May 12, 2025

മിഴികളിൽ നീമാത്രം : ഭാഗം 54

രചന : അഗ്നിമിത്ര

ദിവസങ്ങൾ പിന്നെയും കടന്നുപോയി…
ജിത്തുവിന്റെ പുതിയ വീടിന്റെ പണി തീർന്നതിനാൽ എല്ലാവരും വില്ലയിൽ നിന്ന് അങ്ങോട്ടേക്ക് താമസം മാറി…മയി എൻട്രൻസ് എക്‌സാം പാസായി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിയ്ക്കുവാണ്…ആദിക്കും ആലിയ്ക്കും എട്ടു മാസം പ്രായമായി… ശ്രീ ഡിസ്റ്റന്റ് ആയിട്ട് MBA യ്ക്ക് ചേർന്നു… അതോടൊപ്പം തന്നെ ജിത്തു ഭദ്രയെയും MBA യ്ക്ക് ചേർത്തിരുന്നു… അമ്മൂട്ടി LKG യിൽ ആയി.എല്ലാവരും ആനിയുടെ വീട്ടിൽ ഒത്തു കൂടിയിരിക്കുവാണ്…അതിന്റെ കാരണം എന്തെന്നാൽ ഇന്ന് ഭദ്രയുടെയും ജിതിന്റെയും വിവാഹമാണ്…അതിനായി ഒത്തുകൂടിയിരിക്കുവാണ് എല്ലാവരും. ശബരിയും നാട്ടിൽ ഉണ്ട്. രണ്ട് മാസം മുമ്പ് ശ്രീ സൃഷ്ടി എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് തുടങ്ങിയിരുന്നു. അതിന്റെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കുന്നത് ശബരിയും ഭദ്രയും ചേർന്നാണ്…

വിൻസന്റെ പരിചയത്തിൽ ഒത്തിരി വർക്കുകൾ ലഭിച്ചതുകൊണ്ടും ലഭിച്ച വർക്കുകൾ മികച്ച രീതിയിൽ നടത്തിയത് കൊണ്ടും വളരെ നല്ല രീതിയിൽ അത് മുന്നോട്ട് പോകുന്നുണ്ട്…
മറ്റിന്നാൾ ഉള്ള വിവാഹത്തിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ശ്രീയുടെ ഇവന്റ് മാനേജ്മെന്റ് ടീം ആണ്…വളരെ വേണ്ടപ്പെട്ടവരെ മാത്രം ചേർത്തുനിർത്തി ഒരു രജിസ്റ്റർ മ്യാരെജും വൈകിട്ട് നാടടക്കം വിളിച്ചുള്ള റീസെപ്ഷനും ആണ് പ്ലാൻ ചെയ്തിരിക്കുന്നത്…
ഇരുവരുടെയും വിവാഹത്തിൽ ഏറ്റവും സന്തോഷം സതിയ്ക്ക് ആയിരുന്നു…

ഇരുവർക്കുമുള്ള വിവാഹത്തിനുള്ള ഡ്രെസ്സ് ജിത്തുവും റീസെപ്ഷൻ ഡ്രസ്സ് ശബരിയുമാണ് എടുത്തത്. ബാക്കിയുള്ളവർക്ക് ആനി ഡ്രസ്സ് എടുത്തു നൽകി…
ഡാർക്ക് മെറൂൺ കളറിലെ പട്ടു സാരിയായിരുന്നു ആനിയ്ക്കും സതിയ്ക്കും. ശ്രീയ്ക്കും മയിയ്ക്കും ജെനിയ്ക്കും സെയിം കളറിലെ സോഫ്റ്റ് സിൽക്ക് സാരി ആയിരുന്നെങ്കിൽ ജിത്തുവിനും ശബരിയ്ക്കും വിൻസനും ആൽബിയ്ക്കും മെറൂൺ കുർത്തയും കസവ് മുണ്ടുമായിരുന്നു എടുത്തത്. കുഞ്ഞുങ്ങൾക്ക് അതെ കളറിലെ കോട്ടൺ ഉടുപ്പും അമ്മൂട്ടിയ്ക്ക് നെറ്റിന്റെ ഫ്രോക്കും ആയിരുന്നു…മയി ആദ്യമായി സാരി ഉടുക്കുന്നതിന്റെ ആകാംക്ഷയിലാണ്…ശ്രീ അവൾക്ക് മനോഹരമായി സിംഗിൾ പ്ലീറ്റിൽ സാരി ഉടുപ്പിച്ചു കൊടുത്തു…

ശ്രീ കുഞ്ഞുങ്ങളെ ഒരുക്കി അവളും ഒരുങ്ങിയപ്പോഴേയ്ക്കും ജിത്തു കുളിച്ചു വന്നിരുന്നു. അവർ ഒരുങ്ങി ഇറങ്ങിയപ്പോഴേയ്ക്കും ആനിയും വിൻസനും ഒഴികെ മറ്റുള്ളവർ എല്ലാവരും ഓഫീസിലേയ്ക്ക് പുറപ്പെട്ടിരുന്നു. ആനി ജിത്തുവിന്റെ കൈയിൽ നിന്നും കുഞ്ഞാദിയെ എടുത്തു ചുംബിച്ചു….അവരൊക്കെ പോയൊ…”
“ഇല്ല. നിങ്ങൾ വരുന്നതും നോക്കി ഇരിക്കുവാ… എന്നെക്കൊണ്ടൊന്നും പറയിക്കരുത് കേട്ടോ…”
ആനി കലിപ്പായതും ശ്രീ ചിരിച്ചുകൊണ്ട് കാറിലേയ്ക്ക് കയറി….രജിസ്റ്റർ ഓഫീസിലേയ്ക്ക് എത്തുമ്പോൾ ജിതിനും ശബരിയും മറ്റുള്ളവരും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു…

“ഭദ്രയെന്തെ അമ്മേ…””അവൾ കാറിൽ ഇരിപ്പുണ്ട്. നിങ്ങൾ വന്നിട്ട് ഇറക്കാമെന്നു ഓർത്തു…”സതി ജിത്തുവിന് മറുപടി നൽകി…ജിത്തു ഉടൻ തന്നെ കാറിന്റെ അടുത്ത് ചെന്ന് കൈപിടിച്ചു അവളെ ഇറക്കി…മെറൂൺ കളർ ബ്ലൗസും അതെ കര വരുന്ന സെറ്റുസാരിയും ആയിരുന്നു അവളുടെ വേഷം. കഴുത്തിൽ ജിത്തു വാങ്ങി കൊടുത്ത ലെയർ മാലയും ഒരു ടെമ്പിൾ ഡിസൈൻ നെക്ക്‌ളയിസും മാത്രമായിരുന്നു ഇട്ടത്. കൈയിലെ വീതിയേറിയ ഓരോ വളകളും കാതിലെ വലിയ ജിമിക്കിയും അവളെ കുറച്ചു കൂടെ സുന്ദരി ആക്കിയിരുന്നു…

ജിതിൻ മെറൂൺ കളർ ഷർട്ടും അതെ കര മുണ്ടും ആയിരുന്നു ധരിച്ചത്. ഒരു കൈയിൽ വാച്ചും മറു കൈയിലെ ചെയിനും അവന് വല്ലാത്ത ഭംഗി നൽകിയിരുന്നു…ഓഫീസിലെ രജിസ്റ്റർക്ക് മുമ്പിൽ ഒപ്പിടുമ്പോൾ ഭദ്രയുടെ കൈയൊന്ന് വിറച്ചു…
ശേഷം നിറഞ്ഞ പുഞ്ചിരിയോടെ ജിതിനും ഒപ്പിട്ടതോടെ ഭദ്രാ പ്രദീപ് ഭദ്രാ ജിതിൻ ആയി മാറി…
ശേഷം വിൻസൻ കൊടുത്ത നീളമേറിയ മിന്നുമാല അവളുടെ കഴുത്തിൽ കെട്ടി നെറുകയിൽ പ്രണയത്തിന്റെ ചുമപ്പ് പടർത്തി… പരസ്പരം ഹാരം അണിയിച്ചു.ശേഷം ജിത്തുവാണ് ഭദ്രയെ ജിതിന് കൈ പിടിച്ചു നൽകിയത്…

നിറകണ്ണുകളോടെ അവൾ അവനെ നോക്കിയപ്പോൾ ഒരു സഹോദരന്റെ എല്ലാ സ്നേഹവും നിറച്ചവളെ ചേർത്തു നിർത്തി…ഭദ്ര അവന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയ്ക്കാൻ തുനിഞ്ഞെങ്കിലും അവൻ അതിന് സമ്മതിച്ചില്ല….വിവാഹ ശേഷം ഇരുവരെയും ചേർത്തു നിർത്തി ഒത്തിരി ഫോട്ടോകൾ ശബരിയും മയിയും കൂടെ എടുത്തു…സന്തോഷം മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങൾക്ക് കുറച്ചു നേരം വിശ്രമം നൽകി ആഹാരം ഒരുക്കിയിരിക്കുന്ന ഹോട്ടലിലേയ്ക്ക് യാത്ര തിരിച്ചു…അമ്മൂട്ടിയ്ക്ക് ആഹാരം വാരി കൊടുത്തത് ജിതിനാണ്… ഒത്തിരി സന്തോഷത്തോടെയാണ് എല്ലാവരും ആ കാഴ്ച കണ്ടത്…

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

വൈകിട്ട് റിസപ്ഷന് ഒരു ഹെവി വർക്ക് വരുന്ന സാരി ആയിരുന്നു ഭദ്ര ഉടുത്തത്. അതിനു മാച്ച് ആകുന്ന ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു ജിതിൻ ധരിച്ചത്.ഇരുവരുടെയും ഡ്രെസ്സിന് ചേരുന്ന മിഡിയും ടോപ്പും ഇട്ട് ഇരുവരുടെയും കൈ പിടിച്ചാണ് അമ്മൂട്ടി വർണ്ണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിലേയ്ക്ക് കയറിയത്… കുഞ്ഞുങ്ങളിൽ ഒരാൾ മയിയുടെ കൈയിലും മറ്റേയാൾ സതിയുടെ കൈയിലുമാണ്…
ശ്രീയുടെ നേതൃത്വത്തിൽ ഉള്ള ഫങ്ക്ഷൻ ആയതു കൊണ്ട് അവൾ ഓരോന്നിനും ഓടി നടക്കുവാണ്…

ഒന്നുറക്കെ മിണ്ടാൻ പോലും ഭയന്നിരുന്നവളിൽ നിന്നു കഴിവുറ്റ ബിസിനസ്സ്കാരിയെ പോലെ ഓടി നടക്കുന്ന ശ്രീയുടെ മാറ്റം കടപ്പള്ളിയിൽ ഉള്ളവർ ഉൾപ്പടെ പലർക്കും അത്ഭുതം ആയിരുന്നു…ജലജ കുഞ്ഞിനെ എടുക്കാൻ മയിയുടെ അടുത്ത് ചെന്നെങ്കിലും യാതൊരു ദാക്ഷണ്യവും ഇല്ലാതെ അവൾ അവരെ മറികടന്നു പോയി…കേക്ക് മുറിച്ചും അതിഥികളുടെ ആശംസകളിലും അളിയന്മാരും അനിയത്തിമാരും ഒരുക്കിയ സർപ്രയ്‌സുകളിലും ആ ദിവസം കുറച്ചു കൂടെ മനോഹരമായി…ആഹാരമെല്ലാം കഴിഞ്ഞ് ജിതിനെയും ഭദ്രയെയും അമ്മൂട്ടിയെയും ആനിയെയും വീട്ടിലേയ്ക്ക് വിട്ടിരുന്നു. ബാക്കി കാര്യങ്ങൾ ചെയ്യാനായി ശ്രീയും ജിത്തുവും മയിയും ജെനിയും ശബരിയും അവിടെ തന്നെ നിന്നു…

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ആനി കൊടുത്ത പാൽ ഗ്ലാസുമായി ജിതിന്റെ മുറിയിലേയ്ക്ക് കയറുമ്പോൾ അവളുടെ ഹൃദയം വല്ലാതെ മിടിയ്ക്കുന്നുണ്ടായിരുന്നു…
അകാരണം ആയൊരു ഭയം… ഒരിയ്ക്കൽ പോലും പ്രദീപ്‌ അല്ലാതെ മറ്റൊരാളെ അവൾ തന്റെ ഭർത്താവായി സങ്കൽപ്പിച്ചിട്ടില്ല. ആ സങ്കൽപ്പങ്ങളെ തച്ചുടച്ചാണ് ഇപ്പോൾ ജിതിന്റെ പേരെഴുതിയ മിന്ന് അവളുടെ നെഞ്ചിൻചൂടിൽവീണുമയങ്ങുന്നത്.ജിതിയെ അവൾക്ക് വിശ്വാസമാണ്. എന്നിരുന്നാലും ഒരേ മുറിയിൽ എന്ന ചിന്ത അവളെ ഉലച്ചിരുന്നു. എന്നാൽ മുറി തുറന്നു അകത്തു കയറിയ ഭദ്ര ഒന്ന് ഞെട്ടി…
കട്ടിലിൽ കിടന്നു ആനകളിയാണ് ജിതിയും അമ്മുവും കൂടെ…

“ആഹാ അമ്മൂട്ടി അമ്മ വന്നല്ലോ… “അതും പറഞ്ഞവൻ അവളുടെ മറുപടിയ്ക്ക് കാക്കാതെ അവളുടെ കൈയിൽ ഇരുന്ന പാൽ ഗ്ലാസ് വാങ്ങി ചൂട് നോക്കിയിട്ട് അമ്മൂട്ടിയുടെ ചുണ്ടോട് അടുപ്പിച്ചു…”ഭദ്രേ… താൻ ഇങ്ങനെ നേർവസ് ആകേണ്ട… അന്ന് ഞാൻ പറഞ്ഞത് തന്നെയാണ് ഇന്നും എനിയ്ക്ക് പറയാനുള്ളെ… ഒത്തിരി അലഞ്ഞതല്ലേ… ഡ്രസ്സ് മാറിയിട്ട് വന്നു കിടക്ക്…”
അമ്മൂട്ടിയുടെ ചുണ്ട് തുടച്ചിട്ട് അവൻ പാൽ ഗ്ലാസ് ഭദ്രയുടെ കൈയിലേക്ക് നൽകിയിട്ട് പറഞ്ഞു…
ഒരു ദീർഘ നിശ്വാസം എടുത്തിട്ട് ഭദ്രബാത്ത്റൂമിലേക്ക് കയറി ഫ്രഷായി ഒരു ടോപ്പും പാന്റും എടുത്തിട്ട് വരുമ്പോൾ ജിതി അമ്മൂട്ടിയുമായി കളിയിലാണ്…
ഇരുവരെയും നോക്കിയിട്ട് കട്ടിലിന്റെ ഓരം ചേർന്നവൾ കിടന്നു… ഇടയ്ക്കെപ്പോഴോ ഉറക്കം അവളെ തേടിയെത്തിയിരുന്നു…

രാത്രി ഏറെ ആയപ്പോഴാണ് അവൾ ഞെട്ടി എണീക്കുന്നത്…. ഇടതു സൈഡിലേയ്ക്ക് നോക്കിയപ്പോൾ കണ്ടു ജിതിയുടെ നെഞ്ചിൽ പറ്റിച്ചേർന്നുറങ്ങുന്ന അമ്മൂട്ടനെ…അവന്റെ രണ്ടു കൈകളും അവളെ വലയം ചെയ്തിരുന്നു… ആ കാഴ്ച മാത്രം മതിയായിരുന്നു അവളുടെ മനം നിറയാൻ…

(തുടരും…)

ഒത്തിരി സ്നേഹത്തോടെഅഗ്നിമിത്ര

Work from home ന് ഇടയ്ക്കാണ് എഴുത്തും മറ്റ് കലാപരിപാടികളും. ഇന്ന് നല്ല തിരക്കായി പോയി. അതാട്ടോ താമസിച്ചത്

Leave a Reply