രചന – ദേവാംശി ദേവ
അതേ മോനെ ഏട്ടൻ ഫ്രീയായിട്ട് ഒരു ഉപദേശം തരാം…”
രഞ്ജു എന്താന്നുള്ള അർഥത്തിൽ നിധിയെ നോക്കി..
“നമ്മുടേത് ഒരു ജോയിൻ ഫാമിലി ആണ്..അത് നീ മറന്നു പോകരുത്.”
നിധി പറഞ്ഞു നിർത്തിയതും അനുവും മീനുവും മുഖമുയർത്താതെ ചിരിച്ചു..
രഞ്ജു മാത്രം തന്റെ ദേഷ്യം എങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്ന് അറിയാതെ ഇരുന്നു..
രാത്രി മീനു റൂമിൽ വരുമ്പോൾ തലേ ദിവസത്തെ പോലെ ബിയർബോട്ടിലും സിഗരറ്റുമായി രഞ്ജു റൂമിൽ ഉണ്ട്.
മീനു ഒന്നും മിണ്ടാതെ ഡ്രെസ്സുമെടുത്ത് വാഷ് റൂമിലേക്ക് നടന്നു..
കുളി കഴിഞ്ഞ് ഇറങ്ങി കണ്ണാടിക്ക് മുന്നിൽ നിന്ന് സിന്ദൂരം തൊട്ട ശേഷം ഒരു ഓയിൽമെന്റ് എടുത്ത് ബെഡ്‌ഢിൽ ഇരുന്നുകൊണ്ട് അവൻ ചവിട്ടിയ വിരലിൽ പുരട്ടി..
അവൻെറ നോട്ടം അവളിൽ ആയിരുന്നെങ്കിലും അവൾ അവനെ മൈൻഡ് ചെയ്തില്ല.. മേശപ്പുറത്തിരുന്ന അവളുടെ ഫോൺ റിങ് ചെയ്‌തതപ്പോളാണ് അവൻ അവളിൽ നിന്നും മുഖം മാറ്റിയത് ..
രഞ്ജു ഫോണിലേക്ക് നോക്കി..
Viswas calling..
അവൻ കൈ നീട്ടി ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അതും എടുത്ത് ബാൽകണിയിലേക്ക് നടന്നു..
കുറച്ച് സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി..
അവൾ അവിടെ ഫോണിൽ സംസാരിക്കുകയാണ്..
പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിലും വളരെ സന്തോഷത്തിൽ ആണ് സംസാരിക്കുന്നത്..
അവൻ അവളുടെ അടുത്തേക്ക് നടന്നു.
“ഉമ്മ വെയ്ക്കുന്നത് എന്റെ ഇഷ്ടാ..
ഞാൻ ഇനിയും ഉമ്മ വെയ്ക്കും.
ഉമ്മ ഉമ്മ ഉമ്മ.”
അവൾ ഫോണിൽ ചുണ്ടുകൾ അമർത്തി ഉമ്മവെച്ചു..
“മോനെ വിശ്വാസ് കൃഷ്ണ..
നീ കൂടുതൽ വിളച്ചിൽ എടുത്താൽ ഞാൻ നേരിട്ട് വന്ന് ഉമ്മ വയ്ക്കും..
കാണണോ നിനക്ക്..”
മറുഭാഗത്ത് നിന്നുള്ള മറുപടി കേട്ട് അവൾ പൊട്ടി ചിരിച്ചു.
അടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിയാണ് അവൾ തിരിഞ്ഞത്..
പുറകിൽ രഞ്ജുവിനെ കണ്ട അവൾ വേഗം ഫോൺ കട്ട് ചെയ്‌തത് പുറകിൽ മാറ്റി പിടിച്ചു..
ഇതൊക്കെ ശ്രെദ്ധിച്ച അവൻ ചുണ്ടിൽ നിന്നും സാവധാനം സിഗരറ്റ് എടുത്ത് മാറ്റി പുക അവളുടെ മുഖത്തേക്ക് ഊതി..
“നിങ്ങൾക്ക് ഭ്രാന്താണോ”
അവൾ ദേഷ്യത്തോടെ ചോദിച്ചുകൊണ്ട് അവിടുന്ന് മാറാൻ ശ്രമിച്ചപ്പോൾ അവൻ അവളുടെ മുന്നിൽ കയറി നിന്ന് വീണ്ടും മുഖത്തേക്കി പുക ഊതി.
“രഞ്ജുവേട്ട പ്ലീസ്..എനിക്കിത് പറ്റില്ല..”
“നിനക്ക് പറ്റുന്നത് മാത്രം ചെയ്യാനല്ലല്ലോ മോളെ ഞാൻ..”
അവൻ വീണ്ടും അവളുടെ മുഖത്തേക്ക് പുക ഊതിയതും അവൾ ദേഷ്യത്തോടെ അവളെ തള്ളിമാറ്റി..
“ടി..”
അവൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരോട് ചേർത്തു..
പിന്നെ സിഗരറ്റ് ആഞ്ഞു വലിച്ച് അവളുടെ മുഖത്തേക്ക് തുടർച്ചയായി ഊതി..
അവൾ ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി .
അവളുടെ നഖം അവന്റെ കൈയ്യിൽ ആഴ്ന്നിറങ്ങി..
അവൻ പിടിവിട്ടതും അവൾ താഴേക്ക് ഇരുന്നു..
അപ്പോഴാണ് അവനും അവളെ ശ്രെദ്ധിച്ചത്..
ശ്വാസം ആഞ്ഞു വലിക്കാൻ ശ്രമിക്കുന്നുണ്ട്..വല്ലാതെ വെപ്രാളം കാണിക്കുന്നു.
അവൻ വേഗം കയ്യിലിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞ് അവൾക്ക് അടുത്തായി ഇരുന്നു..
“മീനാക്ഷി….മീനാക്ഷി..”
അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവളിൽ ഒരു മാറ്റവും ഇല്ലെന്ന് കണ്ടതും അവൻ വേഗം അവളെ രണ്ടു കൈയ്യാലും കോരി എടുത്ത് ബെഡിൽ കിടത്തി..
“അമ്മ…”
അവന്റെ വിളി ആ വീട് മുഴുവൻ മുഴങ്ങി കേട്ടു..
എല്ലാവരും ഓടി വന്നു.
“എന്താ മോനെ..എന്താ പറ്റിയത്..”
ചിത്ര കരഞ്ഞുകൊണ്ട് ചോദിച്ചു.
അവളുടെ അവസ്‌ഥ കണ്ട് എല്ലാവരും പേടിച്ചു പോയിരുന്നു..
“എനിക്ക് അറിയില്ലമ്മേ..”
രഞ്ജു പറഞ്ഞു
“രഞ്ജു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം.”
നിധി അവളെ എടുക്കാൻ മുന്നോട്ട് വന്നു.
ഏറ്റവും ഒടുവിലാണ് മുറ്റത്ത് നിന്ന നിവി ഓടി വന്നത്.
മീനുവിന്റെ അവസ്ഥ കണ്ട് അവൾ എല്ലാവരെയും തള്ളി മാറ്റി മുന്നോട്ട് കയറി മേശപ്പുറത്തും മേശക്കകത്തുമൊക്കെ എന്തോ തിരയാൻ തുടങ്ങി..
“ഏടത്തി…എവിടെയാ..”
അവൾ വേഗം മീനുവിനോട് ചോദിച്ചു
വെപ്രാളത്തിനിടയിലും അവളുടെ കണ്ണുകൾ ബുക് ഷെൽപ്പിൽ ഇരുന്ന കോളേജ് ബാഗിലേക്ക് പോയി.
നിവി വേഗം ആ ബാഗെടുത്ത് തുറന്ന് പരിശോധിച്ച് അതിൽ നിന്നുമൊരു ഇൻഹേലർ എടുത്ത് മീനുവിന്റെ വായിലേക്ക് സ്പ്രേ ചെയ്തു..
പതിയെ അവളുടെ വെപ്രാളം കുറഞ്ഞു വരികയും അവൾ നോർമൽ ആകുകയും ചെയ്തു..
മീനുവിന്റെ കണ്ണുകൾ അടഞ്ഞു വന്നു.
“മോളെ..മീനു..
എന്താ പറ്റിയത്..”
ചിത്ര അവളെ തട്ടിവിളിച്ചു..
“അമ്മ ഏടത്തി കിടക്കട്ടെ..ക്ഷീണം കാണും..നമുക്ക് പിന്നീട് സംസാരിക്കാം.”
നിവി പറഞ്ഞപ്പോൾ അവർ ശരിയെന്ന് തലയാട്ടി കൊണ്ട് സാരിയുടെ തുമ്പ് കൊണ്ട് കണ്ണു തുടച്ചു..
“ഏട്ടാ ഏടത്തിക്ക് പുകയോ പൊടിയോ അടിച്ചോ.”
നിവി രഞ്ജുവിനോട് ചോദിച്ചു..
“ഇവിടെ എങ്ങനെയാ മോളെ പുകയും പൊടിയുമൊക്കെ വരുന്നത്.”
ചിത്ര ചോദിച്ചപ്പോൾ ആണ് നിവി മേശപ്പുറത്തിരിക്കുന്ന ബിയർ ബോട്ടിലും സിഗരറ്റ് പേക്കറ്റും കാണുന്നത്.
“ഏട്ടാ..ഏടത്തിക്ക് ഇതൊന്നും പറ്റില്ല..
ഏടത്തി അത് പറഞ്ഞിട്ടില്ലെ.”
സിഗരറ്റ് പാക്കേറ്റ് കൈയ്യിലെടുത്തുകൊണ്ട് അവൾ ചോദിച്ചു..
അവൻ ഒന്നും മിണ്ടുന്നില്ലെന്ന കണ്ട് അവൾ അത് അവിടെ തന്നെ വെച്ച് പുറത്തേക്ക് പോയി..
അച്ഛൻ അവനെ രൂക്ഷമായൊന്നു നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.
പുറകെ മറ്റുള്ളവരും.
രഞ്ജു രണ്ട് കൈയും തലക്ക് കൊടുത്ത് ബെഡിൽ ഇരുന്നു.
ചെയ്‌തത് തെറ്റായി പോയോ..
അവളോട് ദേഷ്യവും വെറുപ്പും മാത്രമേയുള്ളു..
തന്റെ ജീവിതത്തിൽ നിന്ന് വേരോടെ പിഴുതെറിയണം എന്ന് തന്നെയാണ് ആഗ്രഹം..
പക്ഷെ അവളുടെ ജീവന് ആപത്ത് വരണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല..
രഞ്ജു തല ഉയർത്തി അവളെ നോക്കി..
ശാന്തമായി ഉറങ്ങുകയാണ് മീനു..
അവളെ നോക്കിക്കൊണ്ട് തന്നെ കട്ടിലിന്റെ ഒരു വശത്ത് കിടന്ന് അവൻ കണ്ണുകൾ അടച്ചു..
പിറ്റേന്ന് രഞ്ജു കണ്ണു തുറക്കുമ്പോൾ അവന്റെ ഷർട്ട് അയൻ ചെയ്യുന്ന മീനുവിനെയാണ് കണ്ടത്..
“നിന്നോട് ആരാടി ഇതൊക്കെ ചെയ്യാൻ പറഞ്ഞത്..”
“ഇന്ന് എന്റെ വീട്ടിൽ പോകുന്ന ദിവസമാണ്..
മറന്നുപോയോ രഞ്ജുവേട്ടൻ.”
“നിനക്ക് വീട്ടിൽ പോകണമെങ്കിൽ പോകണം..ഇങ്ങോട്ട് വരാതിരുന്നാൽ അത്രയും സന്തോഷം..
പക്ഷെ ഞാൻ കൂടെ വരുമെന്ന് നീ പ്രതീക്ഷിക്കണ്ട..”
“നിങ്ങള് കൂടെ വരണമെന്ന് എനിക്ക് ഒരാഗ്രഹവും ഇല്ല.
നിങ്ങടെ അച്ഛനും അമ്മയും തന്നെയാണ് പോകാൻ പറഞ്ഞത്..
പറ്റില്ലെങ്കിൽ അങ്ങോട്ട് പറഞ്ഞാൽ മതി..”
മറുപടി പറയുന്നകൂട്ടത്തിൽ അവൾ ഷർട്ട് അയൻ ചെയ്‌ത് മടക്കി വെച്ചിട്ട് താഴേക്ക് പോയി..
വിവാഹം കഴിഞ്ഞ് മൂന്നിന്റെ അന്ന് വിരുന്ന് പോകുന്നതൊരു ചടങ്ങ് ആയതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ലെന്ന് അവന് ഉറപ്പായിരുന്നു..
രഞ്ജു കുളികഴിഞ്ഞു വന്ന് മീനു അയൻ ചെയ്‌തു വെച്ചിരുന്ന ഷർട്ടെടുത്ത് റൂമിന്റെ മൂലക്ക് വലിച്ചെറിഞ്ഞിട്ട് അലമാരയിൽ നിന്നും മറ്റൊരു ഷർട്ടെടുത്തിട്ടു..
റെഡിയായി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്..
“ഹലോ കാശി…
എന്തായെട.”
“രഞ്ജു ഞാൻ അഞ്ചനയുടെ തറവാട്ടിൽ പോയിരുന്നു..
അവൾ അവിടെ ചെന്നിട്ടില്ല..
പിന്നെ നീ തന്ന ഫോൺ നമ്പർ ഞാൻ അന്വേഷിച്ചു.. അത് അഞ്ചനയുടെ id ഉപയോഗിച്ചെടുത്ത പുതിയ നമ്പർ തന്നെയാണ്..പക്ഷെ അതിപ്പോ സ്വിച്ച്‌ഓഫാണ്..”
“ഇനി…ഇനി എന്ത് ചെയ്യും കാശി..”
“ഹേയ്..നീ ഇങ്ങനെ അപ്സെറ്റ് ആവാതെ..നമുക്ക് കണ്ട്പിടിക്കാം.
ധൈര്യമായിരിക്ക്..”
“മ്‌മ്‌മ്….”
“ശരിയെടാ..ഞാൻ വിളിക്കാം.”
ഫോൺ കട്ട് ചെയ്ത് രഞ്ജു താഴേക്ക് നടന്നു..
എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു..
വളരെ സന്തോഷത്തോടെ എല്ലാവരോടുംകളിച്ച് ചിരിച്ച് സംസാരിക്കുന്ന മീനു..
അവളെ കാണേ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
തന്റെ സ്വപ്നം
തന്റെ പ്രണയം
തന്റെ ജീവിതം എല്ലാം തകർത്തവൾ..
“എന്തിനാ ഏട്ടാ സ്വന്തം ഭാര്യയെ ഇങ്ങനെ വായിനോക്കുന്നത്..
ഇത് വളരെ മോശമാണേ..”
നിവി വിളിച്ച് പറഞ്ഞതും അവിടെയൊരു പൊട്ടിച്ചിരി ഉയർന്നു.
“അല്ലെങ്കിലും മീനുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി പോകും..
അത്രയും സുന്ദരി ആയിട്ടുണ്ട്..”
അനു പറഞ്ഞപ്പോലാണ് രഞ്ജു അവളെ നന്നായി ശ്രെദ്ധിച്ചത്..
പിങ്കും ഓഫ് വൈറ്റും ചേർന്നൊരു സാരിയാണ് വേഷം..
മുടി മൊത്തം ക്ലിപ്പ് ചെയ്‌തത് നിറയെ മുല്ലപ്പൂവ് വെച്ചിട്ടുണ്ട്..
കഴുത്തിൽ താലി മാല മാത്രമേ ഉള്ളു..
കാതിൽ പിങ്ക് നിറത്തിലെ കല്ല് പതിച്ച് ജിമിക്കികമ്മൽ..
ഒരു കൈ നിറച്ച് ഫാൻസി വളയും ഒരു കൈയ്യിലൊരു സ്വർണ വളയും..
നെറുകയിൽ സിന്ദൂരം..
മീനാക്ഷിയുടെ സൗന്ദര്യം പതിന്മടങ്ങ് വർധിച്ചത് പോലെ..
പക്ഷെ അത് കണ്ടപ്പോൾ രഞ്ജുവിന് പുച്ഛമാണ് തോന്നിയത്..
അത് മനസ്സിലാക്കിയത് പോലെ അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്ന് ആഹാരം കഴിച്ചു..
വീട്ടിലേക്കുള്ള യാത്രയിൽ രണ്ടുപേരും നിശ്ശബ്ദമായിരുന്നു..
എന്താണ് കാര്യം എന്ന് അറിഞ്ഞില്ലെങ്കിലും രഞ്ജുവിന്റെ മനസ്സ് അസ്വസ്ഥമാണെന്ന് അവൾക് മനസ്സിലായി…അതുകൊണ്ട് തന്നെ അവളൊന്നും സംസാരിക്കാൻ പോയില്ല..
ആ സമയമത്രയും രഞ്ജുവിന് എങ്ങനെ മുന്നോട്ട് പോകും എന്ന ചിന്ത ആയിരുന്നു..
അഞ്ചന എവിടെ ആണെന്ന് അറിയില്ല..
മീനാക്ഷി തന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങുന്നു .
ഓരോ നിമിഷവും തന്റെ വീട്ടുകാർ അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു..
സമാധാനത്തോടെ ഒരു അവസാനം ഇതിനുണ്ടാവില്ലെന്ന് ഏറെ കുറെ അവന് മനസ്സിലായി.
എല്ലാം എന്റെ തെറ്റായിരുന്നു..
എന്ത് വന്നാലും താൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കാൻ പാടില്ലായിരുന്നു..
രഞ്ജു തിരിഞ്ഞ് മീനുവിനെ നോക്കി..
അവൾ കണ്ണുകൾ അടച്ചിരിക്കുകയാണ്..
കാറ് നിന്നപ്പോൾ ആണ് മീനാക്ഷി കണ്ണ് തുറന്നത്..
അവളുടെ വീടിന്റെ ഗേറ്റിന് മുന്പിലാണ് അവൻ കാർ നിർത്തിയിരുന്നത്..
“എന്താ ഇവിടെ നിർത്തിയത്..
അകത്തേക്ക് കയറ്റി നിർത്ത് രഞ്ജുവേട്ട..”
“എന്തിന്..
ഞാൻ അകത്തേക്ക് വരുന്നില്ല.”
“വരുന്നില്ലേ..
നമ്മളിവിടെ വിരുന്ന് വന്നതാണ്..
അപ്പൊ നിങ്ങള് വരാതിരുന്നാൽ ഞനെന്റെ വീട്ടുകാരോട് എന്ത് പറയും ”
“നിനക്ക് എന്ത് വേണമെങ്കിലും പറയാം..
നിന്നെ ഞാൻ ഭാര്യയായിട്ട് അംഗീകരിച്ചിട്ടില്ല..ഇനി അംഗീകരിക്കാനും പറ്റില്ല..
പിന്നെ എന്തിനാടി ഞാൻ വരുന്നത്..”
രഞ്ജുവിന്റെ ശബ്ദം ഉയർന്നു..
“ശരി.. നിങ്ങള് വരേണ്ട..
പക്ഷെ ഇവിടുന്ന് നിങ്ങളുടെ വീട്ടിലേക്കൊരു തിരിച്ചുവരവ് എനിക്കും ഉണ്ടാകില്ല..”
“വളരെ സന്തോഷം..
കൂടുതൽ ഒന്നും പറയാൻ ഇല്ലല്ലോ..”
“നിങ്ങളോടൊന്നും പറയാനില്ല..
പറയാനുള്ളത് നിങ്ങളുടെ വീട്ടുകാരോടാണ്….
ഞാൻ തിരികെ വരാത്തതിന്റെ കാര്യമന്വേഷിച്ച് അവർ വരുമ്പോൾ ഞാൻ അവരോട് പറയും..
ഒരു ഭർത്താവ് ആകാനുള്ള ഒരു കഴിവും നിങ്ങൾക്കില്ലെന്ന്.”
“ടി…”
ദേഷ്യത്തോടെ അവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.
അവൾ അവന്റെ കൈ തട്ടി മാറ്റി..
“നിങ്ങളോട് ഞാൻ മുൻപേ പറഞ്ഞതാണ്..
നിങ്ങളുടെ ഭാര്യയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..അതിനെനിക്ക് കഴിയുകയും ഇല്ല..
എന്റെ ജീവിതം… അത് ഞാൻ നേരത്തെ തീരുമാനിച്ചതാണ്..
അതുകൊണ്ട് തന്നെ കുറച്ച് ദിവസം മറ്റുള്ളവരുടെ മുന്നിൽ ഭാര്യ ഭർത്താക്കൻമാരായി ജീവിച്ചിട്ട് നമുക്ക് പിരിയാം..
ഒരു അവകാശത്തിനും ഞാൻ വരില്ല..
എന്താ വേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.”
അവൾ കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു..
രഞ്ജുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“ഇല്ല മീനാക്ഷി..എന്റെ ജീവിതം എറിഞ്ഞുടച്ചിട്ട് സന്തോഷത്തോടെ നീ എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോവില്ല..
അതിന് ഞാൻ സമ്മതിക്കില്ല.”
അവൻ അവളുടെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റി.
തുടരും