രചന – വിനു വീണ
അടുക്കളയിലെത്തിയപ്പോഴാണ് അലീനയുടെ മുഖത്തെ കുഞ്ഞു പരിഭവം അമ്മച്ചി വായിച്ചെടുത്തത്…. “എന്താ മോളേ, മോനുമായി വഴക്കിട്ടോ? മുഖത്തൊരു വാട്ടം???’ ഇന്നു പോവാൻ എല്ലാം റെഡിയാക്കി വച്ചപ്പോൾ ഇച്ചായൻ നാളെ പോയാമതിന്ന് പറഞ്ഞു. അത് എന്താന്ന് ചോദിച്ചതിനെന്നെ വെറുതെ കളിയാക്കി അമ്മച്ചി … എബി മോൻ നമ്മുടെ കുടുംബത്തിൻ്റെ സൗഭാഗ്യമാ, എൻ്റെ മോളുടെ സങ്കടങ്ങൾക്ക് കർത്താവ് തന്നതാ എബിയെ പോലെ നല്ല സ്വഭാവവും കുടുംബ മഹിമയും എളിമയുമുള്ള ഒരു പയ്യനെ…… ചാച്ചനും മോനേ അത്രക്കിഷ്ടപ്പെട്ടു….. സത്യത്തിൽ ഇപ്പഴാ അമ്മച്ചിക്ക് സമാധാനമായത് ,മോള് അത്രേം വലിയ വീട്ടിൽ ഒറ്റപ്പെട്ടു പോവുമെന്ന ആധിയിലായിരുന്നു ഇതുവരെ…. ഇനി എൻ്റെ പുന്നാര അമ്മച്ചിയും ചാച്ചനും എന്നെ ഓർത്ത് സങ്കടപ്പെടണ്ടട്ടോ….. പിറ്റേന്ന് ഉച്ചതിരിഞ്ഞ് അലീനയും എബിയും ഭരണങ്ങാനത്തേക്ക് തിരിച്ചു……
“എടോ, താൻ എന്തോ ഭയങ്കര ആലോചനയിലാണല്ലോ??, വീട്ടിന്ന് പോന്നതിൻ്റെ സങ്കടമാണോ? അതോ തൻ്റെ പരീക്ഷേടേ റിസൽറ്റ് വരാറായോ? നല്ല ടെൻഷനുണ്ടല്ലോ തൻ്റെ മുഖത്ത്’….. ഏയ്, ഒന്നുമില്ലിച്ചായാ, ഞാൻ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നതാ…….. അലീനയുടെ മനസ്സുനിറയെ മാധവമേനോനുമായുള്ള കൂടിക്കാഴ്ച്ചയായിരുന്നു. ശ്രീയെക്കുറിച്ച് അറിയുന്ന കാര്യങ്ങളെ ആശ്രയിച്ചാവും ചിലപ്പോൾ ഇച്ചായനുമൊത്തുള്ള തൻ്റെ മുന്നോട്ടുള്ള ജീവിതം…. അതോർത്തപ്പോൾ പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു….. “ടോ ,താൻ കരയുവാണോ? എബിയുടെ ആ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്…… ഇച്ചായൻ ഡ്രൈവ് ചെയ്യുന്നതിനിടയിലും തന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടാ??? ” അത് ,പിന്നെ ഇച്ചായാ കണ്ണിൽ പൊടി പോയതാ…… അല്ലാതെ ഞാനെന്തിനാ കരയുന്നേ? “നമ്മുടെ ഒക്കെ ഉള്ളിലെ എത്രയെത്ര വേദനകളാണ് പൊടിയെ പഴി പറഞ്ഞ് നമ്മൾ തുടച്ചു കളയുന്നത്! അല്ലേടോ??? ഇന്ന് രാവിലെ കൂടി വൃത്തിയാക്കി അടച്ചിട്ടിരിക്കുന്ന ഈ എസി കാറിനുള്ളിൽ എവിടെയാഡോ തൻ്റെ കണ്ണു നിറക്കാൻ മാത്രം പോന്ന പൊടി ഇരിക്കുന്നത്- അത് കൊണ്ട് പറഞ്ഞതാ- പെണ്ണിന് കരയാൻ കാരണങ്ങൾ വേണ്ടേന്ന് അമ്മച്ചി പറയാറുണ്ട്.” പെണ്ണായി ജനിച്ചാൽ മണ്ണാവുവോളം കണ്ണുനീരാണെന്നും ” പക്ഷേ ഇന്ന് ആ കാലമൊക്കെ പോയില്ലേടോ??? “ദേ, ഇച്ചായ ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ ആരാധന കൂടി ഇച്ചായനെ പ്രണയിച്ചു പോവും കേട്ടോ?” അയ്യോ ? തത്ക്കാലം അതു വേണ്ട, ഇന്നാ ഈ കർച്ചീഫെടുത്ത് മുഖത്ത് വച്ചിട്ട് പൊട്ടികരഞ്ഞോ? ഞാനിനി മിണ്ടത്തില്ല……. ശ്രീ ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയായിരുന്നു….
പക്ഷേ എന്താവും ഇവർ ഒരുമിക്കാതിരിക്കാൻ കാരണം? അതറിയാനുള്ള ആ കൂടി കാഴ്ച കഴിയും വരെ ഒരു മന:സമാധാനവുമില്ലല്ലോ എൻ്റെ കർത്താവേ;ഇച്ചായനോട് പറഞ്ഞാൽ ചിലപ്പോൾ അയാളെ കാണാൻ സമ്മതിച്ചില്ലെങ്കിലോ???? ഇനി വേദനിപ്പിക്കുന്ന കാരണമാണെങ്കിൽ അത് ഇച്ചായനോടെങ്ങനെ പറയും ‘ഓർത്തിട്ട് ഒരു സമാധാനവുമില്ല….. ഇച്ചായ, നമ്മുക്ക് ഒരു ചായ കുടിച്ചാലോ? എനിക്ക് നല്ലതലവേദന…. മ് ,കുടിക്കാം – ഡോക്ടറെ വല്ലോം കാണണോ തലവേദന മാറാൻ ?? വേണ്ട, ഒരു ചായ കുടിച്ചാൽ മതി….. ഒരു ചെറിയ ചായക്കട കണ്ട്എബി വഴി സൈഡിൽ കാർ ഒതുക്കി… ചായ വാങ്ങി അലീനക്കു കൊടുത്തു….. അവിടുന്ന് യാത്ര തുടർന്നു.. ” ഇപ്പോ മാറിയോ തൻ്റെ തലവേദന…. കുറവുണ്ട് ഇച്ചായ…… അതും പറഞ്ഞവൾ ഒന്നു മയങ്ങി…. ഉണർന്നപ്പോൾ വീടെത്തിയിരുന്നു… അമ്മച്ചിയും ഏയ്ഞ്ചൽ മോളും ഇച്ചായനുമെല്ലാം വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി വന്നു….. ഇതെന്നാടാ എബിച്ചാ അലീന മോൾക്ക് ഒരു വാട്ടം… അത് അമ്മച്ചി ,കക്ഷി നല്ല ഉറക്കമായിരുന്നു ഇതുവരെ. അതിൻ്റെ വാട്ടമാവും…. അല്ല മൂന്നാലു ദിവസം കഴിഞ്ഞു കാണുന്ന സ്വന്തം മോന് കുഴപ്പം വല്ലതും ഉണ്ടോന്നല്ല അമ്മച്ചി തിരക്കിയത്….
ആ മരുമോളെ കിട്ടിയപ്പോ പാവം മകൻ പുറത്ത് …കൊള്ളാം അമ്മച്ചി?? ഇച്ചായാ വായിനോക്കി നിൽക്കാതിങ്ങോട്ടു വാ. ഡിക്കിയിൽ കുറെ സാധനങ്ങളുണ്ട്. കുരുമുളകും, കപ്പയോ ചേനയോ ഏത്ത കുലയോ അങ്ങനെ അവിടെ ചാച്ചൻ്റെ കൃഷി സാധനങ്ങൾ വിളവെടുത്തത് മുഴുവൻ തന്നു വിട്ടിട്ടുണ്ട്….. എല്ലാവരും ചേർന്ന് എല്ലാമെടുത്ത് അകത്തു വച്ചു. എബി അലീനയെ കൂട്ടി മുറിയിലേക്കു പോയി… അമ്മച്ചി, എന്തായാലും നമ്മൾ പേടിച്ചതു പോലെ അവൻ അലീനയെ അവിടെ നിർത്തിയില്ല. പിന്നെ നല്ല മാറ്റമുണ്ട് അവൻ്റെ പെരുമാറ്റത്തിൽ ,അമ്മച്ചിടെ തീരുമാനം ഏതായാലും തെറ്റിയിട്ടില്ല…. “എല്ലാം പുണ്യാളൻ്റെ കൃപ ” .നീയും,എബി യും എന്നും സന്തോഷമായിട്ടിരിക്കണം അതു മാത്രമാ അമ്മച്ചിടെ പ്രാർത്ഥന…. നാളെയാണ് ശ്രീയുടെ അങ്കിളിനെ കാണുന്ന കാര്യം പറഞ്ഞിരിക്കുന്നത്. നെഞ്ചിനകത്ത് വല്ലാത്തൊരു വേവലാതി … അലീന എല്ലാവരുടെയും മുൻപിൽ സംശയം തോന്നാത്ത വിധം കാര്യങ്ങളൊക്കെ ചെയ്തൊപ്പിച്ചു മുറിയിലേക്ക് കിടക്കാനെത്തി.
എബി ലാപ് ടോപ്പിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു…… ” ഇച്ചായൻ കിടന്നില്ലാരുന്നോ? ആ ,താനെത്തിയോ, എനിക്ക് നാളെ മുതൽ കോടതിയിൽ പോവണം… കുറച്ചായി കേസുകൾ പലതും പെൻഡിങ്ങിൽ ആണ്…. ഇപ്പഴാ മനസ്സൊന്നു ശരിയായി വരുന്നത്. തൻ്റെ നാടും സ്ഥലവും ഒക്കെ കൊള്ളാം. മനസ്സിന് ഒരു സമാധാനം കൈവന്നതു പോലുണ്ട്……. ഹോ, രക്ഷപ്പെട്ടു.ഇച്ചായൻ നാളെ ഇവിടിരുന്നാൽ പറയാതെ പുറത്തേക്ക് പോവാൻ ഞാൻ വിഷമിച്ചേനേ! “ഹലോ, അലീന….താനിതെവിടാ, ഈ ലോകത്തൊന്നും അല്ലേ? ഇച്ചായന് എൻ്റെ നാടും വീടും മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ? ഒരാപത്തിൽ നിന്നും രക്ഷിച്ചിട്ടും,എന്നെയും എൻ്റെ വീട്ടുകാരെയും ഒന്നും ഇഷ്ടപ്പെട്ടില്ലേ?… മ്, നന്ദി വേണം നന്ദി…… അവളുടെ സംസാരം കേട്ടിട്ട് എബിക്ക് ശരിക്കും ചിരി വന്നു…. “തന്നെയും തൻ്റെ വീട്ടുകാരെയും ആർക്കാടോ ഇഷ്ടപ്പെടാതിരിക്കുക…. തന്നെ പോലൊരാളാല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോ ഇതിനുള്ളിൽ ആത്മഹത്യ ചെയ്തേനേ?? “ഇച്ചായാ, അലീന എബിയുടെ വാ പൊത്തി.
അറിയാതെ പോലും അങ്ങനൊന്നും പറയല്ലേ…. പ്ലീസ് …… സത്യമാടോ ,എന്നെ കുത്തിനോവിക്കാൻ തൻ്റെ കൈയിൽ ആയിരം കാരണങ്ങളുണ്ട്. ഈ മുറിയിൽ തന്നെ തൻ്റെ കാൺകെ ഞാനും ശ്രീയുമൊത്തുള്ള ഫോട്ടോസും അവൾ വാങ്ങിത്തന്ന സമ്മാനങ്ങളും വരെ ഉണ്ട്…. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതിനോടകം അതെടുത്തെറിഞ്ഞേനേ…… “പുറമെ ഇരിക്കുന്ന ഫോട്ടോസിലോ സമ്മാനങ്ങളിലോ അല്ല ശ്രീയുള്ളത്.ഇച്ചായൻ്റെ ഹൃദയത്തിലല്ലേ? ഇച്ചായനത് മനസ്സിൽ ഒരു മുറിവായി അവശേഷിക്കുന്ന കാലത്തോളം ഞാൻ പൊട്ടിത്തെറിച്ചിട്ടോ ,വേദനിപ്പിച്ചിട്ടോ എന്തു കാര്യം. കാലതാമസമെടുത്തിട്ടായാലും ആ മുറിവിൽ ഒരു മരുന്നാവാൻ ഞാൻ കാത്തിരുന്നോളാം……. ഇച്ചായൻ എന്നെ ഒരു പാട് കാര്യങ്ങളിൽ പരിഗണിക്കുന്നുണ്ട്, അവഗണിച്ചിരുന്നെങ്കിൽ അതൊരു പക്ഷേ വലിയ വേദനയായേനേ.ഇച്ചായന് നല്ലൊരു മനസ്സുണ്ട്….. എനിക്കതുമതി…. ആ ,പിന്നെ ഇച്ചായാ, നാളെ ഞാൻ ഇവിടുത്തെ പള്ളിയിൽ വരെ ഒന്നു പോയ്ക്കോട്ടെ…. “മ്, അതിനെന്തിനാടോ തനിക്കെൻ്റെ അനുവാദം. ചാച്ചൻ പറഞ്ഞു താൻ പളളി കൊയറിലൊക്കെ പാടുമായിരുന്നെന്ന് .എങ്ങനാ പോവുന്നേ പള്ളിയിലേക്ക്… മൂന്ന് കിലോമിറ്ററുണ്ട് ഇവിടുന്ന് …. താൻ റ്റൂ വിലർ ഓടിക്കുമോ? എൻ്റെ പഴയ ഒരു ആക്ടീവ പോർച്ചിൽ ഇരിപ്പുണ്ട്….
പിന്നെ സൂക്ഷിച്ചു പോവണം. പള്ളിടെ അങ്ങോട്ടു കേറുന്നിടത്തെ വളവ് ഇത്തിരി അപകടമാ…. എനിക്ക് ലൈസൻസുണ്ട് ഇച്ചായാ, ഞാനെന്നാ ആ വണ്ടിയിൽ പോവാം……… ശരി, താൻ കിടന്നുറങ്ങിക്കോ….. ഞാനിത്തിരി തണുത്ത വെള്ളം കുടിച്ചിട്ടു വരാം ….. കിടന്നെങ്കിലും അലീനയ്ക്ക് ഉറക്കം വന്നതേയില്ല. ഒരു വിധം തിരിഞ്ഞും മറിഞ്ഞും കിടന്നവൾ നേരം വെളുപ്പിച്ചു…. ഒമ്പത് മണി ആയപ്പോഴേക്കും അടുക്കളയിലെ ജോലികളൊക്കെ തീർത്ത് അലീന പള്ളിയിൽ പോവാൻ റെഡിയായി….. എബി വാങ്ങി കൊടുത്ത നീലയിൽ സിൽവർ കളർ ബീഡ്സ് ഒക്കെ പിടിപ്പിച്ച വില കൂടിയ ഒരു ചുരിദാറാണ് അവൾ അണിഞ്ഞത്. അളവൊക്കെ കിറുകൃത്യം. അലീന കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു…… എബി അടുത്തുവന്ന് ചേർത്തു പിടിക്കും പോലെ അവൾക്ക് തോന്നി. പെട്ടെന്ന് തന്നെ ഉറങ്ങുന്ന എബിയുടെ പ്രതിബിംബം അവൾ കണ്ണാടിയിൽ കണ്ടു…. ശ്ശോ, എനിക്കിതെന്തു പറ്റി അതും പറഞ്ഞ് തലക്ക് ഒരു മുട്ടും കൊടുത്ത് അവൾ അവിടുന്ന് ഇറങ്ങി… പോർച്ചിൽ നിന്നും വണ്ടി എടുത്തു.ചെറിയൊരു സ്റ്റാർട്ടിങ്ങ് ട്രബിൾ.ഓടാതിരുന്നിട്ടാവും……………….
അധികം പൊടി ഒന്നുമില്ല. ബാഗ് വെയ്ക്കാൻ വണ്ടിടെ ബോക്സ് തുറന്നപ്പോൾ അതിൽ പൊട്ടിയ ഒരു മാല ഉണ്ടായിരുന്നു. അവൾ അത് കൈയിലെടുത്തു … അതിൻ്റെ ലോക്കറ്റിൽ ശ്രീയുടെ മുഖമായിരുന്നു. അലീന പെട്ടെന്ന് ആകെ വല്ലാതായി … എൻ്റെ കർത്താവെ എല്ലായിടത്തും ശ്രീയുടെ അവശേഷിപ്പുകളാണല്ലോ തെളിഞ്ഞു നിൽക്കുന്നത്…… എന്തും വരട്ടെ കാര്യമെന്തെറിഞ്ഞാൽ ചിലപ്പോൾ എല്ലാ ഉത്തരവും ലഭിക്കും….. അലീന പള്ളിയിലെത്തി. കർത്താവിനെ മനസ്സുരുകി പ്രാർത്ഥിച്ചു. കൃത്യമായി അവിടുന്നിറങ്ങുമ്പോൾ മാധവമേനോൻ അവളെ ഫോണിൽ വിളിച്ചു…. “ഹലോ മോളേ, ഞാൻ കഫേയിലെത്തി….. ശരി അങ്കിൾ ഞാൻ പള്ളിയിലുണ്ട്.ഇപ്പോ അങ്ങോട്ട് വരാം….. അവൾ കോൾ കട്ടാക്കി നേരേ കഫേയിലെത്തി …… പൊക്കം കുറഞ്ഞ് വെളുത്ത് കുറച്ച് പ്രായമായൊരു മനുഷ്യൻ. മുണ്ടും ഷർട്ടുമാണ് വേഷം…… അലീന നോക്കുന്നതു കണ്ടപ്പോഴേ അദ്ദേഹം എഴുന്നേറ്റു നിന്നു….. മോളേ, ഞാനാ വിളിച്ചത്. അവൾ അടുത്തേക്കു ചെന്നു…. അങ്കിളിന് കുടിക്കാനെന്താ വേണ്ടത്? ചായയോ, കാപ്പിയോ? എന്തായാലും മതി മോളെ….. അവൾ രണ്ടു ചായ ഓർഡർ ചെയ്തു.
മോൾക്ക് ബുദ്ധിമുട്ട് ആയല്ലേ? ഈ വരവ്. ഇല്ല അങ്കിളേ, അങ്കിളിന് പറയാനുള്ളതെന്തായാലും ഞാൻ കേൾക്കാം.” സമാധാനമായി കാര്യം പറയൂ. ഞാൻ ശ്രീലക്ഷ്മിയുടെ അമ്മയുടെ ചേട്ടനാണ്. പാരമ്പര്യവിഷചികിത്സയുള്ള മേടയിൽ കുടുംബമാണ് ഞങ്ങളുടേത്. ശ്രീലക്ഷ്മിയുടെ അമ്മ ശ്രീദേവിയെ ഞങ്ങൾ ഒരു കുറവും കൂടാതെയാണ് വളർത്തി കൊണ്ടുവന്നത്. പഠനത്തിലും നൃത്തത്തിലുമെല്ലാം മിടുക്കിയായിരുന്നു അവൾ…. അതു കൊണ്ട് തന്നെ അവൾക്ക് ഡോക്ടറാവണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സന്തോഷത്തോടെ സമ്മതിച്ചത്…… അടുത്തൊന്നും അവൾക്ക് പഠിക്കാൻ നല്ല കോളേജ് ഒന്നും ഉണ്ടായില്ല. മൈസൂർ മെഡിക്കൽ കോളേജിലാണ് അവൾക്ക് അഡ്മിഷൻ കിട്ടിയത്….. അവിടെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു രാത്രി അവിടുന്ന് ഒരു ഫോൺ വന്നു…. ശ്രീദേവി ആശുപത്രിയിലാണെന്ന് പറഞ്ഞിട്ട്…. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ആണ് അവൾ ഗർഭിണിയാണെന്നറിയുന്നത്…. എത്ര ചോദിച്ചിട്ടും അവൾ അതിനുത്തരവാദി ആരെന്ന് മാത്രം പറഞ്ഞില്ല ….. ആ കുഞ്ഞാണ് ശ്രീലക്ഷ്മി…….. ഉം, അങ്കിളേ ദാ ചായ ……
തുടരും………