രചന – അരുന്ധതി
“”ഹും അവനു എന്നെ ശരിക്കു അറിയില്ല… ഈ സുധാകരമേനോനോട് കളിച്ചാൽ കളി പഠിപ്പിക്കും ഞാൻ അവനെ…. എത്ര വല്യ പാട്ടുകാരൻ ആയാലും…. “”
“”എന്താ ഏട്ടാ…. “”ഭാഗീരഥി അമ്മ വേപഥുവോടെ ചോദിച്ചു….
“”ഇനി മേലാൽ ഇവളെ കണ്ടുപോകരുത് എന്നവനോട് പറഞ്ഞപ്പോൾ ആ ധിക്കാരി പറയുവാ ഇവളെ മാത്രമേ അവൻ വിവാഹം ചെയ്യൂ എന്ന് .. ഞാൻ ജീവിച്ചിരിക്കുമ്പോ അതൊന്നും നടക്കില്ല… മതി ആട്ടവും പഠിത്തവും ഒക്കെ… മിഥുനോട് വരാൻ പറയാൻ പോവാ… അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം…. “”
ചിലങ്ക ഒരാശ്രയത്തിനെന്നോണം ഭഗീരഥിയുടെ കൈകളിൽ മുറുകെ പിടിച്ചു…. അമ്മാവൻ എടുത്ത തീരുമാനം അവളെ ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു എങ്കിലും നിരഞ്ജൻ അമ്മാവനോട് പറഞ്ഞ വാക്കുകൾ….അതവൾക്കു മുന്നോട്ടു നീങ്ങാൻ പ്രതീക്ഷ നൽകി… എപ്പോളൊക്കേയൊ ശബ്ദത്തോടൊപ്പം ആ മുഖവും ഹൃദയത്തിൽ പതിഞ്ഞു എങ്കിലും… അദ്ദേഹത്തിൽ നിന്നും ഇങ്ങനൊരു തീരുമാനം പ്രതീക്ഷിച്ചില്ല… കാരണം അതൊന്നും സ്വപ്നം കാണാനുള്ള അർഹത ഇല്ലാലോ…. ചിലങ്കയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… നാണത്താൽ കുതിർന്ന പുഞ്ചിരി…..
********
“”രാവിലെ തന്നെ അമ്മയും മോനും എങ്ങോട്ടാണ്…. “”
“”മാധവേട്ടാ ഇന്നലെ ചിലങ്ക മോൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി… ഇവനാ ഹോസ്പിറ്റലിൽ ആക്കിയത് .. ഞങ്ങൾ ഒന്നുപോയി ആ കുട്ടിയെ കണ്ടിട്ടു വരാം… “”
“”നിക്കടോ… ഞാനും കൂടി വരാം… പറ്റിയാൽ പിള്ളേരുടെ കാര്യം ഇന്ന് തന്നെ സംസാരിക്കുകയും ചെയ്യാം…””
“”എന്നാ ഏട്ടൻ വേഗം റെഡിയായിട്ടു വന്നോളൂ…. “”
നിരഞ്ജൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു… അവനറിയാമായിരുന്നു ആരുപോയി ചോദിച്ചാലും സുധാകരമേനോൻ അവളെ തരില്ല എന്ന്… പക്ഷെ തനിക്കു വേണ്ടത് ഒരേ ഒരാളുടെ സമ്മതം മാത്രമാ… ചിലങ്കയുടെ….
********
“”അപർണ…. ചിലങ്കയ്‌ക്കു ഇപ്പോ എങ്ങനുണ്ട്… “”
“”ഓഹ് മഹിക്ക് ഇപ്പോ എന്താ ഒരു സ്നേഹം… “”
“”അപർണ ആം സോറി…. ഇതവളോട് നേരിട്ട് പറയാൻ എനിക്ക് പറ്റില്ല… അതിനുള്ള അർഹത പോലും എനിക്ക് ഇല്ല… “”
“”എടാ… അപ്പോ നീ….. അപർണ അവന്റെ ഷർട്ടിനു കയറി പിടിച്ചു…..
“”നിയാണോടാ ഞങ്ങടെ ചിക്കുനെ…. “”
“”അപർണ ഞാൻ പറയുന്നതൊന്നു കേൾക്…””
“”നീ ഇനി ഒന്നും പറയണ്ടടാ… “”അപർണ ദേഷ്യത്താൽ പൊട്ടിത്തെറിച്ചു…
“”അപർണ കാം ഡൌൺ…. എനിക്ക് അവളെ ഇഷ്ടമായിരുന്നു… അത് സത്യമാണ്… അത് ജീവിതത്തിൽ ഒപ്പം നിർത്താൻ വേണ്ടിട്ടു ആയിരുന്നു… ഈ കാണുന്നതൊക്കെ ആണ് മഹി… എനിക്ക് അറിയില്ല എങ്ങനെ സ്നേഹം കാട്ടണം എന്ന്… കാരണം വളർന്ന സാഹചര്യം അങ്ങനെയാണ്… ആഗ്രഹിച്ചത് എന്തും കയ്യിൽ എത്തിക്കുന്ന അച്ഛൻ…. അതാണ് എന്നെ ഇങ്ങനെയാക്കിയത്… പക്ഷെ ഞാൻ കുറെ മാറാൻ ശ്രമിച്ചു… ചിലങ്കയുടെ കാര്യം എങ്ങനെ അച്ഛൻ അറിഞ്ഞു എന്നെനിക്കു അറിയില്ല… അച്ഛനാണ് അവളെ ഉപദ്രവിക്കാൻ ആളെ അയച്ചത്… ഉപദ്രവിക്കാനല്ല എനിക്ക് കാഴ്ച വയ്ക്കാൻ… അച്ഛൻ കരുതിയത് എനിക്ക് തോന്നിയ കമ്പം മാത്രമാണ് അവളെന്നു….
അച്ഛന്റെ കള്ളത്തരം ഞാൻ പിടിച്ചപ്പോൾ അച്ഛൻ എന്നെ വിശ്വസിപ്പിച്ച കഥ ഇതാണ്… പക്ഷെ സത്യം അതല്ല….
“”പിന്നെ… “”അപർണ ആശയക്കുഴപ്പത്തിലായി
ചിലങ്കയുടെ അച്ഛൻ ദേവൻ മേനോന്റെ ബിനാമി ആയിരുന്നു എന്റെ അച്ഛൻ… ഇന്ന് ഞങ്ങൾ അനുഭവിക്കുന്നതെല്ലാം അവളുടേത് ആണ്… അത് കൈക്കലാക്കാൻ അച്ഛൻ തന്നെ പ്ലാൻ ചെയ്ത ആക്‌സിഡന്റിലാണ് ചിലങ്കയ്‌ക്കു അവളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപെട്ടത്… അച്ഛൻ ഇപ്പോൾ ചില വിദേശികൾക്കൊപ്പം പോർട്ടിനടുത് എന്തൊക്കെയോ ബിസിനസ് പ്ലാൻ ചെയ്യുന്നുണ്ട്…. അതിനടുത്തുള്ള കണ്ണായ സ്ഥലം അൻപതു ഏക്കർ ചിലങ്കയുടെ പേരിലാണ്… അവൾക്കു പ്രായപൂർത്തി ആകാതെ അത് ഒന്നും ചെയ്യാൻ പറ്റില്ല .. അവളുടെ വിവാഹം മുറച്ചെറുക്കനുമായി നടത്താൻ അവളുടെ അമ്മാവൻ പ്ലാൻ ചെയ്യുന്നതുപോലും അതിനും മറ്റു സ്വത്തുക്കൾക്കും വേണ്ടിയാണു…. ഇതറിഞ്ഞ അച്ഛൻ വിവാഹത്തിന് മുൻപ് അവളെ കൊല്ലാൻ വേണ്ടീട് ആണ് ഇങ്ങനൊക്കെ ചെയ്തത്… ഞാൻ കണ്ടുപിടിക്കുമെന്നായപ്പോൾ എനിക്കു വേണ്ടി എന്ന് തിരുത്തി…
“”മഹി ഇതൊക്കെ…. നിന്നെ എങ്ങനെ ഞാൻ വിശ്വസിക്കും “”
“”വിശ്വസിക്കണം…. എനിക്ക് അവളെ രക്ഷിച്ചേ മതിയാവു…. നീ എന്റൊപ്പം നിക്കണം… രണ്ടു മരണങ്ങൾ അവളുടെ പിന്നാലെ ഉണ്ട്… എന്റെ അച്ഛനും അവളുടെ അമ്മാവനും… “”
“”മഹി.. നമ്മളെന്താ ചെയ്യുക… “”
“”അവളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം… പിന്നെ അമ്മാവനും മറ്റും സംശയം തോന്നാതെ അവളെ അവിടുന്നു മാറ്റണം “”
“”അതെങ്ങനെ… അമ്മാവൻ ഇപ്പോ തന്നെ മാര്യേജ് ന് പ്രഷർ ചെയ്യുവാ. മിഥുൻ ഉടനെ തന്നെ നാട്ടിൽ എത്തും… അച്ഛനെക്കാൾ പതിന്മടങ്ങു മോശക്കാരനാണ് അയാൾ… ആദ്യ ഭാര്യയെ കൊന്നു കെട്ടിത്തൂക്കിയവനാ… കേസ് ആകാതെ സുധാകരമേനോൻ മോനെ രക്ഷിച്ചു അമേരിക്കയിലേക്ക് കടത്തി… “”
“”അപ്പോ അവൻ വരുന്നതിനു മുൻപ് തന്നെ എന്തെങ്കിലും ചെയ്യണം… താൻ അവളെ പോയി കാണു… “”
“”മ്മ് അവൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി… വീട്ടിലേക്കു പോവാണെന്നു മെസ്സേജ് ചെയ്തു… ഉച്ചക്ക് ശേഷം ഞാനും സുമിയും കൂടി പോകാം… “”
“”മ്മ്… ഞാൻ പോട്ടെ.. എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്… നാളെ കാണാം… ബൈ… “”
“”ബൈ മഹി… “”
************
“”എക്സ്ക്യൂസ് മി … ഇന്നലെ icu വിൽ ഉണ്ടായിരുന്ന പേഷ്യന്റ്… ചിലങ്ക….റൂം നമ്പർ ഒന്നു പറയുമോ “” നിരഞ്ജൻ റിസെപ്ഷനിസ്റ്റിനോട് ചോദിച്ചു … മാധവൻ നമ്പ്യാരും രേവതിയും കുറച്ചകലെ മാറി നില്പുണ്ടായിരുന്നു…
“”വെയിറ്റ് സർ “” റിസെപ്ഷനിസ്റ് അവരുടെ മുന്നിലുള്ള കമ്പ്യൂട്ടറിൽ തിരഞ്ഞു…
“”ആ കുട്ടി രാവിലെ തന്നെ ഡിസ്ചാർജ് ആയി സർ…. “”
“”ഡിസ്ചാർജ് ആയോ… ഇത്ര നേരത്തെയോ…. വിരോധം ഇല്ലെങ്കിൽ അഡ്രസ് ഒന്നു കിട്ടുമോ… “”
“”സോറി സർ.. ആ കുട്ടിയുടെ പാരന്റ് അഡ്രസ് ആർക്കും നൽകരുത് എന്ന് നിർബന്ധമായും പറഞ്ഞിരുന്നു…. മാത്രമല്ല ഡോക്ടർ ഇന്നിവിടെ കിടക്കട്ടെ എന്ന് പറഞ്ഞപ്പോൾ അയാൾ വഴക്കിട്ടു ഡിസ്ചാർജ് വാങ്ങി പോകുകയാണ് ഉണ്ടയായത്… “”
“”ഓക്കേ.. താങ്ക്സ്… “”നിരഞ്ജൻ തിരികെ നടന്നു…
ഇന്നലത്തെ ആക്‌സിഡന്റും സുധാകരമേനോന്റെ പ്രകടനവും എല്ലാം എന്തൊക്കെയോ ദുരൂഹതകൾ ഉള്ളപോലെ തോന്നി അവനു…
നിരഞ്ജന്റെ മുഖത്തെ നിരാശ ഭാവം കണ്ട രേവതി വാത്സല്യത്തോടെ മകനോട് ചോദിച്ചു…
“”എന്തുപറ്റി കണ്ണാ… മുഖമെന്താ വാടി ഇരിക്കുന്നേ… “”
“”അമ്മേ അവൾ ഡിസ്ചാർജ് ആയി… അഡ്രസ് ചോദിച്ചപ്പോൾ ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞേല്പിച്ചു എന്നും… “”
“”എന്തൊക്കെയാ മോനെ ഇത്… “”മാധവൻ നമ്പ്യാർ അതൃപ്തി പ്രകടിപ്പിച്ചു…
“”അച്ഛാ എനിക്കല്പം സമയം വേണം…എല്ലാം ഞാൻ പറയാം… ഇപ്പോ നമുക്ക് വീട്ടിലേക്കു മടങ്ങാം…. “”
വണ്ടി ഓടിക്കുമ്പോളും ഇനി എന്ത് എന്നുള്ള ചിന്ത ആയിരുന്നു അവനു…. അപ്പോളാണ് അവനു മുന്നിൽ ഒരു വഴി തെളിഞ്ഞത്… ആരിൽ നിന്നാണോ അവളെ അറിഞ്ഞത് അയാളിൽ നിന്നും തന്നെ ഈ ദുരൂഹതകൾ ക്കു ഉത്തരം കണ്ടെത്തണം….
*******
“”അപ്പു മഹി പറഞ്ഞതൊക്കെ അപ്പാടെ അങ്ങ് വിശ്വസിക്കുവാണോ നീ…. അവന്റെ പുതിയ വല്ല നമ്പറും ആകും…., “” സുമി മഹിയെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല…
“”അല്ലടാ… മഹിക്ക് നല്ല മാറ്റം ഉണ്ട്… അവന്റെ കണ്ണിൽ കള്ളത്തരം ഒന്നും കണ്ടില്ല ഞാൻ… പിന്നെ അമ്മാവന്റെയും മിഥുൻറെയും ഉദ്ദേശം നമുക്കും അറിയാമല്ലോ…. “”
“”മ്മ്… അത് ശരിയാ… എന്തായാലും എല്ലാം ഒന്നു അന്വേഷിക്കണം… കണ്ണടച്ച് വിശ്വസിക്കാൻ നിക്കണ്ട… “”
“”സുമി എന്തായാലും നമുക്ക് ഇന്ന് ചിലങ്കയെ കാണാൻ പോകാം…. “”
“”അപ്പു നമ്മൾ അങ്ങോട്ടു ചെല്ലുന്നതു അങ്ങേർക്കു പിടിക്കുമോ ആവോ… “”
“”അയാളുടെ ഇഷ്ടം ആരു നോക്കുന്നു… അത് ചിലങ്കയുടെ വീടാണ്… അവിടെ വരണ്ടാന്നു പറയാൻ അയാൾക് അവകാശമില്ല… ഇതുവരെ അയാളുടെ ദുർമുഖം കണ്ടില്ലെന്നു നടിച്ചു… ഇനി ഇല്ല… നമ്മുടെ ചിക്കുൻറെ ജീവിതമാണ്… അതുകൊണ്ട് പൊരുതിയെ പറ്റൂ… “”
*******
മെഡിസിൻ കഴിച്ചു ഉറങ്ങാൻ കിടന്നതാണ് ചിലങ്ക…. ശരീരമാകെ നുറുങ്ങുന്ന വേദന ഉണ്ട്… അവൾ പതിയെ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങവേ ഒരു സ്കൂട്ടറിന്റെ ഹോൺ മുഴങ്ങി…
ചിലങ്ക ജനലിലൂടെ ബദ്ധപ്പെട്ടു എത്തിനോക്കി… അപ്പുവും സുമിയും ആയിരുന്നു അത്…
അപ്പു വണ്ടി സൈഡിൽ ഒതുക്കി വച്ചു… തലയിൽ നിന്നും ഹെൽമെറ്റ് മാറ്റി… സുമിക്ക് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു… അപ്പു അവളെയും ചേർത്തുപിടിച്ചു….
അപ്പോളേക്കും വണ്ടിയ്‌യുടെ ഒച്ച കേട്ടു സുധാകരമേനോനും ഭഗീരഥിയും ഇറങ്ങി വന്നിരുന്നു….
“”ആഹാ മക്കളായിരുന്നോ… കയറിവാ… “”
ഭാഗീരഥി അവരെ ക്ഷണിച്ചു… സുധാകരമേനോൻ ഭാര്യയെ താക്കിതോടെ നോക്കി…
“”മ്മ് എന്താ… നിങ്ങൾക്ക് ക്ലാസ് ഒന്നുമില്ലേ… “”
“”ഞങ്ങൾ ചിക്കുവിനെ കാണാൻ വന്നതാ… അപർണ മറുപടി നൽകി…
“അവൾ അതിനു ചാകാൻ കിടക്കുവോന്നും അല്ല… ചെറിയൊരു മുറിവേ ഉള്ളു… അതിനും സന്ദർശകർ…. “”അയാൾ അവരെ വീണ്ടും പരിഹസിച്ചു…
“”പറയാൻ പറ്റില്ലാലോ… ആരും അന്വേഷിച്ചില്ലെങ്കിൽ ചിലപ്പോൾ കൊന്നുകളഞ്ഞാലോ…. “”അപ്പു കുറിക്കു കൊള്ളുന്ന വാക്കുകൾ അയാൾക്കു നേരെ തൊടുത്തു….
ഉന്നം തെറ്റിയില്ല… അയാളുടെ മുഖഭാവം മാറുന്നത് അവർ കണ്ടു… കളവു ചെയ്യുമ്പോൾ പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ… അയാളുടെ ആ നിൽപ് ശരിക്കങ് ആസ്വദിച്ചു അവർ…
“”അയ്യോ അമ്മാവനെ ഉദ്ദേശിച്ചു അല്ല കാലം വല്ലാത്തതാണ്…. “”
“”മ്മ്.. “”
“”എന്നാ അമ്മാവൻ ഒന്നു വഴിമാറൂ… ഞങ്ങൾ അവളെ ഒന്നു കാണട്ടെ… “”
അയാൾക്കു മാറികൊടുക്കാതിരിക്കാൻ ആകുമായിരുന്നില്ല…. പകയോടെ അയാൾ അപ്പുവിനെ നോക്കി… അവൾ അയാൾക്ക് പുച്ഛത്തിൽ കുതിർന്ന ഒരു ചിരി തിരികെ സമ്മാനിച്ചു
തുടരും