രചന : സായാഹ്ന.M.
അഗ്നിയിലേക്കെറിയപ്പെട്ടവളേപ്പോലെ പാർവ്വതി അടിമുടി വെന്തുരുകി…!”’നമുക്കു പോകാം ഹേമന്ദ്… നാളെ അവധിയല്ലേ..” നന്ദന അപ്പോൾത്തന്നെ പറഞ്ഞു. ശരിയാ…. നിരഞ്ജനെ ജീവനോടെ നേരിൽ കാണാൻ പറ്റിയില്ല. ഇങ്ങനെയെങ്കിലും ഒന്നു പോയി കാണാം.” ഹേമന്ദ് അനുകൂലിച്ചു.” ഞാൻ റെഡി…”ഹരികൃഷ്ണൻ പറഞ്ഞു. “എനിക്കും ഒരുപാട് ഇഷ്ടമുള്ളയാളാണ് നിരഞ്ജൻ..”ഏട്ടത്തി വരണില്ലേ ..?” ഹേമന്ദ് തിരക്കി.അടുത്ത നിമിഷം ഒരു കൂട്ടച്ചിരിയാണ് ഉയർന്നത്.,, ഒന്നും മനസ്സിലാവാതെ പാർവ്വതി ഒരു മാത്ര നിന്നു. തന്നെ കൊണ്ടു പോയാൽ വീട്ടുജോലികൾ മുടങ്ങും… ഈ കാരണം പറഞ്ഞ് ഒരു പാട് പരിപാടികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. അതാണോ കാരണം…?”
എന്നാൽ അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട്, ഹരികൃഷ്ണൻ ചിരിയടക്കാൻ പാടുപെട്ട്, പതിവു പരിഹാസത്തോടെ പറഞ്ഞു
” നിരഞ്ജൻ ആരാണെന്ന് ചോദിച്ചു നോക്കെടാ… അപ്പുറത്തെ ധന്യ ചേച്ചീടെ കുഞ്ഞമ്മേടെ മോൻ്റെ പേരല്ലേന്ന് ചോദിക്കും… “അതിന് അവൻ്റെ പേര് നീരജ് എന്നല്ലേ.. ” ഹേമന്ദ് സംശയിച്ചു.അതേ .. പക്ഷേ, നിൻ്റെ ചേട്ടത്തിക്ക് രണ്ടും തമ്മിൽ വ്യത്യാസം കാണില്ല. പി.ജി. പഠിച്ചൂ ന്നൊക്കെ പറഞ്ഞാ കെട്ടിയത്… ഏതു യൂണിവേഴ്സിറ്റിയാണാവോ.. കൂപമണ്ഡൂകം എന്ന പ്രയോഗം സത്യത്തിൽ ഇവളെ ഉദ്ദേശിച്ചുള്ളതാണ്…?”പാർവ്വതി അടിമുടി എരിഞ്ഞു പോയി… മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല… അത് അർഹിക്കുന്നില്ല… ” ഇവള് ഏതു കോളേജിലാ പഠിപ്പിച്ചത്…? ആ പിള്ളേരുടെ ഒരു ഗതിയേ..! ഇന്ന് മുഴുവൻ, TV യിൽ ആ ന്യൂസ് മാത്രായിരുന്നു. ഒന്നെത്തി നോക്കിയതുപോലുമില്ല.. ”
അമ്മയാണ് പറഞ്ഞത്. അച്ഛനും അത് ശരിവെച്ചു. _
“അതേ, അവളിന്നത്തെ പത്രം പോലും നോക്കീല്ല.. ”
നേരാണോ ഏട്ടത്തീ…?”നന്ദന തിരക്കി” അതേ.. ”
ആത്മാഭിമാനം മുറിപ്പെട്ടതിൻ്റെ വേദന വാക്കുകൾക്ക് മൂർച്ച കൂട്ടി. എല്ലാവരും ജോലികളിൽ എന്നെ സഹായിക്കുന്നതു കൊണ്ട് നിങ്ങൾ പോയിക്കഴിഞ്ഞാൽ ഞാൻ വെറുതെയിരുന്നു പകൽക്കിനാവു കാണുകയാ…. ” നന്ദനയ്ക്ക് അടി കിട്ടിയതുപോലെയായി. അതു വകവെയ്ക്കാതെ പാർവ്വതി തുടർന്നു. “പിന്നെ പഠിത്തത്തിൻ്റെ കാര്യം. എനിക്കും സംശയമുണ്ട്. എൻ്റെ പേരിൽവേറെയേതെങ്കിലും കുട്ടിയാണോ പരീക്ഷയെഴുതിയത് എന്ന്. അല്ലെങ്കിൽ, ഈ കൂപമണ്ഡൂകത്തിന്,യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്കും, പി.ജി.ക്കും റാങ്ക് കിട്ടില്ലല്ലോ…! പിന്നെ ഞാൻ പഠിപ്പിച്ച കുട്ടികളുടെ ഗതി… അവരിൽ മൂന്നു പേര്, സിവിൽ സർവ്വീസുകിട്ടി രണ്ടാള് രണ്ടു ജില്ല ഭരിക്കുന്നുണ്ട്. ഒരാൾ പോലീസ് കമ്മീഷണറായി പോലീസിനേം ഭരിക്കുന്നുണ്ട്…!! ”
കിതപ്പുകാരണം അവൾ നിർത്തി. കത്തുന്നൊരു നോട്ടം എല്ലാവരുടെയും നേർക്കയച്ചു. പിന്നെ ഒഴിഞ്ഞ ചായക്കപ്പുകൾ ട്രേയിലേക്ക് പെറുക്കി വെച്ച് തിരിഞ്ഞു നടക്കാൻ നേരം ഇത്രയും കൂടി കൂട്ടിച്ചേർത്തു – “നിരഞ്ജൻ ആരുതന്നെയായാലും, നാളെ ഞാനും വരുന്നുണ്ട്;നിങ്ങൾക്കൊപ്പം…!”ഈ പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ആദ്യമായുണ്ടായ പ്രതികരണത്തിൽ, സത്യത്തിൽ ഹരികൃഷ്ണൻ പോലും പകച്ചുപോയിരുന്നു…!!അത്താഴ മേശയിൽ വെച്ച് എല്ലാവരും ശ്രദ്ധിച്ചത്, പാർവ്വതിയുടെ കല്ലിച്ച മുഖമായിരുന്നു…ഇടയ്ക്ക്, അവൾ അടുക്കളയിലേക്കൊന്നു പോയപ്പോൾ ഹേമന്ദ്, ചേട്ടനെ കുറ്റപ്പെടുത്തി.
“ഏട്ടൻ്റെ കളിയാക്കൽ ഇത്തിരി കൂടിപ്പോയി.. കൂപമണ്ഡൂകം ശരിക്കും അനുപമയായിരുന്നു. ദേ സിനിമയിലെ ഡയലോഗു പോലെ, ഇന്ത്യൻ പ്രധാനമന്ത്രി ആരാണെന്നു ചോദിച്ചാ, നരേന്ദ്രപ്രസാദ് എന്നു പറയും ഇപ്പോളും…!”ഹരികൃഷ്ണൻ്റെ മുഖം വിളറി പാർവ്വതി, കറി പകർന്ന ബൗളുമായി തിരികെ വരുന്നതു കണ്ട് രണ്ടാളും നിശ്ശബ്ദരായി…അത്താഴം കഴിഞ്ഞ് എല്ലാവരും എണീറ്റു പോയി. പാർവ്വതി പാത്രങ്ങളെല്ലാം എടുത്ത് അടുക്കളയിലേക്കു പോകുന്നതു കണ്ട്, നന്ദന ചോദിച്ചു – ഏട്ടത്തി കഴിക്കണില്ലേ..?””വേണ്ട… വിശപ്പില്ല…””സോറി.. ഏട്ടത്തിക്കു ഫീൽ ചെയ്തെങ്കിൽ… ഞാനൊരു തമാശയ്ക്കു പറഞ്ഞതാ… “എന്തിനു സോറി..? എനിക്കിത് കഴിഞ്ഞ12വർഷങ്ങളായിപരിചിതമാണ്… ഇന്ന്, ഒന്ന് റിയാക്ട് ചെയ്തെന്നു മാത്രം… അതിനുള്ള ശിക്ഷയ്ക്കും ഞാൻ റെഡിയാണ്…”
ശിക്ഷയോ..? ഏട്ടത്തി ചുമ്മാ വട്ടു പറയല്ലേ… ”
എല്ലാം കേട്ടു നിൽക്കുന്ന ഹിമയെക്കൂടി നോക്കി നന്ദന പറഞ്ഞു. അതിനു മറുപടി കൊടുക്കാതെ, പാർവ്വതി കിച്ചനിലേക്കു നടന്നു.മേൽ കഴുകി കിടക്കാനായി വരുമ്പോൾ ഹരി ഉറക്കം പിടിച്ചിരുന്നു. അവൾക്ക് ആശ്വാസം തോന്നി. നിരഞ്ജൻ ചില്ലുകൂട്ടിൽ കിടക്കുമ്പോൾ, ഹരിയുടെ കൂടെ ശരീരം പങ്കിടുന്നത് ചിന്തിക്കാൻ വയ്യ.. അവൾ മോൻ്റെ റൂമിൽച്ചെന്നു നോക്കി. അവനും ഉറക്കമാണ്. തിരികെ മുറിയിൽ വന്ന്, ശബ്ദമുണ്ടാക്കാതെ, ഒരു സൈഡിൽ കിടന്നു. ഉറക്കം വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ… കുറേ നേരം കിടന്നു.പിന്നെ എണീറ്റ് ജനൽക്കമ്പികളിൽ പിടിച്ചു കൊണ്ട്, ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നു..
ചിലപ്പോൾ സ്വയം വെറുപ്പു തോന്നാറുണ്ട്. വിവാഹത്തിനു മുമ്പ് പ്രണയമുണ്ടായിരുന്നവർ നല്ല ഭാര്യാ – ഭർത്താക്കന്മാരായി ജീവിക്കുന്നതിനേക്കുറിച്ച് കേട്ടിട്ടുണ്ട്…. പക്ഷേ തനിക്കു മാത്രം….!! അത്ര ആഴത്തിൽ പതിഞ്ഞു പോയതുകൊണ്ടാവാം… ഹരികൃഷ്ണൻ ഒരു നല്ല ഭർത്താവായിരുന്നുവെങ്കിൽ ഇത്ര സങ്കടമുണ്ടാവില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.പ്രേമത്തോടെയുള്ള ഒരു നോട്ടം., പ്രണയപൂർവ്വമുള്ള ഒരു സ്പർശനം ..ഒരു ചുംബനം…! അമ്മയുടെ കടുത്ത വാക്കുകൾക്ക്, “പോട്ടെ. സാരമില്ല ” എന്നൊരു സാന്ത്വനം.. ഓണത്തിനും ,വിഷുവിനും വീട്ടിൽ പോയി രണ്ടു ദിവസം താമസിക്കൽ .. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും, തൻ്റെ അച്ഛനമ്മമാരെ ഫോണിൽ വിളിച്ച്, സുഖമാണോ എന്നൊരന്വേഷണം… ഒന്നുമുണ്ടായിട്ടില്ല…
അയാളുടെ മനസ്സിൽ എന്നും അനുപമയ്ക്കാണു മുൻതൂക്കം.. അതു മനസ്സിലാക്കാം. ചെറുപ്പം മുതൽ സ്നേഹിച്ചതല്ലേ…? പക്ഷേ, അവൾ മറ്റൊരു ബന്ധം തേടിയതിന് താനെന്തു പിഴച്ചു…? ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഉറക്കമില്ലാത്തൊരു രാത്രി…!!അലാറത്തിൻ്റെ സഹായമില്ലാതെ പതിവിലും നേരത്തേ എണീറ്റു പോന്നു. പത്മിനി എണീറ്റ് ചായക്കു വേണ്ടി വരുമ്പോൾ, പാർവ്വതി എല്ലാ ജോലികളും തീർത്ത്, കുളിയും കഴിഞ്ഞിരുന്നു… അവർ അൽപ്പം അമ്പരപ്പോടെ നോക്കുമ്പോഴേക്കും അവൾ ഒരു ഗ്ലാസ്സെടുത്ത് സ്ലാബി ലേക്കു വെച്ചിട്ട് ഹരിക്കുള്ള ചായ കപ്പിൽ പകർന്ന്, പത്മിനിയെ ശ്രദ്ധിക്കാതെ കടന്നു പോയി.
പ്രാതൽ കഴിക്കാതെ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പി മാത്രം കുടിച്ചു.ഏട്ടത്തിയെന്താ ഡയറ്റിംഗിലാണോ…?”
ഹിമയുടെ ചോദ്യത്തിന് ഒരു വിളറിയ ചിരി മാത്രം കൊടുത്തു. എല്ലാവരും കഴിച്ച പാത്രങ്ങൾ കഴുകി വെച്ച് അവൾ ഹാളിലേക്കു വരുമ്പോൾ, പത്മിനി പോകാൻ റെഡിയായി സോഫയിലിരിപ്പുണ്ട്. ചമഞ്ഞൊരുങ്ങാൻ നിന്നാ നേരം പോകും. വരുന്നുണ്ടെങ്കിൽ, വേഗം വന്നേക്കണം…. ” അതിനു മറുപടി കൊടുക്കാതെ അവൾ വേഗം മുറിയിലേക്കു ചെന്നു.. അച്ഛനും, മോനും വേഷം മാറ്റിയിട്ടുണ്ട്.” വേഗം വേണം…. ഇല്ലെങ്കി ഞാനെൻ്റെ വഴിക്കു പോകും… എടീ നിരഞ്ജൻ , അദ്ദേഹത്തിൻ്റെ ഒരു സിനിമയെങ്കിലും നീ കണ്ടിട്ടുണ്ടോ.? ഇന്നലെ കളിയാക്കിയതിൻ്റെ വാശിക്ക് ചാടിപ്പുറപ്പെടുന്നതല്ലേ…?”
ആ ചോദ്യം പാടെ അവഗണിച്ചു കൊണ്ട് അവൾ അലമാരയിൽ നിന്നൊരു ചുരിദാർ എടുത്തു..ഹരി, മോനെയും കൊണ്ട് പുറത്തിറങ്ങി. പത്തു മിനിറ്റ് ആയില്ലാ. “അവളെയൊന്ന് വിളിക്ക്…” എന്ന് പത്മിനി പറയുമ്പോഴേക്കും, പാർവ്വതി പടികളിറങ്ങി വന്നു. ഇളം നീല നിറമുള്ള കോട്ടൺ ചുരിദാർ അവളുടെ ദേഹത്തിനോടിണങ്ങിക്കിടന്നു. മുടി കുളിപ്പിന്നലിനെന്ന പോലെയെടുത്ത് ചെറിയൊരു ക്ലിപ്പ് ഇട്ടിരുന്നു. ബാക്കി മുടിയിഴകൾ പുറം നിറഞ്ഞ് ഒഴുകിക്കിടന്നു.”വൗ…. എന്താ ലുക്ക് ഏട്ടത്തീ… ” നന്ദന പറഞ്ഞു. അവൾ ഒന്നു ചിരിച്ച് പുറത്തേക്കു നടന്നു.
കാറിലിരുന്ന് ഹിമ കലപില പറയുമ്പോൾ പാർവ്വതി നിശ്ശബ്ദയായിരുന്നു. കോളേജ് ഗേറ്റിനു മുന്നിൽ നിരഞ്ജന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള വലിയ ഫ്ലെക്സുകൾ നിരത്തിവെച്ചിരുന്നു. ആ ഫോട്ടോയിലേക്കു നോക്കി. പണ്ടത്തേതിൽ നിന്നുള്ള ഏക വ്യത്യാസം ആ താടി മാത്രമാണ്. നല്ല കട്ടി മീശ മാത്രമുള്ള സുന്ദരനായിരുന്നു. നല്ല ഡ്രെസിംഗ് സെൻസ് ഉള്ളയാൾ…!!ഹിമ ആദ്യം പുറത്തിറങ്ങി, വോളണ്ടിയേഴ്സ് ആയി ഓടി നടന്ന ഒരു വിദ്യാർത്ഥിയോടു വിവരങ്ങൾ തിരക്കി. പിന്നെ കാറിനടുത്തേക്കു വന്നു പറഞ്ഞു.
“വണ്ടിയൊതുക്കീട്ട് വേഗം വാ… അഞ്ചു മിനിട്ടിനുള്ളിൽ എത്തുമെന്നാ പറഞ്ഞത്. ”
പാർവ്വതിയ്ക്ക് ദേഹം തളരും പോലെ തോന്നി… കാറിൽ നിന്നിറങ്ങുമ്പോൾ ഹിമയുടെ കൈത്തലം പിടിച്ച 12 വർഷങ്ങൾ … 9 മാസങ്ങൾ….!!
എവിടെയെങ്കിലും,ജീവനോടെയുണ്ടായിരുന്നെങ്കിൽ…!!?ആദ്യം ഒരു പോലീസ് ജീപ്പ് ഗേറ്റു കടന്നു വന്നു. അതിനു പിന്നാലെ ആംബുലൻസ്.. അതിൻ്റെ മുന്നിൽ നിരഞ്ജന് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള വലിയ ഫോട്ടോ. പോലീസും, പിന്നെ മറ്റാരൊക്കെയോ ചേർന്ന് പുറത്തേക്കെടുക്കുന്ന ഫ്രീസർ ആൾത്തിരക്കിനിടയിൽ പാർവ്വതിക്കു കാണാനായില്ല.
ഹിമയുടെ കൈ പിടിച്ച് നീണ്ട ക്യൂവിന്നറ്റത്തു നിന്നു. പോകാൻ തിരക്കുള്ളതു കൊണ്ട് വളരെ വേഗത്തിൽ പോലീസ് ,ആളുകളെ കടത്തിവിട്ടു കൊണ്ടിരുന്നു. വലിയ ഓഡിറ്റോറിയത്തിൻ്റെ അകത്തേക്കു പ്രവേശിക്കുമ്പോൾ പാർവ്വതി കണ്ടു -വലിയൊരു ചില്ലുപെട്ടി.തലയ്ക്കൽ, നിരഞ്ജൻ്റെ ജീവൻ തുടിക്കുന്ന ഫോട്ടോ. അടുത്തേക്കു ചെല്ലുന്തോറും അവളുടെ ശരീരത്തിൻ്റെ വിറയൽ കൂടി വന്നു…
ഒന്നേ നോക്കിയുള്ളൂ… പണ്ട്, മടിയിൽ തല വെച്ച് ,കള്ളയുറക്കം നടിക്കുന്ന അതേ ഭാവം…! അതേ പുഞ്ചിരി, ആ താടിരോമങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടോ..?വേച്ചു വീഴാൻ തുടങ്ങവേ, പിന്നിലുണ്ടായിരുന്ന ഹരിയുടെ ചുമലിൽ ഒന്നു പിടിച്ചു.
ഇത്ര പേടിയുള്ളവൾക്ക് വീട്ടിലിരുന്നാൽ പോരായിരുന്നോ.? കുറേ നേരായി വിറയ്ക്കാൻ തുടങ്ങീട്ട്. എല്ലാരേം വെല്ലുവിളിച്ച് മുൻപേ ചാടിയിറങ്ങിപ്പോന്നതാ…” തിരികെ കാറിനടുത്തെത്തിയിട്ടും, ഹരി ചീത്ത പറച്ചിൽ നിർത്തിയിരുന്നില്ല. അവൾ ഒന്നും കേൾക്കാത്തതു പോലെ കണ്ണുകളടച്ചിരുന്നു.കവിളിലൂടെ കണ്ണുനീരൊഴുകുന്നത് – ഓ…തുടങ്ങി.. പൂങ്കണ്ണീരൊഴുക്കാൻ…” എന്ന് ഹരി പറഞ്ഞപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്.ഹിമ ഓടി വന്ന് പറഞ്ഞു – ” ആംബുലൻസിൽ നിരഞ്ജൻ്റ അമ്മേം, അനിയത്തീം ഉണ്ടത്രേ… പാർവ്വതിയുടെ നെഞ്ചിൽ ഇടിമുഴങ്ങി.”ഈശ്വരാ.. അമ്മയും, വേദൂട്ടിയും തന്നെ കണ്ടാൽ..? മീഡിയക്കാരാണ് ചുറ്റും….” അവൾക്ക് എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതിയെന്നായി..
പക്ഷേ, ഹരി, വീണ്ടും കാറിൽ നിന്നിറങ്ങി. ഒടുവിൽ ആ ചില്ലു പേടകം തിരിച്ച് വണ്ടിയിൽ കയറ്റുന്നതുകൂടി കണ്ടിട്ടാണ് ഹരിയും ,മറ്റുള്ളവരും വന്നത്.മുന്നിലും, പിന്നിലും പോലീസ് അകമ്പടിയോടെ ആംബുലൻസ് കോളേജിൻ്റെ ഗേറ്റ് കടന്നു പോകുന്നതും, മാധ്യമപ്പട, വിവിധ വാഹനങ്ങളിൽ പിന്നാലെ നീങ്ങുന്നതും, കാറിൻ്റെ വിൻഡോ ഗ്ലാസ്സിലൂടെ പാർവ്വതി കണ്ടു….!!
………….. (തുടരും)…………..
ഇതു പോലെ നിസ്സഹായയായിപ്പോയൊരു പെണ്ണിൻ്റെ ആത്മനൊമ്പരം വിവരിക്കാൻ വാക്കുകൾക്കു ശക്തി പോരാ….!! എല്ലാം സഹിക്കാനുള്ള ശക്തി പാർവ്വതിക്കു കിട്ടട്ടെ.. അപ്പോ ഇനി നിറയെ ലൈക്കും, കമൻറും പോരട്ടേ…