇരുന്നു…”എന്താടി…”ആവലാതിയോടെ ഒരേ സമയം ജിതിനും ജെനിയും അവളുടെ അടുത്തെത്തി. എന്നാൽ മയിയും ഭദ്രയും ചിരിയടക്കി പിടിച്ചേക്കുവാണ്… ശ്രീയാണെങ്കിൽ ജിത്തുവിനെ കൂർപ്പിച്ചു നോക്കി…”ഡി… എന്നാ വയ്യേ…””എന്റെ പൊന്നു ജിതിയേട്ടാ ഇതൊക്കെ ഇവിടെ പതിവാ… അച്ഛനെ എന്തേലും പറഞ്ഞാ കറക്ട് സമയത്ത് മക്കൾ നല്ല ഡോസ് കൊടുക്കും അതിന്റെയാ ഇപ്പൊ കണ്ടത്… ഇന്നത്തെ കിട്ടിയോ ശ്രീ നിനക്ക് “ഭദ്രയാണ്…”ഉവ്വാ… ഇങ്ങ് വരട്ടെ രണ്ടും. അച്ചന്റെ കൂടെ കിടത്തും ഞാൻ. അച്ഛൻ നോക്കട്ടെ…”
“ഇവിടെ ആരാ ഇപ്പൊ കുഞ്ഞ്… വയറ്റിലുള്ള കുഞ്ഞുങ്ങൾ പോലും നിന്നെക്കാളും ഭേദമാണ്…”
ദേ ഏട്ടായി… വാങ്ങുമെ… വന്നു വന്ന് എന്നെ ആർക്കും വേണ്ട… “”ആർക്ക് വേണ്ടേലും പപ്പയ്ക്ക് വേണം കേട്ടോ…”പിന്നെ… ഇങ്ങ് വാ… എന്റെ ഭാര്യയെ എനിയ്ക്ക് വേണം…””പറ്റില്ല… ഏട്ടത്തിയെ എനിയ്ക്ക് വേണം…””അയ്യാ… എന്റെ പെങ്ങളാ അവള്. എനിയ്ക്ക് വേണം…”ഒരേ സ്വരത്തിൽ ഭദ്രയും ജിതിനും പറഞ്ഞു…”ഓഹ്… ഒന്ന് നിർത്തുവോ… എനിയ്ക്ക് ദേഷ്യം വരൂന്നുണ്ട് കേട്ടോ…”ശ്രീ ചെവിപൊത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു…
ആൽബർട്ട് എല്ലാവരെയും നോക്കി കാണുകയായിരുന്നു… പരസ്പരമുള്ള സ്നേഹവും കരുതലും അവന് അത്ഭുതമായിരുന്നു…ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോഴും വിൻസനാണ് ശ്രീയ്ക്കും മയിക്കും ഭദ്രയ്ക്കും ജെനിയ്ക്കും വാരി കൊടുത്തത്… ജിതിനും ജിത്തുവും ആൽബിയും അവരെ കളിയാക്കിയെങ്കിലും തിരിച്ചു പുശ്ചിച്ചിട്ട് അവർ വീണ്ടും ഭക്ഷണം കഴിക്കൽ തുടർന്നു…
വൈകുന്നേരമായപ്പോൾ ശ്രീയ്ക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറി നടക്കുമെന്ന് ജിത്തുവിന് തോന്നി. അതുകൊണ്ട് തന്നെ അന്ന് വൈകുന്നേരം ശ്രീയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി…
ഹോസ്പിറ്റലിൽ ആനിയും ജിത്തൂവുമാണ് ഉണ്ടായിരുന്നത്…ബാക്കിയെല്ലാവരെയും ജിത്തു പറഞ്ഞു വിട്ടു.പിറ്റേന്ന് നടന്ന അവസാന സ്കാനിംഗിലും പരിശോധനകളിലും ശ്രീയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നും ഇല്ലായിരുന്നു…”മമ്മ… ജിതിന് കല്യാണമൊന്നും നോക്കുന്നില്ലേ… എന്റെ പ്രായമല്ലേ…”എന്റെ ചെറുക്കാ… ജെനിയുടെ കല്യാണം കഴിഞ്ഞതേ ഉള്ളൂ. കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയെന്നാ അവന്റെ അഭിപ്രായം.”
ഉവ്വാ… മമ്മായേ… ഞാനൊരു കാര്യം ചോദിയ്ക്കട്ടെ…”എന്നാടി…”ജിത്തു ചോദിച്ചതിന് ആനി മറുപടി പറഞ്ഞതും തൊട്ടു പുറകെ ശ്രീയുടെ ചോദ്യമെത്തി…”മമ്മേ ഏട്ടായി ഒരു ഹിന്ദു പെണ്ണിനെ കെട്ടുവാണെങ്കിൽ മമ്മ അതിന് സമ്മതിക്കുവോ…”
“ഓ… ഇപ്പൊ ആരാടി ജാതിയിലും മതത്തിലും വിശ്വസിക്കുന്നെ… ഏത് മതവായാലും വീട്ടിൽ വലതു കാൽ വെച്ചു കേറുന്നവൾ നല്ല സ്വഭാവം ഉള്ളവൾ ആയിരിക്കണം. കടപ്പള്ളിയിലെ സംഗീതയെ പോലെ കുടുംബത്തുള്ളവരെ തമ്മിൽ തല്ലിച് പിരിയ്ക്കാൻ നിൽക്കല്ലും… അത്രേ ഉള്ളൂ. പിന്നെ ജാതിയും മതവും നോക്കിയാ എനിക്ക് ഇപ്പൊ രണ്ട് മക്കളേ ഉണ്ടാകുവായിരുന്നുള്ളു… അതൊന്നും നോക്കാത്ത കൊണ്ടല്ലെടി കഴുതേ എനിയ്ക്ക് പേറ്റു നോവറിയാതെ മൂന്നു പെണ്മക്കളെയും രണ്ട് ആണ്മക്കളെയും കിട്ടിയത്…””പപ്പയ്ക്കോ…””അതിയാനും അങ്ങനെ തന്നെയാടി. നിനക്കറിയില്ലേ… ഇച്ചായന് അതിലൊന്നും വലിയ വിഷയം ഒന്നുമില്ല…”
“കെട്ടുന്ന പെണ്ണിന് ഒരു കുഞ്ഞുണ്ടെങ്കിലോ…””നീ എന്നതൊക്കെയാടി പറയുന്നേ… അങ്ങനെ ഒരു ബന്ധം വല്ലതും അവനുണ്ടോ…”ആനി ജിത്തുവിനെയും ശ്രീയെയും മാറി മാറി നോക്കി. അവരുടെ മുഖം വല്ലാതെ മാറിയിരുന്നു…
“മമ്മ പറ…””ഞാൻ സമ്മതിക്കുകേല…””മ്മ്…”
ശ്രീ നിരാശയോടെ മൂളി…”എന്നതാടി കാര്യം. അവന് വല്ലവൾമാരോടും പ്രേമോ മറ്റോ ഉണ്ടോ…”
“ഉണ്ടെങ്കിലോ…”ജിത്തുവാണ് ചോദിച്ചത്…
“ഉണ്ടെങ്കിലെന്നാ… ആദ്യം അവളെ പറ്റി അന്വേഷിക്കും. നമുക്ക് ചേരുന്നതാണെ നല്ല രീതിയിൽ കെട്ടു കല്യാണം അങ്ങ് നടത്തും… അല്ല ഞങ്ങൾ അറിയാതെ വല്ല ഒളിച്ചു കളിയും ഉണ്ടോ… മ്മ് ”
“അത് ഭദ്രയാണെങ്കിലോ…”ഭദ്രയോ… നീ എന്നതാ ഈ പറയുന്നെന്ന് ബോധ്യം ഉണ്ടോ “ആനി കണ്ണു മിഴിച്ചവനെ നോക്കി. പിന്നെ ശ്രീയെയും…
“എനിക്ക് കുറച്ചു നാളായിട്ട് അങ്ങനെയൊരു സംശയം ഉണ്ടായിരുന്നു… കഴിഞ്ഞ ദിവസം ഞാനതങ്ങ് ഉറപ്പിച്ചു…””എന്ന് വെച്ചാ…”
“ജിതിക്ക് ഭദ്രയെ ഇഷ്ടമാ മമ്മാ. അവളോടുള്ള അവന്റെ ബിഹേവിയർ മമ്മാ ശ്രദ്ധിച്ചിട്ടുണ്ടോ… എപ്പോഴും അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കും. എന്നിട്ട് അടി ഉണ്ടാകും. പിന്നെ അമ്മൂട്ടിയെ കാണുമ്പൊൾ അവന് ഉണ്ടാകുന്ന വാത്സല്യം. അവളോടുള്ള കരുതൽ… എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്നുള്ള സംബോധന ഇതെല്ലാം പ്രണയത്തിന്റെ ലക്ഷണമായാ എനിയ്ക്ക് തോന്നിയിട്ടുള്ളെ…”
“അവൾക്കോ…””ഭദ്രയ്ക്കോ മമ്മാ എന്നതാ ഈ ചോദിക്കുന്നെ. അവൾ ഒരാളെ സ്നേഹിച് വിവാഹം കഴിച്ചതാണ്. അയാളെ മറന്ന് ആ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ പ്രതിഷ്ടിക്കാൻ അവളെ കൊണ്ട് അത്ര വേഗം പറ്റുമോ…””അപ്പോ അവളെ എങ്ങനെ സമ്മതിപ്പിക്കും…””അത് നമുക്ക് സമ്മതി… അല്ല എന്നതാ “”ഓഹ് ഈ ചെറുക്കൻ. ടാ മരക്കഴുതേ അവളെ എനിയ്ക്കും ഇഷ്ടവാ… അവളെക്കാളും ഇഷ്ടവാ അമ്മൂട്ടിയെ. രണ്ടുപേരെയും വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ എനിക്കും ഇച്ചായനും ഇഷ്ടമാ. ഞങ്ങളത് എത്ര തവണ പറഞ്ഞിട്ടുണ്ടെന്നോ…”
“അപ്പോ… അവൾ സമ്മതിച്ച ജിതിനും ഭദ്രയും തമ്മിലുള്ള വിവാഹം നടത്തുമോ…””ആഹ് ചെറുക്കാ. നമ്മളെ അറിയാവുന്ന ആളുകളെ കുടുംബത്തേയ്ക്ക് കൈ പിടിച്ചു കയറ്റുന്നതാ നല്ലത്. ഭദ്രയെ നമുക്കറിയാല്ലോ… അത് മതി… ”
“നമുക്ക് ആലോചിക്കാം…””അവനെ കൈയോടെ പൊക്കണം. കണ്ണടച്ചാ അവന് മാത്രേ ഇരുട്ടാകൂ എന്നൊന്നു ബോധ്യപ്പെടുത്തണം…”ആ സമയം തന്നെയാണ് ജിതിൻ അമ്മൂട്ടിയുമായി അകത്തേയ്ക്ക് വന്നത്.”എന്നതാ എല്ലാവരും കൂടി കൊണ്ടു പിടിച്ച ചർച്ച…””അതോ നിന്നെ കെട്ടിക്കാനുള്ള തീരുമാനത്തിലാണ്… നമ്മുടെ ആൽബിയുടെ അമ്മ പറഞ്ഞ ബന്ധവാ. നല്ല ഒന്നാന്തരം ഒരച്ചായത്തി കൊച്ച്…”
“എനിക്കിപ്പോ കല്യാണം വേണ്ട…””അത് നീയല്ല. ഞങ്ങൾ അങ്ങ് ഉറപ്പിച്ചു. ഇച്ചായനും ഇഷ്ടപ്പെട്ടു. ഇവർക്കും. അപ്പോ ബാക്കി നോക്കേണ്ട കാര്യം ഇല്ലല്ലോ. ഇവിടുന്ന് ചെന്നു കഴിഞ്ഞിട്ട് പെണ്ണുകാണാൻ പോണം. രണ്ടു മാസത്തിനുള്ളിൽ മനസമ്മതം. അത് കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ കെട്ടു കല്യാണം…”പറ്റില്ലെന്ന് പറഞ്ഞാ പറ്റില്ല. വേണമെങ്കിൽ പപ്പായോട് കെട്ടിക്കോളാൻ പറ. എനിയ്ക്ക് ഇഷ്ടമുള്ളപ്പോ ഞാൻ കെട്ടിക്കോളാം…”
ആനിയുടെയും ജിതിന്റെയും സംസാരം കേട്ട് ചിരി കടിച്ചു പിടിച്ചിരിയ്ക്കുവാണ് ശ്രീയും ജിത്തുവും…
“അങ്ങേരൊന്ന് കെട്ടിയതാ… ഇനി കെട്ടുന്നില്ല.”
“എങ്കി കെട്ടണ്ട. എനിക്ക് വേണ്ടി ആരെയും നോക്കണ്ട…”മമ്മി അവന് എന്തായാലും കെട്ടണ്ട. നമുക്കെങ്കിൽ ഭദ്രയ്ക്ക് ആലോചിക്കാം ഒരു ചെറുക്കനെ…”ആരെ…”ജിതിൻ ആകാംക്ഷയോടെ ജിത്തുവിനെ നോക്കി…”ഒരു ഡോക്ടറാടാ. ഡോക്ടർ ദീപക്. അവളുടെ നാട്ടിൽ തന്നെയുള്ളതാ. എന്റെ ഫ്രണ്ട്. അവന് ഇവളുടെ കാര്യമൊക്കെ അറിയാവുന്നതാ. “”വേണ്ട വേണ്ട. അതൊന്നും ശരിയാകുകേല… ആദ്യമൊക്കെ അമ്മുവിനെ നന്നായി നോക്കിയാലും പിന്നെ ആ ഒരു സ്നേഹമൊന്നും കാണുകേല…””മമ്മായേ വല്ലതും ചീഞ്ഞു നാറുന്നുണ്ടോ… “”എനിക്കും തോന്നി ജിത്തു ഒരു പ്രേമം ചീഞ്ഞു നാറുന്നു…”
ആനി ജിത്തുവിനെ ന്യായീകരിച്ചു…”മനസ്സിലായല്ലോ. പിന്നെ കൂടുതൽ ചോദിക്കണ്ട കാര്യമുണ്ടോ…”
“എടാ ഗള്ള കാമുക…. നീ എന്റെ ചേച്ചിയെ പ്രേമിക്കുന്നുണ്ടല്ലേ… എപ്പോ തുടങ്ങി…””യെപ്പോ തുങ്ങി…”എപ്പോൾ തുടങ്ങി…)ശ്രീ ചോദിച്ചതും അമ്മുവും കുഞ്ഞി കൈ വിടർത്തി ചോദിച്ചു… ജിത്തു അപ്പോഴേ തലയാട്ടി. ഈ വിശേഷങ്ങൾ അവളുടൻ എല്ലാരേം അറിയിക്കുമെന്ന് അവന് ഉറപ്പായി…”ദേ കുരിപ്പേ… മിണ്ടാതിരുന്നോ… എല്ലാം കണക്കാ…”
ജിതിൻ അതും പറഞ്ഞ് മുങ്ങാൻ പോയതും ജിത്തു പിടിച്ച പിടിയാലേ അവനെ നിർത്തി…”നീ പണഞ്ഞിട്ട് പോയാ മതി…”ആണല്ലേ…”
“പറ…””എപ്പോ തുടങ്ങിയെന്നൊന്നും അറിയില്ലടാ. പക്ഷേ ഇവളുടെ അച്ഛനാകാൻ എനിക്ക് വല്ലാത്ത ആഗ്രഹമാണ്. മകളെ പോലെ കൊണ്ടു നടക്കാനും അച്ഛന്റെ സ്വാതന്ത്ര്യത്തോടെ നെഞ്ചിൽ കിടത്തിയുറക്കാനും കൊഞ്ചിയ്ക്കാനും ഈ ലോകം കാണിച്ചു കൊടുക്കാനുമൊക്കെ വല്ലാത്ത ആഗ്രഹമാണ്…””ഇതൊക്കെ ഇപ്പോഴത്തെ ഇതിൽ തോന്നുന്നതാണെങ്കിലോ…””അല്ലടാ… എനിയ്ക്ക് വേണം ഇവളെ എന്റെ മകളായി. അതു കഴിഞ്ഞേ ഭദ്രയ്ക്ക് പോലും എന്റെ ജീവിതത്തിൽ പ്രാധാന്യം ഉണ്ടാകൂ. നീ അവളുടെ ഏട്ടനല്ലേ… നീ സംസാരിച് സമ്മതിപ്പിക്കണം. ഒരുറപ്പ് ഞാൻ തരാം ജിതിന് ജീവനുള്ള കാലത്തോളം അവളെയും കുഞ്ഞിനേയും എന്റെ കൈവെള്ളയിൽ കൊണ്ടു നടന്നോളാം… കരയിക്കില്ലെന്ന് പറയില്ല. കുരുത്തക്കേട് കാണിച്ചാ നല്ല കീറു കൊടുക്കും. പക്ഷേ രണ്ടുപേരെയും എനിയ്ക്ക് ജീവനാ… അന്ന് അമ്മുവുമായി നിങ്ങൾ ഇങ്ങോട്ട് പോന്നു കഴിഞ്ഞിട്ട് ഞാനൊന്ന് മര്യാദക്ക് ഉറങ്ങിയിട്ട് പോലുമില്ല… പലപ്പോഴും ഇവളെ കാണാൻ എന്ന പേരിൽ ഇങ്ങോട്ടേക്ക് ഓടി വന്നിരുന്നതും അമ്മുവിനെ കാണാനാ…
മമ്മായേ… നിങ്ങൾ സമ്മതിക്കണം. ജിതിന് നല്ലപാതിയായി ഭദ്ര മതി. മൂത്ത മകളായി ദ്യുതികൃഷ്ണ പ്രദീപ് എന്ന അമ്മൂട്ടിയും…”
ജിതിൻ പറഞ്ഞു നിർത്തിയപ്പോൾ ആനിയുടെ ചൊടികളിൽ ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അടയാളമെന്ന പോൽ പുഞ്ചിരി വിടർന്നിരുന്നു…എന്നാൽ ഇതെല്ലാം കേട്ട് ഒരു വാതിലിന് അപ്പുറത്ത് നെഞ്ചുപൊട്ടി ഒരാൾ നിൽപ്പുണ്ടായിരുന്നു… ഭദ്ര…പരിചയപ്പെട്ട നാൾ മുതൽ കൂട്ടുകാരനായി കണ്ടേ പെരുമാറിയിട്ടുള്ളു. തിരിച്ചും അങ്ങനെ ആയിരിക്കും എന്ന അവളുടെ വിശ്വാസമാണ് അവിടെ തകർന്നു വീണത്..
അമ്മൂട്ടിയുമായി ജിതിൻ വന്നിട്ടുണ്ടെന്ന് മയി വിളിച്ചു പറഞ്ഞപ്പോൾ അവളെ കാണാൻ ഓടി വന്നതാണ്… അവൾക്ക് വല്ലാത്ത ശ്വാസം മുട്ടൽ തോന്നി. വാതിൽ തുറക്കാൻ പിടിച്ചിരുന്ന കൈകൾ പിൻവലിച് അവൾ തിരികെ നടന്നു…
അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ നിന്ന് ലീവ് എടുത്ത് ആരോടും ഒന്നും പറയാതെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു… വീട്ടിൽ എത്തിയപാടെ തലവേദനയാണെന്നും പറഞ്ഞവൾ കതകടച്ചു…
ടേബിളിൽ ഇരിക്കുന്ന പ്രദീപിന്റെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് നെഞ്ചു പൊട്ടുന്ന പോലെ തോന്നി….
ആ ഫോട്ടോയും നെഞ്ചിലമർത്തി കട്ടിലിലേയ്ക്ക് കിടന്ന് പരിഭവങ്ങൾ ഓരോന്നായി പ്രിയപ്പെട്ടവനോട് ചൊല്ലിയവൾ കണ്ണീർ വാർത്തു…
(തുടരും…)
ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര 🔥