രചന – വിനു വീണ
ഇച്ചായൻ ഇതെല്ലാം എപ്പോ വാങ്ങിയതാവും, ഞാനുറങ്ങിയ നേരത്താവണം .അനീറ്റയും കുഞ്ഞോളും അലീനയെ തിരഞ്ഞ് കാറിനടുത്തെത്തി.അവർ മൂവരും ചേർന്ന് സാധനങ്ങളെല്ലാം എടുത്ത് അകത്തേക്ക് കയറി.അലീന എബിയെ ഒരുപാട് ഇഷ്ടത്തോടെയാണ് ആ നിമിഷത്തിൽ നോക്കിയത്….. അതിലെ ഒരു ഓറഞ്ച് കവർ എടുത്ത് എബി അലീനക്കു നേരേ നീട്ടി. ഇത് തനിക്കു വേണ്ടി വാങ്ങിയതാ…. അലീന കവർ വാങ്ങി തുറന്നു. അതിൽ വില കൂടിയ സാരിയും ചുരിദാറുമൊക്കെ ഉണ്ടായിരുന്നു. അലീനയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് എബിനെ സ്വീകരിക്കാൻ മനസ്സുകൊണ്ടവൾ തയാറായത്. പോരാത്തതിന് ഒരിക്കൽ പോലും നേരിൽ കാണാത്ത, മറ്റൊരു പെണ്ണിനാൽ ഹൃദയത്തിൽ മുറിവേറ്റ മനുഷ്യൻ! അതു കൊണ്ട് തന്നെ ചാച്ചനോട് ഒരു മുൻ വിധിപോലെ അവൾ മരുമകനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്നും അതിൻ്റെ പേരിൽ സങ്കടപ്പെടരുതെന്നും നേരത്തേ പറഞ്ഞിരുന്നു…..
വറീതിനും മേരിക്കും നല്ല ആശങ്കയുണ്ടായിരുന്നു. മകളുടെ ഭാവി മിന്നുകെട്ടിനു ശേഷം എന്താവും എന്ന് ??? കാരണം അവരും മിന്നുകെട്ടിന് പള്ളിയിൽ വച്ചാണ് എബിനെ കണ്ടത് – അന്നൊരക്ഷരം പോലും എബി ആരോടും സംസാരിച്ചതും ഇല്ല…. പിന്നെ മിന്നുകെട്ടിയ അന്ന് തന്നെ ഭർത്താവ് നഷ്ടപ്പെട്ട ഭാഗ്യദോഷിയായ പെണ്ണെന്ന ലേബൽ വീണ മകൾക്ക് നാലു വർഷം കാത്തിരുന്നിട്ടും നല്ലൊരു ബന്ധം വന്നതുമില്ല. അലീനയെ നിർത്തി ആൻസിയെ കെട്ടിച്ചയയ്ക്കാൻ വറീതിന് മനസ്സു വന്നതുമില്ല. അങ്ങനെയാണ് മറിയആൻ്റി വഴി എബിയുടെ ആലോചന അവളെ തേടിയെത്തുന്നതും. അങ്ങനൊരവസ്ഥയിൽ അലീന മോൾ സമ്മതം പറഞ്ഞതുകൊണ്ടു മാത്രമാണ് ഈ മിന്നുകെട്ട് നടന്നത്. പക്ഷേ എബിയുടെ എളിമയും സ്നേഹവും അവരുടെ മനസ്സിന് ആശ്വാസമേകി…… രാത്രി ഒന്നിച്ച് പ്രാർത്ഥിച്ച് എല്ലാവരോടും സംസാരിച്ച് ആഹാരം കഴിച്ച് എബി അലീനയുടെ മുറിയിലെത്തി…..
സിറ്റിയിൽ ജീവിക്കുന്ന എബിക്ക് ആ നാട്ടിൻ പുറത്തിൻ്റെ നിശബ്ദതയും തണുപ്പും ഒരാശ്വാസമായി തോന്നി. അലീന നല്ല അടുക്കും ചിട്ടയുമുള്ള ആളാണെന്ന് ആ മുറി കണ്ടപ്പോൾ എബിക്ക് മനസ്സിലായി.ഷെൽഫിൽ കുറച്ചധികം പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു.മുറിയുടെ ഒരറ്റത്ത് ഒരു തയ്യൽ മെഷീനും ചെറിയൊരു അലമാരയും ഉണ്ടായിരുന്നു…. ഇതൊക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ അലീന മുറിയിലേക്ക് കടന്നു വന്നു……… ഇച്ചായൻ കിടന്നില്ലാരുന്നോ?ഇവിടുത്തെ സൗകര്യങ്ങളൊന്നും പറ്റുന്നുണ്ടാവില്ല അല്ലേ ഇച്ചായന്? കൊതുകുതിരി കത്തിച്ചു വെക്കണോ ഇച്ചായാ? ഞാൻ കിടക്കാൻ തുടങ്ങുവാരുന്നു…. പിന്നെ ഈ സൗകര്യങ്ങളൊക്കെ തന്നെ ധാരാളമാടോ എനിക്ക്. ഇതുവരെ കൊതുകുകടി ഒന്നും കിട്ടിയില്ല…… തനിക്ക് വേണമെങ്കിൽ കൊതുകുതിരി കത്തിച്ചാ മതി………….. പിന്നെ ഞാൻ ഇടക്ക് ബംഗ്ലുരിൽ പോയി നിൽക്കുമ്പോൾ അവിടൊന്നും ഇത്ര പോലും സൗകര്യങ്ങളില്ലെടോ – ശ്രീ യെ കാണാനുള്ള കൊതി കൊണ്ട് അതൊന്നും ഞാൻ കാര്യമാക്കാറും ഇല്ല….. പെട്ടെന്ന് അലീനയുടെ മുഖത്തെ തെളിച്ചം മങ്ങി. അപ്പോഴാണ് എബി സംസാരത്തിനിടയിൽ ശ്രീ കടന്നു വന്നതിനെ പറ്റി ഓർത്തത്…
ശ്ശെ ,അതു പറയേണ്ടിയിരുന്നില്ലെന്ന് എബിക്ക് തോന്നി പക്ഷേ “വാവിട്ട വാക്കും കൈവിട്ട കല്ലും, തിരിച്ചെടുക്കാനാവില്ലല്ലോ?? … ഇച്ചായാ ,വെള്ളം ജഗ്ഗിലിരുപ്പുണ്ട്, ദാ പുതപ്പ് .അതും പറഞ്ഞ് അലീന താഴെ ഒരു പായ വിരിച്ചു… താനെന്താ ഈ കാണിക്കുന്നത് ‘? ഇന്നെന്താ താൻ താഴെക്കിടക്കുന്നത്? “അതിച്ചായാ ഇത് ചെറിയ കട്ടിലല്ലേ, അവിടുത്തെ കട്ടിലിൻ്റെ അത്രയും വലുപ്പമില്ല. ഇച്ചായന് തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കാൻ പറ്റില്ല നമ്മളൊന്നിച്ച് കിടന്നാൽ… അതാ ഞാനിന്ന് താഴെ കിടക്കാൻ പായിട്ടത് ” അത് സാരമില്ല, ഞാൻ കുറച്ച് അഡ്ജസ്റ്റ് ചെയ്തോളാം … താൻ കട്ടിലിൽ കിടന്നാ മതി…. അതും പറഞ്ഞ് എബി കട്ടിലിനരികിലേക്ക് നീങ്ങിക്കിടന്നു…. അലീന എബിക്ക് കൂടുതൽ സ്ഥലം മാറ്റി വച്ച് കട്ടിലിൻ്റെ ഒരു അരികുപറ്റി കിടന്നു… ഒന്നുറങ്ങി വന്നപ്പോഴാണ് എബി ആട് കരയുന്ന ശബ്ദം കേട്ടത്. അവൻ മെല്ലെ കണ്ണു തുറന്നു…… അവൻ ഫോണെടുത്ത് സമയം നോക്കി; നാല് മണി, മുറിക്കുള്ളിൽ നല്ല തണുപ്പുണ്ട്…. അവൻ മെല്ലെ എഴുന്നേറ്റ് ജനാല തുറന്നു.
ഒരു സൈഡിൽ ആടിൻ്റെയും കോഴിയുടെയും കൂടുകൾ . അവിടെ വെളിച്ചം കാണാം – ചാച്ചനും അമ്മച്ചിയും എഴുന്നേറ്റേന്ന് എബിക്ക് മന:സ്സിലായി…. അവൻ ഒന്ന് ഫ്രഷായി മുറ്റത്തേക്കിറങ്ങി…. “ആ മോനുണർന്നോ, വീടുമാറി കിടന്നിട്ട് ഉറക്കം വന്നില്ല അല്ലേ മോനേ?? ഏയ്, അങ്ങനൊന്നുമില്ല അമ്മച്ചി, ഞാൻ നന്നായി ഉറങ്ങി, ആട് കരയുന്ന കേട്ടപ്പോൾ ഉണർന്നതാ …… ഓ, ഇന്നമ്മക്കിച്ചിരി കരച്ചിൽ കൂടുതലാ മോനേ, എബി ഒന്നും മനസ്സിലാവാതെ മേരിയെ നോക്കി …. അപ്പോഴേക്കും ചാച്ചൻ അടുത്തെത്തി. അലീന മോടെ ആട്ടും കുഞ്ഞുങ്ങൾടെ പേരാ, ഇന്നുവും, മിന്നുവും, അന്നയും. ഇവിടെ ഉണ്ടാരുന്നപ്പോ മോളാ അതുങ്ങളെയൊക്കെ നോക്കിയിരുന്നത്…. “മേരി, ദാ പാല്, പോയി മോന് ചായയിട്, മോളേണിറ്റില്ലല്ലേ? അരമണിക്കൂറിനുള്ളിൽ അവൾ ഉണരും .അഞ്ചു മണിയാ കൊച്ചിൻ്റെ സമയം…. മുറ്റത്ത് നിന്നും പത്രമെടുത്ത് വറീത് എബിയെക്കൂട്ടി ഹാളിലിരുന്നു…. മോൻ്റെ കേസിൻ്റെ വാർത്ത ഉണ്ടല്ലോ? അതും പറഞ്ഞ് പത്രം വറീത് എബിക്ക് നേരേ നീട്ടി. വറീത് നല്ലൊരു മനുഷ്യനാണെന്ന് അവന് തോന്നി.
അലീനയെ പോലെ തന്നെയാണ് സംസാരരീതി – പണം പലിശക്കു കൊടുക്കുന്ന ഒരാളുടെ ധാർഷ്ട്യം ഒന്നും ആ മനുഷ്യനില്ല…… രണ്ടു പേരും പെട്ടെന്ന് തന്നെ നല്ല കൂട്ടായി… അലീന ഉണർന്ന് ബെഡിൽ നോക്കിയപ്പോൾ എബിയെ അവിടെങ്ങും കണ്ടില്ല…. അലീന തലമുടി വാരിക്കെട്ടിവേഗം എഴുന്നേറ്റ് ഫ്രഷായി മുറിക്ക് പുറത്തേക്കിറങ്ങി…. പുറത്ത് ചാച്ചൻ മുറ്റത്ത്കൃഷി പണിയും ഇച്ചായൻ അതിൻ്റെ കൂട്ടത്തിലൊരാളായി സംസാരിച്ചു നിൽക്കുന്നു. ശരിക്കും അവരുടെ ആ നിൽപ്പ് കണ്ടാൽ അപ്പനും മോനുമാണെന്നേ പറയൂ…….. അവളവർക്കിടയിലേക്കു ചെന്നു – ഇച്ചായനെപ്പഴാ എഴുന്നേറ്റു പോന്നത്? ഞാനറിഞ്ഞില്ലല്ലോ…. വിളിക്കാരുന്നില്ലേ? താനുറങ്ങട്ടെന്ന് കരുതി ഇന്നലത്തെ യാത്രയുടെ ക്ഷീണവും, പിന്നെ പെൺകുട്ടികൾക്ക് അവരുടെ സ്വന്തം വീട്ടിലെത്തുമ്പോ ഉറങ്ങാനെങ്കിലും സ്വാതന്ത്ര്യം കൊടുക്കണം ഇല്ലേ, ചാച്ചാ…… എബി അതു പറഞ്ഞപ്പോൾ ചാച്ചനും ചിരിച്ചു…. കുറച്ചു കഴിഞ്ഞ് അലീനയെ തിരക്കി എബി മുറിയിലേക്ക് പോയി…
“ടോ,അലീനേ, ഇന്ന് മറിയാൻ്റി ടെ വീട്ടിൽ ഒരു പത്തു മണിയാവുമ്പോ നമുക്ക് പോയിട്ട് എനിക്ക് ഒരു ഉച്ചയോടെ മതിലകം കൊട്ടാരത്തിൽ വരെ ഒന്നു പോവണം…. താൻ കൂടെ വരുന്നോ??? മറിയാൻ്റി ഇന്ന് അവിടുന്ന് നമ്മളെ വിടുമോന്ന് അറിയില്ല. പിന്നെ ഇച്ചായന് ഞാൻ കൊട്ടാരത്തിലേക്ക് വരുന്നതിൽ അനിഷ്ടം ഒന്നും ഇല്ലെങ്കിൽ വരാം.. ആ ,പിന്നെ ഇച്ചായാ …. ഇത്രേം കൂടുതൽ എൻ്റെ ചാച്ചനെയും അമ്മച്ചിയെയും പെങ്ങൻമാരെയും ഒക്കെ സന്തോഷിപ്പിച്ചാൽ ചിലപ്പോ ഇച്ചായനെ ഒരിക്കലും നഷ്ടപ്പെടുത്താനെനിക്കാവാതെ വരും, അഭിനയമാണ് ഈ സ്നേഹ പ്രകടനങ്ങളെങ്കിൽ ഇത്തിരി കുറക്കുന്നത് നല്ലതാണെന്ന് ഓർമിപ്പിച്ചതാ ഇച്ചായാ ഞാൻ…… ചാച്ചനെ ഇത്രേം സന്തോഷിച്ചു ഞാൻ ഇതിനു മുൻപേ കണ്ടിട്ടില്ല – ഞങ്ങൾ മൂന്നു പെൺകുട്ടികൾക്ക് ശേഷം അമ്മച്ചി ഒരനിയൻ കുട്ടനുകൂടി ജന്മം കൊടുത്തതാ, പക്ഷേ കർത്താവ് അവന് ആയുസ്സു തന്നില്ല. ഇച്ചായനെ കിട്ടിയപ്പോൾ ഒരു മകനെ കിട്ടിയ തിളക്കം കാണാം ഇപ്പോ ആ കണ്ണുകളിൽ ….. ഒടുവിൽ നമ്മളൊരിക്കലും ഒരേ തീരം തൊടാത്ത വഞ്ചികളായി അകന്നു പോവേണ്ടി വന്നാൽ അതു താങ്ങാൻ ചിലപ്പോ ചാച്ചന് പറ്റിയെന്നു വരില്ല??… താനെന്താടോ അങ്ങനെ പറഞ്ഞത്.
ഈ കൈതയിൽ എബിൻ ഫിലിപ്പെന്ന ഞാൻ ഇന്നുവരെ ആരേയും സ്നേഹിച്ച് ചതിച്ചിട്ടില്ല… പിന്നെ ഒരു പെണ്ണിനെ മനസ്സറിഞ്ഞു ഞാൻ സ്നേഹിച്ചു. അവളെന്നെ ചതിച്ചെന്ന് ഞാൻ ഒരിക്കലും പറയില്ല… ചിലപ്പോ താൻ പറഞ്ഞതുപോലെ നീതികരിക്കപ്പെടാവുന്ന എന്തെങ്കിലും കാരണം ശ്രീ എന്നെ ഉപേക്ഷിച്ചതിനു പിന്നിൽ ഉണ്ടാവാം….. തൻ്റെ ചാച്ചൻ എന്ത് പാവം മനുഷ്യനാടോ… ശരിക്കും പണ്ടെങ്ങോ ബൈബിൾ ക്ലാസിൽ പോയപ്പോ അച്ഛൻ പഠിപ്പിച്ച നല്ലിടയനെ പോലെ, എൻ്റെ അപ്പച്ചൻ ഇങ്ങനൊന്നും ആയിരുന്നില്ല, നാട്ടിലും വീട്ടിലും ഒക്കെ സ്റ്റാറ്റസിൻ്റെ തലക്കനം കാണിച്ചിരുന്നു. തനിക്കറിയോ? എനിക്ക് വക്കീൽ അവാൻ ഒരു താൽപര്യവും ഇല്ലായിരുന്നു. ഒരു അധ്യാപകൻ ആവാനായിരുന്നു ആഗ്രഹം…. പക്ഷേ അപ്പച്ചൻ സമ്മതിച്ചില്ല. അപ്പച്ചൻ്റെ നിർബന്ധം കൊണ്ടാ പിന്നെ എൽ .എൽ. ബിക്ക് ചേർന്നത്. ഒന്നും തുറന്നു പറയാൻ ഉള്ള സ്വാതന്ത്യം അപ്പച്ചൻ ഞങ്ങൾ രണ്ട് ആൺമക്കൾക്കും തന്നിട്ടില്ല.
അപ്പച്ചൻ്റെ ഫ്രണ്ടിൻ്റെ മോളാരുന്നു സിനിചേട്ടത്തി… ഇച്ചായനോട് അഭിപ്രായം പോലും ചോദിക്കാതെയാ അപ്പച്ചൻ വാക്കുറപ്പിച്ചത് .ന്യായമുള്ള കാര്യങ്ങളാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമെ അപ്പച്ചൻ ഇത്തരം നിർബന്ധങ്ങൾക്ക് മുതിരാറുള്ളു…. ഞാൻ പറഞ്ഞു വന്നത് തനിക്ക് തൻ്റെ ചാച്ചൻ തരുന്ന അഭിപ്രായ സ്വാതന്ത്ര്യമാവാം ചിലപ്പോൾ എന്നെ അദ്ദേഹത്തോട് അടുപ്പിച്ചത് ……. അഭിനയിക്കേണ്ട ആവശ്യമെന്താടോ എനിക്ക്. ഒരു പെണ്ണിനെ ബഹുമാനിക്കേണ്ട രീതികളെല്ലാം എനിക്കറിയാം. പണത്തിൻ്റെ പേരിലോ മറ്റു സൗകര്യങ്ങളുടെ പേരിലോ, എന്തിന് വലിയൊരു കേസ് ജയിച്ചാൽ പോലും ഞാൻ അതിൻ്റെ പേരിൽ ഇന്നുവരെ അഹങ്കരിച്ചിട്ടില്ല…. താൻ പേടിക്കണ്ടടോ തന്നെ ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഒന്നും ശ്രമിക്കില്ല: പക്ഷേ ഒരു ഭാര്യയായി എല്ലാ അർത്ഥത്തിലും തന്നെ കൂടെ നിർത്താൻ എനിക്ക് മനസ്സുകൊണ്ട് കഴിയുന്നില്ല…. സാരമില്ല ഇച്ചായാ ,ശ്രീയെക്കുറിച്ചുള്ള സത്യം കണ്ടെത്തും ഞാൻ ,ഇന്നല്ലെങ്കിൽ നാളെ !പിന്നെ നല്ലൊരു കൂട്ടായി ഇച്ചായൻ ഇങ്ങനെയെങ്കിലും എൻ്റെ കൂടെ ഉണ്ടായാൽ മതി….. അലീന അതു പറഞ്ഞതും എബി അവളെ പെട്ടെന്ന് കെട്ടിപ്പിടിച്ചു…. പെട്ടെന്നുള്ള എബിയുടെ പെരുമാറ്റം കണ്ട് അവൾ ഞെട്ടി… എബി അലീനയെ പിടിച്ചു കൊണ്ട് തന്നെ ജനലിനു നേർക്ക് തിരിഞ്ഞു. അലീനയുടെ ചെവിയിൽ അവൻ്റെ ചുടുനിശ്വാസം പതിഞ്ഞു….. ജനലിലൂടെ ഒളിഞ്ഞു നോക്കുന്ന രണ്ടു കണ്ണുകൾ അവൾ കണ്ടു…….. തുടരും…… NB :Exam ആയതു കൊണ്ടാണ് കഥയുടെ പാർട്ട് ഇടാൻ താമസിക്കുന്നത്. എല്ലാവരും ക്ഷമിക്കണം…. എല്ലാവരുടെയും സപ്പോർട്ടിന് ഒരായിരം നന്ദി……