രചന – കാർത്തിക ശ്രീ
സ്വയം മറന്ന് നൃത്തം ചെയ്യുന്ന ഋതുവിനെ കാണികൾ നോക്കിനിന്നു… അത്രയും മനോഹരമായിരുന്നു അവളുടെ ചുവടുകൾ…
സന്തോഷത്തോടെ വീട്ടിലേക്ക് വന്ന ഋതു ഉമ്മറത്തിരുന്ന ചേതനേയും രാഘവനേയും കണ്ട് ഒന്ന് പകച്ചു.. ചേതന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..
വീട്ടിലേക്ക് കയറിയ അവളുടെ കൈയിൽ പിടിച്ചവൻ റൂമിലേക്ക് കയറ്റി.. ബെൽറ്റ് കൊണ്ട് അവളെ അടിക്കാൻ തുടങ്ങി..
“നിനക്ക് എന്താ ഇത്ര അഹങ്കാരം ?? എന്നെ അനുസരിക്കാൻ കഴിയില്ല അല്ലേ??? ഇതുകൊണ്ട് നീ അനുസരണ പഠിക്കുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..”
“അയ്യോ തല്ലല്ലേ.. വേദനിക്കുന്നു… ഇനി ഇങ്ങനെ ചെയ്യില്ല.. ഞാൻ എവിടെയെങ്കിലും പോയിക്കോളാം.. തല്ലല്ലേ…”
“നീ എവിടെ പോകാനാണ്?? ഇവിടെ നരകിപ്പിച്ചു കൊല്ലും ഞാൻ നിന്നെ ”
അവളുടെ കരച്ചിലിൽ അവൻ ആനന്ദം കണ്ടെത്തി.. ആ ബെൽറ്റ് വീഴാത്ത ഒരു സ്ഥലം പോലും അവളിൽ ഉണ്ടായിരുന്നില്ല.. അവളുടെ കരച്ചിൽ നേർത്തുവന്നു ഒടുവിൽ ബോധം മറഞ്ഞു വീഴുമ്പോഴും പുറത്ത് വാതിലിൽ തട്ടുന്ന ദേവയുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ശബ്ദം അവൾ കേട്ടിരുന്നു..
വാതിൽ തുറന്ന് പുറത്തുവന്നു ചേതൻ
“ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത് അവൾക്ക്…”
“നീ കൊന്നോടാ അതിനെ?? സ്വന്തം കൂടപ്പിറപ്പല്ലേ.. ഇത്ര വെറുപ്പെന്തിനാ നിനക്ക്??”
“കൂടപ്പിറപ്പ്… അവൾ .. എന്റെ അമ്മയുടെ കൊലപാതകിയാണ്.. അവളോട് വെറുപ്പല്ലാ പകയാണ് എനിക്ക്.. അവളെ സന്തോഷിക്കാൻ ഞാൻ വിടില്ല..”
“എന്തിനാ ഏട്ടാ.. അതൊരു പാവമാണ്.. എത്ര കഷ്ട്ടപെടുന്നുണ്ടെന്ന് അറിയോ അവൾ?? എത്ര വേദനിക്കുന്നുണ്ടെന്നറിയോ??”
“ഞാൻ എന്തിന് അത് ശ്രദ്ധിക്കണം?? നീ നിന്റെ പണി നോക്ക്.. എന്നെ ഉപദേശിക്കാൻ വരണ്ട .”
എല്ലാം കേട്ടു നിന്ന മുത്തശ്ശനും മുത്തശ്ശിയും ആകെ തളർന്നു.. പക്ഷേ ശ്യാമയുടെയും രാഘവന്റെയും മനസ് സന്തോഷിക്കുകയായിരുന്നു..
സ്വന്തം പ്രവർത്തിയും പറയുന്ന വാക്കുകളും എത്രമാത്രം തന്റെ അനിയത്തിയെ തളർത്തിയെന്നോ
പേടി നിറച്ചെന്നോ ആ സമയം അവൻ അറിയാതെ പോയി.. ഒരിക്കൽ ഇതിനൊക്കെ കണക്ക് പറയേണ്ടിവരുമെന്ന് അവൻ ഓർക്കാതെ പോയി..
പിന്നീടുള്ള രണ്ടു ദിവസം അവൾക്ക് പനിയായിരുന്നു… ചേതന്റെ ശബ്ദം കേട്ടാൽ പോലും ഭയന്ന് വിറക്കുന്നു തരത്തിലേക്ക് അവൾ മാറി… ഇതൊന്നും കാണാൻ നിൽക്കാതെ മോളുടെ അവസ്ഥയ്ക്ക് കാരണം താൻ ആണെന്ന് ചിന്തിച്ചു ശങ്കരൻ മരണത്തിനു കീഴടങ്ങി…
ആ മരണവും അവളെ കൂടുതൽ തളർത്തുകയാണ് ചെയ്തത്..
പിന്നീട് അവൾ ചിലങ്ക കെട്ടീട്ടില്ല.. ആ സ്വപ്നം അവൾ ഉപേക്ഷിച്ചു.. കുറച്ചു നാളുകൾക്ക് ശേഷം മുത്തശ്ശിയും മുത്തശ്ശന്റെ അടുത്തേക്ക് യാത്രയായി.. ദേവ മാത്രമായിരുന്നു ആ സമയങ്ങളിൽ അവൾക്ക് കൂട്ട്.. മുത്തശ്ശികൂടി പോയതോടെ ശ്യാമ ഋതുവിനെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി.. രാഘവന്റെ മൗനസമ്മതവും…
“ചേച്ചി.. എവിടേക്കെങ്കിലും പോയി രക്ഷപ്പെട്ടൂടെ?? അമ്മയും അച്ഛനും വിഷമിപ്പിക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല..”
“എവിടെ പോകാനാണ് ദേവ?? ആരാ എനിക്ക് ഉള്ളത്?? എന്റെ ജീവിതം ഇങ്ങനെ ആയിരിക്കും.. പണി എടുക്കണമെങ്കിലും മൂന്നുനേരം ഭക്ഷണമെങ്കിലും കിട്ടുന്നുണ്ടല്ലോ..”
“എന്നാലും ചേച്ചി.. ”
“ഞാൻ ഓക്കേ ആണ് ദേവ.. മോള് പോയിക്കോ.. അമ്മായി കണ്ടാൽ അതുമതി ഇന്നേക്ക്..”
ദിവസങ്ങൾ പോയി മറഞ്ഞു..ഋതു ഇപ്പോൾ ഡിഗ്രി ആണ്..കോളേജിൽ പോകാൻ അവളെ അനുവദിച്ചില്ല.. എക്സാം എഴുതാൻ വിടാം എന്നുപറഞ്ഞതുകൊണ്ട് അവൾ വീട്ടിൽ നിന്നു പഠിച്ചു.. പഠിക്കുന്ന കുട്ടിയായതുകൊണ്ട് നാട്ടുകാരുടെയും അധ്യാപകരുടെയും വാക്കിന്മേൽ ആയിരുന്നു അങ്ങനൊരു തീരുമാനം..
ചെറിയ ആൽബത്തിലും മറ്റും പാടി ചേതൻ തന്റെ സംഗീതലോകത്തേക്ക് ചുവടുവെച്ചു.. ചേതൻ വീട്ടിൽ ഉണ്ടാകുന്നത് കുറവായതിനാൽ ഋതുന് സമാധാനമായിരുന്നു.. ഇതിനിടയിൽ രാഘവൻ ദേവയും ചേതനുമായുള്ള വിവാഹം തീരുമാനിച്ചു.. ആദ്യം എതിർത്തെങ്കിലും പിന്നീട് ദേവയും ആ തീരുമാനത്തെ അംഗീകരിച്ചു.. ചേതൻ അങ്ങനെ ആക്കിയെടുത്തു എന്ന് പറയാം.. അതോടെ ഋതുവുമായുള്ള ദേവയുടെ ബന്ധത്തിനും വിള്ളലുകൾ വന്നു…
ഡിഗ്രി ആദ്യവർഷ പരീക്ഷ എഴുതി നിൽക്കുന്ന സമയം ഒരു മാസത്തെ അലച്ചിലിനൊടുവിൽ ചേതൻ വീട്ടിലേക്ക് വന്നു.. അവൻ വന്നതറിഞ്ഞ ഋതു പേടികൊണ്ട് വിറയ്ക്കാൻ തുടങ്ങി.. എന്നും ചെറിയ കാര്യങ്ങൾക്കുപോലും ഉപദ്രവിക്കുന്ന അവനെ അവൾ ഒരുപാട് ഭയന്നിരുന്നു…
അവളുടെ റൂമിലേക്ക് കയറിവന്ന ചേതനെ കണ്ട് ഋതു ഞെട്ടി..
“എന്നെ ഒന്നും ചെയ്യല്ലേ..എനിക്ക് പേടിയാ… ”
“മോളെ ഋതു…”
ആദ്യമായി അവന്റെ നാവിൽ നിന്നും തന്റെ പേര് കേട്ട ഋതുവിന്റെ കണ്ണുകൾ നിറഞ്ഞു… അവൻ അവളെ തലോടാൻ കൈ ഉയർത്തിയപ്പോൾ അവൾ പേടിച്ചു പിന്നോട്ട് ചുവട് വെച്ചു..
“ഈ ഏട്ടനോട് ക്ഷമിക്ക് മോളെ.. നിന്നോട് ഞാൻ ചെയ്തതൊക്കെ പൊറുക്കാൻ കഴിയാത്തതാണെന്ന് എനിക്കറിയാം… എങ്കിലും മാപ്പ് പറയാനെ ഇപ്പോൾ എനിക്ക് കഴിയൂ..”
ഒരു നിമിഷം ഋതുവിന് സന്തോഷം തോന്നി.. തന്നെ ഏട്ടന് മനസിലായല്ലോ.. ഇനി ചേർത്ത് നിർത്തുമല്ലോ എന്ന് ആ പൊട്ടി പെണ്ണ് വിചാരിച്ചു..
“സാരില്ല ഏട്ടാ.. എന്റെ ഏട്ടനല്ലേ ” കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞു നിന്ന പുച്ഛവും
വിചാരിച്ചത് നേടാൻ പോകുന്ന സന്തോഷവും ആ പാവം കണ്ടില്ല..
തുടരും..
അടുത്ത പാർട്ട് കൂടെ പാസ്റ്റ് ആണേ..