May 12, 2025

ലയനം : ഭാഗം 6

രചന : സായാഹ്ന.M.

പാർവ്വതിയുടെ ചെവിയിൽ ആ വാക്കുകൾ മാത്രം മുഴങ്ങി “പ്രിയപ്പെട്ടവളേ മാപ്പ്….!!! ”
അത്താഴം കഴിഞ്ഞ് ഓരോരുത്തരായി എണീറ്റു പോയി.പാർവ്വതി അൽപം കഞ്ഞിയായി എടുത്ത് കഴിക്കാൻ ശ്രമിച്ചു. പക്ഷേ, 3.30 ന് അഗ്നിനാളങ്ങളേറ്റുവാങ്ങിയ ഒരു ശരീരത്തിനൊപ്പം, മനസ്സുകൊണ്ട് താനും ഒരു പിടിച്ചാരമായി മാറി എന്ന സത്യം അവൾ തിരിച്ചറിഞ്ഞു….!പാത്രങ്ങളെടുത്ത് സിങ്കിലേക്കിട്ട് , അടുക്കള വാതിലടച്ച്, ലൈറ്റണച്ച് അവൾ ഹാളിലേക്കു വരുമ്പോൾ നിരഞ്ജൻ്റെ പ്രണയത്തേക്കുറിച്ചുള്ള ചർച്ചയിലാണ് ഹിമയും, നന്ദനയും, ഹേമന്ദുമെല്ലാം .അഭിപ്രായം പറഞ്ഞില്ലെങ്കിലും, ഹരിയുടെ മുഖത്തും ആ ചിന്ത തന്നെയാണെന്നന്ന് മനസ്സിലാക്കാം. അനുപമയുടെ മാറ്റുകുറഞ്ഞ സ്നേഹത്തിൻ്റെ ക്ലാവു പിടിച്ചു കിടക്കുന്ന മനസ്സിൽ അയാൾക്ക്‌, നിരഞ്ജനോട് അസൂയ തോന്നുന്നുണ്ടായിരുന്നു. എന്തിന്, അച്ഛനുമമ്മയും പോലും അവരെ അനുകൂലിക്കുന്നു.

“വാ ഏട്ടത്തീ… ” അവളെ കണ്ട് നന്ദന ക്ഷണിച്ചു”ഏട്ടത്തിയെന്താ അഭിപ്രായമൊന്നും പറയാത്തത്…?” അതിന് അവിയലും, തീയലും വെക്കണ കാര്യമല്ലല്ലോ…” പത്മിനി ചുണ്ടു കോട്ടി ചിരിച്ചു.അതോടെ ഹരിയും മസിലുപിടിത്തം വിട്ട് ചിരിച്ചു. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവത്തിൽ, താൻ ആദ്യം ഇരുന്ന കസേരയിലേക്കു തന്നെ പാർവ്വതി ഇരുന്നു…
ആദ്യത്തെ അഭിമുഖത്തിൻ്റെ ടോപ് മൊമെൻറ്സ് വീണ്ടും കാണിക്കുന്നതു കണ്ട് എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി… ആദ്യം കാണിച്ചതിൽ നിന്ന് എഡിറ്റു ചെയ്യപ്പെട്ട ചില ഭാഗങ്ങളാണ്.. കൈകൾ വിടർത്തി, നിരഞ്ജൻ പറയുന്നു – “പ്രിയപ്പെട്ടവളേ മാപ്പ്.. മോഹിപ്പിച്ചതിന് … ഒരുപാടു സ്വപ്നങ്ങൾ തന്നതിന്, ഒടുവിൽ കൈവിട്ടു കളഞ്ഞതിന് … നൃത്തം പാഷ നായിരുന്നവളെ അതിന് അനുവദിക്കാത്ത ,വിദ്യാസമ്പന്നയായിട്ടും ജോലിക്ക വിടാത്ത ,കുങ്കുമം ചുമക്കുന്ന ഒരു കഴുതയുടെ കൂടെക്കഴിയാൻ വിട്ടതിന്…!!”

സത്യം …”നന്ദനയും, ഹേമന്ദും ഒരുമിച്ചു പറഞ്ഞു.
” അയാളെ കുങ്കുമം ചുമക്കുന്ന കഴുതയെന്ന് തന്നെ വിളിക്കണം…! കയ്യിലിരിക്കുന്നത് വൈരമോ, വെള്ളാരം കല്ലോ എന്ന് ഇത്ര നാളായിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ ആ പെൺകുട്ടിയെ സ്നേഹിച്ചിട്ടേയില്ല…” അമർഷം തീരാതെഹിമവീണ്ടുംപറഞ്ഞുകൊണ്ടിരുന്നു…ആത്മനിന്ദയുടെ ഒരു ഭാവം പാർവ്വതിയുടെ മുഖത്തു വിരിഞ്ഞു.. അറിയാതെ കണ്ണുകൾ നിറഞ്ഞു.TV യിലെ ബ്രേക്കിനിടയിൽ അച്ഛനും, അമ്മയുമുൾപ്പെടെ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുകയും തർക്കിക്കുകയും ചെയ്യുന്ന തിരക്കിലാണ് ലാൻഡ് ഫോൺ ബെല്ലടിച്ചത്… ഹരി ഇരിക്കുന്ന സെറ്റിയുടെ സൈഡിലാണ് ടെലിഫോൺ സ്റ്റാൻഡ്’. ഇടം കൈ ഒന്നു നീട്ടിയാൽ മതി… പക്ഷേ, ലാൻഡ് ഫോൺ അറ്റൻഡ് ചെയ്യുന്നത്, പാർവ്വതിയുടെ ജോലിയാണ്. അവൾ എഴുന്നേറ്റ് ചെന്ന് റിസീവർ എടുത്ത് “ഹലോ…. ” പറഞ്ഞു. അപ്പുറത്തു നിന്നും ശബ്ദമൊന്നും കേട്ടില്ല. വീണ്ടും “ഹലോ.. ” പറഞ്ഞപ്പോൾ ഹേമന്ദ് TV യുടെ വോള്യം കുറച്ചു.

അപ്പുറത്തു നിന്നും ഇടറിയ ഒരു വിളി കേട്ടു . – “മോളേ…. പാറൂ…..!!”തിരഞ്ജൻ്റെ അമ്മ അരുന്ധതിയുടെ ശബ്ദം..!!
മിന്നലേറ്റ പോലെ പാർവ്വതി ഞെട്ടിവിറച്ചു..! കൈയ്യിൽ നിന്നും റിസീവർ വഴുതിപ്പോയി. അന്ധയേപ്പോലെ തപ്പിത്തടഞ്ഞ് റിസീവർ വീണ്ടുമെടുത്തു കാതോടു ചേർക്കാൻ പേടിച്ചെന്നോണം അവൾ അതിലേക്കു തുറിച്ചു നോക്കി നിന്നു.ഹലോ…” വീണ്ടും റിസീവറിൽ നിന്നും ശബ്ദംകേട്ടു…ഹരികൃഷ്ണൻ അവളുടെ മുഖത്തേക്കു നോക്കി. പേടിച്ചു വിളറിയ മുഖം..!!
ഏതോ പെൺ ശബ്ദമാണെന്ന് ഹരി കേട്ടു .അയാൾ ഒന്നും മിണ്ടാതെ കൈ നീട്ടി ലൗഡ് സ്പീക്കർ ബട്ടൺ പ്രസ്സ് ചെയ്തു.

“മോളേ പാറൂ…!” ആ ശബ്ദം എല്ലാവരും കേട്ടു .പാർവ്വതി യാന്ത്രികമായി ഫോൺ ചെവിയോടു ചേർത്തു..”അമ്മേ…!” അവൾ വിളിച്ചു .ചുറ്റുമിരുന്ന എല്ലാപേരുടെയും ശ്രദ്ധ പാർവ്വതിയിലേക്കു നീണ്ടു.”എന്നാലും…… എന്നാലും….. നിനക്കവനെ അവസാനമായി ഒന്നു കാണണമെന്നു തോന്നിയില്ലല്ലോ മോളേ… അത്രയ്ക്കും നീ വെറുത്തു പോയോ പാറൂട്ടീ….!!”
ഹരികൃഷ്ണൻ ഉൾപ്പെടെഎല്ലാവരുംനടുങ്ങിപ്പോയി…. !!എല്ലാ കണ്ണുകളും അവളിലേക്കു ചുരുങ്ങി….
ഞാൻ…. ഞാൻ, കണ്ടല്ലോ അമ്മേ… ഇവിടെ കോളേജിൽ കൊണ്ടുവന്നപ്പോ…!!”പാർവ്വതിയുടെ ശബ്ദം വിറച്ചു”അമ്മയും, വേദൂം വണ്ടിക്കുള്ളിലുണ്ടെന്ന് ഞാൻ അറിഞ്ഞായിരുന്നു.. അവിടെ വെച്ച് നിങ്ങളെ കാണാൻ പറ്റാത്തോണ്ടാ ഞാൻ…!!”അവൾ നിർത്തി..വേദു എവിടെ..?””ഞാനിവിടെ, അടുത്തു തന്നെയുണ്ടേടത്തീ… ” നിവേദിതയുടെ ശബ്ദം വർഷങ്ങൾക്കു ശേഷം…!

ഓർമ്മകളുടെ ഒരു വലിയ തിരമാല അവളെ കുറേ വർഷങ്ങൾ പിന്നിലേക്കു വലിച്ചു കൊണ്ടുപോയി “ഏടത്തീ… ” എന്നു വിളിച്ചു കൊഞ്ചുന്ന ഒരു പെൺകുട്ടി. സ്വന്തം മകളായി ജീവിതത്തിലേക്കു കൂട്ടാൻ നിന്ന ഒരമ്മ… ആത്മാവിലേക്കലിഞ്ഞു ചേരാൻ കൊതിച്ച ഒരു കാമുകൻ….!!’നീ ഇതറിഞ്ഞ നിമിഷം എങ്ങനെ തരണം ചെയ്തൂന്നായിരുന്നു അമ്മേടെ പേടി…! അവൻ പണ്ടു മുതലേ പറയാറുണ്ടായിരുന്നല്ലോ.. അവനാദ്യം പോയാൽ നിന്നേം കൂടെ കൂട്ടുമെന്ന്.. “അറിയാതൊരേങ്ങൽ പാർവ്വതിയിൽ നിന്നുണ്ടായി.
“അക്കാര്യത്തിലും എന്നെ പറ്റിച്ചൂ ല്ലേ.? “എൻ്റെ മോളേ… ” അരുന്ധതിയമ്മ ഹൃദയം തകർന്നു വിളിച്ചു കൊണ്ട് കരഞ്ഞു…സംവിധായകൻ്റെ കിരീടം മാറ്റി വെച്ച്, ഒരു സാധാരണ മനുഷ്യനായി വന്ന് എനിക്കെൻ്റെ പാറൂനെ വിളിച്ചോണ്ടു വരാമായിരുന്നുവെന്ന് ഏട്ടൻ എന്നും പറയുമായിരുന്നു… !എന്നെ പേടിച്ചാണ് ആ പാവം ഭർത്താവിൻ്റെ വീട്ടിൽത്തന്നെ നരകിക്കണതെന്ന് …!! ഏട്ടൻ്റെ ഏറ്റവും വല്യ സങ്കടവും അതായിരുന്നു… ” നിവേദിത പറഞ്ഞു.

നിൻ്റെയേട്ടനെപ്പോലെ എന്നെ മനസ്സിലാക്കിയ ആരുണ്ട് വേദൂ ഈ ലോകത്ത്..? ”
അൽപ്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേ ഷം അമ്മ തിരക്കി” മോള് ഒന്നിവിടം വരെ വരുമോ? അമ്മയ്ക്കു കാണാൻ കൊതിയാവണു ണ്ട്.. നിന്നെ വിടുമോ അവിടെ നിന്ന്…?””ഞാൻ വരാം അമ്മേ…!” അവൾ തെല്ലും ആലോചിക്കാതെ തന്നെ പറഞ്ഞു…എൻ്റെ മോൾക്ക് ആഹാരം കഴിക്കാൻ പറ്റീട്ട്ണ്ടാവില്ല. അമ്മയ്ക്കറിയാം… ഞാൻ, ഞാൻ വെക്കുവാ… അരുന്ധതിയമ്മയുടെ ശബ്ദം ഇടറി.
ഇന്നലെയും, ഇന്നും പാർവ്വതി ഒന്നും തന്നെ കഴിച്ചിട്ടില്ലായെന്ന് എല്ലാവരും അമ്പരപ്പോടെ ഓർത്തു.
നിൻ്റെ ഫോൺ നമ്പറും, അവിടത്തെ എല്ലാ വിശേഷങ്ങളുംഅവന്അറിയാമായിരുന്നു…!”അത്രയും കൂടി അരുന്ധതിയമ്മ കൂട്ടിച്ചേർത്തു..അമ്മേ…. ” പാർവ്വതി പെട്ടെന്നു വിളിച്ചു.

“ശരിക്കും…. ശരിക്കും, ചാമ്പലായിക്കഴിഞ്ഞോ അമ്മേ…!? അതോ, പണ്ട് എന്നെ പറ്റിക്കണതു പോലെ….!?”അവളുടെ ശബ്ദം വിറച്ചു.”എൻ്റെ പൊന്നുമോളേ…. ” അരുന്ധതി ഹൃദയം തകർന്നു വിളിച്ചു. ഇതു പോലെ നിന്നെ പറ്റിക്കാൻ അവനു കഴിയോ മോളേ… ” ആ അമ്മ പൊട്ടിക്കരഞ്ഞു….
.
…………. (തുടരും)…………

നിരഞ്ജൻ്റെ പ്രണയിനി ആരെന്ന് ഹരികൃഷ്ണനും കുടുംബത്തിനും മനസ്സിലായിട്ടുണ്ടാവും.ല്ലേ….?ഇനി വായിച്ചിട്ട് എല്ലാവരും ലൈക്ക് ചെയ്യുക, പിന്നെ, അഭിപ്രായവും കമൻ്റ് ചെയ്യാൻ മറക്കല്ലേ….

Leave a Reply