June 14, 2025

മായാമയൂരം : ഭാഗം 01

രചന – സായ്ഹാന

” മാഡം… !!”

ഡ്രൈവറുടെ വിളി കേട്ട് അർപ്പിത പുറത്തേക്കു നോക്കി..
മൂകാംബികാ ക്ഷേത്ര സന്നിധിയാണ്..!!
എല്ലായിടവും ശബ്ദ മുഖരിതം..!

ഒരു വർഷം മുമ്പ് യു.എസിൽ നിന്ന് മടങ്ങി വന്ന ശേഷമാണ് ഇവിടെ സ്ഥിരമാക്കിയത്..
നാട്ടിലെ ഏതെങ്കിലും ബിസിനസ് സ്ഥാപനം നോക്കി നടത്താൻ ഏട്ടൻ പറഞ്ഞതാണ്. പക്ഷേ, ഒരു മാറ്റം വേണമായിരുന്നു..!
എല്ലാറ്റിൽ നിന്നും…!!

ഇവിടത്തെ ട്രാവൽ ഏജൻസി കൂടി നോക്കാൻ പറ്റുന്നില്ല; വിൽക്കാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ താൻ തന്നെയാണ് പറഞ്ഞത്, ഒരു കൈ നോക്കാം…!
ലാഭമായാലും, നഷ്ടമായാലും ദേവീ സന്നിധിയല്ലേ…?

പിന്നെ, ഇത്രയും വർഷത്തെ ജീവിതത്തിൻ്റെ ബാലൻസ് ഷീറ്റ് തന്നെ നോക്കി പരിഹസിക്കുന്നുമുണ്ട്..
നാട്ടിലേക്കു പോയാൽ ഏതെങ്കിലും ബിസിനസും നോക്കി, തിരക്കുകളിൽ ഉഴറി, ഒഴിവു സമയങ്ങൾ ക്ലബുകളും, പാർട്ടികളുമായി നടക്കാം..!

അത് പക്ഷേ സന്തോഷം തരില്ല..!
ഇവിടെയാണെങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ദേവിയെ തൊഴാം..
ആ ഭക്തിഗാനസുധ കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യാം..!
ഉഡുപ്പി ടൗണിൻ്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞാണ് സ്റ്റാർ ലൈൻ ട്രാവൽസ് ഓഫീസും, ഹോട്ടലുകളും..
നല്ല സർവ്വീസും അഫോർഡബിൾ റേറ്റും തിരക്കി വരുന്ന, മിഡിൽ ക്ലാസ്, ഹൈ ക്ലാസ് വിഭാഗങ്ങൾക്കു പറ്റിയ എല്ലാ സൗകര്യങ്ങളുമുണ്ട്.

തീർത്ഥാടന പാക്കേജ് മാത്രമല്ല, മറ്റേതൊരു ട്രാവൽ ഏജൻസിയിലേയും സേവനങ്ങൾ ഇവിടെയുമുണ്ട്.

അവൾ കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ച് പുറത്തിറങ്ങി.. മുന്നോട്ടു നടക്കുമ്പോൾ പല തരം കടകളുണ്ട്.. പൂജാ സാധനങ്ങൾ ,ദൈവങ്ങളുടെ ചിത്രങ്ങൾ, ക്ഷേത്രത്തിൽ ധരിക്കാൻ പറ്റിയ കസവു വേഷ്ടികൾ മുതലായ വസ്ത്രങ്ങൾ..!
അവയ്ക്കിടയിൽ ഒരു കസവു കരയൻ ദാവണി കണ്ണിൽപ്പെട്ടു…
നെഞ്ചിൽ അറിയാതൊരു പിടച്ചിൽ..!

കസവു ദാവണിയും, പാവാടയും, മെറൂൺ കളർ ബ്രൊക്കേഡ് ബ്ലൗസും, കൈ നിറയെ കറുപ്പും, ചുവപ്പും കുപ്പിവളകളും അണിഞ്ഞു വന്നപ്പോൾ തിളങ്ങിയ രണ്ടു കണ്ണുകൾ…!!

ചുണ്ടിൽ വിരിഞ്ഞ കുസൃതിച്ചിരിയെ ആൾ സമൃദ്ധമായ താടി, മീശ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെങ്കിലും, ആ നോട്ടത്തിൽ താനൊരു താമര പോൽ വിടർന്നു പോയി…!! ചുണ്ടിലിപ്പോഴും ആ നനുത്ത ചുംബനത്തിൻ്റെ നനവ്..!
ഇടുപ്പിലമർന്ന വിരലുകൾ പകർന്ന ചൂടും, സുഖമുള്ള നോവും…!!

അർപ്പിത കണ്ണുകളൊന്നിറുകെയടച്ചു തുറന്നു..
മറക്കാൻ ശ്രമിച്ചിട്ടും, വീണ്ടും ആ മുഖം ആഴത്തിൽ കൊത്തി വെച്ച മനസ്സിനെയും, ഹൃദയത്തെയും ശാസിച്ചു കൊണ്ട് വാശിയോടെ മുന്നോട്ടു നടന്നു..!!

………………*………………..*………………

ഓഫീസിലെത്തുമ്പോൾ മാനേജർ കം സൂപ്പർ വൈസർ ആയ മധുപാൽ ആരോടോ ഫോണിലൂടെ ദേഷ്യപ്പെടുകയാണ്..

“എന്താ മധുവേട്ടാ…?”
അവൾ തിരക്കി.
” അത്… കുഞ്ഞേ… DK ട്രാവൽസിൻ്റെ ഒരു ബസ് ബ്രേക്ക് ഡൗണായി വഴീൽക്കെടക്കുവാ.. നമ്മുടെ ഒരു വണ്ടി പകരം വിടാവോന്ന് ചോദിക്കുവാരുന്നു.

നിലവിൽ നമ്മുടെ വണ്ടികളെല്ലാം ഓൺ ദ റോഡ് ആണ്.. പിന്നെ സബ്സ്റ്റിറ്റ്യൂട്ട് അയക്കാറുള്ള ബസ് റിപ്പയറിങ്ങിനു കേറ്റീട്ട് കിട്ടീല്ല. ഒരാഴ്ചത്തെ സാവകാശം അവരു പറഞ്ഞേക്കുന്നതാ..!”

ഇതെല്ലാം ടൂറിസ്റ്റ് ബസ് സെക്ഷനിലെ പതിവു കാഴ്ചകളായതു കൊണ്ട് അവൾ അകത്തേക്കു പോയി..
ആഴ്ചയിൽ മൂന്നുദിവസം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റാർ ലൈൻ ഗ്രൂപ്പിൻ്റെ ബസ് സർവീസുകൾ ലഭ്യമാണ്. തിരികെ അതേ ബസിൽ മടങ്ങുകയുമാവാം..!

ഇൻ്റർസ്റ്റേറ്റ് ബസ് സർവീസുകൾ മാത്രമല്ല, ട്രെയിൻ, എയർലൈൻസ് പാക്കേജുകളും അവർ കൈകാര്യം ചെയ്യുന്നുണ്ട്..

അർപ്പിത തൻ്റെ ക്യാബിനിൽ എത്തി സീറ്റിലേക്കിരുന്നതും, DK ഗ്രൂപ്പിൻ്റെ മാനേജറുടെ ഫോൺ വന്നു –

“മാഡം… പ്ലീസ് ഒന്നു ഹെൽപ്പ് ചെയ്യണം.. ഇതിൻ്റെ മുഴുവൻ ലാഭവും നിങ്ങളെടുത്തോളൂ.. വയസ്സായവർ മുതൽ കൊച്ചു കുട്ടികൾ വരെയുണ്ട് ആ ഗ്രൂപ്പിൽ..! ബസ് ഇങ്ങനെ പണി മുടക്കുമെന്ന് വിചാരിച്ചതേയില്ല…! ”

അർപ്പിത ഒരു നിമിഷം ആലോചിച്ചു –

ഇങ്ങനെയുള്ള അവസരങ്ങളിൽ ടാക്സിക്കാർ നന്നായി മുതലെടുപ്പു നടത്താറുണ്ട്..
വൃദ്ധരെയും, യുവതികളെയും, കുട്ടികളെയും കൊണ്ട് പരിചയമില്ലാത്തൊരിടത്ത് പെട്ടു പോയാലുള്ള അവസ്ഥ..!

“ഞാനൊന്നു ട്രൈ ചെയ്യട്ടെ.. ഐ വിൽ കാൾ യൂ ഇൻ ടെൻ മിനിട്സ്..!”

കോൾ കട്ട് ചെയ്ത ശേഷം അവൾ മധുപാലിനെ വിളിച്ച്, ഇന്നു രാവിലെ എത്തിയ തങ്ങളുടെ ബസ് കൊണ്ടുവരാനും, ഇന്ന് ഓഫ് ആയിട്ടുള്ള രണ്ടു സ്റ്റാഫിനെ വിളിച്ച് യാത്രക്കാരെ DK ഗ്രൂപ്പ് ഏർപ്പാടാക്കിയ സ്ഥലത്ത് എത്തിക്കാനും നിർദ്ദേശിച്ചു .

വിവരം അവരെ വിളിച്ച് നേരിട്ടറിയിക്കയും ചെയ്തു .
പിന്നെ തങ്ങളുടെ ഹോട്ടൽ ഗ്രൂപ്പുകളുടെ തിരക്കുകളിലേക്കൂളിയിട്ടു..!
DK ഗ്രൂപ്പ്സ് പുതിയ തീർത്ഥാടകരെ ഒരു നന്ദിയെന്നോണം സ്റ്റാർലൈൻസിൻ്റെ ത്രീ സ്റ്റാർ ഹോട്ടലിലേക്കാണ് അയച്ചത്..
റൂംസെല്ലാം ഓക്കേയാണെന്ന് ഹോട്ടലിൽ വിളിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് അവൾ ഊണു കഴിക്കാനിരുന്നത്.
കൈ കഴുകി വരുമ്പോഴേയ്ക്കും ഫോൺ ബെല്ലടിച്ചു..
അർപ്പിതയുടെ ചേട്ടൻ അർജുനാണ്…

“ആരൂ… പിറന്നാളായിട്ട് നീ അമ്പലത്തിൽ പോയാരുന്നോ…? ”
ഒന്ന് അമ്പരന്നു..!
ഇന്നാണ് ആ ദിനമെന്ന് ഓർത്തതു കൂടിയില്ല..!

“ഉവ്വ് ഏട്ടാ…”
അവൾ പറഞ്ഞു –
“ഏട്ടത്തീം, കുഞ്ഞീമെവിടെ..?”
“എൻ്റടുത്തുണ്ട്…!”
അർജുൻ്റെ ശബ്ദത്തിലെ മ്ലാനത തിരിച്ചറിഞ്ഞ് അർപ്പിത വീണ്ടും ചോദിച്ചു –

“എന്താ ഒരുഷാറില്ലാത്തെ..? ഭാര്യേം, ഭർത്താവും തമ്മിൽ പെണങ്ങിയോ..?”

“അതൊന്നുമല്ല ടീ..”
അജുവിൻ്റെ ഭാര്യ ഋതികയാണ് മറുപടി കൊടുത്തത്.
” നിനക്കൊരു ബെർത്ഡേ ഗിഫ്റ്റ് എന്തു തരുംന്നാ ഏട്ടൻ്റെ വെഷമം.. ”

അർപ്പിത ചിരിച്ചു –
” ഞാൻ കുട്ടിയായിരിക്കുമ്പോ ഏട്ടൻ എല്ലാം തന്നിട്ടൊണ്ട്. ഇനിയീ പത്തിരുപത്തഞ്ച് വയസായപ്പോ എന്തിന് ഗിഫ്റ്റ്..? സത്യം പറഞ്ഞാ ഇപ്പോ ഏട്ടൻ പറഞ്ഞപ്പഴാ ഞാനിക്കാര്യം ഓർത്തതു തന്നെ..! എല്ലാ ആഴ്ചേം പോണതു പോലെ ഇന്നും അമ്പലത്തിൽ പോയി. അത്രേള്ളൂ…!”

“ആരൂ… നിനക്ക് ഏട്ടനോടു ദേഷ്യംണ്ടോ…?
ദേവ്..!!
അവൻ്റെ വിവാഹം കഴിഞ്ഞു… അല്ലേൽ ഞാൻ …! ”
അജുവിനെ തുടരാൻ അനുവദിക്കാതെ അർപ്പിത തടഞ്ഞു –

“ഏട്ടാ… പ്ലീസ്…!! ഞാനതെല്ലാം വിട്ടു.. പിന്നെ ദേവ് വിവാഹം കഴിച്ചത് തെറ്റൊന്നുമല്ലല്ലോ..! ആദ്യം കല്യാണം കഴിഞ്ഞത് എൻ്റെയല്ലേ..?
അവരെങ്കിലും സന്തോഷമായി ജീവിക്കട്ടെ…!”

ഏട്ടൻ്റെ കൺഫെഷൻ കേട്ട് സത്യത്തിൽ ചിരിയാണ് വന്നത്..!

മോഡേണായി ജനിച്ചു വളർന്ന, ഉറച്ച വ്യക്തിത്വവും, നിലപാടുകളുമുള്ള അനിയത്തിയെ ഒരു പഴയ കോവിലകത്തെ, കൂട്ടു കുടുംബത്തിലേക്കും, ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പഴയ ആചാരങ്ങൾക്കിടയിലേക്കും വിട്ടു കൊടുക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞയാളാണ്..!!

അവിടത്തെയാളുകൾ അഭ്യസ്ത വിദ്യരാണെന്നും, ആ ഗ്രാമത്തിനു വെളിയിൽ മികച്ച ജോലി ചെയ്യുന്നവരാണെന്നും ഒന്നും തന്നെ ഏട്ടൻ ചിന്തിച്ചു കൂടിയില്ല..!!

അർപ്പിത ഫോൺ കട്ട് ചെയ്തു.. ചോറു പാത്രം അടച്ചു വെച്ച് എണീറ്റു..
കസേരയിൽ ചാഞ്ഞ് കണ്ണടച്ചിരിക്കുമ്പോൾ, കാതിൽ
“അപ്പൂസേ…!”
എന്നൊരു മന്ത്രണം കേട്ടു .
എന്തിനായിരുന്നു ഇതമേൽ പരസ്പരം അടുപ്പിച്ചത്..?
അവൾ മനസ്സിൽ ദേവിയോടു പരിഭവിച്ചു..

ഇനിയും, ഒറ്റയ്ക്ക് താണ്ടാനുള്ള ജീവിത ദൈർഘ്യമോർക്കവേ , കടുത്ത ശൂന്യതാ ബോധം ഉള്ളിൽ നിറഞ്ഞു ..!

……………..*…………………*………………

സ്റ്റാർ ലൈൻ ഹോട്ടലിൻ്റെ കുറച്ചു മാറി അവരുടെ തന്നെ ഒരു ഓൾഡേജ് ഹോമുണ്ട്..
ക്ഷേത്രനടയിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങൾക്കു വേണ്ടിയാണ് അർജുൻ അത് തുടങ്ങിയത്..

അവൻ വിളിച്ചു പറഞ്ഞതനുസരിച്ച് മധുപാൽ അർപ്പിതയ്ക്കു വേണ്ടി ഒരു ചെറിയ ആഘോഷം ഓൾഡ് ഏജ് ഹോമിൽ ഏർപ്പാടാക്കിയിരുന്നു.. സ്റ്റാഫുകളും ,അവിടുത്തെ അന്തേവാസികളും, അർപ്പിതയും..!!
ഒരു കേക്ക് കട്ടിങ്ങ്..
പിന്നെ ഒരു ചെറിയ പാർട്ടിയും..വീഡിയോ കോളിലൂടെ, അജുവും, ഋതികയും മകൾ കുഞ്ഞിയും അർപ്പിതയ്ക്ക് ആശംസകൾ നേർന്നു..

ചായ സൽക്കാരം കഴിഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് അവൾ
താമസസ്ഥലത്തേക്കു പോകാനിറങ്ങി.
കാർ ഹോട്ടലിനു മുന്നിലെത്താറായപ്പോൾ , ക്ഷേത്ര ദർശനത്തിനുള്ളവർ ഒറ്റയായും, ചെറുസംഘങ്ങളായും റോഡിലൂടെ പോകുന്നുണ്ടായിരുന്നു..!

” ഇവരാണ് രാവിലെ ആ ബസിൽ വന്നവർ..! ”
ഒപ്പമുണ്ടായിരുന്ന മധുപാൽ പറഞ്ഞു .

കുറുമ്പനായൊരു ആൺകുട്ടി അമ്മയുടെ കൈ വിടുവിച്ച്, ഓടുന്നു…
” അമ്പൂ.. അവിടെ നിക്ക്.. ”
സെറ്റും, മുണ്ടും ധരിച്ച ഒരു യുവതി അവൻ്റെ പിന്നാലെയുണ്ട്..

” അമ്പു…!!”
ചെറുചിരിയോടെ അർപ്പിത ഓർത്തു –

“ചിപ്പി പറയുമായിരുന്നു – ‘എനിക്കുണ്ടാകുന്നത് മോനാണെങ്കിൽ അമ്പൂന്ന് വിളിക്കും’ എന്ന്..!!

രണ്ടു വയസ് തോന്നിക്കുന്ന ആ കുറുമ്പനെ പിടിച്ചു നിർത്തി, ആദ്യം ശാസിച്ച ശേഷം ചിരിയോടെ എടുത്തുയർത്തിയ യുവതി പിന്നിലേക്കു തിരിഞ്ഞപ്പോഴാണ് അർപ്പിത കണ്ടത്..!
ചിപ്പി….!!
അവൾക്കൊപ്പം സുമുഖനായൊരു യുവാവും നടന്നെത്തി , മോനെ കയ്യിൽ വാങ്ങി..

ഒരു നിമിഷം…
അർപ്പിതയുടെ കണ്ണുകൾ ഹോട്ടലിൻ്റെ ഗേറ്റിലേക്ക് നീണ്ടു..
ചിപ്പിയുടെ വല്യേട്ടൻ സൂര്യനാരായണൻ… ഒപ്പം ഭാര്യ ശാരിക, മക്കൾ…
പിന്നാലെ കൊച്ചേട്ടൻ നന്ദകിഷോർ, ഭാര്യ മിത്ര. അവരുടെ രണ്ട് ഇരട്ട പെൺകുട്ടികൾ..!
അവർക്കൊപ്പം മറ്റൊരു യുവതിയും..!!
കയ്യിൽ ഏഴെട്ടു മാസം തോന്നിക്കുന്നൊരു കുട്ടിയുമുണ്ട്..

ഇനിയും നോക്കാൻ അശക്തയാണെന്നു കരുതുമ്പോഴേയ്ക്കും, ഇടം കൈവിരലുകൾ കൊണ്ട് മുടി ഒന്നു കോതി പിന്നിലേക്കാക്കി , വലംകയ്യടുത്ത് സമൃദ്ധമായ താടി, മീശ രോമങ്ങൾ ഒതുക്കി വെച്ചു കൊണ്ട്, കസവു കരയുള്ള വെള്ളമുണ്ടും, കറുത്ത ഷർട്ടും ധരിച്ചൊരാൾ ധൃതിയിൽ ആ യുവതിക്കൊപ്പമെത്തി..

കുഞ്ഞ് അയാളെ കണ്ടതും കൈ നീട്ടി..

യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റെ
ഗാംഭീര്യത്തോടെ നടന്നു പോകുന്നവനെ നോക്കിയിരിക്കെ അർപ്പിതയ്ക്കു മുന്നിൽ സമയം നിലച്ചു…!!

” അപ്പൂസേ… നീയില്ലാതെ ഞാൻ എങ്ങനെ…? രമണനും,
പരീക്കുട്ടിയുമൊക്കെ ,പെണ്ണിന് വേണ്ടി വിലപ്പെട്ട സ്വന്തം ജീവൻ കളഞ്ഞവരെന്ന്
പുച്ഛിച്ചു നടന്നവനാ ഞാൻ…!
പക്ഷേ… ഇപ്പോ മനസ്സിലാവുന്നു…!
ഹൃദയം പറിച്ചെടുക്കുന്ന വേദന…!! സഹിക്കാൻ പറ്റണില്ലെടീ…!!?
നിൻ്റെ കണ്ണു നനയിക്കാതെ ഞാൻ നോക്കൂലേ…? നിനക്കറിഞ്ഞൂടേ,
ഐ കാണ്ട് മിസ് യൂ …!
ദാറ്റ് മച്ച് ഐ ലവ് യൂ..!!?”

ആർക്കു മുന്നിലും തല കുനിയ്ക്കാത്ത ദേവർഷ് എന്ന ദേവ്…!
അർപ്പിതാ രാജേന്ദ്രൻ്റെ മുന്നിൽ ഈറൻ മിഴികളോടെയും, വിതുമ്പുന്ന ചുണ്ടുകളോടെയും നിന്നു…!!

അവസാനമായി കണ്ടു യാത്ര പറഞ്ഞപ്പോൾ ഗാഢമായൊരാലിംഗനത്തിൽ മുറുക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു –

“മറ്റൊരു പെണ്ണിനെ പ്രാപിക്കാൻ എനിക്കു കഴിയില്ലപ്പൂ…! എൻ്റെ ആത്മാവിലലിഞ്ഞവളല്ലേ നീ..!?”

കുഞ്ഞിനെയും കൊണ്ട് നടന്നകലുന്ന ദേവിൻ്റെ രൂപം കണ്ണീരിനപ്പുറം മറഞ്ഞപ്പോൾ അർപ്പിത നിശ്വസിച്ചു..!
മനസ്സോടെയല്ലെങ്കിലും, മറ്റൊരുവൻ്റെ താലി സ്വീകരിച്ചവളാണ് താനും…!!

ആഗ്രഹത്തോടെയല്ലെങ്കിലും അയാളെ ശരീരം കൊണ്ടും ഏറ്റു വാങ്ങിയവളാണ്…!! പിന്നെങ്ങനെ അദ്ദേഹം മാത്രം തെറ്റുകാരനാകും..?

” മാഡം….!”
മധുപാലിൻ്റെ വിളിയാണ് വർത്തമാനകാലത്തേക്ക് തിരികെ കൊണ്ടുവന്നത്…

അവൾ ഒന്നും മിണ്ടാതെ കാർ മുന്നോട്ടെടുത്തു…
മനസ്സിലൂടെ 12 വയസ്സുകാരനായ ഒരേട്ടൻ്റെയും , 2 വയസ്സു മാത്രം പ്രായമുള്ള അനിയത്തിയുടെയും ജീവിതം ചലച്ചിത്രം പോലെ തെളിഞ്ഞു…

12 വയസ്സിൽ 2 വയസ്സ് കാരിയുടെ അച്ഛൻ്റെയും, അമ്മയുടെയും റോൾ ഏറ്റെടുക്കേണ്ടി വന്ന അർജുൻ..!
ഏട്ടൻ്റെ ഇഷ്ടങ്ങളെ മാത്രം സ്നേഹിച്ച അർപ്പിത…!!

അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന നന്തിയാട്ട് തറവാട്ടിലെ ദേവർഷ് എന്ന ദേവ്….!!!

…………………. (തുടരും)………………….

 

Leave a Reply