May 12, 2025

ലയനം : ഭാഗം 7

രചന : സായാഹ്ന.M.

ഇതു പോലെ നിന്നെ പറ്റിക്കാൻ അവനു കഴിയോ മോളേ… ” ആ അമ്മ പൊട്ടിക്കരഞ്ഞു.ഫോൺ തിരികെ വെച്ച്, പാർവ്വതി ഭിത്തിയിലേക്കു ചാരി .കേട്ടതിൻ്റെയെല്ലാം ഞെട്ടലിൽ പകച്ചിരിക്കുന്ന ഭർത്താവിനേയോ, കുടുംബത്തേയോ അവൾ കണ്ടില്ല.കൺമുന്നിൽ, തനിക്കു വേണ്ടി അക്ഷമയോടെ കാത്തു നിൽക്കുന്ന നിരഞ്ജൻ….!!. “എടീ, ചില ജാട തലയ്ക്കു പിടിച്ച നടിമാരെപ്പോലെ ലേറ്റാവാതെയിരുന്നൂടെ… ഒന്നൂല്ലെങ്കിലും, ഞാൻ അൽപസ്വൽപം പേരും, പ്രശസ്തിയുമുള്ളൊരു സംവിധായകനല്ലേ…?”

കുറുമ്പോടെ ചെവിക്കു പിടിച്ച്, പിന്നെ പ്രണയത്തോടെ നെറ്റിയിലേക്കു നെറ്റിമുട്ടിച്ച്…. ആ മോഹിപ്പിക്കുന്ന ചിരിയും ചിരിച്ച് …വലം കൈവെള്ളയിലേക്കു മുഖം താങ്ങി തൻ്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്ന നിരഞ്ജൻ..!!ഇത്ര നേരം പിടിച്ചു നിർത്തിയിരുന്ന സങ്കടം തുലാവർഷം പോലെ പെയ്തു … രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്തുള്ള കസേരയിലേക്കിരുന്നു… രണ്ടു ദിവസമായി നെഞ്ചിൽ വിങ്ങിയ സങ്കടം പെയ്തിറങ്ങുന്നതു കണ്ട്, ചുറ്റുമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നു…!!നിരഞ്ജൻ്റെ മരണവാർത്ത പത്രത്തിൽ കണ്ട നിമിഷം മുതൽ പാർവ്വതിയുടെ അച്ഛനും, അമ്മയും, പ്രവീണയും മാറി മാറി ഫോൺ വിളിച്ചത് ഹരികൃഷ്ണന് ഓർമ്മ വന്നു..

“കുങ്കുമം ചുമക്കുന്ന കഴുത….!!! ”
ഹരികൃഷ്ണൻ്റെയുള്ളിൽ ഒരു മിന്നലുണ്ടായി.
എല്ലാവരുടെയും, നിർബന്ധത്തിനു വഴങ്ങി അവളെ പെണ്ണുകാണാൻ ചെന്നപ്പോൾ അവൾ നല്ലൊരു ഡാൻസറാണെന്നും, പ്രോഗ്രാമുകൾ ചെയ്യാറുണ്ടെന്നും, വീട്ടുകാർ പറഞ്ഞത് അയാളുടെ ഓർമ്മയിലെത്തി.നിരഞ്ജൻ തൻ്റെ അഭിമുഖത്തിൽ അക്കമിട്ടു നിരത്തിയ ആരോപണങ്ങളെല്ലാം തൻ്റെ നേർക്കു പാഞ്ഞു വരുന്ന കൂരമ്പുകളായി അയാൾക്കു തോന്നി… ഏറെ നേരത്തിനു ശേഷം, കരച്ചിലിൻ്റെ ശക്തി അൽപ്പമൊന്നു കുറഞ്ഞപ്പോൾ ഹിമയും, നന്ദനയും എണീറ്റ് അവൾക്കിരുവശത്തും വന്നിരുന്നു. “ഏട്ടത്തീ… “. ഹിമ അവളുടെ ചുമലിൽ തൊട്ടു.
“ശരിക്കും, വിളിച്ചത് ആരാ…? നിരഞ്ജൻ സാറിൻ്റെ ആരെങ്കിലുമാണോ..? എന്താ ഏട്ടത്തിയോട് അവർ പറഞ്ഞത്…? ഒന്നു വിശദമായി പറയ് ഏട്ടത്തീ. അദ്ദേഹം ഇൻ്റർവ്യൂവിൽ പറഞ്ഞ പെൺകുട്ടി ;അദ്ദേഹം പ്രേമിച്ചിരുന്നത്, അത് ഏട്ടത്തിയാണോ..?”ഹിമയുടെ ചോദ്യങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു കൊണ്ടിരുന്നു..

പാർവ്വതി കൈവള്ളയാൽ മുഖം ഒന്നമർത്തിത്തുടച്ചു.എല്ലാ കണ്ണുകളും തൻ്റെ നേർക്കാണെന്ന് അവൾ കണ്ടു.ശ്രീദേവ് ഉറങ്ങിയത് നന്നായി എന്നവൾക്കു തോന്നി. മകൻ്റെ മുന്നിൽ അമ്മയുടെ പൂർവ്വപ്രണയകഥ പറയേണ്ടി വന്നില്ലല്ലോ…!!ഹരികൃഷ്ണൻ്റെ മുഖത്തെ ഭാവം ശരിക്കും എന്താണെന്ന് അവൾക്കു മനസ്സിലായില്ല.
അല്ലെങ്കിൽത്തന്നെ കഴിഞ്ഞ 12 വർഷങ്ങളായിട്ടും തനിക്കു പിടി തരാത്ത മനുഷ്യൻ…!!”ഏട്ടത്തി… ” ഹേമന്ദ് കൂടി വിളിച്ചതോടെ അവൾ വിളറിയ ഒരു ചിരിയോടെ ഈ വീട്ടിലെ തൻ്റെ അവസാന രാത്രിയാകും ഇതെന്ന് മനസ്സിലുറപ്പിച്ചു.

ഒരു കടങ്കഥ പോലെ എല്ലാം ബാക്കി വെച്ചിട്ടു പോകുന്നതിലും നല്ലത് തുറന്നു പറഞ്ഞ് പടിയിറങ്ങുന്നതു തന്നെയാണ്…..അവൾ ഹിമയേയും, നന്ദനയേയും നോക്കി പറഞ്ഞു –
നല്ലൊരു സിനിമാക്കഥയാണ്.നിരഞ്ജൻ്റെ സിനിമയേക്കാൾ മനോഹരമായൊരു ജീവിത കഥ…!” അവൾ, മെല്ലെ പറഞ്ഞു തുടങ്ങി.
…………….
എല്ലാവരെയും പോലെ ആസ്വാദ്യകരമായൊരു ക്യാമ്പസ് കാലം..!പഠനത്തിലും, മറ്റു വിഷയങ്ങളിലും മിടുക്കിയായ പാർവ്വതി…ഡിഗ്രി അവസാന വർഷമാണ് കോളേജ് ആർട്ട്സ് ഡേയ്ക്ക് മുഖ്യാതിഥിയായി നിരഞ്ജൻ വരുമെന്നറിയിപ്പു കിട്ടിയത്.പരാജയമറിഞ്ഞിട്ടില്ലാത്ത നിരഞ്ജൻ എന്ന സംവിധായക പ്രതിഭയുടെ മൂന്നാമത്തെ ചിത്രം വിജയകരമായിപ്രദർശനംനടക്കുന്നുണ്ട്.അദ്ദേഹത്തിൻ്റെ ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ട്. നല്ല ആരാധനയുമുണ്ട്.അതുകൊണ്ടാണ് ആ മൂന്നു ചിത്രങ്ങളിലേയും കൂടി അഞ്ചു ഗാനങ്ങൾ കോർത്തിണക്കിയുള്ള ഒരു ഡാൻസ് പ്ലാൻ ചെയ്തത്…

കാത്തു കാത്തിരുന്ന ആ ദിവസം വന്നു. സിനാമാതാരങ്ങൾ തോറ്റു പോകുന്ന ലുക്ക്… നീല ജീൻസും, വെള്ള ഷർട്ടും.. ഭംഗിയുള്ള കട്ടിമീശ.. മുഴങ്ങുന്ന ശബ്ദം.നൃത്തത്തിന് അണിഞ്ഞൊരുങ്ങുന്നതിനിടയിൽ ഓടിപ്പോയി ഒരു നോക്കു കണ്ടു.. ഗ്രീൻ റൂമിൽ നിറയെ അദ്ദേഹത്തെക്കുറിച്ചുള്ള കമൻ്റുകളാണ് …നൃത്തം ചെയ്യുമ്പോൾ,സദസ്സിൻ്റെ മുൻ നിരയിൽ, പ്രിൻസിപ്പലിൻ്റെയടുത്തിരുന്ന് നിരഞ്ജൻ ആസ്വദിക്കുന്നുണ്ടായിരുന്നു.അതിനു ശേഷം വന്ന് വേഷം മാറിയപ്പോഴേക്കും, ആർട്ട്സ് ക്ലബ് സെക്രട്ടറി വന്ന് നിരഞ്ജൻ സാർ, പാർവ്വതിയെ കാണണമെന്നാവശ്യപ്പെട്ടു എന്നറിയിച്ചു.

കഴിഞ്ഞ വർഷത്തെ കോളേജ് മാഗസിനിലിൽ കവർപേജ് ഫോട്ടോ വന്നതോടെ കുറേ പരസ്യക്കമ്പനിക്കാർ, സമീപിച്ചിരുന്നു.സീരിയലുകാരും, പുതുമുഖ നായികയെ അന്വേഷിച്ച ഒന്നു രണ്ട് പുതുമുഖ സിനിമാക്കാരും വന്നിരുന്നു. നിരഞ്ജൻ സാറാണെങ്കിൽ എസ്റ്റാബ്ലിഷ്ഡ് ആയ ആളാണ്.
“ദൈവമേ… ” എന്നു മനസ്സിൽ വിളിച്ചു കൊണ്ടാണ് ആ മുന്നിൽച്ചെന്നു നിന്നത്കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വം..!വീടെവിടെ ,വീട്ടിൽ ആരൊക്കെയുണ്ട്എന്നൊക്കെയുള്ള സംഭാഷണങ്ങൾക്കു ശേഷം, നൃത്തം പഠിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയാണ് മറുപടി കൊടുത്തത്. “നൃത്തം എനിക്ക് ജീവനാണ്… പക്ഷേ, സിനിമാ ഫീൽഡ് എനിക്കു താൽപര്യമില്ല…” ആ തുറന്നു പറച്ചിലിൽ അദ്ദേഹം പൊട്ടിച്ചിരിച്ചു.. പിന്നെ പറഞ്ഞു – ” തന്നെ സിനിമയിലഭിനയിപ്പിക്കാൻ എനിക്കും താൽപ്പര്യമില്ലാ..!.”

“പിന്നെയെന്താ…?” എന്ന മട്ടിൽ ഒന്നു നോക്കി.
അതിനു കണ്ണുകൾ ചിമ്മി ഒരു ചിരിയായിരുന്നു മറുപടി.”തൻ്റെ ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം… “എനിക്കു മൊബൈൽ ഇല്ല സർ.ലാൻഡ് നമ്പർ തരാം.””ഓ…. അതെങ്കിലും തരാമെന്നു പറഞ്ഞല്ലോ.”വീണ്ടും ചിരി… നമ്പർ പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോൾ, പോക്കറ്റിൽ നിന്ന് വിസിറ്റിങ് കാർഡെടുത്ത് നീട്ടി… വീണ്ടും പറഞ്ഞു – “ഞാൻ വിളിക്കും… ഷുവർ .അഭിനയിക്കാനല്ല.. ബിക്കോസ് അയാം റ്റൂ മച്ച് സെൽഫിഷ് എബൗട്ട് യൂ..!!”അന്തം വിട്ടു നോക്കിയപ്പോൾ മയക്കുന്ന ആ ചിരി വീണ്ടും…
യൂണിയൻ സെക്രട്ടറി കയറി വന്നതോടെ, “കീപ്പ് യുവർ ടാലൻറ് നറിഷ്ഡ്…. ഇപ്പോ ചൊയ്ക്കോളൂ. നമുക്ക്, വീണ്ടും കാണാം…” എന്നു ചിരിയോടെ പറഞ്ഞു ….അതൊരു തുടക്കമായിരുന്നു…..!!!

…. (തുടരും)……..

നിരഞ്ജൻ്റ അഭിമുഖത്തിലൂടെ അവർ പിരിഞ്ഞ കാരണത്തിൻ്റെ ചെറിയ സൂചനകളല്ലേ കിട്ടിയത്?
ഇനി വിശദമായി പാർവ്വതിയുടെ വാക്കുകളിലൂടെ കേട്ടോളൂ… ആരും കൊതിക്കുന്നൊരു പ്രണയത്തിൻ്റെ കഥ…!!ഇനി ലൈക്കും, ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കണേ..
പിന്നെ ഒരു സോറി, ലേറ്റായതിൽ. അപ്രതീക്ഷിതമായി കുറച്ച് ഗസ്റ്റ്കൾ വന്നു.അതു കൊണ്ടാണ്‌ .

Leave a Reply