June 25, 2024

മാറ്റക്കല്യാണം : ഭാഗം 04

രചന – സുധീ മുട്ടം

രാവിലെ ഞാൻ ഉണരുമ്പോൾ മുറിയിൽ താമരയില്ല..ഈ സാധനം എവിടെന്ന് ചിന്തിച്ചു ഞാൻ പുറത്തേക്കിറങ്ങി.അടുക്കളയിൽ ചെന്നപ്പോൾ കണ്ടു രണ്ടും കൂടി ചക്കരക്കുടത്തിൽ ഒട്ടിയിരിക്കുന്നു.എന്റെ അമ്മയും തമിഴത്തിപ്പെണ്ണും കൂടി.

“ഇതെന്നതാ രണ്ടും കൂടി എപ്പോഴും ഒട്ടിയിരിക്കുന്നത്”

മനസ്സിലെ സംശയം ചോദിച്ചതേയുള്ളൂ അതിന് അകമ്പടിയായി അമ്മയുടെ സ്പെഷ്യലെത്തി..പ്ഫാ എന്നുളള ആട്ട്.

“എനിക്കൊരു മോളില്ലാത്തതാ..ഞാൻ ഇവളെയങ്ങ് സ്നേഹിക്കുവാ.കൊതി തീരും വരെ ”

“അതിനെന്താ ഞാൻ പറഞ്ഞോ സ്നേഹിക്കണ്ടാന്ന്.ദിത് എപ്പോഴും കണ്ടാൽ മതി”

അത്രയും പറഞ്ഞു പെട്ടെന്ന് ഇറങ്ങിപ്പോന്നു..അമ്മയുടെ വായിൽ നിന്ന് സരസ്വതി കേൾക്കാനുളള ത്രാണി കൂടിയില്ല.

ഞാൻ ചെന്ന് കിടക്കയിലേക്ക് നീണ്ട് മലർന്ന് കിടന്നു.മനസ്സിൽ ഇതുവരെയുള്ളതൊക്കെ വെറുതെയൊന്ന് സങ്കൽപ്പിച്ചു നോക്കി.

ഒരുദിവസം കൊണ്ട് എന്തെല്ലാം മാറി മറിഞ്ഞു..എവിടെയോ കിടന്ന തമിഴത്തിപ്പെണ്ണ് ഞാനുമായി പരിചയപ്പെടുന്നു..എന്റെ കൂടെ വീട്ടിലേക്ക് വരുന്നു.ഒടുവിലവൾ എന്റെ മുറിയിൽ കിടക്കുന്നു.

“സർ ചായ”

അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു നോക്കി..നീട്ടിപ്പിടിച്ച ചായഗ്ലാസുമായി താമര നിൽക്കുന്നു. എഴുന്നേറ്റു അവളെ ആപാദചൂഡമൊന്ന് വീക്ഷിച്ചു..

സാരിയും ബ്ലൗസുമാണ് വേഷം.കുളികഴിഞ്ഞു മുടി തോർത്തും കൂടി ഇഴകലർത്തി കെട്ടിവെച്ചിട്ടുണ്ട്.ചെന്നിയിലൂടെ വെളളത്തുള്ളികൾ ഊർന്നിറങ്ങുന്നു.തണുപ്പിനാൽ ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്.

ശ്രീകോവിലിൽ നിന്ന് ഭഗവതി നേരിട്ട് വന്നിറങ്ങിയ പോലെ.അടിച്ചു നനച്ച് കുളിയും തേവാരവും കഴിഞ്ഞതോടെ പെണ്ണ് സുന്ദരിയായിട്ടുണ്ട്.മുഖത്ത് തെളിച്ചം കൂടി.. മിഴികളിൽ ഊർജ്ജസ്വലതയും നിറഞ്ഞിട്ടുണ്ട്.

എന്റെ നോട്ടം കണ്ടാകും താമര തല കുനിച്ചു..അല്ലെങ്കിലും എന്നെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ നോട്ടം കുറച്ചു പ്രശ്നക്കാരനാണ്.ഒരുമാതിരി  ആർത്തി പിടിച്ച നോട്ടം‌.അതങ്ങനെ അല്ല എനിക്കെങ്കിലും കാണുന്നവർക്ക് അങ്ങനെയേ തോന്നൂ.കള്ളകാക്ക ചരിഞ്ഞ് നോക്കാറില്ലേ ഏകദേശം അതുപോലെ.

“സർ ചായ”

താമരയുടെ വീണ്ടും ഉയർന്നതും ഞാൻ ചായ വാങ്ങി..അറിയാതെ എന്റെ കൈവിരൽ അവളെ സ്പർശിച്ചു.സത്യം ഞാൻ പോലും അറിഞ്ഞില്ല.

ലവൾ കറന്റ് കമ്പിയിൽ തൊട്ടത് പോലെ പിന്നിലേക്കൊരു ചാട്ടവും  ചെറഞ്ഞൊരു നോട്ടം..ഞാനെന്തോ വലിയ തെറ്റ് ചെയ്തെന്നൊരു ഭാവം മുഖത്ത്.

ചായ കുടിച്ചിട്ട് ഗ്ലാസ് താമരക്ക് നേരെ നീട്ടി..കുറച്ചു അകന്ന് നിന്നാണ് അവളത് വാങ്ങിയത്.

ഞാൻ മെല്ലെ എഴുന്നേറ്റു.. കുളിയൊക്കെ പാസാക്കി കുറച്ചു ഉന്മേഷം കൈവരട്ടെയെന്ന് കരുതി.

“സർ..ഞാൻ പാവമാണ്..എന്നെ ഉപദ്രവിക്കരുത്”

ശ്ശെടാ.. ഇതെന്ത് കൂത്ത്..കണ്ണ് നിറച്ച് ഇപ്പോൾ ഉറക്കെ അലറിക്കൂവുമെന്ന ഭാവം മുഖത്ത്.

“എന്തോന്നാടി ഇത് എനിക്കൊന്ന് അനങ്ങാൻ പറ്റില്ലേ..ഞാനിപ്പോൾ നിന്നെ റേപ്പ് ചെയ്യാൻ വന്നതു പോലെയുണ്ടല്ലോ നിന്റെ മുഖം കണ്ടാൽ”

“അത് പിന്നെ സാറിന്റെ നോട്ടവും..വിരലിൽ സ്പർശിച്ചതുമൊക്കെ കൂട്ടി കിഴിച്ചപ്പോൾ”

വിളറിയൊരു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു.

“ഒരുമിച്ച് യാത്ര ചെയ്യാം..ഒരുമുറിയിലുറങ്ങാം..എന്നിട്ടും നിനക്കെ എന്തിന്റെ കേടാടീ”

കോപത്തോടെ ഞാനലറിയതും ലവൾ വലിയ വായിൽ നിലവിളി തുടങ്ങി.. കേൾക്കാൻ കാത്ത് നിന്നതു പോലെ
“എന്താടാ അവിടെ എന്റെ കൊച്ച് എന്തിനാ കരയുന്നത്” എന്ന് ചോദിച്ചു കോറസുമിട്ട് അമ്മ പാഞ്ഞെത്തി.

“എന്റെ അമ്മേ ഒന്ന് പതുക്കെ..തൊള്ള തുറന്ന് അയൽക്കാരെ ഉണർത്താതെ”

ഞാൻ സ്വരം അൽപ്പം മയപ്പെടുത്തി.

കോപം വരുമ്പോൾ അമ്മയുടെ ശബ്ദം പതിവിൽ കവിഞ്ഞ് ഉയരും..എനിക്കും അതേ സ്വഭാവമാ കിട്ടിയത്.

“എന്താടാ എന്റെ മോള് കരഞ്ഞത്”

“അവളോട് ചോദിക്ക് എന്തിനാണെന്ന്”

ഞാൻ മസിലും പിടിച്ചു നിന്നു..എന്റെ മുഖത്തേക്ക് നോക്കിയ താമരയെ ഞാൻ കണ്ണുകളാൽ അടയാളം നൽകി.എന്നെ ഒറ്റു കൊടുക്കരുതെന്ന്..അതു മനസ്സിലായോ എന്തോ അവളുടെ ചുണ്ടിലൊരു നറുനിലാവ് തെളിഞ്ഞു.

“അതമ്മാ ഒരുപാറ്റാ”

“ഡാ ഇന്ന് ഹിറ്റ് വാങ്ങി വരണം‌‌..പാറ്റായെ മുഴുവനും കൊല്ലണം.എന്റെ മോൾക്ക് പേടിയാ.പറഞ്ഞത് കേട്ടോ”

“ഉവ്വ്”

ഇതെന്താ കഥ.. എവിടെയൊ കിടന്ന പെണ്ണിന് പാറ്റായെ പേടിയാണെന്ന് പറഞ്ഞു എല്ലാത്തിനെയും ഞാൻ കൊല്ലണമത്രേ..അമ്മേടെ സംസാരം കേട്ടാൽ തോന്നും എനിക്ക് പട്ടാളത്തിൽ ഇതാ പണിയെന്ന്”

“ഡാ രാവിലെ കുളിച്ചൊരുങ്ങി വല്ലതും കഴിക്കാൻ നോക്ക്…എന്നിട്ട് മോളുമായി പുറത്തേക്കൊന്ന് കറങ്ങ്‌‌..എല്ലായിടവും ഇവളൊന്ന് മനസ്സിലാക്കട്ടെ”

ആഹാ..ബെസ്റ്റ്..ഇനി ഇവളെ ആനയിച്ചു നടക്കാത്തതിന്റെ കുറവു കൂടിയുള്ളൂ..

മനസിൽ പറഞ്ഞിട്ട് അമ്മയെ നോക്കി..

“അമ്മേ അമ്മ എപ്പോഴും ഗോളടിച്ചോണ്ടിരുന്നാൽ പന്ത് പഴഞ്ചനായി പോകും”

“ഓഹോ..സാരമില്ല ഞാൻ പന്ത് പുതിയത് വാങ്ങിച്ചോളാം..സത്പുത്രൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി”

അമ്മയാരാ മോള് എന്നെ വിറ്റ കാശുകൂടി കീശയിലിട്ടാ നടക്കണത്.

അമ്മ പൊന്നുമോളെയും കൂട്ടി മുറിവിട്ടിറങ്ങി..കണ്ണിൽ നിന്ന് മറയും മുമ്പ താമര എന്നെയൊന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. എനിക്ക് അപ്പോൾ തോന്നിയത് കണ്ണിറുക്കി കാണിക്കാനാണ്..മടിച്ചു നിന്നില്ല..ഒരെണ്ണം നന്നായി കൊടുത്തു.അവളുടെ മുഖം വല്ലാതായി..

അവളോട് പ്രതികാരം ചെയ്ത സന്തോഷത്തോടെ നീരാട്ടിനിറങ്ങി…കുളി കഴിഞ്ഞു മുണ്ടും ഷർട്ടും ധരിച്ച് ഒരുങ്ങി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്നു..

ദാ അമ്മയും പുന്നാര മോളും കൂടി ഡൈനിങ്ങ് റൂമിലുണ്ട്..വാരിക്കഴിപ്പിക്കുവാ പൊന്നുമോളേ..എനിക്കത് കണ്ടപ്പോൾ ചെറിയൊരു അസൂയ ഉള്ളിൽ നുരഞ്ഞ് പൊന്തി..ഞാൻ അനുഭവിക്കേണ്ട സ്നേഹ വാത്സല്യം മറ്റൊരുത്തി ഏറ്റുവാങ്ങുന്നു.

“താമരേ പ്ലേറ്റ് എടുത്ത് വിളമ്പ്”

എന്ന് പറഞ്ഞു കസേര വലിച്ചിട്ട് ഞാനിരുന്നു..

“മോള് അവന്റെ അടുത്തിരിക്ക്..അമ്മ വിളമ്പി കൊടുത്തോളാം”

എന്നെ പിന്നെയും പോസ്റ്റാക്കി അമ്മ അവളെ എനിക്ക് അരികിലിരുത്തി…അമ്മ തന്നെ ഇഡ്ഡിലിയും ചട്നിയും പാത്രത്തിൽ തൂവി…

“ഡാ നിങ്ങൾ പുതിയൊരു ജീവിതം ആരംഭിച്ചതല്ലേയുള്ളൂ..കഴിക്കും മുമ്പേ നീ മോൾക്കൊരു വീതം ആദ്യം കൊടുക്കണം.തിരിച്ചും അങ്ങനെയാകണം..അതിപ്പോൾ സന്തോഷമായാലും സങ്കടമായാലും മനസ്സ് തുറന്ന് പരസ്പരം പങ്കുവെയ്ക്കണം”

“അത് ശരി..അമ്മ ഇതിനാണോ അത്യാവശ്യമായി നാട്ടിലേക്ക് വരാൻ പറഞ്ഞത്”

ഗതികെട്ട് ഞാൻ ചോദിച്ചതും അമ്മയുടെ മറുപടി എത്തി..

“അത് നിനക്കൊരു പെണ്ണിനെ കണ്ടെത്തി വിവാഹം നടത്താനായിരുന്നു..അപ്പോഴല്ലേ നീ മോളുമായി വന്നത്‌‌.അതോടെ ഞാനാ ആലോചന ക്യാൻസൽ ചെയ്തു ”

ആദ്യമെന്റെ ഉള്ളൊന്ന് കാളിയെങ്കിലും മാനസാന്തരപ്പെട്ടു..താമര കൂടെ വന്നത് നന്നായി. ആദ്യമായി അവളെക്കൊണ്ട് ഒരു ഉപകാരമുണ്ടായി.

അമ്മ എന്നെക്കൊണ്ട് ഒരുവീതം അവൾക്ക് കൊടുപ്പിച്ചു…അതിനുശേഷമാണ് എന്നെ കഴിക്കാൻ സമ്മതിച്ചത്….

നല്ല അമ്മ അല്ലേ..സ്വന്തം മകനേക്കാൾ വന്നുകയറിയ പെണ്ണിനെ സ്നേഹിക്കുന്നത് കണ്ടില്ലേ..എന്താ കഥ…

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞയുടനെ ഞാനിറങ്ങി..അമ്മ കണ്ടാലതു മതിയിനി..താമരയെ കൂടി കൊണ്ടു പോകാൻ പറയും..നാട്ടിൽ വന്നിട്ട് പഴയ ചങ്കുകളെ ഇതുവരെ കാണാൻ കഴിയാത്തതിന്റെ ഒരു വിമ്മിട്ടം ഉള്ളിലുണ്ട്.

ബൈക്ക് പതിയെ സ്റ്റാൻഡിൽ നിന്നിറക്കി മുന്നോട്ട് തള്ളി.അയലത്തെ ഒരു പയ്യൻ രണ്ടു ദിവസം കൂടുമ്പോൾ ബൈക്ക് സ്റ്റാർട്ടാക്കി ഓടിക്കുന്ന പതിവുണ്ട്. ഞാനത് അവനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു.അനുസരണയോടെ അവനത് ചെയ്യും..ലീവിനു വരുന്ന സമയം ഒരു ഫുള്ള് അങ്ങെത്തിക്കണമെന്ന് മാത്രം.

“ഡാ എന്റെ വയറ്റിൽ പിറന്ന കുരുത്തം കെട്ടവനേ അവിടെ നിൽക്കെടാ”

പിന്നിൽ നിന്നും അമ്മയുടെ ദിക്ക് പൊട്ടുമാറുളള ഉച്ചഭാഷിണി മുഴങ്ങി.അതോടെ പാദങ്ങൾ നിശ്ചലമായ ഒരു പ്രതിമയായി മാറി..

“ഈശ്വരാ പെട്ടു..അമ്മയെ കാണാതെ മുങ്ങാൻ ശ്രമിച്ചതാണ്..കുടുങ്ങി”

“ഡാ ആരുടെ കണ്ണ് വെട്ടിച്ചാലും നീ എന്റെ കണ്മുന്നിൽ പെടും..മോളെക്കൂടി കൊണ്ട് പോകാമെങ്കിൽ പുറത്ത് പോയാൽ മതി”

“അമ്മേ ഞാനൊരു യുവാവാണ്..പ്രായപൂർത്തിയായ ചെറുപ്പക്കാരൻ .എനിക്ക് എന്റേതായ സ്വാതന്ത്ര്യങ്ങളുണ്ട്

”  ഇപ്പോഴും കിടക്കപ്പായിൽ കിടന്ന് മുള്ളുന്നവനാ ..പ്രായ പൂർത്തിയായ ചെറുപ്പക്കാരൻ..”

അമ്മയുടെ വായിൽ പുച്ഛം കലർന്നു.

“ഈശ്വരാ സ്വന്തം പെറ്റതളള നാറ്റിച്ചേ അടങ്ങൂ”

മനസ്സിൽ പറഞ്ഞിട്ട് അമ്മയെ നോക്കി.

“ഒന്ന് പതുക്കെ പറയമ്മാ.. എന്നെ നാറ്റിക്കാതെ”

അമ്മക്ക് നേരെ നിസ്സഹായനായി കൈകൾ കൂപ്പി..അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു..

“എങ്കിലേ എന്റെ മോളെക്കൂടി കൊണ്ട് പോ”

“ഓ..ശരി”

“നിന്റെ ഒൗദാര്യത്തിലല്ല അവൾ വരുന്നത്..നിന്റെ പെണ്ണാ അവൾ നീ വേണം നോക്കി കണ്ടെല്ലാം ചെയ്യാൻ”..

” ഓ..ഉത്തരവ്”

അമ്മക്ക് മുമ്പിൽ അനുസരണയുളള മകനായി ഞാൻ നിന്നു.

“ഡീ മോളേ താമരേ വേഗം വാ നിന്റെ കണവൻ മാനസാന്തരപ്പെട്ട് നിൽക്കുവാ..അത് മാറും മുമ്പേ ഇങ്ങേട്ടിറങ്ങിവാ”

അമ്മ അകത്തേക്ക് നോക്കി അലറിയതും അകത്ത് നിന്ന് മറുപടി എത്തി.

“ദാ വരുന്നമ്മാ”

കുറച്ചു കഴിഞ്ഞ് താമര സെൽവി ഇറങ്ങി വരുന്നു..ഞാൻ വായും പൊളിച്ച് നിന്നു.

പൂവൻ പഴം പോലൊരു പെണ്ണ്..ഗോതമ്പിന്റെ നിറം..ചുവന്ന് തുടുത്ത് മലർന്ന ചുണ്ടുകൾ.

ഓരോ ദിവസവും കൂടുന്തോറും ഇവൾക്ക് സൗന്ദര്യം കൂടി വരികയാണല്ലോ കടവുളേ..ആരു കണ്ടാലും ഒന്ന് നോക്കി നിൽക്കും.

കസവ് സാരിയാണ് അവൾ ഉടുത്തിരിക്കുന്നത്..നന്നായി മാച്ചാകുന്നുണ്ട് അവളുടെ കളറിന്.

“ഡാ നാണം കെട്ടവനെ സ്വന്തം ഭാര്യയെ ഇങ്ങനെ പബ്ലിക് ആയിട്ട് വായി നോക്കാതെ..ഒന്നും അല്ലെങ്കിലും നീയൊരു പട്ടാളക്കാരനല്ലേ”

എന്റെ വായും പൊളിച്ചുളള നിൽപ്പ് കണ്ട് അമ്മ എനിക്കിട്ട് നന്നായൊന്ന് ഊതി..നിലവത്ത് അഴിച്ചു വിട്ട കോഴിയെ പോലെയായ ഞാൻ വളിച്ചയൊരു ചിരി സമ്മാനിച്ചു ബൈക്കിൽ കയറി ഇരുന്നു.

“അമ്മ പൊയ്ക്കോ..ഞങ്ങൾ പൊയ്ക്കോളാം”

“എനിക്ക് നിന്നെ തീരെ വിശ്വാസമില്ല..നിങ്ങൾ പോയിട്ടേ  ഞാൻ പോകൂ”

ഗത്യന്തരമില്ലാതെ ഞാൻ ബൈക്ക്  സ്റ്റാർട്ട് ചെയ്തു.. താമര പിന്നിൽ കയറി. ഞാൻ കുറച്ചു കൂടി മുന്നിലേക്ക് നീങ്ങിയിരുന്നു..അവൾ കൂടുതൽ പിന്നിലേക്കും വലിഞ്ഞു.

“ഡാ പതുക്കെ പോകാവൂ”

അമ്മ ഓർമ്മപ്പെടുത്തി.

ഇനിയും നിന്നാൽ എന്തെങ്കിലും കേൾക്കേണ്ടി വരും..ബൈക്ക് സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് ഗിയറിട്ട് മുന്നോട്ട് എടുത്തു..

ബൈക്ക് കുറച്ചു ദൂരം ഓടി..അറിയവുന്നവർ പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.. ഞാൻ പതിയെ ബൈക്കിനു വേഗം കൂട്ടി..

മുന്നിൽ വലിയൊരു ഘട്ടർ…ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.പിന്നിലിരുന്ന സെൽവി മുന്നോട്ടു ആഞ്ഞു..വീഴാതിരിക്കാനായി എന്നെ കെട്ടിപ്പിടിച്ചു. പൂ പോലെ മർദ്ദവമായ രണ്ട് പഞ്ഞിക്കെട്ട് പുറത്ത് അമർന്നതും ഞാൻ പുതിയൊരു ലോകത്തായി.പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയിൽ ഞാൻ ലയിച്ചു ചേർന്നു.താമരയുടെ കെട്ടിപ്പിടുത്തം കൂടി ആയതും ഞാൻ എന്നെ മറന്ന് ബൈക്ക് ഓടിച്ചു..

തുടരും…

(ഈ സ്റ്റോറി ഒരു ഫിക്ഷൻ ആണ്..സാങ്കൽപ്പിക കഥ.വിശ്വാസ യോഗ്യമായ പലതും കാണില്ല..മറിച്ച് ഒരു എന്റർടയ്ൻമെന്റായി ആസ്വദിച്ചു പോകാൻ കഴിയും…)

Leave a Reply