രചന – അയിഷ അക്ബർ
അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ ജാനകി തിരക്കിട്ട പണിയിലായിരുന്നു…..
അവളെ കണ്ടതും പ്രത്യേകിച്ചൊരു ഭാവ വ്യത്യാസം അവരിൽ വന്നില്ല…..
പെട്ടെന്ന് പെട്ടെന്ന് ഓരോന്നും ചെയ്യുമ്പോൾ ജോലി ഭാരത്തിന്റെ ചടപ്പ് അവരുടെ മുഖത്ത് പ്രകടമായിരുന്നു…..
അവൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു മൂലയിൽ നിന്നു….
കുറെ നേരം കഴിഞ്ഞിട്ടും തന്നോടൊന്നു മിണ്ടുക പോലും ചെയ്യാതെ ജോലികളിൽ മാത്രം ശ്രദ്ധിക്കുന്നവരെ അവൾ നോക്കി നിന്നു…..
ദോശ ചുടുന്നതോടൊപ്പം ചട്ടിണിക്കായി തേങ്ങ ചിരവാനെടുത്തു കുറച്ചപ്പുറത്തു നിന്നു ജാനകി ചിരവി തുടങ്ങി….
ദോശ കരിയുന്ന മണം തോന്നിയത്തും ജാനകി അടുപ്പിനടുത്തേക്ക് എത്തും മുന്പേ ശിവ ദോശ ചട്ടിയിൽ നിന്നും എടുത്തിരുന്നു…
പിന്നീടവളാ ചട്ടിയിലേക്ക് ദോശ മാവ് ഒഴിക്കുമ്പോൾ ജാനകി അവളെ നോക്കി നിന്നു…..
വളരേ ആകൃതിയോട് കൂടി അവൾ ചുട്ടെടുത്ത ദോശ താൻ ചുട്ടെടുത്ത ദോശയേക്കാൾ നല്ലതാണെന്നു അവർക്ക് തോന്നി……
അപ്പത്തിന്റെ കാര്യത്തിൽ കൈ സഹായം കിട്ടിയതോടെ അവർ ബാക്കി ജോലികൾക്കായി തിരിഞ്ഞു….
വേണി അവരുടെ വീട്ടിലെ ഒറ്റ മോളാണ് …. അത് കൊണ്ട് തന്നെ ഒരു ജോലിയും അറിയില്ല….
എന്ത് ജോലി ചെയ്താലും നേരെയാവത്തുമില്ല…..
അറിയുന്ന ജോലികൾ കണ്ടറിഞ്ഞു ചെയ്ത് തരാനുള്ള കഴിവുമില്ല…. എങ്കിലും തനിക്കവളോട് പരിഭവം തോന്നിയിട്ടില്ല….
തന്റെ കൈ കൊണ്ട് എല്ലാവർക്കും വെച്ചു വിളമ്പി കൊടുക്കാൻ ഇഷ്ടമായത് കൊണ്ട് തന്നെ അതൊരു ബുദ്ധിമുട്ടായിട്ടില്ല…..
സഹായത്തിനു രമയുണ്ടായിരുന്നു കുറച്ചു നാൾ മുൻപ് വരെ…
എന്നാൽ അവളുടെ മകളുടെ പ്രസവത്തിനു വേണ്ടി അവൾ പോയതോടെ അടുക്കളയുടെ ഭാരം എന്തെന്ന് താൻ ശെരിക്കും അറിഞ്ഞു തുടങ്ങുകയായിരുന്നു….
എല്ലാം അങ്ങോട്ട് ചെയ്ത് കൊടുത്തിട്ടും ഒരു കൈസാഹയത്തിന് പോലും വേണി മോള് വരാതിരുന്നപ്പോൾ ദേഷ്യത്തിനേക്കാളേറെ സങ്കടമാണ് വന്നത്….
എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ അപ്പൊ പേരിനതങ് ചെയ്ത് വെക്കും… പിന്നേ നാളെ അത് ചെയ്യാൻ വീണ്ടും പറയണം….
പിന്നേ ആളെ അടുക്കളയുടെ പരിസരത്തു കാണില്ല….
കുറെ നാളുകൾക്ക് ശേഷം തന്റെ ജോലി ഭാരം കുറച്ചു കുറഞ്ഞതായി ജാനകിക്ക് തോന്നി….
പറയാതെ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ശിവയെ കാണുമ്പോൾ ഒരാശ്വാസം അവർക്ക് തോന്നുന്നുണ്ടായിരുന്നു….
അവരുടെ ധൃതിയും മുഖത്തെ ക്ഷീണവും കുറഞ്ഞത് ശിവയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..
അടുക്കളയിൽ ഓടി നടന്നു ജോലികൾ ചെയുമ്പോൾ താൻ പലപ്പോഴായി ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനൊരു കൈ സഹായം…. എന്തെങ്കിലും ഒരു സഹായത്തിനു ചെറിയമ്മ വന്നിരുന്നേങ്കിൽ എന്ന് ദിവസവും ചിന്തിച്ചിരുന്ന തന്നേക്കാൾ നന്നായി മാറ്റാർക്കാണ് അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാവുക….
അപ്പോഴാണ് വേണിയെഴുന്നേറ്റ് വരുന്നത്….
അടുക്കളയിൽ ജാനകിയോടൊപ്പം നിന്ന് ജോലികൾ ചെയ്യുന്ന ശിവയെ കണ്ടപ്പോൾ വേണിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു….
ഇന്നലെ കയറി വന്ന അവൾ അടുക്കള ഭരിക്കുന്ന പോലെ വേണിക്ക് തോന്നി….
ഇനി അമ്മയും അവളും കൂടി ഒന്നിച്ചു തനിക്ക് പണിയാവുമോ എന്ന് ചിന്തിച്ചവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു….
എന്നാൽ അവർ തമ്മിൽ സംസാരിക്കാത്തത് അവൾക്കൊരു ആശ്വാസം തന്നെയായിരുന്നു…..
ഭയങ്കര തല വേദന….. തല പൊക്കാൻ വയ്യമ്മേ….അതാ എഴുന്നേൽക്കാൻ വൈകിയത്…
ഭാവങ്ങൾ പലതും മുഖത്ത് വരുത്തി വേണിയത് പറയുമ്പോൾ ജാനകിയവളെ അമർത്തിയൊന്ന് നോക്കി…
അതിനു നീയെന്നും ഈ നേരത്ത് തന്നെയാണല്ലോ എഴുന്നേറ്റ് വരാറുള്ളത്… അതിലിപ്പോ എന്താ ഇത്ര പുതുമ….
വല്യ താല്പര്യമില്ലാത്ത മട്ടിൽ ജാനകിയത് പറയുമ്പോൾ ശിവക്ക് മുന്നിൽ വഷളായ പോലെ തോന്നിയിരുന്നു വേണിക്ക്…….
അവളൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി….
പതിവിലും നേരത്തെ പലഹാരങ്ങൾ മേശ മേൽ നിരന്നു….
മേശ മേൽ ഭക്ഷണങ്ങൾ എടുത്ത് വെക്കാനും വിളമ്പാനും എല്ലാം ജാനകിക്കൊപ്പം ശിവയും ഉണ്ടായിരുന്നു…..
രഘുവും രാഹുലും ആദിയും ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴാണ് അടുക്കളയിൽ നിന്നും ഗ്ലാസുകളെടുത്തു വരുന്ന ശിവയെ വേണി കണ്ടത്….
വേഗം പോയി അതവളുടെ കയ്യിൽ നിന്നും വാങ്ങിക്കുമ്പോൾ തട്ടി പറിച്ചെടുക്കുന്ന പോലെ ശിവക്ക് തോന്നി….
എന്താ സംഭവം എന്നറിയാതെ ശിവ അവളെ നോക്കിനിൽക്കുമ്പോഴാണ് മേശ മേൽ എല്ലാവരും വന്നിരിക്കുന്നത് അവൾ കണ്ടത്…അപ്പോഴാണ് അവൾക്ക് കാര്യമെന്തെന്ന് മനസ്സിലായത്….
അവളുടെ യുള്ളിൽ ഒരു ചിരിയൂറി….
പകലെല്ലാം ആദി ചിരിച്ചു കൊണ്ട് എല്ലാവർക്ക് മുമ്പിലും നടന്നിരുന്നെങ്കിലും അവൾ മുറിയിലേക്ക് വരുന്നതോടെ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു….
തറയിലെ തണുപ്പടിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവളെ കാൺ കെ ആദിയിൽ ഒരു വേദന പൊടിഞ്ഞിരുന്നു….
അപ്പോഴും കരഞ്ഞു കലങ്ങിയ നീതുവിന്റെ കണ്ണുകൾ മനസ്സിൽ പതിച്ചപ്പോൾ അവളതിനർഹയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തിരിഞ്ഞുകിടന്നു……
ദിവസങ്ങൾ നീങ്ങി തുടങ്ങിയിട്ടും അവന്റെ ദേഷ്യം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആ രാത്രി ആദി ലൈറ്റണച്ചു കിടന്നിട്ടും ശിവ മുറിയിലേക്ക് വന്നിരുന്നില്ല…..
ഓരോ ഭാഗത്തെയും ലൈറ്റണയുന്നത് തുറന്നിട്ട ജനലിലൂടെ അവൻ കാണുന്നുണ്ടായിരുന്നു….
എന്നാൽ അപ്പോഴും ശിവ മുറിയിലേക്ക് വന്നിരുന്നില്ല…
കുറച്ചു നേരം കൂടിയവൻ കാത്തു നിന്നിട്ടും അവൾ വരാത്തത് കണ്ടപ്പോഴാണ് അവൻ മുറിക്ക് പുറത്തേക്കിറങ്ങിയത്……
മുറിക്ക് പുറത്തെ വരാന്തയുടെ അറ്റത്തിട്ടിരിക്കുന്ന കുഞ്ഞ് ബെഞ്ചിൻ മേൽ കൂനി ക്കൂടി കിടക്കുന്നവളെ കണ്ടതും അവന് ദേഷ്യം വന്നു….
അവൻ വേഗത്തിൽ അവളുടെയെടുത്തേക്ക് നടന്നു…..
എന്താ നിന്റെ ഉദ്ദേശം…
അവൻ കനപ്പിച് കൊണ്ടത് ചോദിക്കുമ്പോൾ മറ്റാരും കേൾക്കാതിരിക്കാൻ ശബ്ദം അത്ര മേൽ പതിഞ്ഞതായിരുന്നു…..
അവൾ എഴുന്നേറ്റെങ്കിലും ഒന്നും മിണ്ടിയില്ല…
നിന്നോടാ ചോദിച്ചത്….
വായിൽ നാവില്ലേ…..
എന്നെ നാണം കെടുത്താനാവുമല്ലേ….
അവൻ പല്ല് ഞെരിക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി….
തറയിൽ കിടന്നെനിക്ക് മേലാസകലം വേദനയാണ്…..
അത് കൊണ്ടാ ഇവിടെ കിടന്നത്….
എല്ലാവരും എഴുന്നേൽക്കുന്നതിനു മുന്പേ മുറിയിലേക്ക് വരാമെന്നു വിചാരിച്ചു….
അല്ലാതെ ആരെയും നാണം കെടുത്താനൊന്നുമല്ല…..
പറയുന്നതോടൊപ്പം അവൾ മുഖ കുനിച്ചു നിന്നു…..
അവനവളെ ഒന്ന് നോക്കിയ ശേഷം അവളുടെ കൈ തണ്ടയിൽ പിടിച്ചു……
ശേഷം പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു…..
പെട്ടെന്നുണ്ടായ പ്രവർത്തിയിൽ അവൾ ഞെട്ടിയിരുന്നു…..
ആ പിടുത്തം അയഞ്ഞത് മുറിയിലേക്കെത്തി അവളെ ബെഡിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു….
അവൾ മുഖമുയർത്തി അവനെ നോക്കി….
തമ്പുരാട്ടിക്ക് ഇനി നിലത്തു കിടന്നിട്ട് ബുദ്ധിമുട്ടണ്ട…. ഇനി മുതൽ ഇവിടെ കിടന്നാൽ മതി…..
പറയുമ്പോഴും ആ മുഖത്തെ ദേഷ്യം അവൾക്കു വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….
വാതിൽ ശക്തിയിൽ അടച്ചു കൊണ്ട് ആ കട്ടിലിന്റെ ഓരത്തവനും കിടക്കുമ്പോഴും അവളതേ ഇരിപ്പ് ഇരുന്നു….
അപ്പോഴും അവന്റെ കൈകൾ മുറുകിയ കൈതണ്ടയിൽ അവൾക്ക് നീറ്റലനുഭവപ്പെട്ടിരുന്നു….
അവൾ പതിയേ കട്ടിലിന്റെ ഒരറ്റം ചേർന്നു കിടന്നു….
അവളോടുള്ള ദേഷ്യത്തിൽ തിരിഞ്ഞു കിടക്കുമ്പോഴും അവന്റെ മിഴികൾ അനുസരണയില്ലാതെ ഒഴുകിയിരുന്നു…..
ആദീ….. എല്ലാവരുടെ സങ്കടങ്ങളും പറയാതെ അറിഞ്ഞിരുന്ന ആ പഴയ ആദി തന്നെയാണോ ഞാൻ….
അവൻ സ്വയം ചോദിച്ചു….
മറുത്തു നൽകാൻ മനസ്സിനൊരുത്തരമില്ലെന്നത് അവനെ സങ്കടത്തിലാഴ്ത്തി…..
എത്രമാത്രം ബുദ്ധിമുട്ട് സഹിച്ചു കൊണ്ടായിരിക്കും അവളാ തറയിൽ കിടന്നത്…
ഒട്ടും സഹിക്കാൻ കഴിയാതെയായിരിക്കില്ലേ അവൾ പുറത്ത് പോയി കിടന്നതും…..
ഒരാളെ ഇത്ര മാത്രം വേദനിപ്പിക്കാൻ കഴിവുള്ളതായോ തന്റെ ഹൃദയം….
ഓർക്കുമ്പോൾ അവന് സ്വയം പുച്ഛം തോന്നി….
താൻ കാരണം ആരും വേദനിക്കരുതെന്ന് കരുതിയിരുന്നോരു മനസ്സുണ്ടായിരുന്നു….. അതും കയ്മോശം വന്നിരിക്കുന്നു…..
മനസ്സ് അവളെ ഓർത്തു സഹതപിക്കുമ്പോഴും ഹൃദയത്തിൽ അവളെന്ന വഞ്ചകി തെളിഞ്ഞു നിന്നു….
(തുടരും)